Skip to main content

15 ലക്ഷം ഉപജീവനത്തൊഴിലുകൾ സൃഷ്ടിക്കും

  1. 1000 ജനസംഖ്യയ്ക്ക് പ്രതിവര്‍ഷം 5 വീതം തൊഴിലവസരങ്ങള്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കും. മൂന്നു രീതിയിലാണ് കാര്‍ഷികേതര മേഖലയില്‍ തൊഴിലവ സരങ്ങള്‍ സൃഷ്ടിക്കുക.

  2. ഒന്നാമത്തേത്, സൂക്ഷ്മ ചെറുകിട തൊഴില്‍ സംരംഭ പ്രോത്സാഹന പരിപാടി. സഹകരണ സംഘങ്ങളില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നല്‍കുന്ന വായ്പകളുടെ അടിസ്ഥാനത്തിലുള്ള ചെറുകിട സംരംഭങ്ങളും ഏകോപിപ്പിക്കും. ഇതിലേയ്ക്ക് വിവിധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും വായ്പകള്‍ ഉറപ്പാക്കും. എല്ലാ ഏജന്‍സികളും ചേര്‍ന്ന് 8000 കോടി രൂപയെങ്കിലും ഈ തൊഴില്‍ സംരംഭങ്ങള്‍ക്കുവേണ്ടി വായ്പ നല്‍കും.

  3. മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുകയും സബ്സിഡിയോടു കൂടിയ ഏകീകൃതമായ പലിശ നിരക്ക് കൊണ്ടു വരികയും ചെയ്യും. കുടുംബശ്രീ ജില്ലാ മിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് എക്രോസ് ദി കൗണ്ടര്‍ വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. ആഴ്ച തിരിച്ചടവ് ആയിരിക്കും.

  4. കുടുംബശ്രീയുടെ മൈക്രോസംരംഭങ്ങള്‍ ക്ലസ്റ്ററുകളായി സംഘടിപ്പി ക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിപണന ഏജന്‍സികള്‍ വിറ്റുവരവിന്റെ 10 ശതമാനമെങ്കിലും ഈ ക്ലസ്റ്ററുകളില്‍ നിന്നോ കേരളത്തിലെ എം.എസ്.എം.ഇ മേഖലയില്‍ നിന്നോ വാങ്ങണമെന്ന് നിഷ്കര്‍ഷിക്കും.

  5. രണ്ടാമത്തേത്, പ്രത്യേക നൈപുണി പോഷണ പരിപാടി. കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിംഗ് കേന്ദ്രങ്ങള്‍, അസാപ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവരാണ് പരിപാടിയ്ക്ക് രൂപം നല്‍കുക. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് സ്വയം തൊഴിലിന് അല്ലെങ്കില്‍ വേതനാധിഷ്ഠിത തൊഴിലിനുള്ള പ്രത്യേക സ്കീമുകള്‍ തയ്യാറാക്കുന്നതാണ്.

  6. എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും സംരംഭക മാതൃകയില്‍ ഒന്നോ അതിലധികമോ പ്ലംബര്‍, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയറര്‍ തുടങ്ങിയ പരിശീലനം സിദ്ധിച്ച സ്ത്രീകളുടെ മള്‍ട്ടീടാസ്ക് ടീമുകള്‍ രൂപീകരിക്കും. കൊവിഡ് ഡിസ്ഇന്‍ഫക്ടന്റ് ടീമുകള്‍, കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ തുടങ്ങിയ തൊഴില്‍ സംഘങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  7. മൂന്നാമത്തേത്, തൊഴില്‍ ശൃംഖല. കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലുള്ള ജനകീയ ഹോട്ടല്‍, പച്ചക്കറി വിപണനശാലകള്‍, ഹോം ഷോപ്പികള്‍, സേവനഗ്രൂപ്പുകള്‍, നാളികേര സംഭരണ സംസ്ക്കരണ കേന്ദ്രങ്ങള്‍, കോ-ഓപ്പ് മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളേയും സംരംഭങ്ങളേയും കണ്ണികളാക്കും. ഇവ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും.

  8. അരി, വെളിച്ചെണ്ണ, ധാന്യമസാല പൊടികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വികേന്ദ്രീകൃതമായി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും. ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കും.

  9. വീടുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ ഇപ്പോള്‍ കല്യാണം പോലൊരു ചടങ്ങ് നടത്തുവാനുള്ള ഭാരിച്ച ചെലവും അധ്വാനവും കണക്കിലെടുത്ത്, പഞ്ചായത്ത് തലത്തില്‍ പന്തല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. പന്തലില്‍ ഒരു സ്റ്റേജ്, ഭക്ഷണം നല്‍കാനുള്ള സ്ഥലം, ഇരിപ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. അര്‍ഹരായവര്‍ക്ക് സൗജന്യവും നല്‍കും. കുടുംബശ്രീയുടെ ഒരു ആക്റ്റിവിറ്റി ഗ്രൂപ്പായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

    തൊഴിലുറപ്പ് പദ്ധതി

  10. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 13-14 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തും. ശരാശരി പ്രവൃത്തി ദിനങ്ങള്‍ 50-55 ല്‍ നിന്ന് 75 ആയി ഉയര്‍ത്തും. ഇതു ലക്ഷ്യം വെച്ചുകൊണ്ട് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും.

  11. തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധിയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞു. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പെന്‍ഷനും റിട്ടയര്‍മെന്റ് ബെനിഫിറ്റും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

    അയ്യങ്കാളി പദ്ധതി

  12. തൊഴിലുറപ്പു പദ്ധതി ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ മാത്രമാണുള്ളത്. ഇത് നഗരമേഖലയിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി കേരളത്തിലെ നഗരങ്ങളില്‍ ആരംഭിച്ചത്. അയ്യന്‍കാളി പദ്ധതിയുടെ അടങ്കല്‍ ഉയര്‍ത്തും.

  13. വിശേഷാല്‍ വൈദഗ്ധ്യമുള്ള അഭ്യസ്തവിദ്യരായ യുവതി-യുവാക്കളെയും ഈ സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പരിപാടിയ്ക്ക് 2021-22ല്‍ രൂപം നല്‍കും. ഇവരെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്റീസുകളായി/ ഇന്റേണുകളായി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പു കൂലി സബ്സിഡിയായി നല്‍കും.

  14. ഇതിനു പുറമേ സ്വകാര്യമേഖലയിലെ കമ്പനികളില്‍ തുടക്കക്കാരായി തൊഴില്‍ ആരംഭിക്കുന്നവര്‍ക്ക് (ഫ്രെഷര്‍സ്) 2000 രൂപ പ്രതിമാസ സ്റ്റൈപന്റ് നല്‍കുന്ന ആദ്യത്തെ സംസ്ഥാനമെന്ന നിലയ്ക്ക് അവരെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനും അവരുടെ നൈപുണ്യ വികസനത്തിന് സഹായിക്കാനും കഴിയും. ഇത് 2,50,000 ഫ്രെഷര്‍സിന്റെ പരിശീലനത്തിലേക്ക് നയിക്കും.

  15. പണിയെടുക്കുന്നവര്‍ക്ക് നിശ്ചയിക്കപ്പെട്ട കൂലി സംരംഭകര്‍ ബാങ്ക് വഴി നല്‍കണം. നിര്‍ണ്ണയിക്കപ്പെട്ട ഒരു കാലയളവിലേയ്ക്കാണ് അപ്രന്റീസ്/ ഇന്റേണുകളായി ജോലിയ്ക്ക് അവസരമുണ്ടാവുക. ഒരു സ്ഥാപനത്തില്‍ ഇപ്രകാരം എടുക്കാവുന്നവരുടെ എണ്ണത്തിനും പരിധിയുണ്ടാകും.

    കാര്‍ഷിക തൊഴിലവസരങ്ങള്‍

  16. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളില്‍ ഇന്ന് 3 ലക്ഷം സ്ത്രീകള്‍ക്ക് പണിയുണ്ട്. 2021-22 ല്‍ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നരലക്ഷമാക്കും. അധികമായി ഒന്നേകാല്‍ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷികവായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. ബ്ലോക്കുതലത്തില്‍ കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിച്ചു കൊണ്ട് യന്ത്രപിന്തുണ ഉറപ്പു നല്‍കും.

  17. പാടശേഖര സമിതികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ കൃഷി പ്രോത്സാഹിപ്പിക്കും. ഇവയ്ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ തൊഴിലുറപ്പു പ്രവൃത്തികള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കും.

  18. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിക്കുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ കുടിശിക പൂര്‍ണമായും 2020-2021ല്‍ നല്‍കും.

    കയര്‍

  19. കയര്‍ വ്യവസായത്തിലെ ഉത്പാദനം 2015-16ല്‍ 7000 ടണ്‍ ആയിരുന്നത് 28000 ടണ്ണായി ഉയര്‍ന്നു. 2025 ആകുമ്പോഴേയ്ക്കും കയറുല്‍പാദനം 70000 ടണ്ണായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ യന്ത്രവല്‍ക്കരണം പൂര്‍ണമാകും. ചകിരി മില്ലുകളുടെ എണ്ണം 500 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ഉം ആയി ഉയരും.

  20. ഈ സാങ്കേതിക മാറ്റം സഹകരണ സംഘങ്ങളുടെ മുന്‍കൈയിലാണ് നടക്കുന്നത് എന്നുള്ളതുകൊണ്ട് വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതു സംബന്ധിച്ച സംഘര്‍ഷം ഉണ്ടാവുകയില്ല. പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സര്‍ക്കാര്‍ തുടര്‍ന്നും സംഭരിക്കുന്നതാണ്.

  21. കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്തും. ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിവിധതരം കയര്‍ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോര്‍ഡുകളും വലിയ തോതില്‍ ഉല്‍പാദിപ്പിക്കും. കേരളത്തെ ജിയോ ടെക്സ്റ്റൈല്‍സിന്റെ ഹബ്ബായി മാറ്റും.

  22. കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യത്തിലും കരവിരുതിലും വൈവിദ്ധ്യത്തിലും ഊന്നിക്കൊണ്ട് കയര്‍ കേരള ബ്രാന്‍ഡു ചെയ്യും. ഇതിന് ആലപ്പുഴയില്‍ സ്ഥാപിക്കുന്ന കയര്‍ മ്യൂസിയങ്ങള്‍ സുപ്രധാന പങ്കുവഹിക്കും.

  23. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിന് ഇന്ത്യയിലെ കണ്‍സ്യൂമര്‍ ചെയിന്‍ സ്റ്റോറുകളുമായി ബന്ധം സ്ഥാപിക്കും. റോഡ്, മണ്ണുജല സംരക്ഷണം, ഖനികള്‍, ഹിമാലയന്‍ മലഞ്ചരിവുകള്‍, റെയില്‍വേ, പ്രതിരോധം, എന്നിവിടങ്ങളിലെല്ലാം ജിയോ ടെക്സ്റ്റൈല്‍സ് ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  24. ഇതിന്റെയെല്ലാം ഫലമായി യന്ത്രവത്കൃത മേഖലയില്‍ പുതുതായി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡിയില്ലാതെ ശരാശരി 500 600 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയരും.

  25. കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍ ശരാശരി വരുമാനം പ്രതിവര്‍ഷം 13380 രൂപയായിരുന്നത് 2021-22ല്‍ 50000 രൂപ കവിഞ്ഞു. ഇത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയായെങ്കിലും ഉയര്‍ത്തും. 

  26. 2020-21ലെ വെര്‍ച്വല്‍ കയര്‍ മേളയില്‍ 750 കോടി രൂപയുടെ ഓഡറുകള്‍ ലഭിച്ചു. കയര്‍ മേള കൂടുതല്‍ ആകര്‍ഷകവും വിപുലവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  27. കയര്‍ ഗവേഷണം വിപുലപ്പെടുത്തും. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉതകുംവിധം എന്‍.സി.എം.ആര്‍.എയെ ശക്തിപ്പെടുത്തും.

    കശുവണ്ടി

  28. കശുവണ്ടി കോര്‍പറേഷനിലും കാപ്പെക്സിലുമായി അയ്യായിരം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ഫാക്ടറികള്‍ നവീകരിക്കുകയും ആധുനീകരിക്കുകയും ചെയ്യും. മിനിമം കൂലി പരിഷ്കരിക്കും.

  29. കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ബോര്‍ഡു വഴി പ്രതിവര്‍ഷം 30000 - 40000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംയുക്ത ബ്രാന്‍ഡ് നെയിമില്‍ കൊല്ലത്ത് കശുവണ്ടിപ്പരിപ്പ് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായും. ആശാവഹമായ പ്രതികരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

  30. സ്വകാര്യ കശുവണ്ടി വ്യവസായികളെ പ്രോത്സാഹിപ്പിക്കും. അവര്‍ക്കുള്ള പലിശ സബ്സിഡി തുടരും. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് റിവൈവല്‍ പാക്കേജിനു രൂപം നല്‍കും.ഇത്തരം ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  31. ഉല്‍പാദനക്ഷമതയേറിയ ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗപ്പെടുത്തി കശുവണ്ടി കൃഷി വ്യാപിപ്പിക്കും. തെങ്ങിന് ഇടവിളയായി ഉപയോഗിക്കാനുതകുന്ന കുള്ളന്‍ ഇനങ്ങളാണ് നടുക. 

    കൈത്തറി

  32. കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം ശക്തിപ്പെടുത്തും. സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കും എന്നുറപ്പു വരുത്തും.

  33. കൈത്തറി റിബേറ്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കേരളത്തില്‍ റിബേറ്റ് സമ്പ്രദായം തുടരും. കൂടുതല്‍ ദിവസം റിബേറ്റ് അനുവദിക്കും.

  34. നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കഴിനൂല്‍ സുലഭമാക്കുന്നതിനും കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സ്പിന്നിംഗ് മില്ലുകളില്‍ ഹാങ്ങിയാണ്‍ (കഴിനൂല്‍) ഒരു നിശ്ചിത ശതമാനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

  35. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. ബിനാമി സംഘങ്ങളെ നീക്കം ചെയ്യും.

  36. ഹാന്‍വീവും ഹാന്‍ടെക്സും സമൂലമായി പുനഃസംഘടിപ്പിക്കും. വിപണന ശൃംഖല ആകര്‍ഷകമാക്കും. ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  37. കൈത്തറി ഉല്‍പ്പന്നങ്ങളെ ഏറ്റവും ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യുന്നതിനും പുതുതലമുറയെ ആകര്‍ഷിക്കുന്ന ഡിസൈന്‍ രൂപീകരണത്തിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ സീനിയര്‍ ഡിസൈനര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഉപദേശകസമിതി രൂപീകരിക്കും.

    ഖാദി

  38. ഖാദി നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കും. ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തും. റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തും. ഇതിന് ആധുനിക ഡിസൈന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തും. വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്തും.

  39. ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കും. സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കും.

  40. 15 ലക്ഷം ഉപജീവനത്തൊഴിലുകളുമായി ബന്ധപ്പെടുത്തി പതിനായിരം ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.

    മറ്റു പരമ്പരാഗത വ്യവസായങ്ങള്‍

  41. കേരള ആര്‍ടിസാന്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പ്രാദേശിക ആര്‍ടിസാന്‍ യൂണിറ്റുകളുടെ അംബ്രല്ലാ സംവിധാനമായി വികസിപ്പിക്കും.

  42. കരകൗശല വികസന കോര്‍പറേഷന്‍ റോ മെറ്റീരിയല്‍ ബാങ്കും ഹാന്‍ഡി ക്രാഫ്റ്റ് ഡിസൈന്‍ സെന്ററും ആരംഭിക്കും. കെല്‍പാം വൈവിദ്ധ്യവത്കരിക്കും. പനയുല്‍പ്പന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ വൈവിധ്യവല്‍ക്കരണ പാക്കേജുകള്‍ നടപ്പിലാക്കും. പ്രീമിയം ഉല്‍പന്നശാലകള്‍ ആരംഭിക്കും. വര്‍ക്ക് ഷെഡുകള്‍ നവീകരിക്കും.

  43. കര്‍ഷകര്‍/ തൊഴിലാളികള്‍/ കരകൗശലത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ന്യായമായ വേതനം / വരുമാനം ലഭിക്കുന്നൂവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഫെയര്‍ ട്രേഡ് മാര്‍ക്കറ്റുകളില്‍ വിപണി കണ്ടെത്തുന്നതിനും കേരള ഫെയര്‍ ട്രേഡ് കോര്‍ഡിനേഷന്‍ അതോറിറ്റി ഉണ്ടാകും. ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും.

  44. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. ബാംബൂ പ്ലൈവുഡിന്റെ വിപുലമായ ഉല്‍പാദന ഫാക്ടറി സ്ഥാപിക്കും. അതുവഴി പനമ്പു നെയ്ത്തു തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയും.

  45. തൊഴിലുറപ്പ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി മുള വച്ചുപിടിപ്പിക്കുന്നത് വ്യാപകമാക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രോത്സാഹിപ്പിക്കും.

  46. തെങ്ങിന്‍തടി സംസ്ക്കരണ ഫാക്ടറികള്‍ ആരംഭിക്കും.

  47. കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കും.

  48. ഡാമുകള്‍ വ്യാപകമായി ഡീസില്‍റ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിലെ ചെളി കളിമണ്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയിലും വയലുകളില്‍ വെളളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കും

  49. കക്ക വ്യവസായത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കു ന്നതിനുള്ള നടപടി തുടരും.

  50. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. ബീഡിയുടെ ജി.എസ്.ടി കുറയ്ക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ദിനേശ് ബീഡി സഹകരണ സംഘത്തിന് ജി.എസ്.ടി റീ ഇംപേഴ്സ് ചെയ്യുന്ന സമ്പ്രദായം തുടരും.

  51. ടോഡി ബോര്‍ഡ് രൂപീകരിച്ചു. 2021 ല്‍ പ്രവര്‍ത്തനക്ഷമമാകും. കളളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും പ്രോട്ടോക്കോളിന് രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യാജ മദ്യത്തിനെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും.

  52. വഴിയോര/തെരുവ് കച്ചവടത്തിനു പ്രത്യേക മേഖലകള്‍ അനുവദിക്കും.

    കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോര്‍

  53. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഈ കടകളില്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിംഗ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകള്‍ക്ക് ഇതു വലിയ ഉത്തേജകമാകും.

  54. കൈത്തൊഴിലുകാര്‍ക്കു വേണ്ടിയുള്ള മള്‍ട്ടി ട്രേഡ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. വിവിധ ക്രാഫ്റ്റുകളെ അണിനിരത്തിക്കൊണ്ട് വെര്‍ച്വല്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കും.

  55. കേരളത്തില്‍ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്രാഫ്റ്റ് വില്ലേജുകള്‍ ആരംഭിക്കും. കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കു ന്നതിനും ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ഇതുവഴി കഴിയും.

  56. പരമ്പരാഗത വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഫെയര്‍ ട്രേഡ് ചാനലുകളെ ഉപയോഗപ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കും.

    നിര്‍മ്മാണമേഖല

  57. നിര്‍മ്മാണ മേഖലയിലെ മണല്‍, കല്ല്, സിമെന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഡാമുകളിലെ ആവാഹശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാറി പ്രവര്‍ത്തനം വിപുലപ്പെടുത്തും.

  58. ബദല്‍ സാമഗ്രികളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്ന ഗ്രീന്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കും.

  59. സിമന്റിന് മേലുള്ള കുത്തക നിയന്ത്രണം ആണ് വിലക്കയറ്റത്തിന് അടിസ്ഥാനം. ഇതില്‍ ഇടപെടുന്നതിനുവേണ്ടി കേരളത്തില്‍ സിമന്റ് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  60. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ വൈവിധ്യ പോഷണത്തിന് നടപടി സ്വീകരിക്കും. കോണ്‍ട്രാക്ടര്‍മാരെ ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നല്‍കും.

    വാണിജ്യമേഖല

  61. വാണിജ്യ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി വാണിജ്യമിഷന്‍ രൂപീകരിച്ചു. 2021 മുതല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 2025 നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയത്തിന് രൂപം നല്‍കും.

  62. നാട്ടിന്‍പുറങ്ങളിലേയും നഗരങ്ങളിലേയും കമ്പോളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നാടന്‍ ചന്തയെ/ബസാറിനെ ഷോപ്പിംഗ് മാളുകള്‍ക്കു ബദലായി ഉയര്‍ത്തുകയും ചെയ്യും. ഷോപ്പിംഗ് മാളിലെന്ന പോലെ തന്നെ നിയന്ത്രിത ഗുണനിലവാരവും വിലയും ആസ്വാദ്യകരമായ അന്തരീക്ഷവും ഓരോ കമ്പോളത്തിലും ഉണ്ടാകണം. ഇത്തരം നവീകരണത്തിന് സര്‍ക്കാരിന്റെ സഹായം നല്‍കും. കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരത്ത് ചാലക്കമ്പോളത്തിലും നടത്തിയ ഇടപെടലുകള്‍ അവലോകനം ചെയ്ത് കൂടുതല്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കും.

  63. റോഡ് വീതികൂട്ടുന്ന പ്രോജക്ടുകള്‍ അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ മേഖലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ആസൂത്രിത മേഖലാതല വിപണികള്‍ സൃഷ്ടിക്കും. അത്തരം വിപണികളില്‍ പാര്‍ക്കിംഗ് ലോട്ടുകളും കൊമേര്‍ഷ്യല്‍ ഇടങ്ങളും, ചില്ലറ വില്‍പ്പന ഇടങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കും.

  64. വ്യാപാരിക്ഷേമ നിധി ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  65. കെ.എസ്.എഫ്.ഇ യുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്ക് മ്യൂച്വല്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ചിട്ടികള്‍ ആരംഭിക്കുന്നതാണ്. വായ്പകളും ലഭ്യമാക്കും.

  66. കേരള ബാങ്കിലൂടെ ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.

  67. കേരള സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ജി.എസ്.ടി യുടെ ഘടന ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 40 ലക്ഷത്തിനു താഴെ വിറ്റു വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ഒന്നരക്കോടി രൂപ വരെ അനുമാന നികുതി കൊടുത്താല്‍ മതി. അഞ്ചുകോടി രൂപ വരെ വിറ്റു വരുമാനമുള്ളവര്‍ ത്രൈമാസ റിട്ടേണുകള്‍ നല്‍കിയാല്‍ മതി. ജി.എസ്.ടി സംബന്ധിച്ച് ഇനിയുമുള്ള പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.

  68. വാറ്റ് ആംനസ്റ്റി കൂടുതല്‍ ഉദാരമാക്കും. 2021 ഓടെ വാറ്റിന്റെ ബാക്കി നില്‍ക്കുന്ന കുടിശികകള്‍ കൂടി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

  69. കൃത്യമായി നികുതി അടയ്ക്കുകയും നികുതി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ലൈന്‍സുള്ള വ്യാപാരികള്‍ക്ക് പ്രിവില്ലേജ് കാര്‍ഡ് നല്‍കും.