Skip to main content

സദ്ഭരണവും അഴിമതി നിർമ്മാർജനവും

ഇ-ഗവേണന്‍സ്, ഇ-ടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, കര്‍ശനമായ വിജിലന്‍സ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിര്‍മ്മാര്‍ജനം ചെയ്യും. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴില്‍ കൂടുതല്‍ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും. എല്ലാ ബ്ലോക്കുകളിലും ഒറ്റ കേന്ദ്രത്തില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപ്പിലാക്കും. മദ്യവര്‍ജ്ജനത്തിനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ദേവസ്വങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് സുഗമമായി എത്തിക്കും. സിംഗിള്‍ വിന്‍ഡോയിലൂടെ സേവനം ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കും. ഇതിനായി ആവശ്യമായ ഭേദഗതി സേവനാവകാശ നിയമങ്ങളില്‍ വരുത്തും. ചട്ടങ്ങളും രൂപീകരിക്കും.

ഭരണപരിഷ്കാരം

 1. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാക്കും.

 2. ജനസൗഹാര്‍ദ്ദപരമായ സിവില്‍ സര്‍വ്വീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ശാസ്ത്രീയമായ പ്രവൃത്തി അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ തസ്തികകളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍ അവലോകന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുനരവലോകനം ചെയ്യും. തീര്‍പ്പാക്കാന്‍ നിലവിലുള്ള ഫയലുകള്‍ കുറഞ്ഞത് 40 ശതമാനം ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കാനായി തീവ്രയജ്ഞ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി 2021 ല്‍ ആരംഭിച്ച് നടപ്പിലാക്കും.

 3. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കാസ്) രൂപീകരണം അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ ഗുണകരമായ മാറ്റം ഇതു വരുത്തുമെന്നു തീര്‍ച്ചയാണ്. 2021 ല്‍ തന്നെ കാസിന്റെ ഭാഗമായുള്ള നിയമനം നടക്കും.

 4. ഭരണനിര്‍വ്വഹണ മാന്വലുകളും സര്‍വ്വീസ് ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കും. ഭരണപരിഷ്കാര കമ്മീഷന്‍ ഇതുസംബന്ധിച്ച് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് നടപടി സ്വീകരിക്കും.

 5. എല്ലാ വകുപ്പുകളിലും ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിന് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇന്റര്‍ ഓഫീസ്, ഇ-മെയില്‍ സംവിധാനം നടപ്പാക്കി. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കും. ഇ-ഗവേര്‍ണന്‍സ്, എംഗവേര്‍ണന്‍സ് മുന്‍നിര്‍ത്തിയുള്ള ചട്ട പരിഷ്കരണം കൊണ്ടുവരും.

 6. സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി ജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളുടെ സൗകര്യത്തിനായി സേവനകേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ വീടുകളിലും ലാപ്ടോപ്പും ഇന്റര്‍നെറ്റും എത്തുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പിലാകും. സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിനുള്ള നടപടി ഉണ്ടാകും.

 7. പി.ടി.ഡി (പ്രൊപ്പോസല്‍ ടു ഡിസ്പോസല്‍) സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. സോഫ്ടുവെയറുകള്‍ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകുടെയും വിവിധയിനം ഫയലുകളുടെയും നീക്കത്തിനു വേണ്ടിവരുന്ന സമയം തുടര്‍ച്ചയായി അവലോകനം ചെയ്യും.

 8. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കും, മറ്റുള്ളവ പരിഷ്കരിക്കും. ഇതിനായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പരിശോധിച്ച് നയപരമായി അംഗീകരിക്കാവുന്നവയെല്ലാം സമയ ബന്ധിതമായി നടപ്പിലാക്കും. ഇതിനുള്ള ഒരു അഞ്ചുവര്‍ഷ കാര്യപരിപാടി നിയമ മന്ത്രാലയം തയ്യാറാക്കും.

 9. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണ്ണ പൗരാവകാശം ഉറപ്പാക്കും. ഇതിനായി വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമഗ്ര പൗരാവകാശ സംരക്ഷണ നിയമം പാസ്സാക്കും.

 10. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം ഫലപ്രദമായിട്ടുണ്ട്. എല്ലാ വകുപ്പുകളിലും ഇതുപോലെ പരാതികളിന്മേല്‍ സമയ ബന്ധിതമായി തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്തും. കുടിശിക വരുന്ന പരാതികള്‍ അദാലത്തു വഴി തീര്‍പ്പുണ്ടാക്കും.

 11. എല്ലാ പരാതികളിലും പ്രശ്നങ്ങളിലും 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് സംവിധാനമൊരുക്കും. ഏതെങ്കിലും പരാതികളോ ആവശ്യങ്ങളോ നിരസിക്കപ്പെട്ടാല്‍ നീതിനിഷ്ഠമായ തീര്‍പ്പ് ഉറപ്പാക്കാനും വ്യക്തത വരുത്താനും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതികള്‍ രൂപീകരിക്കും. 30 ദിവസത്തെ കാലയളവിനപ്പുറത്തേക്ക് പോകുന്ന ഏത് പ്രശ്നവും പരിഹാരത്തിനായി ജനപ്രതിനിധി ഉള്‍പ്പെടുന്ന സമിതിയിലേക്ക് റഫര്‍ ചെയ്യപ്പെടും.

 12. അഴിമതി ഇല്ലാതാക്കുന്നതിന് നിയമങ്ങള്‍ ലഘൂകരിക്കുകയും ഫലപ്രദമായ പൊതു പരിഹാര സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയും കോണ്‍ടാക്റ്റ് പോയിന്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. സ്വയം ഉടമസ്ഥതയിലുള്ള 2,500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് തദ്ദേശ സമിതി തലത്തില്‍ അംഗീകാരം ലഭിക്കും. 10 സെന്റ് വരെയുള്ള ഭൂമിയുടെ പരിവര്‍ത്തനം ആര്‍.ഡി.ഒ തലത്തില്‍ നടന്നത് വില്ലേജ് ഓഫീസ് തലത്തില്‍ നടത്താന്‍ കഴിയും. മലിനീകരണം ഇല്ലാത്ത എല്ലാ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ക്കും/ കമ്പനികള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും

അഴിമതിവിമുക്ത കേരളം

 1. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനായിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കുന്നതിനു വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. ഇ-ഗവേണന്‍സ് ഇതിനു സഹായിക്കും. അഴിമതിക്കെതിരെ ബഹുജന ക്യാമ്പയിന്‍ നടത്തും.

 2. വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

 3. മന്ത്രിമാരുടെയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റേയും മറ്റു പൊതു പ്രവര്‍ത്തകരുടെയും സ്വത്തു വിവരങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കു സുതാര്യവും വിശ്വാസയോഗ്യവുമായ രീതിയില്‍ വിവരം നല്‍കുന്ന തിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

 4. ഇ-ടെണ്ടറും ഈ-പ്രൊക്വയര്‍മെന്റും നിര്‍ബന്ധമാക്കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജെമ്മിനെയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ബന്ധമാക്കും.

 5. പദ്ധതി പുരോഗതി രേഖപ്പെടുത്തുന്ന പ്ലാന്‍ സ്പെയ്സ് എന്ന വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും. പ്ലാന്‍ സ്പെയ്സില്‍ ജിയോ ടാഗിംങും ഫോട്ടോയും ലഭ്യമാക്കും. മോണിറ്ററിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

 6. എല്ലാ വകുപ്പുകളും പ്രാദേശികാടിസ്ഥാനത്തില്‍ പൗരവാകാശരേഖ തയ്യാറാക്കും. എല്ലാ വര്‍ഷവും ഏതാനും ചില സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കും. അഞ്ചു വര്‍ഷംകൊണ്ട് എല്ലാ വകുപ്പുകളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തീകരിക്കും.

യൂണിഫോംഡ് ഫോഴ്സസ്

 1. ഏറ്റവും നല്ല ക്രമസമാധാന നിലയുള്ള സംസ്ഥാനമായിട്ട് കേരളം വിലയിരുത്തപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം സ്വീകരിച്ച നടപടികളുടെ ഫലമാണിത്. പ്രളയകാലത്തും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ഉള്‍പ്പെടെ ജനകീയ സേന എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

 2. വര്‍ഗീയ പ്രചരണങ്ങളേയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാ നുമുള്ള ശ്രമങ്ങളേയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ് മാഫിയകള്‍, ഗുണ്ടാ സംഘങ്ങള്‍, മദ്യമയക്കുമരുന്ന് വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സ്വൈര്യജീവിതം ഉറപ്പാക്കും.

 3. ക്രമസമാധാന പാലനവും കുറ്റാന്വേഷണവും വേര്‍തിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണതയില്‍ എത്തിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടിനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകും.

 4. സോഷ്യല്‍ പോലീസിംഗ് ഡയറക്ട്രേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ സംവിധാനങ്ങളെ ഇതിനു കീഴില്‍ കൊണ്ടുവന്ന് വിപുലപ്പെടുത്തും. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇനി എല്ലായിടത്തും ജനമൈത്രിയുടെ ജനകീയതയും ശൈലിയും ഉറപ്പുവരുത്തും. പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കും.

 5. ക്രമസമാധാനപാലനം തങ്ങളുടെകൂടി ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കും. പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കില്ല എന്നും ഉറപ്പുവരുത്തും. പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടികള്‍ ലോക്കപ്പ് അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കും.

 6. പോലീസ് സേനാംഗങ്ങളുടെ കായികപരവും കലാപരവുമായ ശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനു ഈ മേഖലയില്‍ മേളകള്‍ സംഘടിപ്പിക്കും. പോലീസ് ബാന്റ് സംവിധാനത്തിനോടൊപ്പം ഓര്‍ക്കസ്ട്രയും രൂപീകരിക്കും. പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫുട്ബോള്‍ അക്കാദമി ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

 7. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ വ്യാപകമായി നടപ്പാക്കും. നല്ലൊരു പങ്ക് സ്കൂളുകള്‍ ഇന്ന് സ്വന്തം ചെലവിലാണ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു വര്‍ഷം ഇങ്ങനെ പ്രവര്‍ത്തിച്ച എല്ലാ സ്കൂളുകള്‍ക്കും ധനസഹായം ഉറപ്പുവരുത്തും.

 8. സംസ്ഥാനത്ത് വനിതാ ബറ്റാലിയന്‍ സ്ഥാപിച്ചു. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേയ്ക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും. സ്ത്രീ സുരക്ഷയുടെ ഭാഗമായി സ്വയംപ്രതിരോധ പരിശീലനം, സൈബര്‍ പ്രതിരോധത്തിന് ടച്ച് സ്ക്രീന്‍ കിയോസ്കുകള്‍, കൂടുതല്‍ പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും.

 9. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിച്ചിട്ടുണ്ട്. ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും.

 10. ട്രാഫിൿ അപകടം കുറയ്ക്കുന്നതിന് ട്രാഫിൿ പൊലിസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പരിശീലനം ശക്തിപ്പെടുത്തും. ട്രാഫിൿ ഫൈന്‍ ഈടാക്കുന്നത് ഇലക്ട്രോണിക് സംവിധാനത്തെ കൂടുതലായി ഉപയോഗപ്പെടുത്തും. ഇതുവഴി അഴിമതിക്കുള്ള സാധ്യത കുറയ്ക്കാനാകും.

 11. ഓണ്‍ലൈനായി പോലീസിന് പരാതിയും അപേക്ഷയും നല്‍കാനുള്ള സംവിധാനം വിപുലീകരിക്കും. സ്വീകരിച്ച നടപടിയും പൊലീസ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്ന സംവിധാനം ഒരുക്കും.

 12. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്യാമറകള്‍, ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനങ്ങള്‍, സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പ്രത്യേക ഡിജിറ്റല്‍ പോലീസിങ് വിങ് ഉണ്ടാക്കും.

 13. എല്ലാ പഞ്ചായത്തിനോടും ചേര്‍ന്ന് ഒരു സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉണ്ടാക്കും. ചെറിയ മോഷണങ്ങള്‍, ഗാര്‍ഹിക പീഡനം, പൊതുവായ പരാതികളുടെ രജിസ്ട്രേഷന്‍ തുടങ്ങി സാധാരണ വിഷയങ്ങള്‍ എല്ലാം സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. പോലീസ് മേഖലയിലെ സര്‍വ്വീസ് പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍വ്വീസില്‍ നിന്നു ഓള്‍ ഇന്ത്യാ സര്‍വ്വീസിലേക്കുള്ള നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കു ന്നതിനുള്ള നടപടി സ്വീകരിക്കും.

 14. ജയിലുകളുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കും. ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം സാര്‍വ്വത്രികമാക്കും.

 15. ജയിലിലെ ഭക്ഷണനിര്‍മ്മാണ യൂണിറ്റ് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി വിപുലപ്പെടുത്തും. ഇതിലൂടെ നേടുന്ന അധികവരുമാനം ജയില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തും.

 16. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസിനു ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളും ഉപകരണങ്ങളും കൂടുതല്‍ ലഭ്യമാക്കും. നിലവിലുള്ള ഫയര്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യു ട്രെയിനിങ്ങിനെ വന്യജീവി ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ളവയെ കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ കുറെക്കൂടി വിപുലമാക്കും.

 17. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ സജ്ജമാക്കും. ഓരോ സ്റ്റേഷനിലും 50 പേരുടെ യൂണിറ്റാണ് രൂപീകരിക്കുന്നത്.

 18. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഹോം ഗാര്‍ഡുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടും.

 19. വ്യാജവാറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയെല്ലാം തടയാനുതകുന്ന രീതിയില്‍ എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തും.

 20. വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാഹന പരിശോധനയും ട്രാഫിൿ നിയന്ത്രണങ്ങളും അനിവാര്യമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഈ ലക്ഷ്യത്തോടെ ഒരു പരിധിവരെ വിപുലീകരിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തീകരിക്കും.

മറ്റു റെഗുലേറ്ററി വകുപ്പുകൾ

 1. കോര്‍ബാങ്കിംഗ് സംവിധാനത്തെ അടിസ്ഥാനമാക്കി ട്രഷറി ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞു. സമഗ്രമായ സെക്യൂരിറ്റി ഫംങ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിക്കും. ഐ.റ്റി വിഭാഗത്തെ ശക്തിപ്പെടുത്തും.

 2. വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ട് വില്ലേജുകളാക്കി മാറ്റും. ഭൂരേഖകളെല്ലാം അഞ്ചു വര്‍ഷംകൊണ്ട് ഡിജിറ്റലൈസ് ചെയ്യുന്നതിനു യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കും.

 3. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.64 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. 30000ത്തോളം പട്ടയങ്ങള്‍ വിതരണത്തിനു തയ്യാറാണ്. മലയോരങ്ങളിലും കടലോരങ്ങളിലും മറ്റു പുറംപോക്കുകളിലും താമസിക്കുന്നവര്‍ക്ക് നിയമ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മുഴുവന്‍ സാധ്യമായ പട്ടയങ്ങളും വിതരണം ചെയ്യും.

 4. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ആധുനീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ദുരന്ത വിശകലനവും പ്രവചനവും സാധ്യമാക്കുന്ന രീതിയില്‍ സാങ്കേതിക കഴിവ് ഉയര്‍ത്തും.

 5. ലോക്കല്‍ ഫണ്ട് ഓഡിറ്റിനെ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് ഓഡിറ്റ് കമ്മീഷനായി പുനഃസംഘടിപ്പിക്കുന്നതാണ്.

 6. രജിസ്ട്രേഷന്‍ കെട്ടിട നവീകരണം പൂര്‍ത്തിയാക്കും. പഴയ ലെഗസി റെക്കോര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്തു സംരക്ഷിക്കും.

 7. ലീഗല്‍ മെട്രോളജി വകുപ്പിലെ ലബോറട്ടറി കാലിബറേഷന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും.

 8. സര്‍ക്കാര്‍ പ്രസ്സുകള്‍ ആധുനീകരിക്കും.

 9. കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തനക്ഷമമാക്കും.

 10. കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഒറ്റ കേന്ദ്രത്തില്‍ സേവനം ഉണ്ടായിരിക്കും. ഇത് സര്‍ക്കാര്‍ സേവനങ്ങളെ സുസംഘടിത മാക്കുന്നതിന് സഹായിക്കും. വൈദ്യുതി, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സിവില്‍ സപ്ലൈസ് ഓഫീസ്, ആര്‍.ടി.ഒ, രജിസ്ട്രേഷന്‍, നികുതി അടവ്, പോലീസും ഫൈനും എന്നിങ്ങനെ എല്ലാം ഒറ്റ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ വിവിധ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഇതുമൂലം ഒഴിവാകും.

 11. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സാധ്യമാകുന്നിടത്തെല്ലാം ഹോം ഡെലിവറി വഴി നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും വികലാംഗര്‍ക്കും ഇത് സൗജന്യമായിരിക്കും.

ഭരണഘടനാ സ്ഥാപനങ്ങൾ

 1. ജില്ലാ കോടതി വരെയുള്ള വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. പരിഭാഷകരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗംകൂടി കണക്കിലെടുത്ത് ഇനിയും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

 2. കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ജുഡീഷ്യറിയിലുള്ള ഒഴിവ് നികത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ കോടതികള്‍ അനുവദിക്കും.

 3. 10 കോടതി സമുച്ചയങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 20 കോടതി സമുച്ചയങ്ങള്‍കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി വര്‍ദ്ധിപ്പിക്കും.

 4. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പരീക്ഷാ സൗകര്യം വിപുലപ്പെടുത്തും.

 5. പി.എസ്.സി പരീക്ഷ, മൂല്യനിര്‍ണ്ണയം, നിയമനം എന്നിവ നടത്തുവാന്‍ ചലനാത്മകവും പൂര്‍ണ്ണതോതില്‍ യന്ത്രവത്കൃതമായ ഡൈനാമിക് ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും, മൂല്യനിര്‍ണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം നടത്തുകയും ചെയ്യും. ചലനാത്മകമായ ഈ പി.എസ്.സി സംവിധാനം തടസ്സമില്ലാതെ കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും.

 6. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുകള്‍ക്കു രൂപം നല്‍കുകയും നിയമനങ്ങള്‍ പി.എസ്.സിക്കു വിടുകയും ചെയ്യും.

 7. വിരമിച്ച സി.എ.പി.എഫുകാര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് അവസരങ്ങള്‍ കണ്ടെത്തും.

സംസ്ഥാന ഭാഗ്യക്കുറി

 1. ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ ജി.എസ്.ടി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കും. ഭാഗ്യക്കുറി തൊഴിലാളികളെയും ജനങ്ങളെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും.

 2. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

 3. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുകയും കമ്മീഷന്‍ ഉയര്‍ത്തുകയും ചെയ്യും.

 4. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കുന്നതിനായി ലൈഫ് ബംബര്‍ ഭാഗ്യക്കുറി നടത്തും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

 5. ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റുകള്‍ സംരക്ഷിച്ചു നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതികള്‍ കൊണ്ടുവരും.

ദേവസ്വം

 1. ദേവസ്വം ബോര്‍ഡുകള്‍ കോവിഡിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ്. വരുമാനം സാധാരണഗതിയില്‍ ആകുന്നതുവരെ കമ്മി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികത്തും.

 2. ശബരിമലയുമായി ബന്ധപ്പെട്ട ഇടത്താവളങ്ങള്‍, മാസ്റ്റര്‍പ്ലാന്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിത പരിപാടി നടപ്പാക്കും.

 3. പൈതൃകമൂല്യമുള്ള പ്രധാനപ്പെട്ട അമ്പലങ്ങള്‍ പഴമയില്‍ സംരക്ഷിക്കു ന്നതിനു പദ്ധതി തയ്യാറാക്കി നടപ്പാക്കും.

 4. ദേവസ്വം ബോര്‍ഡുകളുടെ പരിധിയില്‍ വരാത്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും അവിടത്തെ ശാന്തിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മാന്യമായ വേതനം ലഭ്യമാക്കുന്നതിനുള്ള വിവരശേഖരണം നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്കീമിനു രൂപം നല്‍കും. ഇവര്‍ക്കായി പ്രത്യേക ക്ഷേമനിധിയും ഏര്‍പ്പെടുത്തും.

സംസ്ഥാന ആസൂത്രണ ബോർഡ്

 1. പഞ്ചവത്സര പദ്ധതി ആസൂത്രണം മുന്നോട്ട് കൊണ്ടുപോകുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനതല ആസൂത്രണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

 2. പതിനാലാം പഞ്ചവത്സര പദ്ധതി ആഗോളതലത്തില്‍ വിദഗ്ധരുടെയും കേരളത്തിലെ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രൂപീകരിക്കും.

സംവരണനയം

 1. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ളതോതിൽ സംവരണം തുടരണം. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്താനും കഴിയണം. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരും. നാലുപതിറ്റാണ്ടിലേറെയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചുവരുന്ന ഈ സംവരണനയത്തെ ഉയർത്തിപ്പിടിക്കും.

 2. പട്ടികജാതി-പട്ടികവർഗ്ഗ സംവരണം സ്വകാര്യമേഖലയിലേയ്ക്കുകൂടി വ്യാപിപ്പിക്കാൻ പരിശ്രമിക്കും.

 3. ദളിത് ക്രൈസ്തവർക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെന്നത് ന്യായമാണ്. പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും സംരക്ഷുകൊണ്ട് ഇത് നടപ്പിലാക്കാനാവണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്തും.

മദ്യനയം

 1. മദ്യാസക്തിക്കെതിരെ ശക്തമായ പ്രചാരണവും നിയന്ത്രണവും കൊണ്ടുവരും. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.

 2. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി വിമുക്തി മിഷനു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.

 3. 14 ജില്ലകളിലും ഡീ-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മേഖലാ കൗണ്‍സിലിംഗ് സെന്ററുകള്‍ക്കും രൂപം നല്‍കും.

 4. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സ്കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കും.

ജീവനക്കാർ

 1. ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയും കോവിഡുകാലത്ത് മാറ്റിവച്ച ശമ്പളവും ഡി.എ കുടിശികയും കാശായി 2021-22ല്‍ നല്‍കും. മെഡിസെപ്പ് 2021-22ല്‍ നടപ്പാക്കും.

 2. .ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനോമലി സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെല്ലാം പരിശോധിക്കുന്നതിന് അനോമലി കമ്മിറ്റിയെ നിയോഗിക്കും. ക്യാബിനറ്റു തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരാതികള്‍ക്കു പരിഹാരം കാണും.

 3. പങ്കാളിത്ത പെന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനെ തന്നെ പരിശോധിച്ച് ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നടപടി സ്വീകരിക്കും.