Skip to main content

പെട്രോളിയം വിലവര്‍ധന ജനജീവിതം കൂടുതൽ താറുമാറാക്കുന്ന സാഹചര്യത്തിലാണ്‌ ജൂണ്‍ നാലിന്‌ ജില്ല, ഏരിയ കേന്ദ്രങ്ങളില്‍ സിപിഐ എം വലിയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌

പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച്‌ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രസര്‍ക്കാർ നയം ശക്തമായ പ്രതിഷേധത്തിന്‌ ഇടയാക്കുന്നു. ഏതാനും ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടു രൂപയിലേറെ വര്‍ധിപ്പിച്ചു. വാണിജ്യ പാചകവാതകത്തിന്റെ വിലയും വീണ്ടും ഉയര്‍ത്തി ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. വിലക്കയറ്റം, തൊഴിലില്ലായ്‌മ, വരുമാനക്കുറവ് എന്നിവയാൽ നട്ടംതിരിയുന്ന ജനവിഭാഗങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നടപടികള്‍.

​അഞ്ച് സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലവര്‍ധനയ്‌ക്ക്‌ തുടക്കമിട്ടത്. തെരഞ്ഞെടുപ്പുകാലത്ത് വിലവര്‍ധന പിടിച്ചുനിര്‍ത്തി. പക്ഷേ, ഫലം വന്നയുടന്‍ ഘട്ടം ഘട്ടമായി വില ഉയര്‍ത്തി. ഇ‍ൗ നടപടി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്‌ട്രീയസമീപനത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളുടെമേല്‍ ഭാരം കയറ്റുന്ന രീതി ജനാധിപത്യത്തോടുള്ള വെല്ലുവിളികൂടിയാണ്.

​പശ്ചിമേഷ്യൻ സംഘര്‍ഷവും അന്താരാഷ്‌ട്രവിപണിയിൽ ക്രൂഡ്‌ ഓയില്‍വില കൂടിയതുമാണ് ആഭ്യന്തര വിലവര്‍ധനയ്‌ക്ക്‌ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും അവകാശപ്പെടുന്നത്. എന്നാല്‍, ഈ വാദം വസ്‌തുതകളുമായി പൊരുത്തപ്പെടുന്നതല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുംമുമ്പ് ഇന്ത്യയിലെ ഇന്ധനവില ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായിരുന്നു. ആഗോളവിപണിയില്‍ ക്രൂഡ്‌ ഓയില്‍വില ബാരലിന് 70–80 ഡോളറിനിടയില്‍ നിന്ന കാലത്തും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

​2022ല്‍ റഷ്യ–ഉക്രയ്‌ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ്‌ ഓയില്‍വില ബാരലിന് 100 ഡോളര്‍ കടന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില പലതവണ വര്‍ധിപ്പിച്ചു. എന്നാല്‍, പിന്നീട് ക്രൂഡ്‌ ഓയില്‍വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചില്ല. അന്താരാഷ്‌ട്രവിപണിയിലെ വിലവര്‍ധനയാണ് ഏക കാരണമെന്ന വാദം, യാഥാര്‍ഥ്യം മറച്ചുവയ്‌ക്കാനുള്ള ശ്രമം മാത്രമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

​ഇന്ധനവിലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ വരുമാനസ്രോതസ്സായി ഉപയോഗിക്കുകയാണ്. 2014നുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവയും മറ്റു പ്രത്യേക നികുതികളും പലമടങ്ങ് വര്‍ധിപ്പിച്ചു. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍പ്പോലും നികുതികള്‍ കുറയ്‌ക്കാതെ വരുമാനം വര്‍ധിപ്പിക്കുകയായിരുന്നു കേന്ദ്രം. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് കോടി രൂപയാണ് സാധാരണ ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയത്.

​ഇന്ധന വിലവര്‍ധനയുടെ മറ്റൊരു പ്രധാന പ്രത്യാഘാതം വിലക്കയറ്റമാണ്. ചരക്കുനീക്കംമുതല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനംവരെ എല്ലാ മേഖലകളെയും ഇന്ധനവില നേരിട്ട് ബാധിക്കും. ഡീസല്‍വില ഉയരുമ്പോള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. ലോറി, ബസ്, ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങി എല്ലാ ഗതാഗതമേഖലകളുടെയും ചെലവ് കൂടുന്നു. അതിന്റെ ഫലമായി ഭക്ഷ്യവസ്‌തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില ഉയരുന്നു. ഇതിനകംതന്നെ ഉയര്‍ന്നനിലയില്‍ നില്‍ക്കുന്ന വിലക്കയറ്റം ഇന്ധന വിലവര്‍ധനയാൽ കൂടുതല്‍ രൂക്ഷമാകും.

​രാജ്യത്തെ നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പശ്ചിമേഷ്യന്‍ യുദ്ധത്തെമാത്രം കുറ്റപ്പെടുത്താനാകില്ല. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസും ബിജെപിയും പിന്തുടര്‍ന്ന നവഉദാര സാമ്പത്തികനയങ്ങളാണ് പ്രതിസന്ധിയുടെ അടിസ്ഥാനകാരണം. 1991ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണനയങ്ങള്‍ കോര്‍പറേറ്റ് മൂലധനത്തിനും ധനമൂലധനത്തിനും അനുകൂലമായ വളര്‍ച്ച സൃഷ്‌ടിച്ചെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. മറിച്ച് അസമത്വം വര്‍ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ വിദേശമൂലധനത്തെ ആശ്രയിക്കുന്നനിലയിലേക്ക് തള്ളിവിടുകയും ചെയ്തു.

ഇറാന്‍, വെനസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ്‌ ഓയില്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഇന്ത്യക്ക് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങി ഇറാനില്‍നിന്നും വെനസ്വേലയില്‍നിന്നുമുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതും റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറച്ചതുമാണ്‌ നിലവിലെ പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങളിലൊന്ന്. 40 ശതമാനം വിലക്കുറവില്‍ എണ്ണ നല്‍കാമെന്ന റഷ്യന്‍ വാഗ്‌ദാനം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ നിര്‍ത്തിവയ്‌ക്കുകയാണ്. സ്വതന്ത്രമായ വിദേശനയത്തിനുപകരം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന സമീപനമാണ് രാജ്യത്തെ ഊര്‍ജസുരക്ഷ ദുര്‍ബലമാക്കിയത്. വിദേശനയത്തിലുണ്ടാകുന്ന വ്യതിയാനം രാജ്യത്തിന്റെ വിവിധ മേഖലകളിലെ ജനജീവിതത്തെ ബാധിക്കുമെന്ന ഇടതുപക്ഷനിലപാടുകള്‍ ശരിയായിരുന്നുവെന്ന് ഇത് ഓര്‍മപ്പെടുത്തുന്നു.

​ആഗോളവല്‍ക്കരണനയങ്ങള്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ നയമാണ് പെട്രോളിയം വിലവര്‍ധനയിൽ ഉള്‍പ്പെടെ പ്രതിഫലിച്ചിട്ടുള്ളത്. നേരത്തേ, രാജ്യത്ത്‌ നിലനിന്ന ഓയില്‍ പൂള്‍ അക്കൗണ്ട് ഇല്ലാതാക്കി സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുമാറ്റി എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇത്തരം നയം നടപ്പാക്കുമ്പോള്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വിലക്കുറവിന്റെ ആനുകൂല്യം അതത് ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചില്ല. അതേസമയം, വില കൂടുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്.

​2004ല്‍ 33.75 രൂപയായിരുന്നു പെട്രോളിന്റെ വില. 2017ല്‍ 72.26 ആയി. ഇപ്പോൾ 115 രൂപയിലേക്കെത്തി. ജനങ്ങള്‍ ഇത്തരത്തില്‍ പിഴിയപ്പെടുമ്പോള്‍ അത് എണ്ണക്കമ്പനിയുടെ ലാഭമായി മാറുന്നു. രണ്ടുലക്ഷം കോടിയുടെ ലാഭമാണ് ഇക്കാലത്ത് എണ്ണക്കമ്പനികള്‍ക്കുണ്ടായത്. കോര്‍പറേറ്റുകള്‍ ഈ രംഗത്ത് ശക്തമായി കാലുറപ്പിച്ചതോടെയാണ് ഇത്തരം വിലക്കയറ്റത്തിന്റെ ലോകം ഉണ്ടായത്. എല്‍പിജി സബ്സിഡി എടുത്തുമാറ്റുമ്പോള്‍ അവ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍, അതും നടപ്പാക്കിയില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍നിയന്ത്രണം എടുത്തുമാറ്റുകയെന്ന ആഗോളവല്‍ക്കരണനയത്തിന്റെ ഫലമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ഇന്ധന വിലവര്‍ധന.

​രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‌ ലഭിക്കുന്ന നികുതിവര്‍ധന വെട്ടിച്ചുരുക്കണമെന്നായിരുന്നു യുഡിഎഫ് പ്രതിപക്ഷത്തിരുന്ന കാലത്ത് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം നികുതി ഇളവ് അതിന്റെ സാമ്പത്തികപരിമിതിക്കകത്തുനിന്ന്‌ നല്‍കുകയുണ്ടായി. 2018ല്‍ അധികവരുമാനം വേണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ച് നടപ്പാക്കിയിരുന്നു. യുഡിഎഫ്‌ അധികാരത്തില്‍ വന്നശേഷം ഇന്ധന വിലവര്‍ധനയിലൂടെ സംസ്ഥാന ഖജനാവിലേക്കെത്തിയത് 1100 കോടിയിലേറെ രൂപയാണ്. നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അതേ ആവശ്യം ഉപേക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച കാര്യത്തിലെല്ലാം പിറകോട്ടുപോയ യുഡിഎഫിന്റെ നടപടിയുടെ തുടര്‍ച്ചയാണിത്‌.

​ജനങ്ങളുടെ ദൈനംദിനജീവിതത്തെ തകര്‍ക്കുന്ന വിലക്കയറ്റത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ധനവില കുറയ്‌ക്കുക, കേന്ദ്ര എക്‌സൈസ് തീരുവയില്‍ വന്‍ കുറവുവരുത്തുക, സംസ്ഥാന നികുതികള്‍ സംബന്ധിച്ച് നല്‍കിയ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തില്‍ അവ പുനഃപരിശോധിക്കുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, തൊഴിലാളികളുടെയും കര്‍ഷകരുടെയും വരുമാനം സംരക്ഷിക്കുക തുടങ്ങിയ നടപടികളാണ് അടിയന്തരമായി ആവശ്യമായിരിക്കുന്നത്.

​പെട്രോളിയം വിലവര്‍ധന ജനജീവിതം കൂടുതൽ താറുമാറാക്കും. ഈ സാഹചര്യത്തിലാണ്‌ ജൂണ്‍ നാലിന്‌ ജില്ല, ഏരിയ കേന്ദ്രങ്ങളില്‍ സിപിഐ എം വലിയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ഈ പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.