ബി.ജെ.പിയും സി.പി.ഐ (എം) വിരുദ്ധരും
യു.ഡി.എഫിന് തണലായി -
പിണറായി വിജയന്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ പൊതുവില്‍ വന്ന ഒരു പ്രചരണം ബി.ജെ.പി ശക്തിപ്രാപിച്ചു എന്നായിരുന്നു. പലയിടങ്ങളിലും അവരുടെ വിജയവാര്‍ത്തകള്‍ ആവേശപൂര്‍വ്വം പ്രചരിപ്പിക്കാനും ചിലര്‍ പരിശ്രമിക്കുകയുണ്ടായി. എന്നാല്‍, കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാല്‍ ഈ പ്രചരണവും അവകാശവാദവും വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് വ്യക്തമാകും.
1995 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാല് പഞ്ചായത്തും ഒരു ബ്ലോക്ക് പഞ്ചായത്തും രണ്ട് ജില്ലാപഞ്ചായത്ത് സീറ്റുകളും കൈവശമുണ്ടായിരുന്നു. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ചത് രണ്ട് പഞ്ചായത്തും ഒരു ജില്ലാപഞ്ചായത്ത് സീറ്റുമാണ്. ആ അര്‍ത്ഥത്തില്‍ 1995 ലെ നിലവാരത്തില്‍പ്പോലും എത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കഴിഞ്ഞതവണ ആറ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവര്‍ക്കുണ്ടായിരുന്നു. അതും നിലനിര്‍ത്താനായില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ കഴിഞ്ഞതവണ 375 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ അത് 349 സീറ്റായി കുറയുകയാണുണ്ടായത്. ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8 സീറ്റാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്രാവശ്യം അത് 7 ആയി കുറഞ്ഞു. മുനിസിപ്പാലിറ്റികളില്‍ 2005-ല്‍ 72 സീറ്റുകളുണ്ടായിരുന്നു. അത് 67 സീറ്റായി കുറയുകയാണ് ചെയ്‌തത്. കോര്‍പ്പറേഷന്റെ സീറ്റുകളിലാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്ന 3-ല്‍ നിന്ന് 9-ലേക്ക് വര്‍ദ്ധിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.
1995-ലും 2000-ലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 3 സീറ്റ് ബി.ജെ.പിക്കുണ്ടായിരുന്നു. 2005-ല്‍ അത് നഷ്‌ടപ്പെടുകയാണുണ്ടായത്. കോഴിക്കോട് കോര്‍പ്പേറഷനില്‍ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് ഇത്തവണ നഷ്‌ടപ്പെടുകയും ചെയ്‌തു. സീറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിലും ബി.ജെ.പി പിറകിലേക്കു പോവുകയാണുണ്ടായത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1998 ലെ ലോക്‌സഭയില്‍ അവര്‍ക്ക് ലഭിച്ചത് 7.91 ശതമാനം വോട്ടാണ്. 1999 ലെ ലോക്‌സഭയിലാകട്ടെ അത് 8.01 ശതമാനമായി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 12.11 ആയി. 2009 ലെ ലോക്‌സഭയില്‍ 6.3 ശതമാനവും ലഭിച്ചു. ഇപ്പോള്‍ അത് 6.27 ശതമാനമായി കുറയുകയും ചെയ്‌തു. ഇങ്ങനെ ഏതു നിലയ്‌ക്ക് നോക്കിയാലും ബി.ജെ.പിയുടെ പ്രകടനം മോശമാവുകയാണുണ്ടായത്. എന്നിട്ടും അവര്‍ ശക്തിപ്പെട്ടു എന്നു പറയാനാണ് പലര്‍ക്കും താല്‍പ്പര്യം.
ബി.ജെ.പിയും യു.ഡി.എഫും പലയിടത്തും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയാണ് മത്സരിച്ചത് എന്നു കാണാം. വടകരയിലും ബേപ്പൂരിലും പണ്ട് പരാജയപ്പെട്ട പരീക്ഷണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനാണ് അവര്‍ പരിശ്രമിച്ചത്. അതിന് നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. ഉദാഹരണമായി, തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തില്‍ എല്‍.ഡി.എഫിനെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചുകൊണ്ടാണ് ഈ സഖ്യം പ്രവര്‍ത്തിച്ചത്. 14 വാര്‍ഡില്‍ അഞ്ചിടത്ത് ബി.ജെ.പി മത്സരിച്ചു. ഇവിടെ അഞ്ചിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 9 വാര്‍ഡുകളിലാവട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുമില്ല. ഒല്ലൂരിലെ നെ�ണിക്കര വാര്‍ഡില്‍ ബി.ജെ.പിക്കുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച നിലവരെ ഉണ്ടായി. കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ഇതേ തരത്തിലുള്ള സഖ്യം നിലനില്‍ക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലും തുറന്ന സഖ്യം എന്ന നിലയില്‍ തന്നെയാണ് ബി.ജെ.പിയും യു.ഡി.എഫും പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു പിന്നിലും ഇതേ അടിസ്ഥാനത്തിലുള്ള സഖ്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെ വ്യാപകമായി കൂട്ടുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് യു.ഡി.എഫ് പരിശ്രമിച്ചിട്ടുള്ളതെന്ന് സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തില്‍ എല്ലാ വര്‍ഗീയ-പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ചുകൊണ്ട് എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി. ഇവരുടെ സഹായത്തിന് യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന് അഭിമാനിക്കുന്ന ചിലരും രംഗത്തുവരികയുണ്ടായി. അതിന്റെ ഭാഗമായാണ് ഒഞ്ചിയം മേഖലയിലും തളിക്കുളത്തും ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട സി.പി.ഐ (എം) വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍. ഒഞ്ചിയത്ത് എല്‍.ഡി.എഫിനെ സി.പി.ഐ (എം) വിരുദ്ധര്‍ പരാജയപ്പെടുത്തി എന്നുള്ള പ്രചരണം വിവിധ മാധ്യമങ്ങളിലൂടെ നടക്കുകയുണ്ടായി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവിടെ എല്‍.ഡി.എഫും സി.പി.ഐ (എം) വിരുദ്ധരും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നില്ല നടന്നത്. മറിച്ച്, യു.ഡി.എഫും പാര്‍ടി വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് പൊതു സ്ഥാനാര്‍ത്ഥികളെ നിറുത്തി എല്‍.ഡി.എഫിനെതിരെ മത്സരിക്കുകയായിരുന്നു. യു.ഡി.എഫുമായുണ്ടാക്കിയ ഈ കൂട്ടുകെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇവരുടെ വിജയത്തിന്റെ അടിത്തറയായിത്തീര്‍ന്നത്.
ഒഞ്ചിയത്തെ ഗ്രാമപഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടുകളുടെ താരതമ്യം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒഞ്ചിയം പഞ്ചായത്തിലെ വാര്‍ഡുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനാണ് വെള്ളികുളങ്ങര. അവിടെ വിജയിച്ചത് എല്‍.ഡി.എഫിലെ പി.പി. അജിതയാണ്. അവര്‍ക്ക് 2085 വോട്ടാണ് ലഭിച്ചത്. ആ ഡിവിഷനില്‍ തന്നെ പാര്‍ടി വിരുദ്ധരുടെ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. അവര്‍ക്ക് ലഭിച്ചത് 1191 വോട്ട്. യു.ഡി.എഫിനും അവിടെ പ്രത്യേക സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. അവര്‍ക്ക് ലഭിച്ച വോട്ട് 1148 ആണ്. ഇതേ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ വെള്ളികുളങ്ങര, വാലത്തുകുന്ന്, തയ്യില്‍, നാദാപുരം റോഡ്, ഡിസ്‌പെന്‍സറി എന്നിവയാണ്. ഇത് ഗ്രാമപഞ്ചായത്തു വാര്‍ഡുകളായ വെള്ളികുളങ്ങര, തയ്യില്‍, നാദാപുരം റോഡ്, ഡിസ്‌പെന്‍സറി എന്നിവയില്‍ വിജയിച്ചത് സി.പി.ഐ (എം) വിരുദ്ധരാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ ഇവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത് യു.ഡി.എഫിന്റെ വോട്ടുകൊണ്ടാണെന്നും കണക്കുകളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും. സി.പി.ഐ (എം) കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ ആര്‍. ഗോപാലന്‍ മത്സരിച്ച ഡിസ്‌പെന്‍സറി വാര്‍ഡില്‍ എല്‍.ഡി.എഫിന് ലഭിച്ചത് 426 വോട്ടാണ്. വിജയിച്ച സി.പി.ഐ (എം) വിരുദ്ധ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 476 വോട്ടാണ്. ഇതേ വാര്‍ഡില്‍നിന്ന് ബ്ലോക്ക് പഞ്ചായത്തില്‍ വിമതര്‍ക്ക് ലഭിച്ചത് 177 വോട്ടാണ്. യു.ഡി.എഫിനാവട്ടെ 262 ഉം. ഇവിടെ സി.പി.ഐ (എം) ന് 424 വോട്ട് ലഭിച്ചു. യു.ഡി.എഫുമായി സഖ്യമില്ലാതിരുന്നുവെങ്കില്‍ സി.പി.ഐ (എം) വിരുദ്ധര്‍ വിജയിക്കുമായിരുന്നില്ല.
മറ്റൊരു ഗ്രാമപഞ്ചായത്ത് വാര്‍ഡായ നാദാപുരം റോഡില്‍ വിജയിച്ച സി.പി.ഐ (എം) വിരുദ്ധ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 421 വോട്ടാണ്. എല്‍.ഡി.എഫിനേക്കാള്‍ 5 വോട്ട് കൂടുതല്‍. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തിലെത്തുമ്പോള്‍ സി.പി.ഐ (എം) ന് 421 ഉം പാര്‍ടി വിരുദ്ധര്‍ക്ക് 208 ഉം യു.ഡി.എഫിന് 201 ഉം വോട്ടുകളാണ് ലഭിച്ചത്. ഇവിടെയും യു.ഡി.എഫിന്റെ സഖ്യത്തിലാണ് പാര്‍ടി വിരുദ്ധരുടെ വിജയം. മറ്റൊരു വാര്‍ഡായ തയ്യിലില്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.ഐ (എം) വിരുദ്ധര്‍ 591 വോട്ടോടെ വിജയിച്ചു. എല്‍.ഡി.എഫിന് ലഭിച്ചത് 438 വോട്ടും. എന്നാല്‍, ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. എല്‍.ഡി.എഫിന് 458 വോട്ടും സി.പി.ഐ (എം) വിരുദ്ധര്‍ക്ക് 315 ഉം യു.ഡി.എഫിന് 240 ഉം ആയി. ഇങ്ങനെ യു.ഡി.എഫിന്റെ പിന്തുണയോടുകൂടി നേടിയ വിജയമാണ് ഇപ്പോള്‍ വലിയ ആഘോഷമായി കൊണ്ടുനടക്കുന്നത്. ഇതെല്ലാം തിരുത്തിക്കൊണ്ട് മുന്നോട്ടുവരുന്നതിന് ഒഞ്ചിയത്തെ ജനത ഭാവിയില്‍ തയ്യാറാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി തെറ്റുപറ്റിയവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനവുമായി പാര്‍ടി മുന്നോട്ടുകൊണ്ടുപോകും.
ജനതാദളിന് മുന്നണി ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കിയതിന്റെ പേരില്‍ പാര്‍ടി വിട്ടുപോയവര്‍ അഴിയൂര്‍ ജില്ലാ ഡിവിഷനില്‍ ജനതാദളിന്റെ വിജയത്തിന് പാതയൊരുക്കുകയും ചെയ്‌തു. ജില്ലാ ഡിവിഷനില്‍ യു.ഡി.എഫിലെ ജനതാദള്‍ സ്ഥാനാര്‍ത്ഥിക്ക് 17886 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 11540 വോട്ടും ലഭിച്ചു. സി.പി.ഐ (എം) വിരുദ്ധര്‍ 6583 വോട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയതിന്റെ ഫലമായാണ് യു.ഡി.എഫിന് ഇവിടെ ജയിക്കാനായത്. ആഗോളവല്‍ക്കരണത്തിനെതിരായി ശരിയായ ഇടതുപക്ഷ ബദല്‍ ഉയര്‍ത്താന്‍ പുറപ്പെട്ടവര്‍ കോണ്‍ഗ്രസ്സുമായി കൂടിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നില ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ചിലരെ കുറച്ചുകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും. പക്ഷേ, എല്ലാ കാലത്തും അങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.
ഒഞ്ചിയത്തിനു മുമ്പ് സി.പി.ഐ (എം) ഉപേക്ഷിച്ചുപോയവരായിരുന്നു തളിക്കുളത്തെ ജനമുന്നണിക്കാര്‍. അവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 2005 ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് അവിടെ നേടാനായത് 3393 വോട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗ്രാമപഞ്ചായത്തില്‍ ലഭിച്ചത് 2619 വോട്ടുകളാണ്. അത് ജില്ലാ പഞ്ചായത്തിലെത്തുമ്പോള്‍ 1417 ആയി കുറയുകയാണ് ചെയ്‌തിട്ടുള്ളത്. ഈ കുറവുകളും ആര്‍ക്കാണ് ഗുണം ചെയ്‌തത് എന്നത് പരിശോധിക്കുന്നത് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തും. 2005-ല്‍ യു.ഡി.എഫിന് ലഭിച്ചത് 4862 വോട്ടുകളാണ്. 2010 ആകുമ്പോഴേക്കും 5899 വോട്ടുകളായി അത് വര്‍ദ്ധിച്ചു. എല്‍.ഡി.എഫിന് 2005-ല്‍ ലഭിച്ചത് 3997 വോട്ടാണ്. ഇത്തവണ അത് 4241 ആയി. ജനമുന്നണി ശോഷിക്കുകയും യു.ഡി.എഫ് തളിക്കുളത്ത് ശക്തിപ്രാപിക്കുകയും ചെയ്യുന്ന നില കാണിക്കുന്നതെന്താണ്? ഒന്നുകില്‍ അവര്‍ വോട്ട് യു.ഡി.എഫിന് നല്‍കുകയുണ്ടായി. അല്ലെങ്കില്‍ അവര്‍ തകരുകയാണ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ ലഭിച്ച വോട്ട് ജില്ലാ പഞ്ചായത്തിലെത്തുമ്പോള്‍ 1417 ആയി കുറയുന്നതും കാണാനാവുന്നുണ്ട്. ഇത്തരം കുറവുകള്‍ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ വോട്ടുപെട്ടിയില്‍ കൂടിവരുന്നതായും കാണാന്‍ കഴിയും. ഏകദേശം 700-ഓളം വോട്ടാണ് ഗ്രാമപഞ്ചായത്തിനെ അപേക്ഷിച്ച് യു.ഡി.എഫിന് ജില്ലാ പഞ്ചായത്തില്‍ കൂടുതലായി ലഭിച്ചത്. തളിക്കുളത്തെ സി.പി.ഐ (എം) വിരുദ്ധരുടെ യാത്രയും എങ്ങോട്ടേക്കാണ് എന്ന് ഇത് വ്യക്തമാക്കുന്നു.
പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരെയും ഒറ്റപ്പാലത്തെയും സ്ഥിതിവിശേഷം നേരത്തെതന്നെ ഈ നിലയിലേക്ക് എത്തിയിട്ടുള്ളതാണ്. അവിടെ സി.പി.ഐ (എം) വിരുദ്ധരെല്ലാം തുടക്കം മുതല്‍തന്നെ യു.ഡി.എഫിന്റെ വോട്ട് നേടി വിജയിക്കുന്ന രീതി മുമ്പേ തുടരുന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. വിപ്ലവകരമായ മുദ്രാവാക്യമുയര്‍ത്തി സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തി വലതുപക്ഷ ശക്തികളെയും വര്‍ഗീയ-പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താന്‍ അടിത്തറ ഒരുക്കുകയാണ് ഇത്തരം രാഷ്‌ട്രീയം ഇപ്പോള്‍ ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ശരിയായ പാതയിലേക്ക് തിരിച്ചുവരാന്‍ തെറ്റിദ്ധരിച്ചുപോയവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
|