Skip to main content

ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി–കോൺഗ്രസ് ഡീൽ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് മാധ്യമങ്ങളുടേത്, മാധ്യമങ്ങളുടെ ഈ കള്ളക്കളി ജനങ്ങൾ തിരിച്ചറിയും

കേരളത്തിൽ മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഉത്തർപ്രദേശിലെ റായ്ബറേലിയിലും ജയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി ഉപേക്ഷിച്ച വയനാട്ടിലും തൃശൂർ ജില്ലയിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിതവിജയം നേടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. ബിജെപിയാകട്ടെ ഒരു സീറ്റ് ആദ്യമായി നേടുകയും ചെയ്തു. എൽഡിഎഫിനെ സംബന്ധിച്ച് കേരളത്തിലെ ഫലം നിരാശയുളവാക്കുന്നതായിരുന്നു. ഈ ജനവിധിയിലേക്ക് നയിച്ച കാരണങ്ങൾ പരിശോധിക്കുകയും തെറ്റുകൾ തിരുത്താൻ കഴിഞ്ഞ അഞ്ച് മാസങ്ങളിൽ ആത്മാർഥമായ ശ്രമംതന്നെ പാർടിയുടെയും എൽഡിഎഫിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്തു. ഈ വേളയിലാണ് മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്.

സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തങ്ങളാണ് ആദ്യഘട്ടത്തിൽ മുന്നേറിയതെന്ന് കോൺഗ്രസ് നേതാക്കൾ അവകാശവാദം ഉയർത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി യുഡിഎഫ് ക്യാമ്പിനെ മ്ലാനമാക്കി. പാലക്കാട് കോൺഗ്രസ് സംഘടനയിലുണ്ടായ പൊട്ടിത്തെറിയേക്കാൾ പ്രധാനം കെ സുധാകരന്റെയും വി ഡി സതീശന്റെയും നേതൃത്വത്തിലുള്ള കേരളത്തിലെ കോൺഗ്രസ് കാവിവൽക്കരിക്കപ്പെടുകയാണെന്ന ആക്ഷേപം കോൺഗ്രസിനകത്തുനിന്നുതന്നെ വ്യാപകമായി ഉയർന്നുവെന്നതാണ്. ബിജെപിയുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതെന്ന് ആദ്യം ആരോപിച്ചത് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി ഗവേഷകവിഭാഗം കോ ഓർഡിനേറ്ററുമായ ഡോ. പി സരിനാണ്. പാർടിയിൽ വേണ്ടത്ര ചർച്ച നടത്താതെ ചില വ്യക്തികളുടെ താൽപ്പര്യാനുസരണം എടുത്ത തീരുമാനമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. ഞാൻ പറയുന്നയാൾ, എന്റെയാൾ സ്ഥാനാർഥി എന്ന ചിലരുടെ തോന്ന്യാസമാണ് പാർടിയിൽ നടക്കുന്നതെന്ന് സരിൻ പറയുമ്പോൾ കോൺഗ്രസിലെ "ജനാധിപത്യം’ എന്താണെന്ന് എല്ലാവർക്കും ബോധ്യമാകും.

എന്നാൽ ഇതിനേക്കാൾ ഭയാനകം കേരളത്തിലെ കോൺഗ്രസ് നേതാക്കളും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചതും ഭൂരിപക്ഷം സീറ്റിലും യുഡിഎഫ് വിജയിച്ചതും ഈ ഡീലിന്റെ ഭാഗമാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. അക്കാര്യം വസ്തുതയാണെന്നാണ് ഇപ്പോൾ ഒന്നിനു പിറകെ മറ്റൊന്നായി കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡോ. പി സരിനു പുറമെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥും കോൺഗ്രസ് ബിജെപി ഡീൽ യാഥാർഥ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മുൻ കെപിസിസി പ്രസിഡന്റ്‌ കെ മുരളീധരന്റെ സിറ്റിങ് സീറ്റായ വടകരയിൽനിന്ന് തൃശൂരിലേക്ക് മാറ്റിയതും പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിലിനെ വടകര സ്ഥാനാർഥിയാക്കിയതും ഇതിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് നേതാക്കൾതന്നെ സമ്മതിക്കുന്നത്.

തൃശൂരിൽ കോൺഗ്രസിന് 85,000ത്തിൽ അധികം വോട്ടാണ് ചോർന്നത്. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസിന്റെ ഈ ദയനീയമായ പ്രകടനമാണ് ഇവിടെ ബിജെപി സ്ഥാനാർഥി വിജയിക്കാൻ പ്രധാന കാരണമായത്. വടകരയിൽ ഷാഫി പറമ്പിൽ ജയിച്ചാൽ ഒഴിവുവരുന്ന പാലക്കാട് സീറ്റ് ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കാമെന്നാണ് വി ഡി സതീശനും ഷാഫി പറമ്പിലും ബിജെപിക്ക് നൽകിയ വാഗ്‌ദാനമെന്നും കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കാൻ തയ്യാറായ നേതാക്കൾ വെളിപ്പെടുത്തുന്നു. ഈ ഡീലിന്റെ ഭാഗമായാണ് പാലക്കാട്ട് ദുർബലനായ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതെന്നാണ് ഇവരുടെ ആരോപണം. വി ഡി സതീശനും ഷാഫി പറമ്പിലും പ്രത്യേക താൽപ്പര്യമെടുത്താണ് രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നും പാർടിയിൽ ഇതുസംബന്ധിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഈ നേതാക്കൾ വെളിപ്പെടുത്തുന്നത്. മൂന്നുമാസം മുമ്പു തന്നെ പാലക്കാട് താനായിരിക്കും സ്ഥാനാർഥിയെന്ന സൂചന രാഹുൽ മാങ്കൂട്ടത്തിൽ നൽകിയിരുന്നു. ചില സാമുദായിക നേതാക്കളെ സന്ദർശിച്ച് രാഹുൽ വോട്ടഭ്യർഥിച്ചതും വാർത്തയായിരുന്നു. അന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്‌ പറഞ്ഞത് ആരും ഇവിടെവന്ന് ഷോ കാണിക്കരുതെന്നും സ്വയം സ്ഥാനാർഥിയാകരുതെന്നുമായിരുന്നു. എന്നിട്ടും അതേവ്യക്തി ഇപ്പോൾ അതേ മണ്ഡലത്തിൽ സ്ഥാനാർഥിയായിരിക്കുന്നു. ഇത് ഡീലിന്റെ ഭാഗമല്ലാതെ മറ്റെന്തിന്റെ ഭാഗമാണെന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

ബിജെപിയുമായി കേരളത്തിലെ കോൺഗ്രസിന് ബന്ധമുണെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമൊന്നുമില്ല. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ച ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക് ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ തൊഴുതുവണങ്ങുന്ന പ്രതിപക്ഷനേതാവ് നൽകുന്ന സന്ദേശം വ്യക്തം. മാർക്സിസ്റ്റുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആർഎസ്എസ് ശാഖയ്‌ക്ക് കാവലിനായി കോൺഗ്രസ്‌ പ്രവർത്തകരുടെ സേവനം വിട്ടു നൽകിയ വ്യക്തിയാണ് ഇന്ന് കെപിസിസി പ്രസിഡന്റ്‌. തനിക്ക് ബോധ്യംവന്നാൽ ഏതുനിമിഷവും ബിജെപിയിൽ പോകുമെന്നും ആർക്കും അത് തടയാനാകില്ലെന്നും അഭിമാനപുരസ്സരം പറഞ്ഞതും ഇതേ പ്രസിഡന്റാണ്. പുരുഷോത്തം ദാസ് ടണ്ടൻ മുതൽ കമൽനാഥ് വരെ ആർഎസ്എസിനോട് മൃദുസമീപനമുള്ള കോൺഗ്രസ് നേതാക്കളുടെ പട്ടികയിൽ എന്തുകൊണ്ടും ഉൾപ്പെടുത്താൻ അർഹരാണ് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പേരുകൾ. കെപിസിസിയെ ഇവർ കാവി പുതപ്പിക്കുമ്പോൾ അതിലെ മതനിരപേക്ഷവാദികൾക്ക് ശ്വാസം മുട്ടും. അത്തരക്കാർ സ്വാഭാവികമായും കോൺഗ്രസ് വിട്ട് മറ്റ് മതനിരപേക്ഷ പാർടികളിലേക്കും വേദികളിലേക്കും പോകും. മതരാഷ്ട്രവാദികളാകട്ടെ ഇനി കോൺഗ്രസിൽ എന്തിന് നിൽക്കണം പരസ്യമായി ആർഎസ്എസ്‌ ആകുന്നതല്ലേ നല്ലത് എന്ന് കരുതി ബിജെപിയിലേക്കും പോകും. (എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി, കെ കരുണാകരന്റെ മകൾ പത്മജ , ടോം വടക്കൻ, കെ എസ് രാധാകൃഷ്ണൻ തുടങ്ങിയവർ) അതാണ് ഇപ്പോൾ കോൺഗ്രസിൽ സംഭവിക്കുന്നത്.

ഡോ. പി സരിൻ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. നേരത്തേ കെ പി അനിൽകുമാറും മറ്റും ഈ ദിശയിലുള്ള തീരുമാനമെടുക്കുകയും അദ്ദേഹം സിപിഐ എമ്മിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായതിനെ തുടർന്നാണ് ഡോ. സരിനെ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്. കോൺഗ്രസിനെ ബിജെപി പാളയത്തിൽ കെട്ടുന്നതിൽ എതിർപ്പ് അറിയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി വിമതനായി പാലക്കാട് മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. ചേലക്കരയിൽ മുൻ എഐസിസി അംഗം എൻ കെ സുധീറും വിമത സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും കടുത്ത വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്. എന്നാൽ ഇത്തരം അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും ഒന്നുമില്ലാതെ ഇടതുപക്ഷം ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നേറുകയാണ്. ചേലക്കരയിൽ മുൻ എംഎൽഎ യു ആർ പ്രദീപാണ് എൽഡിഎഫ് സ്ഥാനാർഥി. വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരിയും.

കോൺഗ്രസിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും മുഖ്യധാരാ മാധ്യമങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചത് അവരുടെ ഇടതുപക്ഷ വിരോധം വ്യക്തമാക്കുന്നു. മോദിസർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തെയും കോർപറേറ്റ് അനുകൂല നവഉദാരവാദ സാമ്പത്തിക നയത്തെയും എതിർക്കുന്ന ഇടതുപക്ഷത്തിന് ഒരു മുൻകൈയും ലഭിക്കരുതെന്ന നിർബന്ധം കേരളത്തിലെ മാധ്യമങ്ങൾക്കുണ്ട്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി–കോൺഗ്രസ് ഡീൽ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് മാധ്യമങ്ങൾക്കും ഉള്ളത്. വൻമരം വീഴ്‌ത്തുന്നതുപോലെ കേരളത്തിലെ ഇടതുപക്ഷത്തെയും സർക്കാരിനെയും വീഴ്‌ത്തണമെന്നാണ് ഒരു മുൻ കേന്ദ്രമന്ത്രി കോഴിക്കോട്ട് വന്ന് മാധ്യമമേലാളന്മാരോട് അഭ്യർഥിച്ചത്. അത് ശിരസാവഹിക്കുന്ന മലയാളം മാധ്യമങ്ങൾ സിപിഐ എമ്മിനെതിരായ ചെറിയ വാർത്തകൾപോലും നാലും അഞ്ചും പേജുകളിൽ കഥകളും ഉപകഥകളുമായി വിന്യസിക്കുമ്പോൾ കാവിവൽക്കരണത്തിനെതിരെ കോൺഗ്രസിൽ ഉയരുന്ന കലാപത്തെ കാണാൻ തയ്യാറാകുന്നില്ല. അവരുടെ കണ്ണുകൾ വലതുപക്ഷം വിലയ്‌ക്കെടുത്തിരിക്കുന്നു. രാഷ്ട്രീയ വിശകലനങ്ങളിൽപ്പോലും ഇക്കാര്യം പരാമർശിക്കാതിരിക്കാൻ മലയാള മനോരമയും മാതൃഭൂമിയും മറ്റും പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാൽ മാധ്യമങ്ങളുടെ ഈ കള്ളക്കളി ജനങ്ങൾ തിരിച്ചറിയും. യുഡിഎഫിനും ബിജെപിക്കും എതിരെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ വിധിയെഴുതും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളത്തിന്റെ ആഭ്യന്തര വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനം

സ. പിണറായി വിജയൻ

കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുകയാണ്. ഇക്കാലത്ത് നമ്മുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി

സ. പിണറായി വിജയൻ

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്.

യുഡിഎഫ് വർഗീയശക്തികൾക്ക് ആളെക്കൂട്ടുന്നു, എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ വർഗീയ സംഘർഷം ഇല്ലാതാക്കി

സ. പിണറായി വിജയൻ

വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്.

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല

സ. പിണറായി വിജയൻ

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല. മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി ദുരന്ത ബാധിതരെ സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച്‌ നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച്‌ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.