Skip to main content

പ്രവാസി പുനരധിവാസം

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളില്‍ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കും. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. സമാശ്വാസ നടപടികള്‍ ശക്തിപ്പെടുത്തും. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണത്തോടു കൂടിയുള്ള നേഴ്സുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ പോലുള്ളവയിലൂടെ വിദേശത്തു കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും കൂടുതല്‍ ആകര്‍ഷകമാക്കും. ലോക കേരളസഭ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.

പ്രവാസികൾ

 1. 1980 മുതലുള്ള കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിര്‍ണ്ണായകമായ സംഭാവന പ്രവാസി മലയാളികളിലൂടെയുള്ള വിദേശ പണവരുമാനമാണ്. കേരളത്തില്‍ നിന്ന് കുടിയേറുന്നവരേക്കാള്‍ മടങ്ങി വരുന്നവരുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷം കോവിഡിനു മുന്നേ തന്നെ രൂപം കൊണ്ടിരുന്നു. യു.കെ യിലേയ്ക്ക് 2700 നേഴ്സുമാരെ ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ചുകൊണ്ടുള്ള പരിശീലന പരിപാടി ഇതിന് ഉദാഹരണമാണ്. ഇത്തരം നൈപുണി പരിശീലനവും വിദേശ രാജ്യങ്ങളുമായിട്ടുള്ള ആശയവിനിമയത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പുതിയ തൊഴില്‍ സാധ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് എത്തിച്ച് കൊടുക്കുക, കുടിയേറ്റത്തിനാവശ്യമായ വായ്പ ഉദാരമായി ലഭ്യമാക്കുക എന്നിവയാണ് മറ്റു നടപടികള്‍.

 2. പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ശേഖരിക്കുകയും ജില്ലാതല കര്‍മ്മ പരിപാടിയായി ക്രോഡീകരിക്കുകയും ചെയ്യും.

 3. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാ നത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനദാതാക്കളുടെ മള്‍ട്ടി ടാസ്ക് സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളെ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കി ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കുകയും ചെയ്യും.

 4. പ്രവാസി ഡിവിഡന്റ് സ്കീമും പ്രവാസി ചിട്ടിയും കൂടുതല്‍ ആകര്‍ഷകമാക്കും.

 5. ഉയര്‍ന്ന വിമാന നിരക്ക് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഇടപെടുവിക്കുന്നതിനുള്ള തീവ്രശ്രമം നടത്തും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമവും പ്രോത്സാഹനവും ഉറപ്പുവരുത്തുന്ന ഒരു സമഗ്ര കുടിയേറ്റ നിയമത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

 6. പ്രവാസികളെക്കുറിച്ചുള്ള സമഗ്രമായ ഒരു ഡാറ്റ ബേസ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. സ്ഥിരമായി, വിദേശത്ത് പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍, താമസിക്കുന്ന മലയാളികളുടെ പുതിയ തലമുറകളെ മലയാളത്തേയും മലയാള സംസ്കാരത്തേയും പരിചയപ്പെടുത്തി കൊടുക്കുന്നതിനുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

 7. ലോക കേരള സഭ വന്‍ വിജയമാണ്. കോവിഡാനന്തര കാലത്ത് വീണ്ടും ഇത്തരം സമ്മേളനം വര്‍ഷം തോറും വിളിച്ചു ചേര്‍ക്കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കും. വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനു വേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഓരോ വിദേശ മേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ ഉണ്ടാകും.

 8. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്, രോഗ ബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന വര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ സ്കീം ഉണ്ടാക്കും. സാന്ത്വന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പദ്ധതിയും നിലവിലുണ്ട്. മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലെ വീടുകളിലെത്തിക്കു ന്നതിന് ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പാടായി. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

 9. പ്രവാസി നിയമസഹായ പദ്ധതി ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ 11 ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുണ്ട്. ഈ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.

 10. വിദേശത്തു നിന്ന് തിരികെ വരുന്നവര്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതി നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അടക്കം 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കും.

 11. മുഖ്യമന്ത്രി ചെയര്‍മാനായി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു. ടൂറിസം, പശ്ചാത്തല സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു അനുബന്ധ കമ്പനിയായ റെസ്റ്റ് സ്റ്റോപ്പ് പാതയോര വിശ്രമകേന്ദ്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുപോലെ മറ്റ് അനുബന്ധ കമ്പനികളും രൂപീകരിച്ചുകൊണ്ട് പ്രവാസി നിക്ഷേപത്തിന് വഴിയൊരുക്കും.

 12. ആദ്യത്തെ എന്‍.ആര്‍.കെ.ഇ.എസ് (നോണ്‍ റെസിഡന്‍ഷ്യല്‍ കേരളൈറ്റ്സ് ഇക്കണോമിക് സോണ്‍) ആരംഭിക്കും. എന്‍.ആര്‍.ഐകള്‍ക്ക് അവരുടെ നൂതന ബിസിനസ് / വ്യവസായം ആരംഭിക്കുന്നതിനും അവരുടെ ജീവിതത്തില്‍ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതിനും ആദായവിലയ്ക്ക് ഭൂമി നല്‍കുന്ന തരത്തിലുള്ള പാര്‍ക്ക് ഒരുക്കും.

 13. പുനരധിവാസം പൊതുജനങ്ങളുടെ പ്രധാന ആശങ്കയായി ഉയര്‍ന്നു വരികയാണ്. ആളുകളെ പുനരധിവസിപ്പിക്കാനായി സമ്പൂര്‍ണ്ണ ആധുനിക കുടുംബ നഗരങ്ങള്‍ സൃഷ്ടിച്ചു പുനരധിവാസം ഉറപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഈ ആധുനിക ഇടങ്ങളില്‍ സീവെജ് സംവിധാനവും, വൈദ്യുതിയും, കുടിവെള്ളവും ഉണ്ടാകും. സ്കൂളുകളും, ഓഡിറ്റോറിയങ്ങളും, ആരാധനാലയങ്ങളും ഉണ്ടായിരിക്കും. ഈ ആസൂത്രിത പ്രദേശങ്ങളില്‍ പാര്‍പ്പിടാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വില്‍ക്കാവുന്ന സ്ഥലങ്ങളും ഉണ്ടായിരിക്കും.

 14. സംരംഭക തല്‍പരരായ പ്രവാസികളുമായി പ്രത്യേകിച്ച് പ്രൊഫഷണലു കളുമായി നാട്ടിലേക്കുള്ള മടക്കത്തിന് മുമ്പേ തന്നെ ആശയവിനിമയം നടത്തുന്നതിന് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ട്രെയിനിംഗ്, വായ്പ, സര്‍ക്കാര്‍ ക്ലിയറന്‍സ്, ജി ടു ബി ആന്‍ഡ് ബി ടു ബി മീറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും.

 15. പ്രവാസികളുടെ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. 28 സംഘങ്ങള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്.

 16. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യ സ്ഥാപനങ്ങളുടേയും മറ്റും വികസനത്തിന് പ്രവാസികള്‍ സംഭാവന നല്‍കിയാല്‍ തുല്യതുകയ്ക്ക് സര്‍ക്കാര്‍ മാച്ചിംഗ് ഗ്രാന്റു നല്‍കും. ഇതിനുള്ള ഒരു സ്കീം തയ്യാറാക്കും.

 17. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സംഘടനകള്‍ രൂപീകരിക്കും. ജ്ഞാന സമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസി പ്രൊഫഷണലുകള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. ഈ സംഘടനകളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തും.

 18. പ്രവാസി ക്ഷേമനിധി അംഗത്വം ഈ സര്‍ക്കാരിന്റെ കാലത്ത് 1.1 ലക്ഷത്തില്‍ നിന്ന് 5.06 ലക്ഷമായി ഉയര്‍ന്നു. ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ക്ഷേമപെന്‍ഷന്‍ 3000-3500 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള പ്രവാസി ക്ഷേമ പെന്‍ഷന്‍ 5000 രൂപയായും നാട്ടില്‍ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയര്‍ത്തും.

 19. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് 60 വയസ്സു കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ളവരുടെ സാമ്പത്തികനിലകൂടി കണക്കിലെടുത്തുകൊണ്ട് സാമൂഹ്യസുരക്ഷാ പെന്‍ഷനെങ്കിലും ലഭ്യമാക്കുന്നകാര്യം പരിഗണിക്കും.

 20. പ്രവാസി വകുപ്പിനായുള്ള ബജറ്റ് വിഹിതം ഇനിയും ഗണ്യമായി ഉയര്‍ത്തും. യു.ഡി.എഫ് സര്‍ക്കാരിനെ അപേക്ഷിച്ച് പ്രവാസി ക്ഷേമത്തിന്റെ മടങ്ങ് മൂന്ന് മടങ്ങ് ഉയര്‍ത്തിയിട്ടുണ്ട്.