Skip to main content

കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും

കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. കാര്‍ഷികോത്പാദന ക്ഷമത വര്‍ദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാര്‍ഷിക ഉല്‍പന്ന സംസ്ക്കരണത്തില്‍ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങള്‍, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക. റബ്ബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തും. മറ്റുള്ളവ കാലോചിതമായി പരിഷ്കരിക്കും. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. നെല്‍വിസ്തൃതി വര്‍ദ്ധിപ്പിക്കും. എല്ലാ വാര്‍ഡുകളിലും വര്‍ഷംതോറും പുതിയ 75 തെങ്ങിന്‍ തൈകള്‍ നടുമെന്ന് ഉറപ്പുവരുത്തും. തോട്ടവിളകള്‍ക്കു പ്രത്യേക പാക്കേജ് നടപ്പാക്കും. മലയോര കൃഷിക്കാരുടെ പട്ടയപ്രശ്നം പരിഹരിക്കും.

കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും

 1. കൃഷിക്കാരുടെ വരുമാനം കാര്‍ഷികോല്‍പ്പാദന ക്ഷമത, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. ഇവിടങ്ങളില്‍ എല്ലാമുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന അഞ്ചു വര്‍ഷംകൊണ്ട് സൃഷ്ടിക്കും. ഇതു മോണിറ്റര്‍ ചെയ്യുന്നതിന് എല്ലാ വര്‍ഷവും ശാസ്ത്രീയ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കുടുംബങ്ങളുടെ വരുമാന കണക്ക് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു വഴി ശേഖരിക്കും.

 2. ഏറ്റവും പ്രധാനപ്പെട്ടതാണ് കൃഷിയുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തലാണ്. നെല്ലിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 45 ടണ്ണായി ഉയര്‍ത്തും. നാളികേരളത്തിന്റെ ശരാശരി ഉല്‍പ്പാദനം 80 തേങ്ങയായി ഉയര്‍ത്തും. ഇതുപോലെ ഓരോ വിളകളുടെയും ഉല്‍പ്പാദനക്ഷമതയുടെ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുകയും വിത്ത്, വളം, വെള്ളം, കാര്‍ഷികവൃത്തി എന്നിവയിലെ ശാസ്ത്രീയ ഇടപെടലുകളിലൂടെ കൈവരിക്കുകയും ചെയ്യും.

 3. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്തും. നീര്‍ത്തട പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ രൂപീകരിക്കും. വിള കലണ്ടറും പ്ലാനും തയ്യാറാക്കും.

 4. മണ്ണ് പരിശോധനാ-ജലപരിശോധനാ ലാബുകള്‍ ശക്തിപ്പെടുത്തുകയും സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലാബുകള്‍ വ്യാപിപ്പിക്കുകയും ചെയ്യും. എല്ലാ കൃഷിക്കാര്‍ക്കും മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കും.

 5. പച്ചക്കറി, നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പാല്‍, മുട്ട, മത്സ്യം, ഇറച്ചി ഇവയുടെ ഉല്‍പ്പാദനത്തില്‍ ഒരു കുതിപ്പു സൃഷ്ടിക്കുന്നതിനുള്ള ജനകീയ യജ്ഞമാണ് സുഭിക്ഷ കേരളം പദ്ധതി. വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഏജന്‍സികളും ചേര്‍ന്നുള്ള ഏകോപിത പ്രവര്‍ത്തന ശൈലി മുന്നോട്ടു കൊണ്ടുപോകും. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.

 6. സംസ്ഥാനത്തെ വിളകളെ സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനും വാല്യൂ ആഡഡ് പ്രോഡക്ട് ഓഫ് കേരള (പാര്‍ക്കുകള്‍) സ്ഥാപിക്കും. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ സ്ഥാപിക്കും. കൃഷിരംഗത്തേക്ക് വരുന്ന യുവാക്കളെ പരിശീലിപ്പിച്ച് അവരുടെ കഴിവിനനുസൃതമായി പ്രോത്സാഹിപ്പിക്കും.

 7. കര്‍ഷക ക്ഷേമ ബോര്‍ഡ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെ കൃഷിക്കാര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും.

 8. കൃഷി ഭവന്‍ വഴിയുള്ള എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കു കയും വിപുലപ്പെടുത്തുകയും ചെയ്യും. തരിശ് ഭൂമി കണ്ടെത്തി അവിടെ കൃഷി ചെയ്യുന്ന പദ്ധതി കൂടുതല്‍ ശക്തമായി നടപ്പിലാക്കും.

 9. പച്ചക്കറികളുടെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കും. ഉത്തമകാര്‍ഷിക പ്രയോഗങ്ങള്‍ പ്രചരിപ്പിക്കുന്ന തിനും ഉറവിട ട്രെയിസിംഗ് പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കുന്നതിനും ശ്രമിക്കും. വിഷാംശത്തിനും മായം ചേര്‍ക്കലിനും എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

 10. കാര്‍ഷിക സര്‍വകലാശാലയ്ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കും. സര്‍വ്വകലാശാലയില്‍ കാര്‍ഷിക മേഖലയോടു ബന്ധപ്പെടുത്തി ക്കൊണ്ടുള്ള ഒരു ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്റര്‍ പുതിയതായി ആരംഭിക്കും. എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

 11. കേരള ബാങ്കിന്റെ സ്ഥാപനം കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. താഴ്ന്ന പലിശയ്ക്ക് വായ്പ ലഭ്യമാക്കും. കാര്‍ഷിക മേഖലയിലേയ്ക്കുള്ള വായ്പകള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യും.

 12. കാര്‍ഷികമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരഫെഡ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഓയില്‍ പാം കമ്പനി, ആഗ്രോ ഇന്‍ഡ്സ്ട്രീസ് കോര്‍പ്പറേഷന്‍, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനും പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.

   

  പച്ചക്കറി

 13. രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇത് നടപ്പാക്കുന്നത് സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിലുള്ള കോഓപ് മാര്‍ട്ടുകളും വിഎഫ്സികെയും വഴിയാണ്. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും കോഓപ് മാര്‍ട്ടുകള്‍ അവിടത്തെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചില്ലറ വില്‍പന നടത്തുകയും ചെയ്യും. തറവില നടപ്പാക്കുന്നതിനുള്ള നഷ്ടം നികത്തുന്നതിന് കോഓപ്പ് മാര്‍ട്ടുകള്‍ക്ക് 5 ലക്ഷം രൂപ വരെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു ചെലവഴിക്കാം.

 14. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന മേഖലകളില്‍ നിന്ന് സംഭരണം നടത്തുന്നതിനു വിഎഫ്പിസികെയ്ക്കു പ്രത്യേക ധനസഹായം നല്‍കും.

 15. ജൈവകൃഷിയടക്കമുള്ള ഉത്തമ കൃഷിമുറകള്‍ പാലിച്ചുകൊണ്ട് പച്ചക്കറിയുടെയും വാഴയുടെയും വിള വിസ്തൃതി 75000 ഹെക്ടറായി വര്‍ദ്ധിപ്പിക്കും. പുരയിട കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയാകും. കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പ്രചരിപ്പിക്കും.

 16. പച്ചക്കറി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സംഭരണത്തിന് ചില്ലര്‍ സ്റ്റോറേജുകള്‍ ഏര്‍പ്പെടുത്തും. എല്ലാ ബ്ലോക്കിലും മിച്ചപച്ചക്കറികള്‍ സൂക്ഷിക്കുന്ന തിനുള്ള ചില്ലര്‍ റൂം സര്‍വ്വീസ് സഹകരണ ബാങ്കുകളോ, കാര്‍ഷിക ഏജന്‍സികളുമായോ ബന്ധപ്പെട്ട് സ്ഥാപിക്കും.

 17. നമ്മുടെ പുരയിടങ്ങളുടെ വലിപ്പം വളരെ ചെറുതാണ്. അതുകൊണ്ട് അയല്‍ക്കൂട്ട ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ സംയോജിത ബഹുവിള പുരയിടകൃഷിയെ പ്രോത്സാഹിപ്പിക്കും. വിത്ത്, വളം തുടങ്ങിയവയുടെ വിതരണം, ചെറുകിട യന്ത്രവല്‍ക്കരണം, സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായി നടത്തും.

 18. നഗര കൃഷിയെ പ്രോത്സാഹിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ടെറസ്, മുറ്റം കൃഷികളെ പ്രോത്സാഹിപ്പിക്കും. ഗാര്‍ഹിക മാലിന്യ കമ്പോസ്റ്റിംഗും നഗര കൃഷിയേയും സംയോജിപ്പിക്കും. ഫ്ളാറ്റുകളിലും മറ്റും മലിനജല പുനചംക്രമണം പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തും.

 19. വര്‍ഷംതോറും ഒരുകോടി ഫലവൃക്ഷതൈകള്‍ നടുന്നതിനുള്ള ദശവത്സര പരിപാടി 50000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തു സൃഷ്ടിക്കും. കൃഷി വകുപ്പിന്റെ ഏജന്‍സികളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നെഴ്സറികള്‍ വഴിയാണ് ആവശ്യമായ നടീല്‍ വസ്തുക്കള്‍ കണ്ടെത്തുക. ഓരോ പഞ്ചായത്തിലും നടുന്ന ഫലവൃക്ഷങ്ങളെ സംബന്ധിച്ച് പ്ലോട്ട് അടിസ്ഥാനത്തില്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും, മോണിറ്റര്‍ ചെയ്യും. തനത് ഫലവൃക്ഷങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധനവിനായി അതിസാന്ദ്രതാ കൃഷി പ്രോത്സാഹിപ്പിക്കും.

 20. ഫലവൃക്ഷങ്ങള്‍ക്കു മാത്രമല്ല, നെല്ല് അടക്കമുള്ള എല്ലാ വിളകളുടെയും വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തും. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങള്‍ ലഭ്യമാക്കും. ഉപ്പുരസം കൂടുതലുള്ള ഭൂമിയില്‍ കൃഷി ചെയ്യാവുന്ന നെല്ലിനങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കും.

 21. കൃഷി സ്കൂള്‍ സിലബസിന്റെ ഭാഗമാക്കും. സ്കൂളുകളിലെ ജൈവോദ്യാനം, പാഠം ഒന്ന് പാടത്തേയ്ക്ക് തുടങ്ങിയ സ്കീമുകള്‍ വിപുലപ്പെടുത്തും.

  നെല്ല്

 22. നെല്‍കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതി നുള്ള നടപടി സ്വീകരിക്കും. തരിശുരഹിത ഗ്രാമം പദ്ധതി സാര്‍വ്വത്രികമാക്കും. പഞ്ചായത്തുകളുടെ മുന്‍കൈയില്‍ റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യിക്കും.

 23. കേരളത്തിലെ മുഴുവന്‍ നെല്‍കൃഷി ഭൂമിയുടെയും ആധുനിക ഡാറ്റാ ബെയ്സ് സൃഷ്ടിക്കും. ഓരോ നെല്‍കൃഷി വയലും ജിപിഎസുമായി ബന്ധപ്പെടുത്തും. ഇതുവഴി തരിശ്ശുഭൂമി നിര്‍മ്മാര്‍ജ്ജന പരിപാടി കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനു കഴിയും.

 24. നെല്ലിന് കേന്ദ്രസര്‍ക്കാരിന്റെ സംഭരണ വില 18 രൂപ ആയിരിക്കുമ്പോള്‍ കേരളം നല്‍കുന്നത് 28 രൂപയാണ്. പാലക്കാട്ടെയും ആലപ്പുഴയിലെയും തൃശ്ശൂരിലെയും റൈസ് പാര്‍ക്കുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. നെല്ലിന്റെ സംഭരണവില കാലോചിതമായി വര്‍ദ്ധിപ്പിക്കും. സംഭരണവില കാലതാമസമില്ലാതെ കൃഷിക്കാര്‍ക്കു ലഭിക്കുമെന്ന് ഉറപ്പുവരുത്തും.

 25. തരിശുരഹിത പഞ്ചായത്ത് സ്കീം വ്യാപകമാക്കും. ഹെക്ടറിന് 5500 രൂപ വീതം നെല്‍കൃഷിക്കാര്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 5000 മുതല്‍ 10000 രൂപ വരെ അധിക ധനസഹായവുമുണ്ട്. ഇതിനുപുറമേ ഹെക്ടറിന് 2000 രൂപ വീതം 40 കോടി രൂപ റോയല്‍റ്റിയായും നല്‍കുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ള സബ്സിഡി കേരളത്തിലാണ്. നിലവിലുള്ള റോയല്‍റ്റി കാലോചിതമായി പരിഷ്കരിക്കും.

 26. ഗ്രൂപ്പ് ഫാമിംഗിനെ പ്രോത്സാഹിപ്പിക്കും. ഗ്രൂപ്പ് ഫാമിംഗ് മേഖലയില്‍ കാര്‍ഷിക സഹായങ്ങള്‍ കഴിയുന്നത്ര പാടശേഖര സമിതികള്‍ വഴിയാക്കും.

 27. കര്‍ഷകത്തൊഴിലാളികള്‍ക്ക് ആധുനിക കൃഷി സങ്കേതങ്ങളില്‍ പരിശീലനം നല്‍കും. മെച്ചപ്പെട്ട സേവനം കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും ആവശ്യമെങ്കില്‍ നേരിട്ട് കൃഷി ചെയ്യുന്നതിനും വേണ്ടി കാര്‍ഷിക കര്‍മ്മസേനകള്‍ എല്ലാ പഞ്ചായത്തുകളിലും ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എല്ലാ ബ്ലോക്കുകളിലും ആരംഭിക്കും.

 28. കാര്‍ഷിക കര്‍മ്മസേനകളും ആഗ്രോ സര്‍വ്വീസ് സെന്ററുകളും വഴി നെല്‍കൃഷി മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ നവീകരണത്തിന് പ്രത്യേക സംവിധാനമുണ്ടാക്കും. പൊക്കാളി പാടങ്ങള്‍ക്ക് അനുയോജ്യമായ ഉഴവ്, കൊയ്ത്ത് യന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഹാക്കത്തോണ്‍ നടത്തും.

 29. ബ്ലോക്കുകളിലെ ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ കൃഷിക്കാര്‍ക്കുവേണ്ട സേവനങ്ങളുടെയെല്ലാം ഏകജാലകമായി പ്രവര്‍ത്തിക്കും. കാര്‍ഷിക കര്‍മ്മസേനകള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക.

   

  നാളികേരം

 30. പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്‍പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ തൈകള്‍ നടുന്നതിനായുള്ള പുനരുദ്ധാരണ പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തും. വര്‍ഷം തോറും എല്ലാ വാര്‍ഡുകളിലും 75 എണ്ണം വീതം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. ഇങ്ങനെ ഒരു കോടി തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ടിഷ്യൂ കള്‍ച്ചര്‍ സാങ്കേതികവിദ്യയെ ഉത്തമ തൈകള്‍ സൃഷ്ടിക്കുന്നതിന് ഉപയോഗപ്പെടുത്തും.

 31. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ കേരോല്‍പ്പന്ന മൂല്യവര്‍ദ്ധന വൈവിദ്ധ്യവല്‍ക്കരണ സംരംഭങ്ങള്‍ നേരിട്ടോ കര്‍ഷക ഫെഡറേഷന്‍ വഴിയോ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ പ്രഖ്യാപിത തറവില ഉറപ്പാക്കിക്കൊണ്ട് നാളികേരം സംസ്കരണ സംഘങ്ങള്‍ സംഭരിക്കും. കഴിവതും തെങ്ങുകയറ്റ സംഘങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായി തേങ്ങയിടുകയും ആവശ്യമായ കാര്‍ഷിക പരിചരണങ്ങള്‍ നല്‍കുകയും ചെയ്യും. ചകിരി കയര്‍ഫെഡ്ഡു വഴി ആദായവിലയ്ക്കു സംഭരിക്കും. വെളിച്ചെണ്ണയും മറ്റ് ഉല്‍പ്പന്നങ്ങളും പ്രാദേശിക കമ്പോളത്തിനു പുറമേ ബ്രാന്‍ഡ് ചെയ്ത് പുറത്തു വില്‍ക്കുന്നതിനും ഏര്‍പ്പാടുണ്ടാകും. മൂല്യവര്‍ദ്ധനയിലെ ലാഭത്തില്‍ ഒരുപങ്ക് കൃഷിക്കാര്‍ക്കു ബോണസായി നല്‍കും.

 32. പഴയ തെങ്ങുകള്‍ വെട്ടിമാറ്റി താരതമ്യേന പൊക്കം കുറഞ്ഞ, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള നാളികേര ഇനങ്ങള്‍ റീപ്ലാന്റ് ചെയ്യുന്ന സ്കീം വിപുലപ്പെടുത്തും. ടിഷ്യുകള്‍ച്ചര്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും. ഇടവിള കൃഷിയും ജലസേചനവും പ്രോത്സാഹിപ്പിക്കും.

 33. കൃഷിക്കാരുടെ ഉടമസ്ഥതയില്‍ നാളികേര മൂല്യവര്‍ദ്ധിത വ്യവസായങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ടു മാത്രമേ കൃഷിക്കാരുടെ വരുമാനം ഗണ്യമായി ഉയര്‍ത്താനാകൂ. ഇതിനായി സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ നേരിട്ടോ കൃഷിക്കാരുടെ ഉടമസ്ഥതയിലോ നാളികേര ക്ലസ്റ്റര്‍ സ്ഥാപിക്കും. ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തേങ്ങയിടുന്നതിനും സംഭരിക്കുന്നതിനുമുള്ള സംവിധാനത്തിനു രൂപം നല്‍കും.

 34. ചകിരി, വെളിച്ചെണ്ണ, മറ്റു വ്യവസായ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ആദായം വഴി താങ്ങുവിലയേക്കാള്‍ 23 രൂപ മൂല്യവര്‍ദ്ധനയില്‍ നിന്ന് ബോണസായി കൃഷിക്കാര്‍ക്കു നല്‍കാനാവും.

 35. തെങ്ങുകയറ്റ തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് വിപുലപ്പെടുത്തും. തെങ്ങുകയറ്റ യന്ത്രങ്ങള്‍ ലഭ്യമാക്കും. അനുയോജ്യമായ തെങ്ങുകയറ്റ യന്ത്രം രൂപകല്‍പ്പന ചെയ്യുന്നതിന് ഹാക്കത്തോണ്‍ സംഘടിപ്പിക്കും. തെങ്ങുകയറ്റ തൊഴിലാളികളുടെ സംഘങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ രൂപീകരിച്ച് യൂബര്‍ മോഡലില്‍ കൃഷിക്കാരുമായി ബന്ധപ്പെടുത്തും.

   

  റബര്‍

 36. റബറിന്റെ റീപ്ലാന്റിംഗ് സബ്സിഡി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. റബറിന്റെ സംഭരണവില 250 രൂപയായി ഉയര്‍ത്തും. ഇതിലൊരു ഭാഗം കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്‍കൈയെടുക്കും.

 37. റബ്ബര്‍ ലാറ്റക്സും റബ്ബര്‍ ഷീറ്റും കാര്‍ഷികോല്‍പ്പന്നമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. കോട്ടയത്ത് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയില്‍ ടയര്‍ ഫാക്ടറി അടക്കമുള്ള റബര്‍ പാര്‍ക്ക് സ്ഥാപിക്കും. കൃഷിക്കാരില്‍ നിന്നും ലാറ്റക്സ് സംഭരിക്കുന്നതിന് അമുല്‍ മോഡലില്‍ സഹകരണ സംഘം സ്ഥാപിക്കും. ലാറ്റക്സ് അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇന്‍വെസ്റ്റ് സബ്സിഡിയും സൗജന്യ പാട്ടഭൂമിയും അനുവദിക്കും.

 38. റോഡ് നിര്‍മ്മാണത്തില്‍ കേരളത്തിന്റെ മുന്‍കൈയില്‍ റബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും. ദേശീയതലത്തില്‍ ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

   

  മറ്റു തോട്ടവിളകള്‍

 39. നാളികേരത്തിനെന്ന പോലെ താങ്ങുവില വയനാട്ടിലെ കാപ്പി കൃഷിക്കും താങ്ങുവില നടപ്പാക്കുന്നതാണ്. നിര്‍ദ്ദിഷ്ട ഗുണനിലവാരമുള്ള കാപ്പിക്ക് 90 രൂപയായിരിക്കും തറവില. ഈ കാപ്പിക്കുരു ബ്രാന്‍ഡഡ് കാപ്പിപ്പൊടിയായി വിപണനം ചെയ്യുന്നതിനുള്ള വിപുലമായ പരിപാടി ആവിഷ്കരിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സര്‍ക്കാര്‍ നല്‍കും.

 40. കിഫ്ബി മുതല്‍മുടക്കില്‍ വയനാട് കോഫി പാര്‍ക്ക് സജ്ജമാകും. ഭൂരിപക്ഷം കൃഷിക്കാരുടെയും കാപ്പിക്കുരു അതോടെ തറവില അടിസ്ഥാനത്തില്‍ സംഭരിക്കുന്നതിനുള്ള സംവിധാനമൊരുങ്ങും.

 41. അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയില്‍ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. ഇവയ്ക്ക് റബ്ബര്‍ താങ്ങുവിലയുടെ മാതൃകയില്‍ സംരക്ഷണം നല്‍കണമെന്ന് കേരളം ശക്തമായി കേന്ദ്രത്തോട് ആവശ്യപ്പെടും.

 42. കുരുമുളകു പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, കൊക്കോ, പഴവര്‍ഗ്ഗങ്ങള്‍, തുടങ്ങിയവ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുള്ള പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതാണ്. വയനാട് മെഗാഫുഡ് പാര്‍ക്കും മുട്ടത്തൈ സ്പൈസസ് പാര്‍ക്കും ഹൈറേഞ്ചില്‍ ഫുഡ് പാര്‍ക്കും സ്ഥാപിക്കും. ഈ പാര്‍ക്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി കാപ്പിയിലെന്ന പോലെ ഈ വിളകള്‍ക്കും സംഭരണവില നടപ്പിലാക്കും.

 43. പ്ലാന്റേഷന്‍ മേഖലയിലെ മുഖ്യപ്രശ്നം പഴക്കമേറിയ മരങ്ങളാണ്. ഇവ അടിയന്തരമായി റീപ്ലാന്റ് ചെയ്യേണ്ടതുണ്ട്. ഇതിനൊരു ഫലപ്രദമായ മാര്‍ഗം തൊഴിലുറപ്പുപദ്ധതിയെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, ഇതൊരു ആവര്‍ത്തന കൃഷി പ്രവര്‍ത്തനമായി കണ്ടുകൊണ്ട് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇത് തിരുത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരും.

 44. ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ ഭാഗമായി തോട്ടം മേഖലയില്‍ വിപുലമായ നീര്‍ത്തട അടിസ്ഥാനത്തിലുള്ള മണ്ണുജല സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നത് തോട്ടം മേഖലയ്ക്ക് ഉത്തേജകമാകും.

 45. തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ ആദായം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തേന്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കും. തൃശ്ശൂരിലെ തേന്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കും. കാട്ടാനശല്യം പ്രതിരോധിക്കുന്നതിനു തേനീച്ചു കൂടുകളുടെ ശൃംഖല പരീക്ഷിച്ചു നോക്കും.

 46. എല്ലാ വിളകളുടെയും വിപണന ശൃംഖല പഠിക്കുകയും വിപണനത്തിനായുള്ള വിള അടിസ്ഥാനത്തിലുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതിനൊരു വിദഗ്ധ സമിതിയെ നിയോഗിക്കും. ഏലം പോലുള്ള വിളകളില്‍ ഇ ഓക്ഷന്‍ പ്രോത്സാഹിപ്പിക്കും.

 47. തോട്ടം മേഖലയിലെ പ്രതിസന്ധിമൂലം തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും താരതമ്യേന പിന്നോക്കം പോവുകയാണ്. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടും മൂല്യവര്‍ദ്ധിത വൈവിധ്യവല്‍ക്കര ണത്തിലൂടെയും തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ അധിക വരുമാനം കണ്ടെത്തിയേ തീരൂ. തോട്ടം തൊഴിലാളികള്‍ക്ക് മിനിമം ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. മുഴുവന്‍ തോട്ടം തൊഴിലാളികളേയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഇടപെടല്‍ നടത്തും.

   

  മലയോര കൃഷിഭൂമി

 48. കൈയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.

 49. 01.01.1977 ന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കിത്തുടങ്ങി. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി താമസംവിന പൂര്‍ത്തീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി (ഇ.എസ്.എ) നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കും. മൂന്നാര്‍ ഏരിയ എന്ന് കണക്കാക്കപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്‍ഷിക പ്രദേശങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

 50. ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നം പരിഹരിക്കുന്നതിന് സജീവമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചും അവരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും.

   

  ജലസേചനം

 51. കാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ ആവശ്യമായ സമയത്ത് ആവശ്യമുള്ള വെള്ളം അനിവാര്യമാണ്. ജലസേചന വകുപ്പ് നദീതട അടിസ്ഥാനത്തിലും വന്‍നീര്‍ത്തട അടിസ്ഥാനത്തിലുമുള്ള ആസൂത്രണ മാണ് ഏറ്റെടുക്കുക. സൂക്ഷ്മനീര്‍ത്തടങ്ങളുടെ ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലായിരിക്കും. അവയോടു ബന്ധപ്പെടുത്തി യായിരിക്കും ചെറുകിട ജലസേചനം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.