യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.
195 പേജ് വരുന്ന രേഖ ഒരാഴ്ചയിൽ താഴെ സമയം കൊണ്ടാണ് തയ്യാറാക്കിയത്. ഇത്രയും സാങ്കേതിക വിശദാംശങ്ങളും ദൈർഘ്യവും ഉള്ള ഒരു രേഖ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കണമെങ്കിൽ സർക്കാരിന്റെ വൻ തോതിലുള്ള ധനകാര്യ രേഖകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിലുള്ള മാർഗ നിർദേശങ്ങളും നിയമപരമായ ബാധ്യതകളുമനുസരിച്ച് ധനകാര്യ രേഖകൾ എഐ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ പാടില്ല. രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിൽ സുപ്രീംകോടതി തന്നെ നിയന്ത്രണം നൽകിയിട്ടുണ്ട്.
നിയമസഭയിൽ വെക്കുന്ന രേഖകളുടെ ആധികാരികത ഇല്ലാതാക്കുകയാണ് ഇത്തരം നടപടി. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കും. ദൈനംദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ഇനി ആർക്കും ലഭ്യമാകും. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.
സീക്രട്ട് സെക്ഷനിലെ രേഖകൾ പരിശോധിക്കാൻ എഐ ഉപയോഗിച്ചിട്ടുണ്ടോ?, ധനവകുപ്പിന് പുറത്തുള്ളവർക്ക് എടുക്കാൻ കഴിയും വിധം വിവരങ്ങൾ ഇപ്പോൾ ഡിജിറ്റൽ സ്പേസിൽ ഉണ്ടോ?, ധവളപത്രം തയ്യാറാക്കാൻ ഏതൊക്കെ ജനറേറ്റിവ് എഐ ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്?, അതിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങൾ എന്തൊക്കെയാണ്? എന്നതടക്കമുള്ള കാര്യങ്ങളിലും സതീശൻ മറുപടി പറയണം.
കേരളത്തിലെ വികസനചെലവ് വളരെക്കുറവാണെന്ന് ഉൾപ്പെടെയുള്ള അബദ്ധങ്ങൾ ധവളപത്രത്തിൽ എങ്ങനെ വന്നു എന്ന് ഇപ്പോഴാണ് മനസിലായത്. റിസർവ് ബാങ്കിന്റെ വിവരങ്ങളാണ് എഐ വിശകലനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പണം ആർബിഐയുടെ കണക്കിൽ ഉൾപ്പെടില്ല. ഗ്രാന്റായാണ് അത് കണക്കാക്കുന്നത്.
