Skip to main content

പൊതു സേവനങ്ങൾ ലോകോത്തരമാക്കും

  1. കേരളത്തിന്റെ പെരുമ പൊതു വിദ്യാഭ്യാസവും പൊതു ആരോഗ്യ സംവിധാനവുമാണ്. എന്നാല്‍ ഇവയുടെ ഗുണനിലവാരം പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയരാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഈ സേവനങ്ങളെ വീണ്ടും ആധുനികകാലത്തിന് അനുയോജ്യമായ തരത്തില്‍ മികവുറ്റതാക്കി എന്നുള്ളതാണ്. ഇനി അവയെ ലോകോത്തരമാക്കും.

    സ്കൂള്‍ വിദ്യാഭ്യാസം

  2. പൊതുവിദ്യാലയങ്ങളില്‍ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കള്‍ അംഗീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് പൊതു വിദ്യാലയങ്ങളിലേയ്ക്ക് 6.8 ലക്ഷം കുട്ടികള്‍ പുതിയതായി കടന്നുവന്നത്. ഈ പ്രവണത ശക്തിപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

  3. 100 ലക്ഷം ചതുരശ്രയടി സ്കൂള്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയും. സ്കൂള്‍ വിദ്യാഭ്യാസ ഡിജിറ്റലൈസേഷന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

  4. പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നല്‍കും. പഴയ ഫര്‍ണിച്ചറുകള്‍ പുതുക്കി പുനരുപയോഗിക്കും. മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ലാബുകള്‍ നവീകരിക്കും.

  5. സ്ഥലസൗകര്യം ഒട്ടുമില്ലാത്ത സ്കൂളുകളുടെ സ്ഥലവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും സ്കീമുണ്ടാകും. കളിസ്ഥലങ്ങള്‍ മെച്ചപ്പെടുത്തും.

  6. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

    undefinedundefinedundefinedundefinedundefinedundefinedundefinedundefined

  7. അടുത്തൊരു വര്‍ഷത്തിനുള്ളില്‍ ഓരോ ക്ലാസ്സിലും ആര്‍ജ്ജിക്കേണ്ട ഭാഷാപരവും ഗണിതപരവുമായ ശേഷി കുട്ടിയുടെ കഴിവിനനുസരിച്ച് പരമാവധി നേടിയെന്ന് ഉറപ്പുവരുത്തും. ഓരോ ഘട്ടത്തിലും നേടേണ്ട പ്രാഥമികശേഷി കുട്ടി കൈവരിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് നിരന്തരമായ വിലയിരുത്തലായിരിക്കും പരീക്ഷകള്‍.

  8. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനത്തിന് മലയാള ഭാഷ നിയമം കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തും. മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, ഇക്യൂബ്ഡ് പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കും.

  9. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കുന്ന നടപടി തുടരും. കുട്ടികളുടെ പഠന സമയം (അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയ സമയം) 200 പ്രവൃത്തി ദിവസം (1000 മണിക്കൂര്‍) ഉറപ്പുവരുത്തും.

  10. പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി കളിപ്പാട്ടം എന്ന പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.റ്റി തയ്യാറാക്കിയിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പ്രീപ്രൈമറി ക്ലാസ് മുറികള്‍ ആകര്‍ഷകവും ശിശുസൗഹൃദവുമാക്കും. പ്രീപ്രൈമറി സേവനവേതന നിരക്കുകള്‍ ഇനിയും മെച്ചപ്പെടുത്തും.

  11. ഓരോ വിദ്യാര്‍ത്ഥിയുടെയും സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി അവയെ പോഷിപ്പിക്കുന്നതിനുള്ള ടാലന്റ് ലാബ്, സര്‍ഗ്ഗവിദ്യാലയ, സഹിതം തുടങ്ങിയ സ്കീമുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തും. എല്ലാ കുട്ടികള്‍ക്കും കലാ-കായിക, പ്രവൃത്തി പരിചയ വിദ്യാഭ്യാസം കിട്ടത്തക്ക രീതിയില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. സ്കൂള്‍ ക്ലസറ്ററുകളുടെ അടിസ്ഥാനത്തില്‍ ഒഴിവു ദിവസങ്ങളില്‍ ഓരോ ഇനത്തിലും വിവിധ കേന്ദ്രങ്ങളില്‍ വച്ച് പരിശീലനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കും.

  12. അക്കാദമിക്ക് മോണിറ്ററിംഗ് ശക്തിപ്പെടുത്തുന്നതിന് സമഗ്ര ഡിജിറ്റല്‍ വിഭവ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. അധ്യാപക പരിശീലനം കൂടുതല്‍ ഫലപ്രദമാക്കും. ഓണ്‍ലൈന്‍ രീതികള്‍ കൂടുതല്‍ സ്വീകരിക്കും.

  13. ഹൈടെക് ക്ലാസ് മുറികള്‍ ഉപയോഗിച്ചുള്ള പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികള്‍, പഠന വിഭവങ്ങള്‍ തയ്യാറാക്കല്‍ ഇവയുടെ ക്ലാസ് റൂം വിനിയോഗത്തിന് അധ്യാപകരെ പ്രാപ്തമാക്കല്‍ എന്നിവ ലക്ഷ്യമാക്കി അധ്യാപക ശാക്തീകരണ പരിപാടി ആവിഷ്കരിക്കും.

  14. പുതിയ ആവശ്യങ്ങള്‍ക്കു അനുയോജ്യമായ തരത്തില്‍ ഐ.ടി.ഐ, പോളിടെക്നിക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പൊതു ചട്ടക്കൂട് മൊത്തത്തില്‍ അഴിച്ചു പണിയും. സാങ്കേതിക വിദ്യാഭ്യാസം ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംവിധാനം ചെയ്യും.

  15. എല്ലാ ജില്ലകളിലെയും അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളെ പോളിടെക്നിക്കു കളും ഐ.ടി.ഐകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുമായി ഹബ്ബ് ആന്റ് സ്പോക് മാതൃകയില്‍ ബന്ധിപ്പിക്കും.

  16. 10 സര്‍ക്കാര്‍ ഐ.റ്റി.ഐകളെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ ഐ.റ്റി.ഐ കളുടെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

  17. വി.എച്ച്.എസ്.ഇയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കും. എല്ലാ വി.എച്ച്.എസ്.ഇ കളിലേയ്ക്കും എന്‍.എസ.്ക്യു.എഫ് വ്യാപിപ്പിക്കും. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സ്കൂള്‍ വര്‍ക്ക്ഷോപ്പുകള്‍ സാര്‍വ്വത്രികമാക്കും. ഉന്നത വിദ്യാഭ്യാസത്തിനു പോകാത്ത കുട്ടികള്‍ക്ക് നാട്ടിലുള്ള വിവിധ തൊഴിലുകള്‍ ചെയ്യാന്‍ ആവശ്യമായ പരിശീലനം നല്‍കും.

  18. അക്കാദമികതലത്തില്‍ അധ്യാപകരില്‍, പ്രത്യേകിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരില്‍, ഗവേഷണതല്‍പ്പരത വളര്‍ത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ശക്തിപ്പെടുത്തും. എന്‍.സി.ഇ.ആര്‍.റ്റി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതോടൊപ്പം സമീപത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗവേഷണബന്ധം വളര്‍ത്തിയെടുക്കും.

  19. അധ്യാപക നിയമനം, തസ്തിക നിര്‍ണയം, സ്ഥലംമാറ്റം, പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ 2021 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കും.

  20. നിലവിലുള്ള പി.ടി.എ, എസ്.എം.സി, എസ്.എം.ഡി.സി സംവിധാനങ്ങളുടെ കൂടുതല്‍ ഏകോപനം ഉറപ്പുവരുത്തും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ അംഗീകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാക്കും.

  21. എല്ലാ സ്കൂളുകള്‍ക്കും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ ഭൗതികസൗകര്യ ഭാഗം വലിയൊരളവില്‍ പൂര്‍ത്തിയായിട്ടുണ്ട്. അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ സമഗ്രമായി പരിഷ്കരിക്കും. ഓരോ സ്കൂളും മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് ആവശ്യമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപംകൊടുക്കും.

  22. ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ശാരീരികവുമായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ബി.ആര്‍.സി കളില്‍ ആരംഭിച്ചിട്ടുള്ള ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കാഴ്ച പരിമിതിയുളള കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റ് വികസിപ്പിക്കും. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കായി പ്രത്യേക പരിപാടി തയ്യാറാക്കും. ഇത്തരം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനു വിവിധ വകുപ്പുകളുടെ കീഴിലുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

  23. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുമായി ഉദ്ഗ്രഥിക്കും.

  24. സ്കൂള്‍ മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉന്നമനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശഭരണ വകുപ്പ്, എം.പി, എം.എല്‍.എ തുടങ്ങിയ ഫണ്ടുകളുടെ വിനിയോഗം കഴിവതും ഈ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

  25. എയ്ഡഡ് സ്കൂളുകളിലെ പാചകപ്പുര മെച്ചപ്പെടുത്തുന്നതിന് പൊതുഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കും. പ്രാദേശിക പിന്തുണയോടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.

  26. മുഴുവന്‍ കുട്ടികളുടെയും കായികക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ആരോഗ്യ-കായിക വിദ്യാഭ്യാസത്തെ മാറ്റും.

  27. പഠന സാമഗ്രികള്‍, പാഠപുസ്തകം, കൈപ്പുസ്തകം എന്നിവയുടെ അച്ചടി, വിതരണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞൂ വെന്നുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളിലൊന്ന്. ഇത് തുടര്‍ന്നും ഉറപ്പുവരുത്തും.

  28. സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കണം. ജൈവ വൈവിദ്യോന പദ്ധതി വിപുലപ്പെടുത്തും. ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കല്‍, മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കല്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെയും സാമൂഹിക പിന്തുണയോടെയും നടപ്പിലാക്കും. എല്ലാ സ്കൂളുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.

  29. ഒന്‍പതാം ക്ലാസു മുതല്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസ്സിലാക്കി ഹയര്‍ സെക്കണ്ടറിക്കും അതിനുശേഷമുള്ള ഉന്നത പഠനത്തിനുമുള്ള ഗൈഡന്‍സ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

  30. പൊതുവിദ്യാഭ്യാസ മേഖലയിലെ അനുബന്ധ സ്ഥാപനങ്ങളായ എസ്.സി.ഇ.ആര്‍.ടി, സീമാറ്റ്, എസ്.ഇെ.ഇ.ടി, ഐടി@സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനം വിദഗ്ധരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തും.

  31. ഐടി@സ്കൂളിനെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ അഥവാ കൈറ്റ് എന്നാക്കി സമൂലമായി പുനഃസംഘടിപ്പിച്ചു. അതിന്റെ വലിയ മാറ്റവും ഉണ്ടായിട്ടുണ്ട്. സ്കൂള്‍ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പുതിയ സൗകര്യങ്ങളുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൈറ്റ് നേതൃത്വം നല്‍കും.

  32. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നവിധം സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകും. അധ്യാപകരുടെയും അനധ്യാപകരുടെയും സേവന-വേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

  33. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നേടിയെടുക്കാന്‍ കഴിയുന്ന സവിശേഷ പദ്ധതികള്‍ ആവിഷ്കരിക്കും.

  34. സാക്ഷരതാ മിഷന്‍ പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കുന്നതാണ്. വര്‍ദ്ധിപ്പിച്ച അലവന്‍സ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഇവരുടെ അലവന്‍സ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അധികമായി ലഭ്യമാക്കും.

  35. എല്ലാ സ്കൂളുകളിലും കണ്‍സിലിംഗ് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇത്തരം കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി അധ്യാപകര്‍/ആയമാര്‍ എന്നിവരുടെ വേതനം ഉയര്‍ത്തും.

    ഉന്നത വിദ്യാഭ്യാസം

  36. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. നാക് അക്രെഡിറ്റേഷന് കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും 3.5 ശതമാനം ഗ്രേഡ് എങ്കിലും കൈവരിക്കണം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളും സ്കൂളുകളും ദേശീയതലത്തില്‍ അംഗീകാരം നേടും. രാജ്യത്തെ വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും.

  37. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എന്റോള്‍മെന്റ് റേഷ്യോ 75 ശതമാനമായെങ്കിലും ഉയര്‍ത്തണം. അഖിലേന്ത്യാ ശരാശരി 26 ശതമാനമാണ്. ഇപ്പോള്‍ കേരളത്തിലെ എന്റോള്‍മെന്റ് 37 ശതമാനമാണ്. പക്ഷെ ഇതില്‍ പുറത്തു പഠിക്കുന്ന കുട്ടികളുടെ എണ്ണം ഉള്‍പ്പെടില്ല. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടത്തും. ഇവരെക്കൂടി പരിഗണിക്കുകയാണെങ്കില്‍ ഒരു പക്ഷെ ഏതാണ്ട് 1617 ലക്ഷം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത് 2022 ലക്ഷമായി ഉയര്‍ത്തും. ഇതിനായി 2021 ല്‍ കോളേജുകള്‍ തുറക്കുമ്പോള്‍ 20000 പേര്‍ക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വര്‍ദ്ധന, പുതിയ കോഴ്സുകള്‍, ഗവേഷണ സൗകര്യ വര്‍ദ്ധന. 2021-22ല്‍ തെരഞ്ഞെടുത്ത കോളേജുകളില്‍ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളി ലൂടെയും പരീക്ഷണാടിസ്ഥാനത്തില്‍ പഠനസൗകര്യം ഒരുക്കും.

  38. സര്‍വ്വകലാശാലകള്‍ക്കുള്ളില്‍, കേരളത്തിലെ ശാസ്ത്ര പ്രതിഭകളുടെ പേരില്‍ 30 ഓട്ടോണമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതാണ്. ഏറ്റവും പ്രഗത്ഭരായ വിദഗ്ദ്ധരെയോ പണ്ഡിതന്മാരെയോ സേര്‍ച്ച് കമ്മിറ്റി വഴി ദേശീയതലത്തില്‍ നിന്ന് തെരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ് ക്കുള്ള നിയമനങ്ങള്‍ നടത്തുക. ഈ പ്രഗത്ഭ മേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകള്‍ രൂപാന്തരപ്പെടുക. ഇവയില്‍ നല്ല പങ്കും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളോ ഇന്റര്‍ ഡിസിപ്ലിനറി സെന്ററുകളോ ആയിരിക്കും.

  39. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകള്‍/ഡിപ്പാര്‍ട്ട്മെന്റുകള്‍/ സെന്ററുകള്‍ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തും. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കെ-ഡിസ്ക് തുടങ്ങിയ സ്ഥാപനങ്ങളു മായി ചര്‍ച്ച ചെയ്താണ് സെന്ററുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.

  40. പ്രതിമാസം 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കില്‍ ലഭ്യമാക്കും. രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധര്‍ക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ദേശീയ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്തായിരിക്കും ആളെ തെരഞ്ഞെടുക്കുക. ഫെലോഷിപ്പുകളുടെ വിഷയങ്ങള്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് തീരുമാനിക്കുക.

  41. കിഫ്ബി ധനസഹായത്തോടെ സര്‍വ്വകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ്. മേജര്‍ സര്‍വ്വകലാശാലകള്‍ക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതം അനുവദിക്കും. ലാബുകള്‍, ക്ലാസ് മുറികള്‍, സ്റ്റുഡന്റ്/ ഫാക്കല്‍റ്റി ഹോസ്റ്റല്‍, ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ എന്നിവയ്ക്കാണ് പണം അനുവദിക്കുക.

  42. കേരള സാങ്കേതിക സര്‍വകലാശാലയ്ക്കും മെഡിക്കല്‍ സര്‍വ്വകലാശാല യ്ക്കും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും പുതിയ ആസ്ഥാന മന്ദിരങ്ങള്‍ പണിയും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് പുതിയ ആസ്ഥാന മന്ദിരം ലഭ്യമാക്കും.

  43. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കല്‍ ഗണ്യമായി ഉയര്‍ത്തും.

  44. ഐ.ഐ.ഐ.ടി.എം.കെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നവേറ്റീവ് ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍ണ്ണായക പങ്ക് വഹിക്കാനാവും വിധം വികസിപ്പിക്കും.

  45. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചര്‍ സ്റ്റഡീസ് സ്ഥാപിക്കും, അത് എല്ലാത്തരം ഭാവി സാങ്കേതികവിദ്യകളിലും സാങ്കേതങ്ങളിലും ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാവി സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് പുതിയ കോഴ്സ് ഉള്ളടക്കം നിര്‍ദ്ദേശിക്കും.

  46. വിദേശത്ത് തൊഴില്‍ നേടുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും വിദേശ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ അടുത്തു മനസ്സിലാക്കാനും പ്രധാന വിദേശ ഭാഷകളില്‍ നമ്മുടെ ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ സര്‍വ്വകലാശാലകളില്‍ സംവിധാനം ഒരുക്കും.

  47. ഓണ്‍ലൈനായുള്ള ങഛഛഇ മാതൃകയിലുള്ള കോഴ്സുകളുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തും. പരമ്പരാഗതമായ കോഴ്സുകള്‍ ങഛഛഇ കോഴ്സുകളും മിശ്രമാക്കാവുന്നതാണ്.

  48. കേരളത്തിലെ സര്‍വ്വകലാശാലകളും വിദേശ സര്‍വ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായുള്ള സമ്പര്‍ക്കവും അക്കാദമിക് സഹകരണങ്ങളും പ്രോത്സാഹിപ്പിക്കും.

  49. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ സ്പോക്കണ്‍ അറബി കോഴ്സുകള്‍ക്കു പ്രാധാന്യം നല്‍കി ഒരു പഠനകേന്ദ്രം ആരംഭിക്കും.

  50. ഉന്നത വിദ്യാഭ്യാസ വ്യവസായ വികസന സഹകരണം ശക്തിപ്പെടുത്തും. ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഉന്നതവിദ്യാപീഠങ്ങള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, നൂതനവിദ്യാ പ്രോത്സാഹന പദ്ധതികള്‍ എന്നിവയൊക്കെയായിരിക്കും ഈ സഹകരണത്തിന്റെ മുഖ്യചാലുകള്‍.

  51. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികള്‍ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യും. അസാപ്പിനായിരിക്കും ഇതിന്റെ ചുമതല.

  52. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ 512 കോടി രൂപ വീതം മുടക്കി വിപുലീകരിക്കും. നാക് അക്രെഡിറ്റേഷനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിനു പ്രത്യേക ധനസഹായം നല്‍കും.

  53. 'ബി+'നു മുകളില്‍ ഗ്രേഡുള്ള എല്ലാ കോളജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും അനുവദിക്കും.

  54. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം പരിഷ്കരിക്കും. വ്യത്യസ്ത വിഷയങ്ങളിലുള്ള നിപുണത വികസിപ്പിക്കുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും.

  55. ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ പരിവര്‍ത്തനത്തില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സി.ഡബ്ല്യൂ.ഡി.ആര്‍.എം, കെ.എഫ്.ആര്‍െ.എ, നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സ്റ്റെക്കിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കു പൂര്‍ണ ഓട്ടോണമി നല്‍കുകയും കൗണ്‍സിലിന്റെ ചുമതല ഏകോപനം, അവലോകനം, പൊതുദിശ നിര്‍ണയിക്കല്‍ എന്നിവയില്‍ ഒതുക്കുകയും ചെയ്യും. ഇന്‍സ്റ്റിിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലോകോത്തര സ്ഥാപനമാക്കും.

  56. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന് ഓട്ടോണമി നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്ര പാഠശാലയാക്കി മാറ്റും.

  57. പഠനത്തിനൊപ്പം വരുമാനം കൂടി ഉറപ്പാക്കാന്‍ സാധിക്കുംവിധം ഏണ്‍ ബൈ ലേണ്‍ പദ്ധതി വിപുലീകരിക്കും.

  58. പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്തുതന്നെ പ്രായോഗിക പരിശീലനം ഉറപ്പാക്കാന്‍ തെരഞ്ഞെടു ക്കപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കും.

  59. വിവിധ സര്‍വ്വകലാശാല ലൈബ്രറികളിലെ ഇ-റിസോഴ്സ് മറ്റിതര സര്‍വ്വകലാശാലകളിലടക്കമുള്ള സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥിക ള്‍ക്കും ലഭ്യമാക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ജേര്‍ണല്‍ കണ്‍സോര്‍ഷ്യം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും അഫിലേറ്റഡ് കോളേജുകളിലെയും ഡിപ്പാര്‍ട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്കരിക്കും. മികച്ച ഗ്രേഡ് ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  60. ജ്ഞാനസമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ ബഹുവിഷയ സ്പര്‍ശിയായ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. കല, സാംസ്ക്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള സ്ഥാപനമായിരിക്കും സ്കോപ്. (ടസീുല ടരവീീഹ ീള ഗിീംഹലറഴല, ജലൃളീൃാമിരല മിറ അലവെേലശേരെ). ഇത് കേരളത്തിലും ഇന്ത്യയിലും അന്യരാജ്യങ്ങളിലുമുള്ള വിവിധ ശാസ്ത്ര-കലാ-സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പ്രഗത്ഭര്‍ക്ക് ഒത്തുകൂടി പ്രവര്‍ത്തിക്കാനുള്ള സംവിധാനമൊരുക്കും.

  61. സ്വാശ്രയ സ്ഥാപനങ്ങളിലെ അക്കാദമിക ഗുണമേന്മ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള അക്രെഡിറ്റേഷന്‍ സംവിധാനം ആരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അവ ഫലപ്രദമാക്കും.

  62. സര്‍വകലാശാലകളിലെ സിലബസ് കാലോചിതമായി പരിഷ്കരിക്കും. പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ഓരോ സര്‍വ്വകലാശാലയും അവരവരുടെ സിലബസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  63. കൂടുതല്‍ ഡോക്ടറല്‍ സീറ്റുകളും സ്കോളര്‍ഷിപ്പുകളും അനുവദിക്കും. ജ്ഞാനോല്‍പ്പാദനത്തിന് ശേഷിയും യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ബിരുദ-ബിരുദാനന്തര കാലത്ത് വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ക്ക് ഊന്നല്‍ കൊടുക്കും. ഗവേഷണ മെത്തഡോളജിയില്‍ പാര്‍ടൈം കോഴ്സുകള്‍ ആരംഭിക്കും.

  64. കേരളത്തിലെ അക്കാദമിക ജേര്‍ണലുകള്‍ക്ക് ഉദാരമായ സാമ്പത്തിക പിന്തുണ നല്‍കും. ഈ ജേര്‍ണലുകള്‍ റഫറീയിഡ് പ്രസിദ്ധീകരണങ്ങളാ ണെന്ന് ഉറപ്പുവരുത്തും.

  65. അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനു ചലഞ്ച് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കും. ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണ പ്രോജക്ടുകളെടുക്കാന്‍ ഈ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ അല്ലാതെയോ കോഴ്സുകള്‍ നടത്തുന്നതിന് കോളേജുകളുടെ ഗ്രേഡ് കണക്കിലെടുത്തുകൊണ്ടായിരിക്കും.

  66. എല്ലാ കോളേജ് അധ്യാപകര്‍ക്കും സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ഡക്ഷന്‍ കോഴ്സുകള്‍ സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് ഇന്‍സര്‍വ്വീസ് കോഴ്സുകള്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപലുപ്പെടുത്തും. മാനദണ്ഡങ്ങള്‍ക്ക നുസരിച്ച് പൂര്‍ണ്ണമായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

  67. സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പൂര്‍ണമായും നികത്തും. പുതിയ വകുപ്പുകളും അതിന് ആവശ്യമായ പിന്തുണാസംവിധാനങ്ങളും സൃഷ്ടിക്കും.

  68. സര്‍വകലാശാല ഗ്രന്ഥാലയങ്ങളെ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി മാറ്റും. പഴയ പുസ്തകങ്ങളും രേഖകളുമെല്ലാം ഡിജിറ്റലൈസ് ചെയ്യും. ലൈബ്രറി, പുസ്തകമെടുക്കുന്നതിനു മാത്രമല്ല, കുട്ടികള്‍ക്കുളള ഒരു പഠനകേന്ദ്രം കൂടിയാക്കി മാറ്റും. നൂറുകണക്കിന് കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാളുകള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലൈബ്രറികളില്‍ ലഭ്യമാക്കും. സര്‍വ്വകലാശാല, കോളേജ് ലൈബ്രറികളെ ഓണ്‍ലൈനായി ബന്ധിപ്പിക്കും.

  69. സ്കോളര്‍ഷിപ്പ് ഫണ്ടിലേയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റിന് പുറമേ സംഭാവനകളും എന്‍ഡോവ്മെന്റുകളും ചേര്‍ത്ത് വിപുലീകരിക്കും. സ്കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കും.

  70. സര്‍വ്വകലാശാല നിയമങ്ങള്‍ പുനരവലോകനം ചെയ്യുകയും അക്കാദമിക മികവിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

  71. പ്രവേശന പരീക്ഷ കമ്മീഷണര്‍ ഓഫീസിനെ ആധുനീകരിച്ചുകൊണ്ട് അലോട്ട്മെന്റ് പ്രക്രിയ ലളിതമാക്കും. ഇതുപോലെ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രത്യേകിച്ച് എസ്.സി/എസ്.ടി വിഭാഗത്തിലുള്ള വരുടെയും മിശ്രവിവാഹത്തിലുള്ളവരുടെയും നടപടി ക്രമങ്ങള്‍ ലളിതമാക്കും.

  72. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പ് വരുത്തും.

  73. കോളേജ് ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കും. അവയ്ക്കു പ്രത്യേക ധനസഹായം അനുവദിക്കും.

  74. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

  75. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കെല്ലാം അക്രെഡിറ്റേഷന്‍ ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. തെരഞ്ഞെടുത്ത കോളേജുകളെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആയി ഉയര്‍ത്തും.

  76. ഇന്ത്യയില്‍ ആദ്യമായി വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പരിഹരിക്കുന്നതിനു സ്കീം ആരംഭിച്ചത് കേരളത്തിലാണ്. അനുഭവം പുനരവലോകനം ചെയ്ത് ഇതു പരിഷ്കരിക്കും. ജോലി ലഭിക്കുന്നതുവരെ തിരിച്ചടവ് നിര്‍ബന്ധിക്കാന്‍ പാടില്ല. ജോലി ലഭിച്ചാലും വരുമാനത്തിലെ നിശ്ചിത ശതമാനത്തിലധികം തിരിച്ചടവ് വരാന്‍ പാടില്ല. ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

    പൊതുജനാരോഗ്യം

  77. പകര്‍ച്ചവ്യാധികളും പകര്‍ച്ചേതര രോഗങ്ങളും മാനസിക രോഗങ്ങളും അപകടംമൂലമുണ്ടാകുന്ന മരണവും ആരോഗ്യ പ്രത്യാഘാതങ്ങളും രോഗാതുരത കുറയ്ക്കുന്നതിനായുള്ള പദ്ധതി മിഷന്‍ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. രോഗാതുരത കുറയ്ക്കുന്നതിലൂടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യ ചെലവ് കുറച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

  78. ഓരോ പ്രദേശത്തെയും പൗരന്‍മാരുടെ മുഴുവന്‍ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കുകയും, പ്രതിരോധിക്കുകയും ചെയ്യും. രോഗികള്‍ക്ക് കൃത്യമായി സബ്സെന്ററുകള്‍ വഴി മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായ ജനകീയ മെഡിക്കല്‍ സര്‍വ്വയലന്‍സും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ഉറപ്പുവരുത്തിക്കൊണ്ട് രോഗാതുരത കുറയ്ക്കാനാവും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുന്‍കൈയില്‍ വിപുലമായൊരു ജനകീയ ആരോഗ്യ ക്യാമ്പയിനായി ഇതു വളര്‍ത്തിയെടുക്കും. സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടി എല്ലാ ജില്ലകളിലും കൃത്യതയോടെ നടപ്പിലാക്കും.

  79. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാക്കും. എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒ.പിയും ലാബും ഫാര്‍മസിയുമുണ്ടാകുമെന്ന് ഉറപ്പുവരുത്തും. ബഹുഭൂരിപക്ഷം സ്ഥാപനങ്ങളെയും ദേശീയ അക്രഡിറ്റേഷന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.

  80. ആരോഗ്യ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നടപ്പിലാക്കും. ആരോഗ്യ വകുപ്പിനെ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. മോഡേണ്‍ മെഡിസിന് പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വ്വീസസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ എന്നിങ്ങനെ മൂന്നു ഉപ വിഭാഗങ്ങളുണ്ടാവും. പ്രാഥമിക, സാമൂഹിക, ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ഭരണപരമായ തസ്തികകളായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, വിവിധ പൊതുജനാരോഗ്യ പരിപാടികളുടെ ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഡോക്ടര്‍മാരും പബ്ലിക് ഹെല്‍ത്ത് കേഡറില്‍പ്പെടും. ക്ലിനിക്കല്‍ സര്‍വ്വീസില്‍ സ്പെഷ്യലിസ്റ്റുകളും സൂപ്രണ്ട് പോലുള്ള ഭരണനിര്‍വ്വഹണ തസ്തികകളും പെടും. മെഡിക്കല്‍ കോളേജുകളിലുള്ളവരാവും മെഡിക്കല്‍ എഡ്യുക്കേഷന്‍ കേഡറിലുണ്ടാവുക.

  81. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (ടഒഅ) വഴിയായിരിക്കും ഇത് നടപ്പാക്കുന്നത്.

  82. ഈ സ്കീമില്‍ റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടുത്തും. ഡാറ്റാ ബെയ്സില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തി സ്കീം വിപുലീകരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കു വേണ്ടി കാരുണ്യ ബെനവലന്റ് ഫണ്ട് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി തുടരും.

  83. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടത്തിപ്പ് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. ആക്ടുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട, ഇടത്തരം ആശുപത്രികളുടെയും ലബോറട്ടറികളുടെയും പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കും. വിവിധ ചികിത്സയ്ക്കായി ചുമത്താവുന്ന ഫീസുകൂടി ഉള്‍പ്പെടുത്തും.

  84. സ്കൂള്‍ ആരോഗ്യ പദ്ധതി കൂടതുല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്ന താണ്.

  85. വൃദ്ധരുടെ ആരോഗ്യ പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് സമഗ്രമായ ഒരു സമഗ്ര വൃദ്ധാരോഗ്യ സംരക്ഷണ പരിപാടി ആസൂത്രണം ചെയ്യുന്നതാണ്. വയോജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വയോജന കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

  86. വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കും.

  87. വയോജനങ്ങള്‍ക്കുള്ള ഫ്ളൂ, ന്യൂമോകോക്കല്‍ വാക്സിന്‍ പദ്ധതി നടപ്പാക്കുന്നതാണ്.

  88. പൊതു ആശുപത്രികളില്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തും.

  89. പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കും. സ്തനാര്‍ബുദവും തൈറോയ്ഡ് ക്യാന്‍സറും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് ക്യാന്‍സറുകളെ സംബന്ധിച്ചും വിശദമായ ഗവേഷണം നടത്തുന്നതാണ്. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ തടയുന്നതിനുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ നല്‍കുന്നതാണ്.

  90. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

  91. കേരളത്തില്‍ കാണുന്ന രോഗങ്ങള്‍ക്കു വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദ്ദേശക തത്വങ്ങളും തയ്യാറാക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ സംഘടനകളുമായി ആലോചിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് ഗൈഡ് ലൈന്‍സ് തയ്യാറാക്കി നടപ്പാക്കുന്നതാണ്.

  92. കുടുംബ ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക്, ജില്ലാ, സംസ്ഥാനതല കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെലിമെഡിസിന്‍ സംവിധാനം ഒരുക്കും. ഡോക്ടര്‍മാര്‍ക്ക് കെ-ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെ നിസാര രോഗങ്ങള്‍ക്ക് വീഡിയോ കോളിലൂടെ കണ്‍സല്‍ട്ടേഷന്‍ നല്‍കാനും എല്ലാ രേഖകളും വൈദ്യനിര്‍ദ്ദേശങ്ങളും സ്വയമേവ രേഖപ്പെടുത്താനും വേണ്ട സംവിധാനം ഒരുക്കും.

  93. ഇ-ഹെല്‍ത്തിനെ ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ ഐ.റ്റി അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കുന്ന ഏജന്‍സിയായി ഉയര്‍ത്തും.

  94. കൊവിഡ് ചികിത്സ കേരളത്തില്‍ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. കൊവിഡ് വാക്സിനും അതുപോലെ തന്നെ സൗജന്യമായിരിക്കും.

  95. മെഡിക്കല്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റായ പാലക്കാട്ടെ ഇമേജിന്റെ മാതൃകയില്‍ ആവശ്യാനുസൃതം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. അതിനു പുറമേ മെഡിക്കല്‍ കോളേജുകളിലും വലിയ സര്‍ക്കാര്‍ ആശുപത്രികളിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

  96. പുതിയ കേരള പൊതുജനാരോഗ്യ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നിയമ നിര്‍മ്മാണ നടപടി സ്വീകരിക്കുന്നതാണ്. ഇന്നു നിലവിലിരിക്കുന്ന രണ്ടു പൊതുജനാരോഗ്യ നിയമങ്ങളിലെ (തിരുവിതാംകൂര്‍ കൊച്ചിയും മലബാറും) പ്രസക്തമായ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ നിയമം വരുന്നതോടെ പഴയ രണ്ട് നിയമങ്ങളും ഇല്ലാതാകും.

  97. കേരളത്തില്‍ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1953 ഉം മലബാര്‍ പ്രദേശത്തുള്ളവരുടേത് മദ്രാസ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് 1914 ഉം പ്രകാരമാണ് നടത്തുന്നത്. തിരുവിതാംകൂര്‍ കൊച്ചി ആക്ട് എല്ലാ വൈദ്യ വിഭാഗങ്ങളുടെയും രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ മദ്രാസ് ആക്ട് ആധുനിക ചികിത്സകരുടേത് മാത്രമാണ് നടത്തുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഒരു ഏകീകൃത മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്ട് തയ്യാറാക്കി നടപ്പിലാക്കുന്നത്.

  98. ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സംസ്ഥാനം തയ്യാറാക്കിയിട്ടുള്ള ആരോഗ്യ മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

  99. ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാലിയേറ്റീവ് നെറ്റുവര്‍ക്ക്. ഇവയുടെ ഏകോപന ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വിദഗ്ധ ചികിത്സാ പിന്തുണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ്. ഇപ്പോള്‍ സെക്കണ്ടറിതല പരിചരണം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ട്. പാലിയേറ്റീവ് മേഖലയില്‍ കൂടുതല്‍ നേഴ്സുമാരെയും ഫിസിയോ തെറാപ്പിസ്റ്റു മാരെയും നിയോഗിക്കും. കിടപ്പുരോഗികള്‍ക്ക് പരിചരണവും മരുന്നും ആവശ്യമുള്ളിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും ഉറപ്പുവരുത്തും.

  100. ഇ.എസ്.ഐ ആശുപത്രികളുമായി സഹകരിച്ച് തൊഴില്‍ജന്യ രോഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി ഉചിതമായ പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പരമ്പരാഗത മേഖലയിലെ തൊഴില്‍ജന്യ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് അതിന് ആവശ്യമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക പ്രാധാന്യം നല്‍കും.

  101. എയ്ഡ്സ് രോഗികളുടെ പുനരധിവാസത്തിന് പ്രത്യേക സ്കീം ഉണ്ടാക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള രോഗികളുടെ പുനരധി വാസത്തിന് പ്രത്യേക സഹായം നല്‍കും.

  102. താലൂക്ക് ആശുപത്രി വരെ സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനം ഒരുക്കും. കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഇരട്ടിയാക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വിഭാഗമുണ്ടാവും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനമുണ്ടാക്കും. ഇപ്രകാരം ഓരോ തലത്തിലും വേണ്ടുന്ന മിനിമം സൗകര്യങ്ങള്‍ എന്തെന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ആ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

  103. സ്വകാര്യമേഖലയിലെ എല്ലാ നേഴ്സുമാര്‍ക്കും ന്യായമായ മിനിമം വേതനവും മറ്റ് സേവന വ്യവസ്ഥകളും നടപ്പിലാക്കും. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

  104. കേരളത്തിലെ മൂവായിരത്തോളം വരുന്ന ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും നേരിടുന്ന സവിശേഷമായ പ്രശ്നങ്ങളെ പഠിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.

 മെഡിക്കല്‍ കോളേജ്

  1. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജ്, ജില്ലാതാലൂക്ക് ആശുപത്രികളുടെ നവീകരണം പൂര്‍ത്തിയാക്കും. പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി, ഇടുക്കി, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വ്വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും.

  2. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവര്‍ത്തന സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി നടപ്പാക്കും. ആരോഗ്യ ഗവേഷണത്തെയും അതുമായി ബന്ധപ്പെട്ട അക്കാദമിക് പ്രസിദ്ധീകരണങ്ങളെയും പ്രോത്സാഹിപ്പിക്കും.

  3. എല്ലാ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ എന്നിങ്ങനെ അഞ്ചു സ്ഥാപനങ്ങളുള്ള സമുച്ചയങ്ങളാക്കി മാറ്റുന്നതാണ്.

  4. പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നേഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും. നേഴ്സിംഗ് പാസ്സായവര്‍ക്ക് വിദേശഭാഷാ നൈപുണിയിലടക്കം ഫിനിഷിംഗ് കോഴ്സുകള്‍ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തില്‍ സഹകരിക്കും.

  5. മെഡിക്കല്‍ കോളേജുകളില്‍ ജെറിയാട്രിക്, ഫാമിലി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, സ്പോര്‍ട്ട്സ് മെഡിസിന്‍, ക്ലിനിക്കല്‍ എംബ്രോയോളജി, റേഡിയേഷന്‍ ഫിസിക്സ്, ജെനറ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസിട്രേഷന്‍ എന്നിവയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതാണ്. ഫാര്‍മസി കോളേജുകളില്‍ ഡി.ഫാം, എം.ഫാം എന്നിവയും പി.എച്ച.്ഡി പ്രോഗ്രാമും ആരംഭിക്കും.

  6. ക്യാന്‍സര്‍ സെന്ററുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കും.

  7. മെഡിക്കല്‍ കോളേജുകളും അവ സേവിക്കുന്ന ജില്ലകളും ഒരു യൂണിറ്റായി പരിഗണിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.എം.ഒ, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതി രൂപീകരിക്കും.

  8. മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യ വിഭാഗങ്ങള്‍ (കമ്മ്യൂണിറ്റി മെഡിസിന്‍) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിലും ആരോഗ്യ പഠനങ്ങള്‍ നടത്തുന്നതിനും സഹായിക്കുന്ന തിനുമുള്ള നോഡല്‍ ഏജന്‍സികളായി പ്രവര്‍ത്തിക്കും.

  9. പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതാണ്. പത്തോളജി, മൈക്രോ ബയോളജി, ഇമ്മ്യൂണോളജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ സൗകര്യം ഈ ലാബുകളില്‍ ഉണ്ടായിരിക്കും.

  10. ലബോറട്ടറി, ഇമേജിംഗ് ഫിസിഷ്യന്‍മാരും സാങ്കേതിക വിദഗ്ധരുമുള്‍പ്പെട്ട ഒരു ക്ലിനിക്കല്‍ ഡയഗ്നോസ്റ്റിക് ടെക്നോളജി കൗണ്‍സില്‍ രൂപീകരിക്കുന്നതാണ്. രോഗനിര്‍ണ്ണയ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെയും നിലവാര സൂചകങ്ങളുടെയും പാലനം ഈ കൗണ്‍സില്‍ കാലാകാലങ്ങളില്‍ വിലയിരുത്തും.

  11. കേരള സ്റ്റേറ്റ് ഡ്രഗ് ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ഡ്രഗ് ഫോര്‍മുലറി സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് കോളേജുകളെ ഫോര്‍മുലറി തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തുന്നതാണ്. ഇതിനു പുറമേ ഔഷധങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ന്യൂസ് ലെറ്റുകളും പ്രസിദ്ധീകരിക്കും.

  12. ആരോഗ്യ ബോധവല്‍ക്കരണം, ജനകീയ ആരോഗ്യ ഇടപെടലുകള്‍, സൈക്കിളിംഗ് പോലുള്ള ആരോഗ്യ കായിക പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

 ആയുഷ്

  1. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും ആരോഗ്യ സംരക്ഷണത്തിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി രോഗാതുരത കുറയ്ക്കാന്‍ ശ്രമിക്കും. ആയുര്‍വേദ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സി.സി.ഐ.എം നിബന്ധനകള്‍ അനുസരിച്ച് മെച്ചപ്പെടുത്തും.

  2. കണ്ണൂരിലെ ആയുര്‍വേദ ഗവേഷണ ഇന്‍സിസ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആയുര്‍വേദത്തെ തെളിവധിഷ്ഠിതമായും (Evidence Based Medicine) ശാസ്ത്രീയമായും വികസിപ്പിക്കും.

  3. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ആയുര്‍വേദ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അയല്‍ക്കൂട്ട കൃഷി ആരംഭിക്കും. കാടുകളില്‍ നിന്നും മറ്റും ഔഷധങ്ങള്‍ ശേഖരിക്കു ന്നവരുടെ സ്വയംസഹായ സംഘങ്ങള്‍ക്കു രൂപം നല്‍കും. സമാനമായ രീതിയില്‍ ഹോമിയോപതി ഔഷധികള്‍ക്ക് ആവശ്യമായ ഔഷധ കൃഷിയും പ്രോത്സാഹിപ്പിക്കും.

  4. ആയുര്‍വേദ ഔഷധനിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും. മരുന്നുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത് രാസചേരുവ കൃത്യമായി രേഖപ്പെടുത്തി വിപണനം ചെയ്യാന്‍ നടപടിയെടുക്കും. അശാസ്ത്രീയ ഔഷധ ഉപയോഗം തടയും.

  5. ഔഷധ നിര്‍മ്മാണ ടെക്നീഷ്യന്‍ കോഴ്സ്, ഔഷധം സംഭരണ പരിശീലനം, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ ടെക്നീഷ്യന്‍, എന്നിവയില്‍ സ്ഥിരമായ കോഴ്സുകള്‍ നടത്തി ഈ മേഖലയിലെ മനുഷ്യ വിഭവശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ പരമ്പരാഗത വൈദ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

  6. എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ ഉറപ്പുവരുത്തും.

  7. ഹോമിയോപ്പതിയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും.

  8. സിദ്ധയുനാനി സമ്പ്രദായങ്ങള്‍ക്ക് പ്രചാരമുള്ള സ്ഥലങ്ങളില്‍ അവയുടെ സേവനം ആയുഷ് മിഷന്‍ വഴി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

    കുടിവെള്ളം

  9. എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ജല്‍ജീവന്‍ മിഷന്‍ വഴി 21 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കും. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമതലത്തില്‍ പൂര്‍ണ്ണമായും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴിയായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

  10. ജലവിതരണ പദ്ധതികളുടെ സമ്പൂര്‍ണ്ണ കണക്കെടുപ്പ് ജലനിധി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കും. സ്രോതസിന്റെ ശേഷി, ലഭ്യത, യഥാര്‍ത്ഥ്യത്തില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം, നിലവിലുള്ള ജലവിതരണക്ഷമത, പൈപ്പ്, ടാങ്ക്, ടാപ്പുകള്‍ തുടങ്ങിയവയുടെ യഥാര്‍ത്ഥ സ്ഥിതി, ജലഗുണനിലവാരം, ശുദ്ധീകരണ സംവിധാനത്തിന്റെ കാര്യക്ഷമത, നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിന് സംസ്ഥാനവ്യാപകമായി സോഷ്യല്‍ ഓഡിറ്റ് നടത്തും.

  11. നഗരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബ്രഹത് പദ്ധതികള്‍ അനിവാര്യമാണ്. പഴയ പദ്ധതികള്‍ പലതും കിഫ്ബി വഴി പുനരുദ്ധരിക്കുന്നുണ്ട്. ജലജീവന്‍ മിഷന്‍ സ്കീമും ഇതിനായി ഉപയോഗപ്പെടുത്തും.

  12. കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം വിതരണനഷ്ടം കുറയ്ക്കുന്നതിനും നടപടികള്‍ ഉണ്ടാവും. സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കും.

  13. ജലനിധി പദ്ധതികളില്‍ ഒരു ഭാഗം പല കാരണങ്ങള്‍കൊണ്ടും നിര്‍ജ്ജീവമായിട്ടുണ്ട്. അവ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും.

  14. കേരളത്തിലെ 60 ശതമാനത്തിലേറെ ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സ്രോതസെന്ന നിലയ്ക്ക് കിണറുകളുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. നാല് മാസത്തിലൊരിക്കല്‍ കിണറുകള്‍ ശുദ്ധീകരിക്കുകയും ഗുണനിലവാരത്തെക്കുറിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മഴക്കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നതിനു നടപടിയെടുക്കും.

  15. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി യുടെ പാക്കേജ്ഡ് കുടിവെള്ളം വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കും.

  16. പകുതി വഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന പ്രധാന നഗരങ്ങളിലെ സ്വീവേജ് പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. വികേന്ദ്രീകൃതമായ സ്വീവേജ് സംസ്കരണ പദ്ധതികള്‍ ആവിഷ്കരിക്കും. മലിനജലം ഓടകള്‍ വഴി ജലാശയങ്ങളിലേയ്ക്ക് ഒഴുക്കുന്നത് ഇതുവഴി തടയാനാകും.

പാര്‍പ്പിടം

  1. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. ലൈഫ് മിഷന്‍ 2021-22ല്‍ 1.5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായിരിക്കും. പുതിയതായി ലൈഫ് മിഷന്‍ വീടിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുബന്ധ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അവര്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

  2. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിലെ പ്രത്യേകത ഭൂരഹിതര്‍ക്കു വീട് നല്‍കലാണ്. അവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. അതോടൊപ്പം സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ തയ്യാറുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും.

  3. ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

 ഋണബാധ്യതകള്‍ക്കു സമാശ്വാസം

  1. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ നിരവധി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. കേരളത്തില്‍, 'കിടപ്പാടം അവകാശം' എന്ന നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളില്‍നിന്ന് പുറത്താക്കാനാവില്ല.

  2. സാമ്പത്തിക പദ്ധതികളെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നതിനും വട്ടി പലിശക്കാരില്‍ നിന്നും വ്യാജ പദ്ധതികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഓരോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒരു സാമ്പത്തിക ഉപദേശക സേവന സമിതി ഉണ്ടാകും. സ്വര്‍ണം/ സ്വത്ത് എന്നിവയുടെ വ്യാജ ലേലം നടക്കുന്നു എന്നതിനാല്‍ ധനകാര്യ സേവന ദാതാക്കളുടെ മേല്‍നോട്ടത്തിനായി ഒരു സമിതി സൃഷ്ടിക്കും.

  3. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍, മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇന്ത്യാ രാജ്യത്തു വിദ്യാഭ്യാസ വായ്പകള്‍ക്കു സമാശ്വാസം പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. തുടര്‍ന്നും ഈ സ്കീം എങ്ങനെ വിപുലപ്പെടുത്താമെന്നത് ബാങ്കുകളോടു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. സംസ്ഥാനത്തെ വിവിധ വികസന ഏജന്‍സികളില്‍ ദീര്‍ഘനാളായി കുടിശികയായി കിടക്കുന്ന വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിക്കും.

 കായികരംഗം

  1. കിഫ്ബി പിന്തുണയോടുകൂടി എല്ലാ ജില്ലകളിലും 4050 കോടി ചെലവില്‍ ബഹു ഉദ്ദേശ്യ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനു പുറമെ, എണ്‍പതോളം ചെറുകിട സ്റ്റേഡിയങ്ങളും കിഫ്ബി വഴി നിര്‍മ്മിക്കുന്നുണ്ട്. കേരളത്തിന്റെ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇതുവഴി വലിയൊരു കുതിപ്പുണ്ടാകും. ഇടുക്കിയിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററും സ്റ്റേഡിയവും പൂര്‍ത്തീകരിക്കും. മൂന്നാറിലെ സാഹസിക അക്കാദമി വികസിപ്പിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ഉള്ളതുപോലെ കോഴിക്കോട്ട് ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും.

  2. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും ലഘുവ്യായാമം ചെയ്യുന്നതിനും പാര്‍ക്ക് പോലുള്ള പൊതുയിടങ്ങള്‍ ഉണ്ടാക്കും. എവിടെയെല്ലാം സ്കൂളുകളിലോ മറ്റു പൊതു ഇടങ്ങളിലോ കളിക്കളത്തിനുള്ള സ്ഥലം ലഭ്യമാണോ, അവ നവീകരിച്ച് മത്സരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

  3. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള 108 വിവിധതരം സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.

  4. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും കായികക്ഷമതയും നല്ല ആരോഗ്യവും കൈവരിക്കുന്നതിന് കേരള കായികക്ഷമതാ മിഷന്‍ വിദ്യാഭ്യാസ തദ്ദേശ സ്വയംഭരണ ആരോഗ്യവകുപ്പുകളുടെ സഹകരണ ത്തോടെ ആരംഭിക്കും.

  5. സ്പോര്‍ട്സ് ശാസ്ത്രശാഖകളിലെ കണ്ടുപിടിത്തങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് യൂണിവേഴ്സിറ്റികളുമായി സ്പോര്‍ട്സ് കൗണ്‍സില്‍ സഹകരിക്കും. സ്പോര്‍ട്സ് മെഡിസിന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക സംവിധാനം സൃഷ്ടിക്കും.

  6. എല്ലാ പ്രധാന കളികളിലും ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. സംയുക്ത സര്‍വകലാശാലാ ടീമിനെ തെരഞ്ഞെടുക്കുകയും അവരെ ഇതില്‍ പങ്കാളിയാക്കുകയും ചെയ്യും. ഫുട്ബോളില്‍ അന്തര്‍ദേശീയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും.

  7. കായിക പ്രതിഭകളെ കുട്ടിക്കാലത്തേ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തും. കുട്ടികളുടെ കായികാഭിരുചി വളര്‍ത്തിയെടുക്കുന്ന തിനുള്ള പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി, ഫുട്ബാള്‍ ടാലന്റുകളെ കണ്ടെത്താനുള്ള കിക്കോഫ്, നീന്തലിനുള്ള സ്പ്ലാഷ്, ടെന്നീസിനുള്ള എയ്സ് തുടങ്ങിയ സ്കീമുകള്‍ ശക്തിപ്പെടുത്തും.

  8. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കും. തദ്ദേശ ഭരണസ്ഥാപനതലത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഘടകങ്ങള്‍ രൂപീകരിക്കും.

  9. കേരളത്തിലെ പൊതുമേഖലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്പോര്‍ട്സ് ടീമുകള്‍ രൂപീകരിക്കും.

  10. കേരളത്തിലെ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പിലാക്കും. ഗ്രേഡ് തിരിച്ച് ലൈബ്രറികള്‍ക്ക് എന്നപോലെ ധനസഹായം നല്‍കും.

  11. കളരിപ്പയറ്റ്, വുഷു, തായ്ക്കോണ്ട, കരാട്ടെ എന്നീ ആയോധന കലകള്‍ക്ക് പോലുള്ള ആയോധനകലകള്‍ പ്രോത്സാഹിപ്പിക്കും.

  12. സ്പോര്‍ട്സ് ഡയറക്ടറേറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇവയെയും വിവിധ അസോസിയേഷ നുകളെയും ഒരു കുടക്കീഴിലാക്കാന്‍ കായിക ഭവന്‍ സ്ഥാപിക്കും.

  13. നിലവിലുള്ള കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി (ആജഋറ, ങജഋറ, ചകട ഇീമരവശിഴ ഉശുഹീാമ) പുനഃക്രമീകരിക്കുകയും പഠനനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും ചെയ്യും.

  14. ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, അയ്യന്‍കാളി സ്പോര്‍ട്സ് സ്കൂള്‍ എന്നിവ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ മാതൃകയില്‍ രണ്ട് സ്പോര്‍ട്സ് ഡിവിഷനുകള്‍കൂടി ആരംഭിക്കും.

  15. സ്പോര്‍ട്സ് ക്വാട്ടയിലെ 2010 മുതല്‍ 2014 വരെയുള്ള നിയമനങ്ങള്‍ ഇപ്പോഴാണ് കുടിശിക തീര്‍ത്ത് നിയമനം നടത്തിയത്. അതുപോലെ തന്നെ ദേശീയ ഗെയിംസില്‍ വിജയികളായിട്ടുള്ളവര്‍ക്ക് നിയമനം നല്‍കി. സ്പോര്‍ട്സ് ക്വാട്ട വര്‍ദ്ധിപ്പിക്കുന്നതാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമിതരായ സ്പോര്‍ട്സ് താരങ്ങളുടെ പരിശീലന മികവും സേവനവും ബഹുജനങ്ങള്‍ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതിന് സബോര്‍ഡിനേറ്റ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കും.

  16. സ്പോര്‍ട്സ് ക്വാട്ടയില്‍ വിവിധ തസ്തികകളില്‍ നിയമിതരായ സ്പോര്‍ട്സ് താരങ്ങളുടെ പരിശീലനമികവും സേവനവും ബഹുജനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ജോലി സമയം ക്രമീകരിക്കുന്നതിന് സബോര്‍ഡിനേറ്റ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കും.

    ഭാഷ, കല, സംസ്കാരം, മാധ്യമം

  17. എല്ലാ ജില്ലകളിലും കിഫ്ബി സഹായത്തോടെ സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും. ഇവിടെ ഗാലറി, സംഗീതശാല, നാടകശാല എന്നിവ നിര്‍ബന്ധമായും ഉണ്ടാവും. കലാകാരന്‍മാര്‍ക്ക് ഒത്തുചേരുന്നതിനും റിഹേഴ്സലുകള്‍ നടത്തുന്നതിനും മറ്റും ഇടമുണ്ടാവണം. ഓരോ ജില്ലയിലെയും സവിശേഷതകള്‍ കണക്കിലെടു ത്തായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ കലാകാരന്മാരുടെ അഭിപ്രായം കൂടി ആരായും. അവര്‍ക്ക് സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരിക്കും.

  18. നവ വനിതാ സംവിധായകരുടെയും പട്ടികവിഭാഗ സംവിധായകരുടെയും പ്രോത്സാഹനത്തിനുള്ള ധനസഹായം തുടരും. അമച്വര്‍ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കീം തുടരും. ഓരോ വര്‍ഷാരംഭത്തിലും അപേക്ഷ ക്ഷണിക്കുകയും, കലാസംഘത്തിന്റെ മുന്‍പരിചയത്തിന്റെയും സ്ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം നല്‍കുക. യുവ കലാകാരന്മാര്‍ക്കുള്ള 1000 ഫെലോഷിപ്പ് തുടരും.

  19. കലാകാരന്മാരുടെ വാസനയും നൈപുണിയും പ്രോത്സാഹിപ്പിക്കു ന്നതിനും അന്തര്‍ദേശീയ കലാകമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറല്‍ ആര്‍ട് ഹബുകള്‍ തുടങ്ങും. സാംസ്കാരികത്തെരുവ്/പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്കീം ആരംഭിക്കും.

  20. സ്കൂള്‍ ലൈബ്രറികളെല്ലാം വിപുലീകരിക്കും. ഇതോടൊപ്പം ക്ലാസ് റൂം ലൈബ്രറികളും സൃഷ്ടിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മലയാള വായനാഭിരുചി ഉണ്ടാക്കാന്‍ ഇതു സഹായിക്കും. ഇതിനായുള്ള വായനയുടെ വസന്തം ക്യാമ്പയിന്‍ ശക്തിപ്പെടുത്തും.

  21. വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗ്രന്ഥശാലകള്‍ നവീകരിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് ഇരട്ടിയാക്കും. ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കും. അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ജില്ലയില്‍ ഏതെങ്കിലും ഒരു ലൈബ്രറിയില്‍ കേന്ദ്രീകരിക്കുന്നതിന് ഒരു സ്കീം ആരംഭിക്കും.

  22. സര്‍ഗ്ഗവാസന പോഷിപ്പിക്കുന്നതിന് സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി ശക്തിപ്പെടുത്തും. സര്‍ക്കാര്‍ സ്കൂളുകളില്‍ കലാധ്യാപകരെ നിയമിക്കും. കലാമേളകളുടെ ചെലവു കുറയ്ക്കും. പക്ഷെ, കൂടുതല്‍ പങ്കാളിത്തവും ആകര്‍ഷണീയതയും കൊണ്ടുവരും.

  23. സാഹിത്യ അക്കാദമി വഴി പ്രാദേശിക സാഹിത്യസമിതികള്‍, കലാ- സാംസ്കാരിക സംഘടനകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനുള്ള മാനദണ്ഡങ്ങള്‍ക്ക് അടിയന്തരമായി രൂപം നല്‍കും. സാമ്പ്രദായ രീതികളില്‍ നിന്ന് വ്യത്യസ്തമായി ലിറ്റററി ഫെസ്റ്റിവെലുകള്‍ കേരളത്തില്‍ സംഘടിപ്പിക്കും. മലയാള ഭാഷയിലെ ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ലോകഭാഷകളിലേയ്ക്കും തര്‍ജ്ജിമ ചെയ്യാന്‍ പരിപാടി തയ്യാറാക്കും.

  24. ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ നാടന്‍ കലകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. തെരഞ്ഞെടുത്ത നാടന്‍പാട്ടു സംഘങ്ങള്‍ക്കും നാടന്‍കലാ സംഘങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കും.

  25. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവെലിനു സ്ഥിരം വേദിയുണ്ടാക്കും. ഫിലിം സൊസൈറ്റികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും, പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

  26. ചിത്രകാരന്മാര്‍ക്ക് പെയിന്റിംഗ് എക്സിബിഷനുളള ധനസഹായം ലഭ്യമാക്കും. കൊച്ചി ബിനാലേയ്ക്കുള്ള ധനസഹായം തുടരും. ആലപ്പുഴയില്‍ ലോകമേ തറവാട് ചിത്രോത്സവം സംഘടിപ്പിക്കും.

  27. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും, അനുബന്ധ ക്യാമ്പസ് ആരംഭിക്കും.

  28. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനിടയില്‍ ഒട്ടേറെ മ്യൂസിയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നിരവധി എണ്ണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇവയെ അവലോകനം ചെയ്യുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മ്യൂസിയം കമ്മീഷനെ നിയോഗിക്കും.

  29. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വം നല്‍കും.

  30. യൂണിവേഴ്സിറ്റികളില്‍ മാധ്യമ പഠനത്തിനു പുറമേ പ്രസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും മാധ്യമ കോഴ്സുകള്‍ നടത്തും. മീഡിയ അക്കാദമി ഇവയാകെ അവലോകനം ചെയ്ത് ഒരു പൊതുചട്ടക്കൂടിനു രൂപം നല്‍കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാധ്യമ സാരക്ഷരത ഉള്‍പ്പെടുത്തും.

  31. കെ-ഫോണ്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഫൈബര്‍ ശൃംഖലയെ പ്രാദേശിക വിവര വിനിമയ പദ്ധതികള്‍ക്കു ഉപയോഗപ്പെടുത്തും.

  32. മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. അവയെ ഏകോപിപ്പിക്കുന്നതിനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും വേണ്ടി മാധ്യമ പ്രവര്‍ത്തക വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കും.

  33. ജനപങ്കാളിത്തത്തോടുകൂടി പുരാവസ്തുരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംരക്ഷിക്കുകയും ചെയ്യും.

  34. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് മലയാളം പഠിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ മലയാളം മിഷന്‍ വഴി ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതി ഊര്‍ജ്ജിതമാക്കും.

  35. പി.എസ്.സിയുടേത് ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷകളില്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമായി പരിശോധിക്കുന്നതിന് സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കും. സാധ്യമാകുന്ന എല്ലാ മേഖലകളിലും പ്രവേശന പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കാനുമുള്ള ഇടപെടല്‍ നടത്തും. പ്ലസ്ടു തലത്തില്‍ മലയാളത്തില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.

  36. ഏതുതലം വരെയും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും സഹായകരമാകുന്ന തരത്തില്‍ എല്ലാ വിജ്ഞാന ശാഖകള്‍ക്കും വിജ്ഞാന നിഘണ്ടു പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

  37. കേരളത്തിലെ ആദിവാസി പശ്ചാത്തലമുള്ള സ്കൂളുകളില്‍ പ്രീപ്രൈമറി തലത്തിലും പ്രൈമറി തലത്തിലും ഗോത്ര ഭാഷകളെ പഠനവിഷയമെന്ന നിലയിലും പഠന മാധ്യമം എന്ന നിലയിലും വികസിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാ അവകാശം സംരക്ഷിക്കും.

  38. ഭാഷാ സാങ്കേതിക മേഖലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭാഷാ സാങ്കേതികതയുടെ മേഖലയില്‍ ഒരോ വര്‍ഷവും മലയാളം കൈവരിച്ച നേട്ടങ്ങള്‍ അവലോകനം ചെയ്യാനും ഭാവി ആസൂത്രണം ചെയ്യാനും ഈ മേഖലയിലെ എല്ലാവരെയും ചേര്‍ത്തുകൊണ്ട് വിപുലമായ സമ്മേളനങ്ങള്‍ നടത്തും. ഭരണഭാഷാ ഉത്തരവുകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇ-ഗവര്‍ണന്‍സ് പൂര്‍ണമായി മലയാളത്തിലാക്കും. എല്ലാ വകുപ്പുകളുടെയും വെബ്സൈറ്റുകളിലെ മുഖ്യഭാഷ മലയാളമായിരിക്കും.

  39. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന സ്ഥാപനമെന്ന നിലയില്‍ മലയാള സര്‍വ്വകലാശാലയെ വികസിപ്പിക്കുന്നതിന് ശ്രമിക്കും. ഇതിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാനകോശം എന്നിവയുമായി ചേര്‍ന്നു കൊണ്ടുള്ള പ്രസിദ്ധീകരണ സംവിധാനം ഏര്‍പ്പെടുത്തും.