Skip to main content

കടൽ കടലിന്റെ മക്കൾക്ക്

മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വില്‍പ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമം പാസ്സാക്കിയതുപോലെ മറ്റ് അക്വേറിയം റിഫോംസിനു വേണ്ടിയുള്ള സമഗ്രനിയമം തയ്യാറാക്കും. കോണ്‍ഗ്രസാണ് ആഴക്കടല്‍ വിദേശ കപ്പലുകള്‍ക്കു തുറന്നുകൊടുത്തത്. ബി.ജെ.പിയാണ് തീരക്കടല്‍കൂടി അവര്‍ക്കു തീറെഴുതാന്‍ ഒരുക്കുകൂട്ടുന്നത്. കേന്ദ്രം എന്തുതന്നെ തീരുമാനിച്ചാലും കോര്‍പ്പറേറ്റ് ട്രോളറുകള്‍ക്ക് കേരളത്തിലെ ഹാര്‍ബറുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുവാദം നിയമപരമായി നിഷേധിക്കും. (

മത്സ്യമേഖല

  1. ആഴക്കടലടക്കം മത്സ്യമേഖലയില്‍ കടലിന്റെ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ അക്വേറിയം റിഫോംസിനു വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേയ്ക്കുള്ള പ്രവേശന അധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തും. ഈ സമീപനത്തിനെതിരെ ആഴക്കടല്‍ മത്സ്യബന്ധനം വിദേശ ട്രോളറുകള്‍ക്കു തുറന്നുകൊടുക്കുകയാണ് നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു പടികൂടി മുന്നോട്ടുപോയി. തീരക്കടലിനുമേലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നിയന്ത്രണ അവകാശങ്ങള്‍കൂടി കവരാനാണ് ശ്രമിക്കുന്നത്. ബ്ലൂഇക്കോണമി നയരേഖയില്‍ തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം കോര്‍പ്പറേറ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ്. മത്സ്യസമ്പത്തിന്റെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലം. ഇതിനെല്ലാം കടകവിരുദ്ധമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനകം മത്സ്യത്തിന്റെ ആദ്യ വില്‍പ്പനാവകാശം ഉറപ്പുവരുത്തുന്നതിനും മത്സ്യത്തിനു ന്യായവില ലഭ്യമാക്കുന്നതിനും കേരള മത്സ്യലേലം, വിപണനം ഗുണനിലവാര പരിപാലന നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ നിയമം കൊണ്ടുവരും.

  2. മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നത് ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് 2016 ലെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്: ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ എല്‍.ഒ.പി. സ്കീമില്‍ വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിന് ബദല്‍ നടപടിയായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന തദ്ദേശീയ യാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും പുതിയ യാനങ്ങള്‍ സ്വായത്തമാക്കുന്നതിനും സബ്സിഡികളും ഉദാരമായ വായ്പാ നയങ്ങളും ആവിഷ്ക്കരിച്ച് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനത്തെ ബജറ്റില്‍ ഇതിനുള്ള ഒരു പരിപാടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇത്ര സുവ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ ഇന്ന് യു.ഡി.എഫും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും ചേര്‍ന്ന് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പരിഹാസ്യമാണ്.

  4. കേരളത്തിന്റെ തീരക്കടല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായ തോതില്‍ പരിപാലിക്കുന്നതിന് 1980 ലെ കെ.എം.എഫ്.ആര്‍ ആക്ടില്‍ പങ്കാളിത്ത വിഭവ പരിപാലനത്തിലും നിയന്ത്രണത്തിലും ഊന്നിയുള്ള കാലോചിതമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം, ജില്ല, മത്സ്യഗ്രാമം എന്നീ തലങ്ങളിലെ ത്രിതല ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കും.

  5. മണ്‍സൂണ്‍കാല മത്സ്യബന്ധന നിരോധനം തുടര്‍ന്നും നടപ്പിലാക്കും.