Skip to main content

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറൽ ക്രമമല്ല. “ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ്.
സ്വാതന്ത്ര്യാനന്തരം കേന്ദ്ര സർക്കാരുകൾ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങൾ അനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യം കുറയുകയും അതേ സമയം നിയന്ത്രണത്തിൽ വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.
സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിന് മറയായി ഉപയോഗിക്കുന്നത് സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനായാണ്. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാൽ അതിന്റെ മറയിൽ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല.
ജനാധിപത്യം സംഖ്യകളുടെ ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല. അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനിൽക്കേണ്ടത്. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടണം. ഇല്ലെങ്കിൽ, മണ്ഡലപുനർനിർണയ ബിൽ രാഷ്ട്രീയ ആധിപത്യം നിയമവിധേയമാക്കാനുള്ള കുറുക്ക് വഴിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.