Skip to main content

പാർടി


കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ

ഒന്ന് : പുതിയൊരു ലോകം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.

മുതലാളിത്ത പരിവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികൾ വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിൻ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തിൽ വിവേകാനന്ദനും മറ്റും ഇത്തരം ചിന്താഗതികൾ മുന്നോട്ടുവച്ചു. ഈ പശ്ചാത്തലത്തിൽ ശ്രീ നാരായണഗുരു, അയ്യങ്കാളി മുതലായവർ കേരളത്തിന്റെ തെക്കൻ പ്രദേശത്തും വാഗ്ഭടാനന്ദനെ പോലെയുള്ളവർ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപംപ്രാപിച്ചു. ഇവ ജനങ്ങളിൽ വമ്പിച്ച ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതീയതയ്ക്കും എതിരായും, ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മർദ്ദങ്ങൾ സമൂഹത്തിൽ രൂപപ്പെടാനും തുടങ്ങി. 1906ൽ ക്രിസ്ത്യൻ മിഷണറിമാർ ആരംഭം കുറിച്ചതും പിന്നീട് സർക്കാർ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട ചാന്നാർ കലാപം, 1878ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1903ലെ ശ്രീനാരായണ ധർമപരിപാലനയോഗസ്ഥാപനം, തുടർന്ന് സാധുജനപരിപാലനയോഗം തുടങ്ങി സാമുദായിക സംഘടനകളുടെ രൂപീകരണം, പ്രവർത്തനം, സമരങ്ങൾ എല്ലാം കേരളീയ ജീവിതത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിൻ സഹായകമായ ഘടകങ്ങളായി വർത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയിൽ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയർത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളർന്നുവന്നു.

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാത്രന്ത്യപസ്ഥാനവും വളർന്നുവന്നുകൊണ്ടിരുന്ന ഈ സാഹചര്യത്തിലാണ് സോവിയറ്റ് വിപ്ലവത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ഉള്ള ആശയങ്ങൾ കേരളത്തിൽ എത്തിച്ചേരുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, സഹോദരൻ അയ്യപ്പൻ, പി. കേശവദേവ് മുതലായവരുടെ കൃതികളിലൂടെ ഇത്തരം ആശയങ്ങൾക്ക് കേരളത്തിൽ പ്രചാരം ലഭിക്കാൻ തുടങ്ങി.

രണ്ട് : മാറുന്ന ചക്രവാളം

ഈ കാലത്തുതന്നെ ജന്മിത്വവും സാമ്രാജ്യത്വവും സൃഷ്ടിച്ച കഷ്ടപ്പാടുകളുടെ പശ്ചാത്തലത്തിൽ അതിനെതിരായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും പോരാട്ടങ്ങളും സംഘടനകളും മെല്ലെ വളർന്നുവരാൻ തുടങ്ങി. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ കൂട്ടായി ആവശ്യങ്ങൾ ഉന്നയിക്കുന്ന സമ്പ്രദായവും ആരംഭിച്ചു.

1921ലെ മലബാർ കലാപം എന്നു വിളിക്കപ്പെടുന്ന കാർഷികകലാപവും തുടർന്നുണ്ടായ രാഷ്ട്രീയചലനങ്ങളും കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ വലിയ സ്വാധീനം ചെലുത്തി.

മൂന്ന് : ഉയിർത്തെഴുന്നേറ്റുകൊണ്ടിരുന്ന ജനത

സ്വാത്രന്ത്യസമരത്തിന്റെ ഭാഗമായി നടന്ന നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്തതിൻ ഈ കാലഘട്ടത്തിൽ കേരളത്തിലെ കുറെ ചെറുപ്പക്കാരെ ജയിലിൽ അടച്ചിരുന്നു. ഈ അവസരത്തിൽ കണ്ണൂർ ജയിലിൽ ജിതേന്ദ്രദാസിന്റെ സഹോദരൻ കിരൺ ചന്ദ്രദാസ്, കമൽനാഥ് തിവാരി, സെൻ ഗുപ്ത, ടി. എൻ ചക്രവർത്തി, ശരത് ചന്ദ്ര ആചാര്യ. വെല്ലൂർ ജയിലിൽ ജയദേവ് കപൂർ എന്നിവർ ഉണ്ടായിരുന്നു. ഇവരുമായി പരിചയവും ബന്ധവും സ്ഥാപിക്കുന്നതിൻ ഈ അവസരത്തിൽ മലയാളികളായ ചെറുപ്പക്കാർക്ക് സാധിച്ചു. ആ വിപ്ലവകാരികളുമായുള്ള പരിചയം, ചർച്ച, അവർ കൊടുത്ത പുസ്തകങ്ങളുടെ വായന ഇവയെല്ലാം ആ ചെറുപ്പക്കാർക്ക് പുതിയ വെളിച്ചമേകി. അതവരുടെ ചിന്തയെ പിടിച്ചുലച്ചു. രാഷ്ട്രീയ പ്രവർത്തനത്തെപ്പറ്റി അവർ പുതുതായി പലതും അറിയുകയായിരുന്നു. ഇത് പുതിയ ദിശാബോധം ഇവരിൽ പകർന്നു നൽകി. ഇക്കാര്യം സഃ ഇ.എം.എസ് ഇങ്ങനെ കുറിക്കുന്നു:

‘പിന്നീട് രൂപം കൊണ്ട കേരളത്തിലെ ഇടതുപക്ഷകോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും ബീജാവാപം നടന്നത് കണ്ണൂർ ജയിലിൽ വച്ചാണെന്നും അത് നടത്തിയത് തിവാരി ആയിരുന്നുവെന്നും പറഞ്ഞാൽ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല’

ബഹുജനമുന്നേറ്റത്തെ ഭയപ്പെടുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നയത്തിൽ അസംതൃപ്തരായ ചെറുപ്പക്കാരാണ് സോഷ്യലിസ്റ്റ് ആശയത്തിൽ ആകർഷിക്കപ്പെട്ടത്. ഇത്തരം ചിന്താഗതികൾക്ക് ശക്തി പകരുന്നതിൻ ഇടയാക്കുന്ന അന്തരീക്ഷം അന്ന് കേരളത്തിൽ ഉണ്ടായിരുന്നു.

ജന്മിത്വത്തിന്റെ പീഡനങ്ങളാൽ ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയായിരുന്നു. ഇതിനെതിരായി അങ്ങിങ്ങ് ചെറുത്തുനിൽപ്പുകളും സംഘടനകളും ഈ കാലഘട്ടത്തിൽ രൂപപ്പെടാൻ തുടങ്ങിയിരുന്നു. 1935 ജൂലൈ മാസത്തിൽ പഴയ ചിറക്കൽ താലൂക്കിലെ കൊളച്ചേരി അംശത്തിൽ നണിയൂരിലുള്ള ഭാരതീയ മന്ദിരത്തിൽ വെച്ച് കൃഷിക്കാരുടെ ഒരു യോഗം നടക്കുകയുണ്ടായി. വിഷ്ണുഭാരതീയൻ പ്രസിഡന്റും കെ.എ. കേരളീയൻ സെക്രട്ടറിയുമായി കൊളച്ചേരി കർഷകസംഘം രൂപീകരിക്കപ്പെട്ടു. 1935 സെപ്തംബറോടുകൂടി കരിവെള്ളൂർ, വെള്ളൂർ, പെരളം, കൊടക്കാട് ഇവ കേന്ദ്രമാക്കി കരിവെള്ളൂർ കർഷക സംഘവും രൂപീകരിക്കപ്പെട്ടു. 1936 ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകൃതമായതോടെ കാർഷികമേഖലയിൽ പോരാട്ടത്തിന്റെ പുതിയ മുഖം തുറന്നു. 1936 ജൂലൈ മാസത്തിൽ എ.കെ.ജിയുടെ നേതൃത്വത്തിൽ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പട്ടിണിജാഥ ഈ രംഗത്ത് വമ്പിച്ച ഉണർവ് ഉണ്ടാക്കി. ഇതിന് തുടർച്ചയായി മലബാറിൽ നിരവധി കർഷക സംഘങ്ങൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. 1936 നവംബറിൽ പറശ്ശിനിക്കടവിൽ ആദ്യത്തെ ചിറക്കൽ താലൂക്ക് കർഷക സമ്മേളനവും ഈ കാലഘട്ടത്തിൽ നടന്നു. 1937 ൽ അഖില മലബാർ കർഷക സംഘം രൂപീകരിക്കപ്പെട്ടു.

ഈ ഘട്ടത്തിൽ തന്നെ കർഷക സംഘത്തിന്റെ രണ്ടാം അഖില മലബാർ സമ്മേളനം കോഴിക്കോട്ട് നടന്നു. കാർഷിക മേഖലയിലെ ഈ ഉണർവ്വ് പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വരവിന് പശ്ചാത്തലമൊരുക്കുന്നതായിരുന്നു.

ഈ കാലഘട്ടത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളും വളർന്നു വരാൻ തുടങ്ങിയിരുന്നു. 1929ൽ ഉണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാൻ തുടങ്ങി. ഈ കാലഘട്ടത്തിൽ തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ രൂപപ്പെടാനും ശക്തിപ്രാപിക്കാനും തുടങ്ങി.

ആദ്യഘട്ടത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപപ്പെട്ടിരുന്നു. ഇത്തരം സംഘടനകൾ പിന്നീട് ഉശിരൻ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളായി രൂപം പ്രാപിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ, പാപ്പിനിശേരി, തലശേരിതുടങ്ങിയ കേന്ദ്രങ്ങളിൽ പണിമുടക്കുകൾ സംഘടിപ്പിച്ചുകൊണ്ടു മുന്നോട്ടുവരുന്ന നിലയുണ്ടായി. 1935 മെയിൽ ഒന്നാമത്തെ കേരള തൊഴിലാളി സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. ഒരു സ്വത്രന്ത വർഗശക്തി എന്ന നിലയിൽ തൊഴിലാളിവർഗത്തെ ഉയർത്തിക്കൊണ്ടുവരുന്ന ഈ ഇടപെടൽ കമ്യൂണിസ്റ്റ് ആശയപ്രചരണത്തിനു പശ്ചാത്തലമൊരുക്കി. ഈ ഘട്ടത്തിൽ തിരുവിതാംകൂറിൽ കയർ തൊഴിലാളികളും സംഘടിച്ച് ശക്തിപ്രാപിക്കുന്ന നിലയുണ്ടായി. കൊച്ചിയിൽ കൊച്ചിൻ സ്റ്റെർലിങ് വർക്കേഴ്സ്  യൂണിയൻ പോലുള്ള സംഘടനകളും രൂപപ്പെട്ടുതുടങ്ങി. ലേബർ ബ്രദർഹൂഡും അളഗപ്പ ടെക്സ്റ്റൈല്സിലെയും സീതാറാം മില്ലിലെയും യൂണിയനുകളും രൂപപ്പെട്ടുതുടങ്ങി. 1937ൽ തൃശൂരിൽ രണ്ടാം അഖിലകേരളതൊഴിലാളി സമ്മേളനവും നടക്കുകയുണ്ടായി. തൊഴിലാളികൾക്കിടയിൽ രൂപപ്പെട്ടുവന്ന ഈ സംഘടനാബോധം പുതിയ രാഷ്ട്രീയത്തിനുള്ള മണ്ണൊരുക്കുകയായിരുന്നു.

1930കളുടെ തുടക്കത്തിൽ മറ്റു ചില ഗുണപരമായ ചുവടുവെപ്പുകളും ഉയർന്നു വരുന്നുണ്ടായിരുന്നു. അതിൽ സുപ്രധാനമായതായിരുന്നു തിരുവിതാംകൂറിൽ നടന്ന നിവർത്തനപ്രക്ഷോഭം. അന്നേവരെ അവർണരായി, അവശരായി ചവിട്ടിതാഴ്ത്തപ്പെട്ടിരുന്നവർ ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടു രംഗത്തുവരുന്ന സാഹചര്യമുണ്ടായി. ഇത് ഭരണത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യവും ഉദ്യോഗത്തിൽ സംവരണവും എന്ന മുദ്രാവാക്യത്തെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇടയാക്കി. ഇത് അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനിടയിൽ പുതിയ ആവേശം പകരുന്നതായിരുന്നു.

നാല് : കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി

സോവിയറ്റ് വിപ്ലവത്തിൽ ആവേശം കൊണ്ടവർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്ന അവസ്ഥയും ഈ ഘട്ടത്തിലുണ്ടായി.തൊഴിലാളികളു ടേയും കൃഷിക്കാരുടേയും സംഘടനകൾ, അവരുടെ പാർടി, അവരുടെ ഭരണംഎന്നത് ഇവരെ തികച്ചും ആവേശം കൊള്ളിച്ചു. എങ്കിലും സോഷ്യലിസത്തെപ്പറ്റിയോ, മാർക്സിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെപ്പറ്റിയോ ഇവർക്ക് അറിയില്ലായിരുന്നു. ഈ സ്ഥിതിവിശേഷത്തെ സഃ: ഇ.എം.എസ് ഇങ്ങനെ വിലയിരുത്തുന്നു;

“സോഷ്യലിസ്റ്റ് ആശയം സംബന്ധിച്ചു ഞങ്ങളുടെ ധാരണകൾ അപൂർണ്ണവും അവ്യക്തവുമായിരുന്നു. എങ്കിലും ഞങ്ങൾക്കുള്ള ധാരണയെങ്കിലും അന്നുണ്ടായിരുന്ന പ്രചാരണസൗകര്യം ഉപയോഗിച്ച് ജനങ്ങളുടെ ഇടയിൽ വ്യാപിപ്പിക്കുവാൻ ഞങ്ങൾ ശ്രമിച്ചു.  സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ച് പറയത്തക്ക വിവരമൊന്നുമില്ല. എന്നാൽ അവയുടെ സജീവ പ്രതീകമാണ് സോവിയറ്റ് യൂണിയൻ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്തുകൊണ്ടെന്നാൽ മുതലാളിത്തലോകത്തിൽ അതിഭയാനകരവും സർവ്വവ്യാപിയുമായ ഒരു സാമ്പത്തികക്കുഴപ്പം നടമാടുന്ന സമയമാണിത്. അതെ അവസരത്തിൽ സോവിയറ്റു യൂണിയൻ അതിന്റെ ഒന്നാം പഞ്ചവത്സരപദ്ധതി വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു രാജ്യത്തിലും മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ത്വരിതമായി അവിടത്തെ സമ്പദ്‌വ്യവസ്ഥ പുരോഗമിക്കുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ തിന്മയും സോഷ്യലിസത്തിന്റെ മേന്മയും വ്യക്തമാക്കുവാൻ ഇതിൽക്കൂടുതൽ എന്തെങ്കിലും വേണോ? സോഷ്യലിസത്തിന്റെ മൗലികപ്രമാണങ്ങൾ സംബന്ധിച്ച് താത്വികാടിസ്ഥാനത്തിൽ പഠനം നടത്താൻ സൗകര്യം കിട്ടിയിട്ടില്ലാത്ത ഞങ്ങൾക്ക് സോഷ്യലിസത്തിന് അനുകൂലമായ അഭിപ്രായം ഉണ്ടാകാനും അത് ജനങ്ങളോട് പറയാനും സഹായിച്ച വസ്തുതയാണ്.”

സോവിയറ്റ് റഷ്യയിൽ ഉണ്ടായതുപോലുള്ള ഒരു ഭരണം സ്ഥാപിക്കണമെങ്കിൽ അവിടേക്കുള്ള മാർഗ്ഗം കൃഷിക്കാരുടേയും, തൊഴിലാളികളുടേയും സംഘടനകെട്ടിപ്പടുക്കലാണ്. അവരെ അവകാശബോധമുള്ളവരാക്കി ദേശീയപ്രസ്ഥാനത്തിന്റെ പിന്നിൽ അണിനിരത്തലാണ്. അതു മാത്രമല്ല ഗ്രാമത്തിന്റെ പ്രാഥമികഘടകം മുതൽ കേന്ദ്രതലം വരെ പരസ്പരം ബന്ധപ്പെടുന്ന സംഘടനാശൃംഖലയും ഉണ്ടാക്കി.

അഞ്ച് : പഠനം, പരിശീലനം.

പാർടി ഘടകങ്ങൾ സ്ഥാപിക്കുന്നതുകൊണ്ടതവസാനിപ്പിച്ചില്ല. അവരിൽ രാഷ്ട്രീയബോധം രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനു ഗ്രാമങ്ങളിൽ വായനശാലകൾ, ഗ്രന്ഥശാലകൾ, നിശാപാഠശാലകൾ എന്നിവ ഉണ്ടാക്കി അവരെ പഠിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ നടന്നു. അതേ ലക്ഷ്യത്തോടെ “പ്രഭാതം” വാരികയും തുടങ്ങി.

പിന്നീട് അതിനൊരു കേന്ദ്രീകൃതരൂപം നൽകി. മങ്കട - പള്ളിപ്പുറത്ത് ഒരു മാസംനീണ്ടുനിന്ന പഠന പരിശീലനക്യാമ്പ് അത്തരത്തിലുള്ള ഒന്നായിരുന്നു. അവിടെ കായികവും മാനസികവുമായ പഠനമായിരുന്നു നടന്നത്. സംസ്ഥാനത്താകെ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ അതിൽ പങ്കെടുത്തു.അവിടെ പരിശീലനം നേടിയവർ പിന്നീട് ജില്ലാനിലവാരത്തിലും ക്ലാസും പരിശീലനവും കൊടുത്തു. അവർ താലൂക്കുകളിൽ ക്ലാസുകൾ നടത്തി. പിന്നീടത് ഗ്രാമങ്ങളിലുമെത്തി. അങ്ങനെ സംസ്ഥാനമാകെ പഠനവും, പരിശീലനവും കൊടുത്ത്പുത്തനൊരു രാഷ്ട്രീയപ്രവർത്തനം സജീവമായി. കേരളത്തെയാകെ ബന്ധിപ്പിചുകൊണ്ടുള്ള ഒരു സംഘടനാ സംവിധാനമായി ഇത് മാറി.

ആറ് : കോൺഗ്രസ്, സാധാരണക്കാരുടെ

ജയിലിൽ വെച്ച് തീരുമാനിച്ചതുപോലെ കൃഷിക്കാരെയും, തൊഴിലാളികളേയും സംഘടിപ്പിച്ച് സ്വാതന്ത്യ സമര പ്രസ്ഥാനത്തിന്റെ പിന്നിൽ അണിനിരത്തുക എന്ന ലക്ഷ്യത്തിനായി അവർ പ്രവർത്തിച്ചു. അത് സാക്ഷാത്കരിക്കാനും ഇവർക്ക് കഴിഞ്ഞു.

1934ൽ കേരളത്തിലെ കോൺഗ്രസിന്റെ അംഗസംഖ്യ മൂവായിരത്തോളം മാത്രമായിരുന്നു. 1938-39 കാലങ്ങളിലാവട്ടെ അത് അറുപതിനായിരത്തോളം ഉയർന്നു.അക്കാലമാവുമ്പോഴേക്കും കോൺഗ്രസ് മുന്നൂറിലധികം വില്ലേജുകമ്മിറ്റികൾ രൂപീകരിച്ചിരുന്നു. സജീവമായി പ്രവർത്തിക്കുന്ന വില്ലേജ്-ടൌൺ-ജില്ലാ-സംസ്ഥാനകമ്മിറ്റികൾ ഈ ഘട്ടത്തിൽ നിലവിൽ വന്നു.

അടിസ്ഥാനതലം വരെ സംഘടന വികസിച്ച് കോൺഗ്രസ് സാധാരണക്കാരുടെ കൈകളിലേക്ക് പോകുന്നതിനു വലതുപക്ഷക്കാരായ ഒരു വിഭാഗം കോൺഗ്രസുകാർ എതിരായിരുന്നു. ഇടതുപക്ഷക്കാരാണ് കോൺഗ്രസിനെ ജനങ്ങൾക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്നത്.

ഏഴ്: ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി ഗ്രൂപ്പുകൾ

നേരത്തെ സൂചിപ്പിച്ച തരത്തിൽ കോൺഗ്രസ്സിലും കോൺഗ്രസ് സോഷ്യലിസ്റ്റ്പാർടിയിലും പ്രവർത്തിക്കുമ്പോൾ തന്നെ ചില കമ്യൂണിസ്റ്റ് നേതാക്കളുമായി പരിചയപ്പെടാനും, ആശയവിനിമയം നടത്താനും ചില യുവ രാഷ്ട്രീയപ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അവർ പലവട്ടം സന്ധിച്ച് ചർച്ച നടത്തി. അന്നത്തെ അനുഭവം സഃ ഇ.എം.എസ് ഇങ്ങനെ കുറിക്കുന്നു;

“കമ്മ്യൂണിസ്റ്റ് പാർട്ടി എന്നൊരു സംഘടനയുണ്ടെന്ന് അന്ന് തന്നെ ഞങ്ങൾ കേട്ടിരുന്നു. അതുതന്നെ അതിനോട് പലവിധത്തിലും എതിർപ്പുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കന്മാരിൽ നിന്നും റോയിസ്റ്റുകാരിൽ നിന്നും ആയിരുന്നു. കമ്മ്യൂണിസ്റുകാരുടേതായി പ്രചരിപ്പിച്ചിരുന്നു ചില ലഘുലേഖകൾ ഞങ്ങൾ വായിച്ചിരുന്നു. അതിൽ മുഖ്യമായ ആശയഗതിയോട് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനകത്തുനിന്നല്ല, അതിനെ എതിർത്തുകൊണ്ടാണ് യഥാർത്ഥ സോഷ്യലിസ്റ്റുകാർ പ്രവർത്തിക്കേണ്ടതെന്ന ആശയഗതിയാണ് കമ്മ്യൂണിസ്റുകാർക്കുണ്ടായിരുന്നത്.) ഞങ്ങൾക്ക് തികഞ്ഞ വിയോജിപ്പാണുണ്ടായിരുന്നത്. (സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റുകാരും)"

കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. സുന്ദരയ്യയും, എസ്.വി.ഘാട്ടെയുമാണ് ഇത്തരത്തിൽ കേരള സഖാക്കളുമായി നിരന്തരബന്ധവും കൂടിക്കാഴ്ച്ചകളും ചർച്ചകളും നടത്തിക്കൊ രുന്നത്. രണ്ടു വർഷക്കാലം നടന്ന ഇത്തരം നിരന്തരമായ ഇടപെടലിന്റെ ഫലമായി 1937 ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി ഗ്രൂപ്പ് രൂപംകൊണ്ടു. സഖാക്കൾ പി കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരൻ, എൻ. സി. ശേഖർ എന്നിവരാണ് ആദ്യത്തെ കമ്മ്യൂണിസ്റ് പാർടി ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇവർ കോൺഗ്രസിനകത്തു തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.

എട്ട്: പുത്തൻ വീക്ഷണം

ഇടതുപക്ഷ കോൺഗ്രസുകാർ പുതിയ മനുഷ്യനെ വാർത്തെടുക്കുന്ന നവീനചിന്തയാണ് പ്രചരിപ്പിച്ചത്. ജീവിതത്തിൽ നിന്നും അനുഭവത്തിൽ നിന്നും രൂപംകൊണ്ട വികാരമായിരുന്നു അത്. സാധാരണക്കാരന്റെ മനസ്സിൽ തട്ടുന്ന ഭാഷയും അവർ സ്വായത്തമാക്കി.

രണ്ടാം അഖില കേരള തൊഴിലാളി സമ്മേളനത്തിൽ അദ്ധ്യക്ഷനായ ബാട്ലിവാലയുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നു:

“തൊഴിലാളികൾ കുടിക്കാൻ കഞ്ഞിയും, ഉടുക്കാൻ മുണ്ടും, കിടക്കാൻ പുരയിടവും ആവശ്യപ്പെട്ടാൽ അവരെ കമ്മ്യൂണിസ്റുകാരെന്നും, ബോൾഷെവിക്കുകാരെന്നും, അപകടക്കാരെന്നും പറഞ്ഞു അടിച്ചമർത്തുകയുണ്ടായി. അവരെ വർണ്ണിക്കുവാൻ നിന്ദാസൂചകമല്ലാത്ത വാക്കുകളില്ല. അവർ ആവശ്യപ്പെടുന്നത് തൊഴിലാണ്, തൊഴിലിനു കൂലിയും. ഇത്രയും പറഞ്ഞാൽ അവരുടെ പുറത്ത് കമ്മ്യൂണിസ്റ്റെന്നും ബോൾഷെവിക്കെന്നും സമുദായത്തെ തകിടം മരിക്കുന്നവരെന്നും ലേബൽ ഒട്ടിക്കുകയുണ്ടായി. വേലക്കാർ ഉത്തേജനത്തിനും, ഉദാഹരണത്തിനുമായി റഷ്യയിലേക്കാണ് നോക്കുന്നതെന്നും അവർക്കറിയാം. റഷ്യയിൽ ഇന്ന് ചൂഷകരില്ല. അവൈദത്തെ ഭരണം വേലക്കാരുടെ ഭരണമാകുന്നു."

1939ൽ കൊടക്കാട് കർഷകസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് പ്രൊഫ.എൻ. ജി. രംഗ ചെയ്ത പ്രസംഗവും പുതിയ ലക്ഷ്യമെന്തെന്നു കൃത്യമായി ചൂണ്ടിക്കാട്ടി. “കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഭരണം സ്ഥാപിച്ചെങ്കിൽ മാത്രമേ കർഷകരുടെ അവശതകൾ പരിപൂർണമായി  അവസാനിക്കുകയുള്ളു.” സോവിയറ്റ് റഷ്യയിലെ ഭരണത്തിൽ തൊഴിലാളി - കർഷക ജീവിതത്തിൽ വന്നിടുള്ള വളരെയേറെ മെച്ചപ്പെട്ട സ്ഥിതി അദ്ദേഹം ഉദാഹരിച്ചു. പി. കൃഷ്ണപിള്ള അക്കാലത്ത് നടത്തിയ പ്രസംഗം ഇതിനുദാഹരണമാണ്.

“ഇത്രയും കാലത്തെ തൊഴിലാളി പ്രവർത്തനത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് രാഷ്ട്രീയമായ അധികാരം ലഭിക്കാതിരിക്കുന്നിടത്തോളം കാലം യാതൊരു നേട്ടവും ഉണ്ടാവുകയില്ല. ഇന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലെ സ്ഥാപിതതാല്പര്യക്കാരെ കൂട്ടുപിടിച്ചുകൊണ്ട് ബഹുജനങ്ങളെ ചൂഷണം ചെയ്തുവരികയാണ്. അതുകൊണ്ട് തൊഴിലാളികളുടെ പ്രധാനമായ കർത്തവ്യം സാമ്രാജ്യഭരണത്തെ നശിപ്പിച്ചു രാഷ്ട്രീയാധികാരം പിടിച്ചുപറ്റുകയാണ്. സാമ്രാജ്യത്വത്തെ നശിപ്പിച്ച ഇന്ത്യയുടെ പരിപൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ എല്ലാ തൊഴിലാളികളും അംഗങ്ങളായി ചേരുകയും പൊതുപണിമുടക്ക് ചെയ്ത് രാഷ്ട്രീയസമരത്തെ ശക്തിപ്പെടുത്തുകയും ചെയ്യണം. നാട്ടുരാജ്യങ്ങളെന്നും ബ്രിട്ടീഷ് ഇന്ത്യയെന്നും ഉള്ള വ്യത്യാസങ്ങൾ അർത്ഥമില്ലാത്ത ഒന്നാണ്. നാട്ടുരാജാക്കന്മാർ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ വെറും അടിമകൾ മാത്രമാണ്." (തൃശ്ശിവപേരൂർ ജനറൽ ഫാക്ടറി വർക്കേഴ്സ് യൂണിയൻ അർദ്ധവാർഷിക സമ്മേളനത്തിൽ 1939 ജൂലൈ മാസം ചെയ്ത പ്രസംഗത്തിൽ നിന്ന്.)

ഒൻപത്: മുന്നൊരുക്കങ്ങൾ

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടര കൊല്ലങ്ങൾക്ക് ശേഷമാണ് കേരളപാർടി ഘടകം ഉണ്ടാകുന്നത്. അതിനാകട്ടെ വളരെ വിപുലമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്തെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ നിലപാടാണ് ഈ പ്രകിയയുടെ ത്വരിതമായ പ്രയാണത്തിനു പ്രേരകമായി തീർന്നത്.

ഇ.എം.എസ് നമ്പൂതിരിപ്പാട് ഇതിനെ സംബന്ധിച്ച് ഇങ്ങനെ എഴുതുന്നു;

“സോഷ്യലിസ്റ്റ് പാർട്ടിയെ മുഴുവൻ കമ്മ്യൂണിസ്റ്റുപാർട്ടി ആക്കി മാറ്റാനുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ യുദ്ധം തുടങ്ങിയുള്ള ആദ്യത്തെ ആഴ്ചകളിൽ മാർക്സിസ്റ് സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു പാഠ്യപദ്ധതി നടപ്പാക്കുകയുണ്ടായി. രണ്ടരക്കൊല്ലക്കാലത്തെ അണ്ടർഗ്രൗണ്ട് പ്രവർത്തനകാലത്ത് ഈ പ്രവർത്തനം തുടർന്നുവന്നു. എംഗൽസിന്റെ 'സോഷ്യലിസം സാങ്കല്പികവും ശാസ്ത്രീയവും', ലെനിന്റെ 'എന്ത് ചെയ്യണം?' സ്റ്റാലിന്റെ 'ലെനിനിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ'പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങൾ പാർട്ടിയുടെ പ്രമുഖ കേഡർമാരെ പഠിപ്പിച്ചു. ഇവയുടെയും നിരവധി മറ്റു ഗ്രന്ഥങ്ങളുടെയും തർജമ ആരംഭിച്ചു. ഇവയിൽ ചിലത് കേഡർമാരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് പ്രസിദ്ധീകരിച്ചത്. സ്റ്റാലിന്റെ 'സിപിഎസ് യു (ബി) ചരിത്രം' എന്ന ഗ്രൻഥം പൂർണമായും തർജമ ചെയ്ത് ഓരോ അധ്യായമായി അച്ചടി ആരംഭിച്ചു. സിദ്ധാന്തം അറിയാനുള്ള ആഗ്രഹം എല്ലാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പക്ഷെ പാർട്ടി അണ്ടർഗ്രൗണ്ടിൽ നിന്നും പുറത്തുവന്നതിന് ശേഷമേ ആ പ്രക്രിയ തുടരാനും ഒരുയർന്ന തലത്തിലേയ്ക്ക് എത്തിയ്ക്കുവാനും കഴിഞ്ഞുള്ളു." (കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ: ഉത്ഭവവും വളർച്ചയും)

പത്ത്: പിണറായി സമ്മേളനം

1939ൽ ഒരു പാർടിയാകെ മറ്റൊരു പാർടിയായി രൂപാന്തരപ്പെടുന്ന പ്രകിയയായിരുന്നു പാറപ്പുറത്ത് നടന്നത്. അതിനുവേണ്ടിയുള്ള ചർച്ചകളും ഒരുക്കങ്ങളും നേരത്തെത്തന്നെ നടന്നിരുന്നു. രഹസ്യസമ്മേളനമായിരുന്നതിനാൽ അത് സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലാത്തതിനാൽ അതിൽ പങ്കെടുത്തവരുടെ ഓര്‍മ മാത്രമാണ് ആശ്രയം. ഇത് സംബന്ധിച്ച് ഇ.എം.എസ് ഇങ്ങനെ രേഖപ്പെടുത്തുന്നു;

“തീര്‍ത്തും നിയമവിരുദ്ധമായ രീതിയിൽ ഒരു സംഘടന മുമ്പുതന്നെ രൂപീകരിച്ചിരുന്നു. അധികം പേർക്കും അത് അറിയുമായിരുന്നില്ല. എന്നാൽ 1939 അവസാനത്തോടെ അർദ്ധനിയമവിരുദ്ധാവസ്ഥയിൽ ചേര്‍ന്ന സമ്മേളനത്തിൽ സി.പി.ഐയുടെ കേരള ഘടകത്തിന്റെ ആവിർഭാവം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.” (കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്ഭവവും വളർച്ചയും)

പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്തവരുടെ മുഴുവൻ പേരുകൾ ആരും രേഖപ്പെടുത്തിയിട്ടില്ല. പലരുടേയും അനുസ്മരണകളിൽ നിന്നും, ലേഖനങ്ങളിൽ നിന്നും ശേഖരിക്കാൻ കഴിഞ്ഞ പേരുകൾ താഴെ ചേർക്കുന്നു.

  1. പി. കൃഷ്ണപിള്ള

  2. കെ. ദാമോദരൻ

  3. ഇഎംഎസ് നമ്പൂതിരിപ്പാട്

  4. പി. നാരായണൻ നായർ

  5. കെ. കെ വാര്യർ

  6. എ.കെ. ഗോപാലൻ

  7. വിഷ്ണുഭാരതീയൻ

  8. ഇ.പി. ഗോപാലൻ

  9. പി.എസ്. നമ്പൂതിരി

  10. സി.എച്ച്. കണാരൻ

  11. കെ.എ. കേരളീയൻ

  12. സുബ്രഹ്മണ്യൻ തിരുമുമ്പ്

  13. കെ.പി. ഗോപാലൻ

  14. ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ

  15. എം.കെ. കേളു

  16. സുബ്രഹ്മണ്യഷേണായി

  17. വി.വി. കുഞ്ഞമ്പു

  18. വില്യം സ്റ്റെലക്സ്

  19. എ.വി. കുഞ്ഞമ്പു

  20. കെ. കുഞ്ഞിരാമൻ മാസ്റ്റർ

  21. പി.എം. കൃഷ്ണമേനോൻ

  22. കെ. കൃഷ്ണൻ നായർ

  23. വടവതി കൃഷ്ണൻ

  24. എൻ. ഇ. ബാലറാം

  25. പിണറായി കൃഷ്ണൻ നായർ

  26. കെ.എൻ. ചാത്തുക്കുട്ടി

  27. മഞ്ജുനാഥറാവു

  28. കൊങ്ങശ്ലേരി കൃഷ്ണൻ

  29. കെ.പി.ആർ. ഗോപാലൻ

  30. പി.വി. കുഞ്ഞുണ്ണി നായർ

  31. മൊയ്യാരത്ത് ശങ്കരൻ

  32. പി.കെ. ബാലകൃഷ്ണൻ

  33. ജനാർദ്ദനഷേണായി

  34. ജോർജ് ചടയംമുറി

  35. പി. ഗംഗാധരൻ

  36. ടി.കെ. രാജു

  37. ഐ.സി.പി. നമ്പൂതിരി

  38. പി.പി. അച്യുതൻ മാസ്റ്റർ

  39. സി. കണ്ണൻ

  40. എം. പത്മനാഭൻ

  41. ടി.വി. അച്യുതൻ നായർ

  42. കെ. ദാമു

പതിനൊന്ന്: സാമ്രാജ്യവിരുദ്ധ പ്രക്ഷോഭം

യുദ്ധത്തോടുള്ള പാർടിയുടെ നയം, കേരളത്തിൽ പാർടിയെ ഒരു വിഷമവൃത്തത്തിലാക്കുകയുണ്ടായി. ഒഴുക്കിനെതിരെയാണ് അന്ന് പാർടി നീങ്ങിയത്. കോൺഗ്രസ്സിനത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമാർത്താനുള്ള വാളായിരുന്നു.അവർ ബഹുജനസംഘടനകളെ ഒക്കെ രണ്ടായി വെട്ടിമുറിച്ചു. അങ്ങനെ അവയുടെ ശക്തി പിളർന്നു. അവരെ പരസ്പരവൈരികളാക്കി. രണ്ടാം ലോകയുദ്ധം സാമ്രാജ്യശക്തികൾ തമ്മിലുള്ള യുദ്ധം എന്നായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. അതിനാൽ സാമ്രാജ്യവിരുദ്ധ സമരം ഊർജിതമാക്കാൻ പാർട്ടി തീരുമാനിച്ചു. ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കുന്നതിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടു. വില വർദ്ധനവ് നിമിത്തം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായി. പൗരസ്വാത്രന്ത്യം ഹനിച്ചുകൊണ്ടുള്ള നിരവധി നിയമങ്ങളും വന്നു. ഇത്തരംനയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടു കെ.പി.സി.സി 1940 സെപ്തംബർ 15 മർദ്ദനപ്രതിഷേധദിനമായി ആചരിക്കാൻ ആഹ്വാനം നല്കി. കർഷക സംഘവും കൃഷിക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പ്രകടനവും സമ്മേളനവും നടത്താൻ ആഹ്വാനം ചെയ്തു. കർഷകസമൂഹം ഇത് നടപ്പാക്കാൻ സജീവമായി രംഗത്തിറങ്ങി. മൊറാഴ, മട്ടന്നൂർ എന്നിവിടങ്ങളിൽ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. ചില പോലീസുകാർ മരണമടഞ്ഞു. തലശേരിയിലെ പോലീസ് വെടിവയ്പ്പിൽ അബുവും, ചാത്തുക്കുട്ടിയും ആദ്യത്തെ രക്തസാക്ഷികളായി. ഏതാനും മാസങ്ങൾ കഴിഞ്ഞ് 1941 മാർച്ചിലാണ്‌ കയ്യൂർ സമരത്തിൽ ഒരു പോലീസുകാരൻ മരിച്ചത്. കെ. പി. ആർ. ഗോപാലൻ ഉൾപ്പെടെയുള്ള സഖാക്കൾ പ്രതികളാക്കപ്പെട്ടു. അതിൽ നാലുസഖാക്കൾ കോടതി വിധിയനുസരിച്ച് തൂക്കി കൊല്ലപ്പെട്ടു.

കേരളത്തിലാകെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അത് നയിക്കുന്ന വർഗബഹുജനസംഘടനകളും വലിയ വളർച്ച നേടിയ കാലമായിരുന്നു അത്.സോവിയറ്റ് യൂണിയനെ ജർമ്മനി ആക്രമിച്ചതിനെതുടർന്ന് യുദ്ധം ഫാസിസ്റ്റ് വിരുദ്ധസ്വഭാവം കൈവരിച്ചു. ആ കാലത്ത്, 1945 ആഗസ്ത് വരെ ബഹുജനസമരങ്ങൾ യുദ്ധത്തെ സഹായിക്കാനായി ഊർജ്ജിതമായിരുന്നില്ല. അതിനിടെയായിരുന്നു ബോംബെയിൽ 1943ലെ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്. അതിനു ശേഷം പാർട്ടിയും, വർഗ്ഗസംഘടനകളും ഊർജിതമായി പ്രവർത്തിച്ചു. തെലങ്കാന, (ബംഗാളിലെ) തേഭാഗാ സമരങ്ങൾക്കൊപ്പം കേരളത്തിൽ പുന്നപ്ര-വയലാർ സമരം 1946 ൽ നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടെ ആകെ ശ്രദ്ധയും പിന്തുണയും നേടിയ നാളുകളായിരുന്നു അത്. ഈ കാലയളവിലാണ് ദേശാഭിമാനി പ്രവർത്തനം ആരംഭിച്ചത്. 1946 നവംബർ 16 നു കോഴിക്കോട് ടൌൺഹാളിൽ ചേർന്ന യോഗം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ചർച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽനടന്ന പോരാട്ടമായിരുന്നു 1946 ഡിസംബർ 30 നു നടന്ന കരിവള്ളൂരിലെ സമരം. നെല്ല് കടത്താൻ വന്ന ജന്മി ഗുണ്ടകൾക്കെതിരായി നടത്തിയ ചെറുത്തുനില്പ്പായിരുന്നു ഇത്. 1946 ഡിസംബർ 3 നു പോലീസ് അതിക്രമത്തെത്തുടർന്ന് കാവുമ്പായി കുന്നിൽ കേന്ദ്രീകരിച്ചരുന്നവർക്ക്‌  നേരെ പോലീസ് വെടി വെച്ചു. അഞ്ചുപേർ അന്ന് കൊല്ലപ്പെട്ടു.

ഈ സമര പോരാട്ടങ്ങൾക്കൊപ്പം തന്നെ സാംസ്കാരിക മേഖലയിലും ശക്തമായ ഇടപെടൽ പാർടി നടത്തി. സാധാരണക്കാർക്ക് നേരെ ജന്മിത്വവും സാമ്രാജ്യത്വവും ചെറാണ് നടത്തുന്ന ചൂഷണങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ നാടകങ്ങൾ ഉൾപ്പെടെയുള്ള കലാരൂപങ്ങൾ ഉപയോഗിച്ചുകൊണ്ടു നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

ജാതീയമായ അനാചാരങ്ങൾക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടേയും കൃഷിക്കാരുടേയും വർഗസംഘടനകൾ വളർത്തി എടുക്കുന്നതിനും ഈ വർഗനിലപാടിൽ നിന്ന് കൊണ്ട് അനാചാരങ്ങൾക്കെതിരെയും ജാതീയ അവശതകള്ക്കെതിരായും മുദ്രാവാക്യങ്ങൾ മുന്നോട്ട് വെക്കുന്നതിൻ പാർടി പരിശ്രമിച്ചു. ഇങ്ങനെ സാമൂഹ്യ അവശതകൾക്കെതിരായുള്ള പോരാട്ടത്തെ വർഗബോധത്തിന്റെ തലത്തിലേക്ക് വളർത്തി എടുക്കുന്നതിൽ പാർടിക്ക് കഴിഞ്ഞു. ഗുരുവായൂരിൽക്ഷേത്രപവേശനത്തിനായി നടന്ന പ്രക്ഷോഭത്തിൽ കൃഷ്ണപിള്ളയും എ.കെ.ജിയും ഉണ്ടായിരുന്നു. പിന്നീട് നടന്ന പാലിയം സമരം കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽതന്നെ നടന്നതുമായിരുന്നു. എ.കെ.ജിയുടെ നേതൃത്വത്തിൽ പയ്യന്നൂരിലെ കണ്ടോത്ത് ദളിതർക്ക് വഴിനടക്കാൻ വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളും എടുത്തുപറയേണ്ടതാണ്. ക്ഷേത്രക്കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന സമരവും പ്രധാനമാണ്. സാമൂഹ്യ നവീകരണങ്ങൾക്കായുള്ള പോരാട്ടത്തിൽ ഇത്തരത്തിൽ സജീവമായി ഇടപെടുന്ന രീതി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് സുപ്രധാന ഘടകമായിതീർന്നിട്ടുണ്ട്

പന്ത്രണ്ട്: സ്വാതന്ത്ര്യസമ്പാദനവും കമ്മ്യൂണിസ്റ്റ് വേട്ടയും

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജനപ്രക്ഷോഭവും ബഹുജനശക്തിയും ഇരമ്പിക്കയറുന്നതിൽ പരിഭ്രാന്തരായ കോൺഗ്രസുകാർ എത്രയും വേഗം അധികാരംനേടാൻ കൊതിച്ചു. ഇത് മനസ്സിലാക്കിയ സാമ്രാജ്യത്വം രാജ്യത്തെ മതപരമായി വെട്ടിമുറിക്കാൻ ശ്രമിച്ചു. മുസ്ലീം ലീഗും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അതിനു വഴങ്ങി. സ്വാതന്ത്യലബ്ധിയുടെ നാളുകളിൽ പോലും എ. കെ. ജി. യെ പോലുള്ള പാർട്ടിനേതാക്കൾ ജയിലിലായിരുന്നു പലരും ഒളിവിലും. പാർട്ടിയെ ബ്രിട്ടീഷ് ഭരണവും കോണ്ഗ്രസ്സുംഅടിച്ചമര്ത്തുകയായിരുന്നു അന്ന് എന്നതിൻ തെളിവാണിത്. 1948 ൽ കല്ക്കട്ടയിൽ രണ്ടാം പാർട്ടികോൺഗ്രസ് നടന്നു. അതിന്റെ പേരിൽ പോലീസും കോൺഗ്രസ്സ്കാരും കൂടി പാർട്ടിക്കാരെ വേട്ടയാടി. പ്രമുഖ പാർട്ടി നേതാക്കന്മാരായിരുന്ന മൊയ്യാരത്ത് ശങ്കരൻ അടക്കം പല പാർട്ടി പ്രവർത്തകരും പോലീസ് കസ്റ്റഡിയിൽകൊല്ലപ്പെട്ടു. ഈ കാലയളവിൽ ഇന്ത്യയിൽ 1982 വെടിവെപ്പ് നടന്നു. 3284 പേർ കൊല്ലപ്പെട്ടു. 50,000 ൽ പരം പേർ ജയിലിലടയ്ക്കപ്പെട്ടു. 82 പേർ ജയിലിൽ കൊല്ലപ്പെട്ടു. വളരെയേറെ പേർ ഒളിവിലുമായി. ഈ കാലത്ത് നടന്ന സുപ്രധാനമായ സംഭവമായിരുന്നുഒഞ്ചിയം വെടിവെപ്പ്. കമ്യൂണിസ്റ്റുകാരെ അറസ്റ്റു ചെയ്യാൻ വന്ന പോലീസുകാർക്കെതിരായി ജനങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പായിരുന്നു ഇത്. ഈ കാലഘട്ടത്തിൽ തന്നെ ഉണ്ടായ സംഭവമാണ് പഴശ്ശി-തില്ലങ്കേരി മേഖലയിലെ ചെറുതുനില്പ്പുകൾ. മുനയന്കുന്നിൽ ഒരു കുടിലിൽ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെകുടിൽ വളഞ്ഞ് പോലീസ് വെടിവെച്ചു. ആറുപേർ അവിടെത്തന്നെ കൊല്ലപ്പെടുന്ന നിലയുയി. 1950 ഫെബ്രുവരി 11 ൻ സേലത്ത് ജയിലിൽ വെടിവെപ്പ് നടക്കുകയു യി. കേരളത്തിൽ നിന്നുള്ള 19 സഖാക്കൾ അതിൽ കൊല്ലപ്പെട്ടു.കമ്യൂണിസ്റ്റുകാരെ അക്കാലത്ത് എങ്ങനെ നേരിട്ടു എന്നതിന്റെ ഉദാഹരണമായിരുന്നു പാടിക്കുന്ന് സംഭവം. 1950 മെയ് 4 നു കണ്ണൂർ ജയിലിൽ കിടന്നിരുന്ന രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും ജാമ്യത്തിനാണെന്നു പറഞ്ഞ് ജയിലിൽ നിന്ന് കൊണ്ടുപോയി. പോലീസ് ക്യാമ്പിൽ നിന്ന് ഗോപാലൻ നമ്പ്യാരെയും ഒപ്പം കൂട്ടി. അവരെ പാടിക്കുന്നിൽ കൊണ്ടുപോയി കമ്മ്യൂണിസ്റ്റ് പാർടി മൂർദ്ദാബാദ് എന്ന് വിളിക്കാൻ പറഞ്ഞു.അവർ അതിനു തയ്യാറായില്ല. അവരെ മൂന്നുപേരെയും പോലീസ് അവിടെവച്ച് വെടിവെച്ചുകൊന്നു.

ഇക്കാലത്ത് നടന്ന ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെ മറ്റൊരു ഉജ്ജല അധ്യായമായിരൂന്നു ശൂരനാട് സംഭവം. പുറമ്പോക്ക് കുളത്തിലെ മീൻപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇതിനു നിമിത്തമായത്. ഇത്തരത്തിലുള്ള നിരവധി പോരാട്ടങ്ങളുടെയും ത്യാഗപൂർണ്ണമായ സമരങ്ങളുടെയും പരമ്പരകൾ ഈ കാലഘട്ടത്തിൽ ഉയർന്നുവരികയുണ്ടായി.

1952 ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പാർട്ടി നിയമവിധേയമാക്കപ്പെട്ടതും വിചാരണകൂടാതെ ജയിലിൽ അടയ്ക്കപ്പെട്ട സഖാക്കൾ വിട്ടയക്കപ്പെട്ടതും. ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമായി ഈ കാലയളവിൽ പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിക്കുകയാണ് ചെയ്തത്. ഒന്നാം പൊതുതെരഞ്ഞെടുപ്പിൽകോൺഗ്രസ് കഴിഞ്ഞാൽ കൂടുതൽ സീറ്റുകൾ ലഭിച്ചത് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നെഹ്റുവിനു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായ രവി നാരായണ റെഡ്ഡിയ്ക്കായിരുന്നു. പാർട്ടി പിന്നീട് ആലപ്പുഴ മുനിസിപ്പാലിറ്റി, മലബാർ ഡിസ്ട്രിക്ട് ബോർഡ് എന്നിവയിൽ ഭൂരിപക്ഷം നേടി. നിയമസഭയിൽ പാർട്ടി പ്രാധിനിത്യം ഓരോ തെരഞ്ഞെടുപ്പിലും വർദ്ധിച്ചുവന്നു. 

പതിമൂന്ന്: ഉൾപാർട്ടി സമരവും ഭിന്നിപ്പും

1956 ൽ പാലക്കാട് നടന്ന നാലാം പാർടി കോൺഗ്രസിൽ കോൺഗ്രസ് പാർടിയോട് സ്വീകരിക്കേണ്ട സമീപനം, പാർട്ടി പരിപാടി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. പുതിയതിനെക്കുറിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കഴിയാത്തതിനാൽ 1964 വരെ പരിപാടിയില്ലാതെയാണ് അവിഭക്ത സി പി ഐ പ്രവർത്തിച്ചത്.

ഇതിനിടെ കേരളത്തിൽ പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗവണ്മെന്റ് 1957ഏപ്രിൽ അഞ്ചിനു രൂപീകരിക്കപ്പെട്ടു. ഈ സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്കരണം കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിൽ നിർണ്ണായകപങ്കു വഹിച്ചു. തൊഴിലാളി സമരങ്ങളിൽ പോലീസ് ഇടപെടില്ലെന്നുള്ള തീരുമാനം മറ്റൊരു നാഴികക്കല്ലായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ല്, അധ്യാപകർ ഉൾപ്പെടെ വിദ്യാഭ്യാസമേഖലയിലുള്ള മുഴുവൻ പേരുടെയും ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അധികാരവികേന്ദ്രീകരണപ്രകിയയ്ക്ക് അടിസ്ഥാനമിടുന്നതിനും ഈ സർക്കാരിനു സാധ്യമായി. ജനോപകാരപ്രദമായി പ്രവർത്തിച്ച സർക്കാർ 1959 ആഗസ്ത് 31 ൻ പിരിച്ചുവിടപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന് എന്തൊക്കെചെയ്യാൻ കഴിയുമെന്നും എന്തിനൊക്കെ കഴിയില്ലെന്നും ഈ അനുഭവം വ്യക്തമാക്കിത്തന്നു.

പതിനാല് : സി.പി. ഐ(എം) രൂപീകരിക്കപ്പെടുന്നു

ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ പാർടിക്കകത്ത് ഇക്കാലത്ത് വമ്പിച്ച അഭിപ്രായവൃത്യാസം രൂപപ്പെട്ടു. വലതുപക്ഷനിലപാട് സ്വീകരിച്ചവർ കോണ്ഗ്രസ്സുമായി ഐക്യമുണ്ടാക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. വർഗസഹകരണത്തിന്റെ ഈ റിവിഷനിസ്റ് ആശയം പിൽക്കാലത്ത് സി.പി.ഐ (എം) ആയി പ്രവർത്തിച്ചവര്ക്ക് അംഗീകരിക്കാനായില്ല. ഇതായിരുന്നു പാർടി പിളർപ്പിന്റെ അടിസ്ഥാന കാരണം. അന്തർദേശീയതലത്തിൽ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് സോവിയറ്റ് - ചൈനീസ് പാർടികൾ തമ്മിൽ പൊട്ടിപുറപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും ഇവിടത്തെ ഭിന്നതകൾ രൂക്ഷമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. സോവിയറ്റ് പാർടി പിന്നീട് സി.പി.ഐ ആയി മാറിയ വിഭാഗത്തെയാണ് പിന്തുണച്ചിരുന്നത്.

മാർക്സിസം-ലെനിനിസത്തെ ഇന്ത്യയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ നടത്തിയ ഗൗരവപൂര്വമായ ഇടപെടലായിരുന്നു റിവിഷനിസ്റ്റ് നേതൃത്വത്തിനെതിരായി നടന്ന സമരം. ഏഴാം പാർടി കോൺഗ്രസ്സ് ഈ കാര്യത്തിൽ വ്യക്തമായ നയം മുന്നോട്ടുവച്ചു. എന്നാൽ പാർടി കോൺഗ്രസ് കഴിഞ്ഞു രണ്ടുമാസം ആകുന്നതിനുമുമ്പ് തൃശൂരിൽ പോളിറ്റ് ബ്യൂറോ യോഗം ചേരാനിരിക്കെ പാർടി നേതാക്കളെ തുറുങ്കലിൽ അടയ്ക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. ജ്യോതിബസുവും ഇ.എം.എസും ഒഴിച്ചുളള പാർടി പോളിറ്റ് ബ്യൂറോ മെമ്പർമാർ അറസ്റ്റിലായി. കേരളത്തിൽ 1965 ഫെബ്രുവരിയിൽ നടത്താനിരുന്ന ഇടക്കാലതിരഞ്ഞെടൂപ്പിനു മുമ്പായിരുന്നു ഈ അറസ്റ്റ് നടന്നത്. ചൈനാചാരന്മാർ എന്നും മറ്റും മുദ്രകുത്തിയാണ് ഈ അറസ്റ്റുകൾ നടന്നത്. ഈ പരിതഃസ്ഥിതിയിൽ പാർടി നിശ്ചയിച്ച ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും ജയിലിൽ നിന്നാണ് നാമനിർദേശപ്രതിക സമർപ്പിച്ചത്. ഇത്രയേറെ ദുഷ്കരമായ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ പാർടി നേരിട്ടത്. എന്നിട്ടും ഭിന്നിപ്പിനു ശേഷം 1965ൽ കേരളത്തിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം) 40 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീർന്നു. സി.പി.ഐക്ക് മൂന്ന് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾ സി.പി.ഐ (എം) നോട് ഒപ്പമാണെന്ന് തെളിയിക്കപ്പെട്ടു. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും സി.പി. ഐ(എം) നെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണ്ണർ അനുവദിച്ചില്ല.

കമ്യൂണിസ്റ്റ് പാർടിക്കകത്ത് പ്രത്യക്ഷപ്പെട്ട വലതുപക്ഷ വ്യതിയാനത്തിനെതിരായി പോരാട്ടം നടത്തി പാർടി വിജയിച്ചു. എന്നാൽ ഇതോടൊപ്പം തന്നെ ഇടതുപക്ഷവ്യതിയാനവും പാർടിക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ നിലപാടുകൾ പിന്തുടരണം എന്ന അഭിപ്രായം ഒരു വിഭാഗം മുന്നോട്ടുവച്ചു. ഇന്ത്യയിലെ കുത്തക ബൂർഷ്വാസി കോമ്രേഡോർ സ്വഭാവമുള്ളതാണെന്ന് ഇവർ വാദിച്ചു. ബഹുജനപ്രസ്ഥാനങ്ങളും പാർലമെന്ററി രാഷ്ട്രീയത്തിലുളള ഇടപെടലും ആവശ്യമില്ലെന്ന വാദവും ഇവർ മുന്നോട്ടുവച്ചു. സി.പി.ഐ (എം.എൽ ) എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ഇവരുടെ ഇടത് തീവ്രവാദ നിലപാടുകൾക്കെതിരായും പാർടി പോരാടി. 1968 ലെ ബർദ്വാൻ പ്ലീനത്തിൽ വെച്ച് സാർവദേശീയതലത്തിലെ പാർടി നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയവും അംഗീകരിക്കപ്പെട്ടു. ഇത്തരത്തിൽ ഇന്ത്യൻ സാഹചര്യത്തിനനുസൃതമായ വിപ്ലവ തന്ത്രം സ്വീകരിച്ച് മുന്നോട്ടുപോയ സി.പി.ഐ (എം) നെ ആ ഘട്ടത്തിൽ അംഗീകരിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയും തയ്യാറായില്ല. ഇവരുടെ പരസ്യമായ എതിർപ്പിനെ സി.പി.ഐ(എം)നു നേരിടേണ്ടി വന്നു. ഇതിനെയും അതിജീവിച്ചാണ് പാർടി മുന്നോട്ടുനീങ്ങിയത്.

1967ൽ കേരളവും പശ്ചിമബംഗാളും ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസിതര പാർടികൾ കൂട്ടുകക്ഷി ഗവൺമെന്റുകൾ രൂപീകരിച്ചു. കേരളത്തിൽ സി.പി.ഐ(എം) നായിരുന്നു നേതൃത്വം. 1969 ൽ സി.പി. ഐ(എം); ന്റെ കൂടെയുണ്ടായിരുന്ന ഇടതുകക്ഷികൾ കേരളത്തിലും പശ്ചിമബംഗാളിലും കോണ്ഗ്രസ്സിനോട് കൂട്ട് ചേർന്നു. ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് സർക്കാർ പാസാക്കിയ ഭൂനിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചു പാർടി നേതൃത്വത്തിൽ നടന്ന മിച്ചഭൂമിസമരം കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ മറ്റൊരു ഉജ്വല അധ്യായമായിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥയിലടക്കം 1979 നരെ ആ കൂട്ടുകെട്ടു തുടർന്നു. ഇക്കാലയളവിൽ സി.പി. ഐ(എം) നും അത് നയിക്കുന്ന വർഗബഹുജന സംഘടനകൾക്കും വലിയ തോതിൽ അടിച്ചമർത്തലും ഒറ്റപ്പെടലും നേരിടേണ്ടിവന്നു. നിരവധി സഖാക്കൾ രക്തസാക്ഷികളായി. ഇതിനെയെല്ലാം അതിജീവിച്ച് പാർടി വളർന്നു.

പതിനഞ്ച് : ഇടതുപക്ഷ - മതനിരപേക്ഷ മുന്നണി

കോൺഗ്രെസ്സിനെതിരായി കോൺഗ്രസിന്റെ ജനവിരുദ്ധനയങ്ങൾക്കും ഫാസിസ്റ്റ് സമീപനങ്ങൾക്കുമെതിരായി ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കണമെന്ന കാഴ്ചപ്പാട് 1978 ൽ ജലന്ധറിൽ ചേർന്ന പാർടി കോൺഗ്രസ്സ് മുന്നോട്ടുവച്ചു. കേരളത്തിൽ 1979 ൽ ഇന്ന് കാണുന്ന വിധത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സി.പി.ഐ (എം)ന്റെ മുൻകൈയിൽ രൂപീകരിക്കപ്പെട്ടു. എന്നാൽ ഇത് പാർടി കോൺഗ്രസ് വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒന്നായിരുന്നില്ല. അവ തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു.

എന്നാൽ ജനതാ ഗവൺമെന്റിന്റെ തകർച്ചയ്‌ക്കുശേഷം പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന് ബദലായി ഉയർന്നുവന്നത് ബിജെപി ആയിരുന്നു. എന്നാൽ കേരളത്തിൽ സി.പി.ഐ (എം) കൈക്കൊ സമീപനംമൂലം ബിജെപിക്ക് കാര്യമായി വളരാനായില്ല. അഖിലേന്ത്യാതലത്തിലുള്ള ഈ സാഹചര്യം കണക്കിലെടുത്ത് 1982 ൽ വിജയവാഡയിൽ ചേർന്ന പന്ത്രണ്ടാം പാർടി കോൺഗ്രസ് വർഗീയതയ്ക്കെതിരായുള്ള പോരാട്ടവും ഇന്ത്യൻ സാഹചര്യത്തിൽ പ്രധാനമാണെന്ന കാഴ്ചപ്പാടും മുന്നോട്ടുവച്ചു.

ഈ നയം നടപ്പിലാക്കാനുള്ള പ്രവർത്തനം സി.പി.ഐ (എം) സ്വീകരിച്ചു. വർഗ്ഗീയ-സാമുദായിക ശക്തികളുടെ പിന്തുണയില്ലാതെ കേരളത്തിൽ ഒരു പാർടിക്കോ മുന്നണിക്കോ ഗവണ്മെന്റ് രൂപീകരിക്കാൻ കഴിയില്ല എന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനത്തെ തെറ്റിച്ചുകൊണ്ട് 1987 ലും 1996 ലും 2006 ലും ഇടതുപക്ഷ - മതനിരപേക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിൽ വിജയം നേടി. പാർടിയുടെയും വർഗ്ഗ-ബഹുജന സംഘടനകളുടെയും തുടർച്ചയായ വളർച്ചയാണ് ഈ കാലഘട്ടത്തിൽ കണ്ടുവരുന്നത്.

പതിനാറ്: ആഗോളവല്ക്കരണ നയങ്ങളും അതിനെതിരായ ചെറുത്തുനില്പ്പും

1980-കളൂടെ മധ്യത്തോടെ പുത്തൻ സാമ്പത്തികനയം എന്ന കാഴ്ചപ്പാട് ഇന്ത്യാരാജ്യത്തെ കോൺഗ്രസ് സർക്കാർ മുന്നോട്ടുവച്ചു. ഈ കാലത്തു തന്നെയാണ് സോവിയറ്റ് റഷ്യ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ തകരുന്നത്. അതോടുകൂടി ഏകലോകക്രമം സ്ഥാപിക്കാനുള്ള പ്രവർത്തനത്തിൽ അമേരിക്ക മുഴുകി. ഇതിന്റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട ആഗോളവല്ക്കരണനയങ്ങൾ ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുബലപ്പെടുത്തുന്ന സമീപനത്തിലേക്ക് എത്തിച്ചേര്ന്നു. ഇന്ത്യയിലെ രണ്ടു പ്രധാന കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും ഈ നയത്തെ പിന്തുണയ്ക്കുന്ന നിലയുണ്ടായി. അതിനെതിരായുള്ള ചെറുത്തുനിൽപ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചു. ഈ കാലത്ത് കേരളത്തിൽ രണ്ടുതരത്തിലുള്ള സമരരൂപങ്ങളാണ് ആവിഷ്കരിച്ചത്.

  1. ആഗോളവല്ക്കരണ നയങ്ങൾക്കെതിരായി ബഹുജനങ്ങളെ അണിനിരത്തിയുള്ള പോരാട്ടങ്ങൾ

  2. സംസ്ഥാനത്ത് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് ആഗോളവല്ക്കരണത്തിനെതിരായി ജനകീയ ബദൽ ഉയർത്താനുള്ള പരിശ്രമങ്ങൾ.

കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നാളുകളിൽ ഇത്തരം നയങ്ങൾക്കെതിരായുള്ള വിശാലമായ ചെറുത്തുനില്പ് സംഘടിപ്പിച്ചു. ഒരു മാസം നീണ്ടുനിന്ന താലൂക്ക് ആപ്പീസുകൾ ഉപരോധിക്കുന്ന സമരം എടുത്തുപറയേണ്ടതാണ്. ജനങ്ങളെ അണിനിരത്തിയുള്ള നിരവധി പ്രക്ഷോഭ-പ്രചരണ പ്രവർത്തനങ്ങൾ പാർടി നേതൃത്വത്തിൽ കേരളത്തിൽ ഈ കാലഘട്ടത്തിൽ നടക്കുകയുണ്ടായി. വിദ്യാർത്ഥികളും മഹിളകളും യുവാക്കളും കർഷകരും തൊഴിലാളികളും എല്ലാം ഈ കാലത്ത് നടത്തിയ എണ്ണമറ്റ പ്രക്ഷോഭങ്ങൾ ഈ നയങ്ങൾക്കെതിരായുള്ള ശക്തമായ താക്കീതായിരുന്നു. ഇതിലൂടെ ആഗോളവല്ക്കരണ നയങ്ങൾക്കെതിരായുള്ള ജനവികാരം കേരളത്തിൽ രൂപപ്പെടുത്തിയെടുക്കാനായി.

പരിമിതികൾക്കകത്തുനിന്നുകൊണ്ട് എങ്ങനെ ബദൽ നയങ്ങൾ രൂപീകരിക്കാം എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും ഈ കാലത്ത് പാർടി സംഘടിപ്പിച്ചു. 

കേരളത്തിൽ നടന്ന രണ്ടു കേരള പഠന കോൺഗ്രസുകൾ ഈ ദിശയിലുള്ള കാൽവെയ്പുകളായിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ അധികാരത്തിലിരിക്കുന്ന സി.പി.ഐ (എം) നേതൃത്വത്തിലുളള എൽ.ഡി.എഫ് സർക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിച്ച് മുന്നോട്ടുപോവുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരള ബഡ്ജറ്റ്. പൊതു നിക്ഷേപം വർദ്ധിപ്പിച്ചും സാമൂഹ്യ സുരക്ഷാപദ്ധതികള്ക്ക് ഈന്നൽ കൊടുത്തുകൊണ്ടുമുള്ള ഈ നയം രാജ്യത്താകമാനം മാതൃക ഉയർത്താവുന്ന തരത്തിലുള്ളതായി മാറിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധികേരളത്തിൽ സൃഷ്ടിക്കാവുന്ന പ്രയാസങ്ങളെക്കുടി മറികടക്കാനുള്ള സമീപനവും ഈ അവസരത്തിൽ പാർടി മുന്നോട്ടുവയ്ക്കുന്നു.

വർഗീയഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനു പാർടി നടത്തിയിട്ടുള്ള ഇടപെടലുകളും ഏറെ പ്രധാനമാണ്. സമൂഹത്തിൽ മതേതരത്വവും ജനാധിപത്യവുമായ മൂല്യങ്ങൾ നിലനിർത്തുന്നതിനുവേണ്ടി നടത്തിയ ഇത്തരം ഇടപെടലുകളുടെ ഫലമായി പിന്തിരിപ്പന്മാരുടെ കൊലക്കത്തിക്കിരയായി നിരവധി സഖാക്കൾക്ക് ജീവൻ വെടിയേണ്ടിവന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ മർദ്ദനങ്ങളുടെ ഫലമായി ജീവൻ വെടിയേണ്ടിവന്നവരും ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നവരും ഏറെയുണ്ട്. ഇവരുടെ പോരാട്ടവീര്യവും ആത്മസമർപ്പണവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കിയ സുപ്രധാനമായ മറ്റൊരു ഘടകമാണ്. പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ലക്ഷക്കണക്കിനു സഖാക്കളുടെ പ്രവർത്തനമാണ് പാർടിയുടെ ഏറ്റവും വലിയ കരുത്തായി നിലനിൽക്കുന്നത്. നേതൃത്വത്തെ തകർത്തു പാർടിയെ ദുർബലമാക്കാൻ പറ്റുമോ എന്ന പരിശ്രമവും വർത്തമാനകാലത്ത് സജീവമായി നടക്കുന്നുണ്ട്. ഇതിനെയും ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് പാർടി മുന്നോട്ടുപോകുന്നത്.

ഉപസംഹാരം

ജന്മിത്വത്തിന്റെ കരാളഹസ്തങ്ങളിൽക്കിടന്ന് ബുദ്ധിമുട്ടിയ കേരള ജനതയെ വികസനത്തിന്റെയും ജനാധിപത്യബോധത്തിന്റെയും സംഘബോധത്തിന്റെയും തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിനായി എണ്ണമറ്റ പോരാട്ടങ്ങൾ പാർടി നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ ഓരോ കാലത്തും ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ജനങ്ങളെ നയിക്കാനും തയ്യാറാവുന്നതുകൊണ്ടാണ് അനുദിനം ജനപിന്തുണ പാർടിക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.