സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ UN- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനും അഭിനന്ദനങ്ങൾ. ഓസ്ട്രേലിയയിലെ മെൽബൺ, ഖത്തറിലെ ദോഹ, മൊറോക്കയിലെ അഗദീർ, മെക്സിക്കോയിലെ ഇസ്താപലപ്പ എന്നീ ആഗോള നഗരങ്ങൾക്കൊപ്പമാണ് നമ്മുടെ തിരുവനന്തപുരവും ഈ പുരസ്കാരം സ്വന്തമാക്കിയത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി എന്നിവർ മുഖ്യാതിഥികളായിരുന്ന ഈജിപ്റ്റിൽ നടന്ന ചടങ്ങിലാണ് ആര്യ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം. നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അന്താരാഷ്ട്ര ജൂറി അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി തിരുവനന്തപുരം നഗരസഭയ്ക്കും മേയർക്കുമെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്ന സംഘപരിവാറിനും യുഡിഎഫിനുമുള്ള ശക്തമായ മറുപടിയാണ് നഗരസഭയ്ക്ക് നിരന്തരമായി ലഭിക്കുന്ന ആഗോള-ദേശീയ അംഗീകാരങ്ങൾ. കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരവും രണ്ട് ഹഡ്കോ പുരസ്കാരങ്ങളും ഉൾപ്പെടെ ഈ അടുത്ത ദിവസങ്ങളിൽ തന്നെ എത്രയെത്ര നേട്ടങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. ഏറ്റവുമൊടുവിലിതാ ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരവും നേടിയിരിക്കുന്നു. ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പരിശ്രമിച്ച മേയർ ആര്യ രാജേന്ദ്രനെയും എൽഡിഎഫ് ഭരണസമിതിയെയും ജീവനക്കാരെയും തിരുവനന്തപുരം നിവാസികളെയും അഭിനന്ദിക്കുന്നു. കൂടുതൽ മികവിലേക്ക് നഗരത്തെ നയിക്കാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം.