മലയാളികളെ ചിരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കഠിനാധ്വാനിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് അറിഞ്ഞുള്ള കഥകളും കഥാപാത്രങ്ങളും ഷാഫി സിനിമകളെ എല്ലാ തലമുറകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കി. വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന സിനിമകളായിരുന്നു അതെല്ലാം. ആ സിനിമകളിൽ പലതും മറ്റ് ഭാഷകളിലും സ്വീകാര്യത നേടി. അസുഖ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെത്തി കണ്ടിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഓർത്ത് ചിരിക്കാനുള്ള സിനിമകൾ സമ്മാനിച്ച ഷാഫിയുടെ അകാലത്തിലുള്ള വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.
