Skip to main content

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയതെന്നാണ് പാർടി വിലയിരുത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും വിലയിരുത്തുകയുണ്ടായി. ബിജെപിക്ക് 2019ലേതിനേക്കാൾ 63 സീറ്റ് അതായത് 20 ശതമാനം സീറ്റ് കുറഞ്ഞു. തനിച്ച് ഭൂരിപക്ഷം നേടാൻ 32 സീറ്റിന്റെ കുറവാണുണ്ടായത്. സഖ്യകക്ഷികൾക്ക് 52 സീറ്റ് നേടാനായതിനാൽ 292 സീറ്റുമായി കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ ബിജെപിക്ക് വോട്ട് ശതമാനത്തിൽ വൻ ഇടിവുണ്ടായിട്ടില്ലെന്നും പാർടി വിലയിരുത്തി. 2019നേക്കാൾ 1.14 ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായത്. അതിനാൽ "ബിജെപി കഴിഞ്ഞ ദശാബ്ദങ്ങളിൽ വളർത്തിയെടുത്ത വർഗീയത കൂടുതൽ വളർത്താനും വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് മൂർച്ച കൂട്ടി കോർപറേറ്റ് - വർഗീയ അജൻഡ മുന്നോട്ടു നീക്കാനും അവർക്കുള്ള ശേഷി കുറച്ചു കാണാനാകില്ലെന്നും’ പാർടി വിലയിരുത്തുകയുണ്ടായി.
പാർടിയുടെ മേൽപ്പറഞ്ഞ നിരീക്ഷണം അക്ഷരംപ്രതി ശരിവയ്‌ക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അസമിലും ഉത്തർപ്രദേശിലും മറ്റും മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി നിയമനിർമാണങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രം പാസാക്കിയത്. മുസ്ലിങ്ങളുടെ വീടുകളും കടകളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമായി ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സുപ്രീംകോടതി ബിജെപിയുടെ ഈ ബുൾഡോസർ രാജിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ഗോസംരക്ഷകർ ഒരാഴ്ചയ്‌ക്കകം രണ്ട് കൊലപാതകങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഒരു മുസ്ലിം വയോധികനെ ഗോസംരക്ഷകർ ഭീകരമായി മർദിച്ചു. ഉത്തരാഖണ്ഡിൽ മുസ്ലിങ്ങളുടെ കടകൾ വ്യാപകമായി നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന വാർത്തകൾ പരക്കവെയാണ് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ശക്തമാക്കി ഭൂരിപക്ഷ വോട്ടുകൾ നേടാനുള്ള ശ്രമങ്ങൾ ആർഎസ്എസ്-ബിജെപി ശക്തമാക്കിയത്.

ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് സാബിർ എന്ന കുടിയേറ്റ തൊഴിലാളിയായ യുവാവിനെ ഹരിയാനയിലെ ഛാർഖി ദാദ്രിയിൽ സംഘപരിവാറുകാരായ ഗോസംരക്ഷകർ മർദിച്ചു കൊന്നത്. പാഴ്‌വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശിയെയാണ് ഗോസംരക്ഷക ഗുണ്ടകൾ വീട്ടിൽനിന്നും പിടിച്ചിറക്കി തെരുവിലേക്ക് കൊണ്ടുവന്ന് അടിച്ചുകൊന്നത്. പശുക്കടത്ത് സംശയിച്ചാണ് 12–- -ാം ക്ലാസ് വിദ്യാർഥിയായ ആര്യ മിശ്രയെ ഗോസംരക്ഷർ വെടിവച്ചുകൊന്നത്. ഹരിയാനയിലെ ഫരീദാബാദിനടുത്ത് വച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. ആര്യമിശ്ര സഞ്ചരിച്ച കാറിൽ പശുമാംസം കടത്തുകയാണെന്ന സംശയത്തിന്റെ പേരിൽ 30 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് ഗന്ധ്പുരി ടോളിന് സമീപംവച്ച് കാറിനുനേരേ വെടിവച്ചത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2015 സെപ്തംബർ 28ന് ഉത്തർപ്രദേശിലെ ദാദ്രിയിൽ 45കാരനായ അഖ്‌ലാഖിനെ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അടിച്ചുകൊന്നതുമുതൽ വ്യാപകമായ ആൾക്കൂട്ടക്കൊല, ഒമ്പത് വർഷമായിട്ടും നിർബാധം തുടരുന്നുവെന്നത് രാജ്യത്തെ നിയമവാഴ്ച മോദി ഭരണത്തിൽ തകർന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ്. ഇത്തരം ആൾക്കൂട്ടക്കൊലകളെ കർശനമായി തടയുന്നതിനുപകരം കൊലയാളികൾക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് ബിജെപി നേതാക്കളും സർക്കാരും സ്വീകരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി നയിബ് സിങ് സൈനിയുടെ പ്രസ്താവനതന്നെ ഇതിന് ഉദാഹരണമാണ്. പശുസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരും പശുക്കളെ കൊല്ലരുതെന്നും അങ്ങനെ ചെയ്താൽ ഗ്രാമീണരിൽനിന്നും ഉണ്ടാകുന്ന പ്രതികരണം സ്വാഭാവികമാണെന്നുമായിരുന്നു പറഞ്ഞത്‌. എന്നാൽ മനുഷ്യാവകാശങ്ങളോ മനുഷ്യ ജീവനോ സംരക്ഷിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മഹാരാഷ്ട്രയിൽ ശിവജിയുടെ പ്രതിമ തകർന്നപ്പോൾ മാപ്പു പറഞ്ഞ പ്രധാനമന്ത്രി ആൾക്കൂട്ടക്കൊലയെ അപലപിക്കാൻ തയ്യാറായില്ല. ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ നന്ദ് ഘട്ടിൽ മുസ്ലിങ്ങളുടെ ഒരു ഡസനോളം കടകളും താൽക്കാലിക പള്ളിയും ഹിന്ദുത്വ തീവ്രവാദികൾ നശിപ്പിച്ചു. ഗോമാംസം കൈവശംവച്ചുവെന്ന് പറഞ്ഞ് വസിം എന്ന 22കാരൻ ദുരൂഹസാഹചര്യത്തിൽ ഹരിദ്വാറിൽ കൊല്ലപ്പെടുകയും ചെയ്തു. പൊലീസിന്റെ പശുസംരക്ഷണ യൂണിറ്റിലെ അംഗങ്ങൾ മർദിക്കുകയും വെടിവയ്‌ക്കുകയും ചെയ്തശേഷം പൊതുകിണറിൽ ഇടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം.

മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ ഹാജി അഷ്റഫ് മുന്യാർ എന്ന 72കാരനുണ്ടായ ദുരനുഭവം അക്രമാത്‌മക ഹിന്ദുത്വം എത്രമാത്രം ആഴത്തിൽ വേരൂന്നിയെന്നതിന് ഉദാഹരണമാണ്. ജൽഗാവിൽനിന്നും മകൾ താമസിക്കുന്ന കല്യാണിലെ കോൻഗാവിലേക്ക് പോകുകയായിരുന്ന അഷ്റഫിനെ ഗോമാംസം കൈവശംവച്ചു എന്നാരോപിച്ച് സഹയാത്രികരായ ഏതാനും ചെറുപ്പക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. ഗോമാംസം ഉപയോഗിക്കുന്നത് 2015ൽ നിരോധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ ഗോമാംസമല്ല പോത്തിറച്ചിയാണ് കൈവശമുള്ളതെന്ന് അഷ്റഫ് താഴ്മയോടെ പറഞ്ഞെങ്കിലും അതൊന്നും ഹിന്ദുത്വരാഷ്ട്രീയം തലയിൽക്കയറിയ യുവാക്കളെ അദ്ദേഹത്തെ മർദിക്കുന്നതിൽനിന്നും പിന്തിരിപ്പിച്ചില്ല. ബജ്‌റംഗദൾ പ്രവർത്തകരെ വിളിച്ച് ശരീരം തുണ്ടം തുണ്ടമാക്കുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഈ യുവാക്കൾ അഷ്‌റഫിനോട് വിളിച്ചു പറഞ്ഞുവത്രെ. പൊലീസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള പരീക്ഷയ്‌ക്ക് പോകുന്ന യുവാക്കളാണ് ഗോസംരക്ഷക ഗുണ്ടകളായി, മുസ്ലിം വയോധികന്റെ മുഖത്തും നെഞ്ചത്തും വയറ്റിലും ആവർത്തിച്ച് മർദിച്ചത്. റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും വധശ്രമം, വർഗീയ കലാപനീക്കം തുടങ്ങിയ വകുപ്പുകൾ ചേർക്കാതെയാണ് എഫ്എആർ ഇട്ടത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് 24 മണിക്കൂറിനകം ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ അഷ്റഫിനെ മർദിക്കുന്ന വീഡിയോ വൈറലായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതൃത്വവും പ്രശ്നത്തിൽ ഇടപെട്ടതിന്റെ ഫലമായി ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജാമ്യം നൽകിയ നടപടി റദ്ദ് ചെയ്തിരിക്കുകയാണ്.

ഇന്ത്യൻ ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്ന ഭരണാധികാരികൾക്ക് , മനുഷ്യന് പശുവിന്റെ വിലപോലും കൽപ്പിക്കാൻ തോന്നാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. നാഗ്പുരിൽനിന്നുള്ള പരിശീലനത്തിന്റെ ഭാഗമായിരിക്കണം ഈ മനുഷ്യത്വമില്ലായ്മയും ഹിംസയോടുള്ള പ്രതിപത്തിയും. അതോടൊപ്പം നമ്മുടെ കുട്ടികളെയും ചെറുപ്പക്കാരെയും ഹിന്ദുത്വരാഷ്ട്രീയം എങ്ങോട്ടാണ് നയിക്കുന്നതെന്ന ഭയപ്പെടുത്തുന്ന സൂചനയും ഈ സംഭവങ്ങൾ നൽകുന്നുണ്ട്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കുട്ടികളെ ഇതരമത വിദ്വേഷം മനസ്സിലേക്ക് അടിച്ചുകയറ്റി ക്രിമിനലുകളായി മാറ്റുന്ന കാഴ്ച ഭയപ്പെടുത്തുന്നതാണ്. എന്തുകൊണ്ട് കുട്ടികളെ ആർഎസ്‌എസ് ശാഖയിലേക്ക് അയക്കരുതെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണിത്. റെയിൽ സുരക്ഷാ സേനയിലെ ചേതൻസിങ്ങിനെ ഓർമയില്ലേ. ജയ്‌പുരിൽനിന്നും മുംബൈയിലേക്കുള്ള ട്രെയിനിൽ വച്ച് തന്റെ മേലുദ്യോഗസ്ഥനെയും മൂന്ന് മുസ്ലിങ്ങളെയും വെടിവച്ചു കൊന്ന ചേതൻ സിങ്. ചേതൻസിങ്ങിനെ പോലെയുള്ള കൊടും ക്രിമിനലുകളെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രത്തെ അറിഞ്ഞോ അറിയാതെയോ പുൽകാൻ വെമ്പുന്ന മലയാളികൾ ഈ വിപത്ത് തിരിച്ചറിയണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു. വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കാൻ മേൽപ്പറഞ്ഞ സംഭവങ്ങൾ ധാരാളമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ എന്തു വില കൊടുത്തും ചെറുത്തേ മതിയാകൂ. സ്വൈരജീവിതവും സമാധാനവും പുരോഗതിയും കൈവരിക്കാൻ ഇത് അനിവാര്യമാണ്.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.