Skip to main content

വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം – വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട്‌ സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ്‌ വി എസ്‌. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌.
സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌ അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാർട്ടി ലോകത്തിന്‌ നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട്‌ പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ്‌ ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര–വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്‌ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്‌. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ്‌ ഇറങ്ങിച്ചെന്നത്‌ ഒരു പോരാളിയായാണ്‌. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന്‌ നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം.

ഭീഷണികൾക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നിൽ ശിരസ്‌ കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വിഎസ്‌ കേരളത്തെ നയിച്ചത്‌. ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വിഎസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാൻ നമുക്കാകില്ല. സ്വാതന്ത്ര്യ സമര സേനാനി, കർഷക, കർഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്‌ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട്‌ പടവെട്ടിയ പ്രതിപക്ഷ നേതാവ്‌.. അങ്ങിനെ ഒറ്റക്കള്ളിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്‌.
പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നത്‌. വിപ്ലവ കേരളത്തെ മുന്നിൽ നിന്ന്‌ നയിച്ച ധീര സഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വിട പ്രിയസഖാവേ ലാൽസലാം
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.