എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ. ലോകത്തെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന മനുഷ്യര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ചിക്കാഗോയിൽ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്‍റെ ഉജ്ജ്വലമായ ഓര്‍മയാണ് മെയ്ദിനം.
നവലിബറല്‍ മൂലധനവും മതവംശീയതയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള പണിയെടുക്കുന്ന വര്‍ഗങ്ങളുടെ ജീവിതാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മെയ്ദിനം സന്ധിയില്ലാത്ത പോരാട്ടത്തിന്‍റെ സന്ദേശമാണ് പകരുന്നത്. തൊഴില്‍ നിയമങ്ങളെയും സേവന വേതന വ്യവസ്ഥകളെയും അട്ടിമറിച്ചുകൊണ്ട് നവലിബറല്‍ മൂലധനം അതിന്‍റെ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുകയും സര്‍വ്വ തൊഴില്‍ നിയമങ്ങളെയും മൂലധന ശക്തികള്‍ക്ക് അനുകൂലമായി മാറ്റിമറിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പിന്മടക്കമില്ലാത്ത പോരാട്ടത്തിൽ അണിനിരക്കാൻ ഈ മെയ്ദിനം
നമുക്ക് കരുത്ത് പകരും. ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ.







