Skip to main content

20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകും

  1. തൊഴിലില്ലാത്ത 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് ഒരു ബൃഹത്തായ തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. കൊവിഡ് പകര്‍ച്ചവ്യാധിമൂലം വീടുകളിലിരുന്ന് പണിയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം ആഗോളതലത്തില്‍ ഇവരുടെ എണ്ണം 18 കോടിയായി ഉയരുമെന്നാണ് കണക്ക്. ആഗോള ഡിജിറ്റല്‍ വ്യവസായ മേഖലയിലെ ഈ ഘടനാപരമായ മാറ്റത്തെ ഉപയോഗപ്പെടുത്തി കേരളത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

    ഉന്നതതൊഴിലുകള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം

  2. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ നൈപുണീ പരിശീലനം യുദ്ധകാല അടിസ്ഥാനത്തില്‍ നല്‍കും. ഇതിനായി ഒരു സ്കില്‍മിഷന്‍ രൂപീകരിക്കും. മിഷനു കീഴില്‍ അസാപ് (അടഅജ), കേയ്സ് (ഗഅടഋ), ഐ.സി.ടി അക്കാദമി എന്നീ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും നൈപുണീ പരിശീലനം വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യും. 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് നൈപുണീ പരിശീലനം നല്‍കും.

  3. തൊഴിലന്വേഷകരായ നൈപുണി പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെ ക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. അവരില്‍ നിന്ന് ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് ആഗോള കമ്പനികള്‍ക്ക് അവസരമൊരുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളത്തിലെ വ്യവസായ പാര്‍ക്കുകളിലോ, മറ്റു വികേന്ദ്രീകൃത മിനി പാര്‍ക്കുകളിലോ അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഇരുന്നോ ജോലി ചെയ്യും.

  4. തൊഴില്‍ ലഭിക്കുന്നവരുടെ പി.എഫ് അടക്കമുള്ള സാമൂഹ്യ സുരക്ഷാ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പ ലഭ്യമാക്കും. സഹായ വാടകയ്ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം സൃഷ്ടിക്കും.

  5. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് കിഫ്ബി പോലെ മികവുറ്റ ഒരു പ്രൊഫഷണല്‍ സ്ഥാപനമായി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനെ (കെ-ഡിസ്ക്) മാറ്റും. ആഗോള കമ്പനികളുമായി സമ്പര്‍ക്കം പുലര്‍ത്തുക, നൈപുണീ പരിശീലനങ്ങളെ ഏകോപിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ പുനഃസംഘടനയെ സഹായിക്കുക ഇന്നവേഷന്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നിവ കെ-ഡിസ്കിന്റെ ചുമതലകളായിരിക്കും.

  6. ബ്ലോക്ക് മുന്‍സിപ്പല്‍ തലത്തില്‍ വര്‍ക്ക് നിയര്‍ ഹോം വര്‍ക്ക് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ഒരു സ്കീമിന് രൂപം നല്‍കും. 5000 ചതുരശ്രയടി കെട്ടിടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയാല്‍ അവയെ വര്‍ക്ക് സ്റ്റേഷനുകളാക്കി മാറ്റുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്.

  7. ഐആര്‍ 4.0 സാങ്കേതികവിദ്യയുടെ പ്രാദേശികതല പ്രയോഗത്തിനും, സംരംഭസൃഷ്ടിക്കും പ്രത്യേക ഊന്നല്‍ നല്‍കും. ഇതിനാവശ്യമായ സംരംഭവികസന പരിപാടികള്‍ക്ക് കെ-ഡിസ്ക് മുന്‍കൈയ്യെടുക്കും.

    ഇന്നവേഷന്‍ അഥവാ നൂതനവിദ്യാ പ്രോത്സാഹന നയം

  8. ആഗോള  കമ്പനികള്‍ക്കു വേണ്ടി കേരളത്തിലിരുന്ന് പണിയെടുക്കു ന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തില്‍ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളും യാഥാര്‍ത്ഥ്യമാക്കും. ഇതിന് ഇന്നവേഷന്‍സിനെ അഥവാ നൂനതവിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമൂഹമായി കേരളം മാറണം.

  9. ഉന്നതവിദ്യാഭ്യാസ മേഖലയിലും മറ്റും സൃഷ്ടിക്കപ്പെടുന്ന പുതിയ അറിവുകള്‍ സാമ്പത്തികമേഖലയിലെ സങ്കേതങ്ങളോ പ്രക്രിയയോ ഉല്‍പന്നമോ സംഘാടന വിപണന രീതിയോ ആയി രൂപാന്തരം പ്രാപിക്കുന്നതിനെയാണ് ഇന്നവേഷന്‍ അഥവാ നൂതനവിദ്യ എന്നു വിളിക്കുന്നത്. സാമ്പത്തിക ഭരണമേഖലയുടെ എല്ലാ തലങ്ങളിലും നൂതനവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുക.

  10. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഇന്നവേഷന്‍ ചലഞ്ച് മത്സരങ്ങള്‍ മൂന്നുതട്ടുകളിലായി സംഘടിപ്പിക്കും. ആദ്യ തട്ടില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കോ സംഘങ്ങള്‍ക്കോ പങ്കെടുക്കാന്‍ അവസരമുണ്ടാകും. അതില്‍ ഏറ്റവും മികവുള്ള നൂതനവിദ്യകള്‍ മുന്നോട്ടു വയ്ക്കുന്ന 10000 പേരെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. 2000 പേരെങ്കിലും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയികള്‍ക്ക് തങ്ങളുടെ നൂതനവിദ്യകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കു ന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. മൂന്നുതട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും സാമ്പത്തിക പ്രോത്സാഹന സഹായം നല്‍കും.

  11. തങ്ങളുടെ ചുറ്റുപാടുമുള്ള ഏതു മേഖലയിലെയും പ്രശ്നങ്ങള്‍ക്ക് നൂതനവിദ്യയുടെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്ന ഏതൊരാള്‍ക്കും തങ്ങളുടെ നൂതനവിദ്യ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാം. ഇവ പരിശോധിച്ച് മികവുറ്റതാക്കാനുള്ള സഹായം നല്‍കും. പൂര്‍ണ്ണതയില്‍ എത്തിയാല്‍ ടെണ്ടറില്ലാതെ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാങ്ങാന്‍ അനുവാദമുണ്ടാകും. സ്വകാര്യ വ്യക്തികള്‍ വാങ്ങിയാല്‍ സബ്സിഡിയും നല്‍കും. ഇതിന് പ്രത്യേക ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കുന്നതാണ്.

  12. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ രൂപം നല്‍കുന്ന നൂനതവിദ്യ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ക്ക് മത്സരാടിസ്ഥാനത്തില്‍ പ്രോത്സാഹന സഹായം നല്‍കുന്നതാണ്.

  13. സര്‍ക്കാര്‍ വകുപ്പുകളില്‍ നൂതനവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നവേഷന്‍ സോണ്‍ എന്ന പ്രത്യേക സംവിധാനത്തിനു രൂപം നല്‍കുന്നതാണ്.

  14. ഇന്നോവേഷന്‍ മത്സരങ്ങളെ കേവലം ചടങ്ങുകളായി അവസാനിക്കാത്ത വിധത്തില്‍ തുടര്‍ച്ചയായ നൂതാനാശയ വികസനത്തില്‍ ഊന്നി ആയിരിക്കും സംഘടിപ്പിക്കുക. ഇതിനു സഹായകരമാംവിധം ഹബ് & സ്പോക് മാതൃകയില്‍ കേരളത്തിലെ ഗവേഷണ അക്കാദമിയില്‍ സ്ഥാപനങ്ങളെ ഈ പ്രക്രിയയുമായി ബന്ധിപ്പിക്കും. ഈ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും വ്യാവസായിക സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെയും ചേര്‍ത്ത് കമ്മ്യൂണിറ്റി ഓഫ് പ്രാക്റ്റിസുകള്‍ക്കും ഷെല്‍ഫ് ഓഫ് പ്രോജക്ടുകള്‍ക്കും രൂപംനല്‍കും.

  15. ഇന്നോവേഷന്‍ മത്സരങ്ങളില്‍ വിജയകളാവുന്നവര്‍ക്ക് ഡിസൈന്‍തിങ്കിംഗ്, റിസര്‍ച്ച് മെത്തഡോളജി, പ്രോഡക്റ്റ് ഡിസൈന്‍, സോഷ്യല്‍ ഇംപാക്റ്റ് മെത്തേഡ്സ്, മോഡലിംഗ്, സിമുലേഷന്‍ എന്നീ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഇതോടൊപ്പം ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ വികസിപ്പിക്കുന്ന നൂതനാശയത്തിന്റെ മേഖലയില്‍ ആഴത്തില്‍ പരിശോധനകള്‍ നടത്തുന്നതിനുതകുംവിധം മെന്ററിംഗ് സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതാണ്.

  16. ചെറുകിട സൂക്ഷ്മസംരംഭങ്ങളുടെ മേഖലയില്‍ ഇന്നോവേഷന്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ കെ-ഡിസ്ക് തയ്യാറാക്കിയ കര്‍മ്മപരിപാടി വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ വിപുലമാക്കും.

  17. തിരുവനന്തപുരത്തെ കേരളത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി ഉയര്‍ത്തും. കേരള സര്‍വ്വകാലശാല, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐസിറ്റി അക്കാദമി തുടങ്ങിയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളുടെയും ടെക്നോ പാര്‍ക്കിന്റെയും കൂട്ടായ നേതൃത്വത്തില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തു വികസിപ്പിക്കും. ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

    സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയം

  18. നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ട് അപ്പ് എന്നു പറയുന്നത്. വലിയ മുതല്‍മുടക്കിനു കഴിവൊന്നും ഇല്ലാത്തതും എന്നാല്‍ നൂതന ആശയങ്ങളും വിദ്യകളുമുള്ള യുവജനങ്ങളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 300 സ്റ്റാര്‍ട്ട് അപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ 3900 ആയി വര്‍ദ്ധിച്ചു. 32000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കും.

  19. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കും. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പ് പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.

  20. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

  21. സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ഈടില്ലാതെ ഫണ്ട് ലഭ്യമാക്കും.

  22. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വര്‍ക്ക് ഓര്‍ഡറിന്റെ ഈടില്‍ ഉദാരമായി വായ്പ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും.

  23. സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പി ക്കും.

  24. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അന്തര്‍ദേശീയ വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കും.

  25. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി പ്രത്യേക മിഷന്‍ നിലവിലുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പതിന്മടങ്ങ് ശക്തിപ്പെടുത്തും.

    ഐ.ടി വ്യവസായം

  26. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഐ.ടി മേഖലയില്‍ 60.47 ലക്ഷം ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, അരലക്ഷത്തോളം തൊഴിലവസര ങ്ങളും പുതുതായി സൃഷ്ടിക്കുന്നതിനും സാധിച്ചു. നാം സ്വീകരിച്ച മുന്‍കൈകള്‍ ഫലപ്രാപ്തിയിലേയ്ക്ക് വരുന്ന വേളയിലാണ് കോവിഡിന്റെ തിരിച്ചടിയുണ്ടായത്. അടുത്ത അഞ്ചുവര്‍ഷം കേരളത്തിലെ ഐ.ടി വ്യവസായത്തില്‍ 2 കോടി ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഐ.ടി മേഖലയില്‍ മാത്രം തൊഴില്‍ നല്‍കുന്നതാണ്.

  27. ഇപ്പോള്‍ കേരളത്തില്‍ ടി.സി.എസ്, യു.എസ്.ടി ഗ്ലോബല്‍, ഇന്‍ഫോസിസ്, ഇ.എന്‍.വൈ, അലയന്‍സ്, നിസാന്‍, ഐ.ബി.എസ്, സണ്‍ടെക്, ഇന്‍വെസ്റ്റ്നെറ്റ്, നാവിഗന്റ്, ഒറക്കിള്‍, ക്വെസ്റ്റ് ഗ്ലോബല്‍, കോഗ്നിസെന്റ്, വിപ്രോ, കെ.പി.എം.ജി, തുടങ്ങിയ ആഗോള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു പ്രമുഖ കമ്പനികളെക്കൂടി കേരളത്തിലേയ്ക്കു കൊണ്ടുവരും.

  28. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കും. കെ-ഫോണ്‍ പദ്ധതിയുടെ പ്രയോജനം എല്ലാതലത്തിലും ലഭ്യമാക്കും വിധം വിപുലീകരിക്കും. യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും  കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കും. കെ-ഫോണിന്റെ അപ്ഗ്രഡേഷനും ശാക്തീകരണവും നടത്തും.

  29. കെ-ഫോണ്‍ ഉപയോഗിച്ച് ഡാറ്റാ സെന്റര്‍ പാര്‍ക്കുകളെയും ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കും. ഇതിനായി ഡാറ്റാ സെന്റര്‍ ഇ-പോളിസി നടപ്പിലാക്കും.

  30. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കും.

  31. എഡ്ജ് കമ്പ്യൂട്ടിംഗ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി യൂണിവേഴ്സിറ്റികള്‍ പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളോജികളെ ഉയര്‍ന്നതലത്തിലുള്ള ഗവേഷണം നടത്തുന്നതിനുള്ള ശൃംഖലകള്‍ക്കും രൂപം നല്‍കും.

  32. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും, ഗഠഡ, ഗഉകടഇ ചേര്‍ന്നു കേരളത്തിലെ കൃഷി, ചെറുകിട വ്യവസായം, പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം, സേവനമേഖലകള്‍ എന്നിവയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു മുന്‍കൈയെടുക്കാനുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മിഷന്‍ പ്രാവര്‍ത്തികമാക്കും.

  33. ഫ്രുഗല്‍ ഇന്നോവേഷന്‍, അസിസ്റ്റീവ് ടെക്നോളജികള്‍, മലയാള ഭാഷാ കമ്പ്യൂട്ടിങ്, ആയുര്‍വേദം, കൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ബയോടെക്ജെനറ്റിക് എഞ്ചിനീറിങ്, സയന്‍സ്, ഗവേഷണം, സാമൂഹ്യപ്രസക്തിയുള്ള ഗവേഷണമേഖലകള്‍ എന്നിവയ്ക്കായി കൊച്ചിന്‍ സര്‍വലകാലശാലയും കെ-ഡിസ്കും ചേര്‍ന്ന് ട്രാന്‍സ്ലേഷന്‍ എഞ്ചിനീയറിംഗില്‍ ഒരുമിഷന്‍ സംവിധാനത്തിനു രൂപം നല്‍ക്കും.

  34. ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെ സ്പേസ്, എയ്റോ സ്പേസ് ടെക്നോളോജികള്‍ക്കായി മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഠഇട ന്റെ ടെക്നോസിറ്റിയിലെ ഡിഫെന്‍സ് എയ്റോ സ്പേസ് കേന്ദ്രം ഇതിന് അനുബന്ധമായി പ്രവൃത്തിക്കും.

  35. ARVR, OTT എന്നീ നവമാധ്യമ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  36. മെഷീന്‍ ലേര്‍ണിംഗ്, ഡാറ്റാ സയന്‍സ്, നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, ബിസിനസ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഐ.സി.റ്റി അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കും.

  37. സെമി കണ്ടക്ടര്‍ പ്രോസസ് ഡിസൈന്‍, ഫാബലസ് ഡിസൈന്‍ ടെക്നോളജി എന്നിവയില്‍ ട്രെസ്റ്റ് പാര്‍ക്കിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും.

  38. മാഗ്നറ്റിക് മെറ്റീരിയല്‍സ്, പ്രിന്റബിള്‍ സര്‍ക്യൂട്ടുകള്‍ക്കു വേണ്ടിയുള്ള ഓര്‍ഗാനിക് ഇങ്കുകള്‍, പ്രകൃത്യാ നാരുകള്‍ കൊണ്ടുള്ള കോമ്പോസിറ്റി മെറ്റീരിയലുകള്‍, വെയറബിള്‍സ് എന്നിവയില്‍ മെറ്റീരിയല്‍ ടെക്നോളജി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും.

  39. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേന്ദ്രമാക്കി മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും.

  40. സൈബര്‍ ടെക്, സൈബര്‍ ടോം, ഹൈടെക് സൈബര്‍ സെല്‍ എന്നിവ സംയുക്തമായി സൈബര്‍ സുരക്ഷയുള്ള സമഗ്രമായ ഒരു സംവിധാനം സൃഷ്ടിക്കും.

  41. അന്താരാഷ്ട്ര ഡിസൈന്‍ കോണ്‍ഫറന്‍സുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും. കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നുകൊണ്ട് ലോകോത്തര ഡിസൈനുകള്‍ ഉണ്ടാക്കുന്ന കേന്ദ്രം സ്ഥാപിക്കും. കൊല്ലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനേയും കണ്ണൂരിലെ ടെക്സ്റ്റൈല്‍ ഡിസൈന്‍ കേന്ദ്രത്തെയും  കൂടുതല്‍ മികവുറ്റതാക്കും.

  42. ഓപ്പണ്‍ഡാറ്റ പോളിസിയും നയവും ഇടപെടല്‍ സംവിധാനവും സൃഷ്ടിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും നിര്‍വ്വഹണത്തിനുമായി ഒരു അപ്പക്സ് സംവിധാനം സൃഷ്ടിക്കും.

    ഇലക്ട്രോണിക് വ്യവസായം

  43. കേരളത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ ഹബ്ബായി മാറ്റും. കെല്‍ട്രോണിന്റെ പുനരുദ്ധാരണമായിരിക്കും ഈ മേഖലയിലെ ഏറ്റവും പ്രധാന ലക്ഷ്യം. നിലവിലുള്ള ഉല്‍പാദനശേഷി നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം കെല്‍ട്രോണ്‍ ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ പൊതുസ്വകാര്യ മേഖലകളിലെ ആകെ ഉല്‍പാദനം 2500 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ഹാര്‍ഡുവെയര്‍ ഉല്‍പാദനം 10000 കോടി രൂപയായി ഉയര്‍ത്തും. അഞ്ചുവര്‍ഷം കൊണ്ട്  1000 കോടി രൂപയുടെ അധികനിക്ഷേപം ഈ മേഖലയില്‍ നടക്കും.

  44. വന്‍കിട പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളേയും പബ്ലിക് പീപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തും. 15 ഏക്കര്‍ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാവും.

  45. ആമ്പലൂര്‍ പാര്‍ക്ക് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മാനുഫാക്ട്റിംഗ്  പാര്‍ക്കായി വികസിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ഉതകും വിധം ഭൂമി ഏറ്റെടുക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യും.

  46. കേരളത്തിലെ നിലവിലുള്ള ഇലക്ട്രോണിക്സ് മേഖലയിലെ മാനുഫാക്ടറിംഗ് കമ്പനികള്‍ക്കു സഹായമാക്കുന്ന വിധം ഇലക്ട്രോണിക്സ് കംപോണന്റ് എക്കോസിസ്റ്റം രൂപീകരിക്കും. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ലാബുകള്‍, ടൂള്‍ റൂമുകള്‍, ഡിസൈന്‍ ഹോക്സുകള്‍ തുടങ്ങിയ പൊതുവായ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

  47. സിഡാക്കിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് സെന്ററുകളെയും സഹായത്തോടെ കെല്‍ട്രോണിന്റെ കരകുളം സെന്ററിനെ പവര്‍ ഇലക്ട്രോണിക്സിന്റെ ഹബ്ബായി വികസിപ്പിക്കും.

  48. ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സ്കീമുകള്‍ നടപ്പിലാക്കുന്നതാണ്. ഓപ്പണ്‍ iot chip  ഡിസൈന്‍ ഇലക്ട്രോണിക്സ് കണ്‍ട്രോളുകള്‍ എന്നിവ വികസിപ്പിക്കുന്നതിന്  ICFOSSലെയും TREST  പാര്‍ക്കിലെയും, Centre For Excellenceകള്‍ വിപുലീകരിക്കും.

  49. ഇലക്ട്രിക്കല്‍ മൊബിലിറ്റി മേഖലയിലുള TREST പാര്‍ക്കിലെ നിലവിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സിനെ വികസിപ്പിക്കും. ആധുനിക ബാറ്ററി ടെക്നോളജി വികസിപ്പിക്കുന്നതിനായി VSSC, C-DAC, KDISC, Trest Park എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം ശക്തിപ്പെടുത്തും.

  50. കെ-ഡിസ്കും കേരളത്തിലെ ശാസ്ത്രസാങ്കേതിക ഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാന ഐ.റ്റി മിഷനും ടെക്നോപാര്‍ക്കുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഐ.സി.റ്റി ഇന്നൊവേഷന്‍ സംവിധാനത്തിനു രൂപംനല്‍കും. കേരളത്തിലെ വിവിധ ഉല്‍പാദന മേഖലകളില്‍ ഐ.സി.റ്റി ഉള്‍ച്ചേര്‍ക്കുന്നത് ആയിരിക്കും ഈ ഇന്നവേഷന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.

  51. തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ വി.എസ്.എസ്.സിയുമായി സഹകരിച്ചുകൊണ്ടുള്ള സ്പേസ് പാര്‍ക്ക് പ്രാവര്‍ത്തികമാക്കും. സൈബര്‍ ഫിസിക്കല്‍ ഡിജിറ്റല്‍ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്സ്, ബ്ലോക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യല്‍ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ ഊന്നിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  52. ഊര്‍ജ സംരക്ഷണത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി സര്‍വ്വീസ് കമ്പനികളുടെ മാതൃകയില്‍ കാര്യക്ഷമതാ വര്‍ദ്ധനവില്‍ നിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികള്‍ രൂപീകരിക്കും.

  53. കേരളം നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തുടരും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്ട്വെയര്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു.  ഓപ്പണ്‍ സോഴ്സ് ആപ്ലിക്കേഷനുകളുടെ വികസനം, പരിശീലനം എന്നിവയ്ക്ക് കഇഎഛടട ആണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഗവേണന്‍സില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ ഒട്ടേറെ മേഖലകള്‍ പൂര്‍ണമായും ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ഐ.ടി ഉപയോഗം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും.

  54. ഇ-ഗവേണന്‍സ് ശൃംഖലയില്‍ സുപ്രധാന കണ്ണിയാണ് അക്ഷയ കേന്ദ്രങ്ങള്‍. അവയെ കൂടുതല്‍ ശക്തിപ്പെടുത്തും.

  55. സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരശേഖരം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കും.

  56. അനെര്‍ട്ടിന്റെയും കെ.എസ്.ഇ.ബി യുടെയും സഹായത്തോടെ സോളാര്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

  57. അത്യാധുനിക ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും.

    ബയോടെക്നോളജി വ്യവസായം

  58. തോന്നയ്ക്കലെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങളുടെയും വൈവിദ്ധ്യവത്കരണ ത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ബയോടെക്നോളജി ഉപയോഗപ്പെടുത്തും

  59. വ്യവസായ യൂണിറ്റുകള്‍ക്കുള്ള സ്ഥലസൗകര്യം മാത്രമല്ല, ഗവേഷണ ത്തിനും മറ്റും വേണ്ടിയുള്ള പൊതുസൗകര്യവും പാര്‍ക്കിലുല്‍ സൃഷ്ടിക്കും.

  60. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  61. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങളുടെ കയറ്റുമതിക്ക് ഔഷധക്കൂട്ടുകളുടെ കെമിക്കല്‍ കോമ്പോസിഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്റ്റാന്‍ഡെര്‍ഡൈസേഷനും അനിവാര്യമാണ്. നമ്മുടെ പാരമ്പര്യ വിജ്ഞാനത്തെ ജിനോം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍   വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയൂര്‍വേദ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ആയൂര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കു ന്നതിന് ഠആഏഞക യുടെ സഹകരണത്തോടെ ബയോടെക്നോളജി ഉപയോഗപ്പെടുത്തും.  

  62. ആയുര്‍വേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ബയോ ഇന്‍ഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി, സിസ്റ്റംസ് ബയോളജി, ഫാര്‍മക്കോളജി തുടങ്ങിയ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള പഠനഗവേഷണ കേന്ദ്രം അനിവാര്യമാണ്.  ജിനോമില്‍ കൗണ്‍സലിംഗ്, അഡ്വാന്‍സ്ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് എന്നീ മേഖലകളില്‍ പുതിയ കോഴ്സുകള്‍ ഐസിറ്റി അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

  63. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം വ്യാപകമായി ഉപയോഗ പ്പെടുത്തും. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്രകാരം കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കും.

  64. തിരുവനന്തപുരത്തെ അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം ഒരു സുപ്രധാന കാല്‍വെയ്പ്പാണ്.  ഔഷധരംഗത്ത് ജീനോമിക്സ്/പ്രോട്ടിയോമിക്സ് സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തും.

    നാനോ സാങ്കേതികവിദ്യ

  65. സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകള്‍ ഇപ്പോഴുണ്ട്. തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. നാനോ സാങ്കേതിക വിദ്യയെ ആസ്പദമാക്കി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതാണ്.

    ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം

  66. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്ന അന്തര്‍ദേശീയ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വ്യവസായത്തെപ്പോലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും വലിയ സാധ്യതകളുണ്ട്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്ന ഇന്ത്യയിലെ പൊതുമേഖലാ ഔഷധ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തിന്റെ കെ.എസ്.ഡി.പി മാത്രമാണ് അപവാദം. 2015-16ല്‍ വെറും 20 കോടി രൂപ ഉല്‍പാദനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2020-21 ല്‍ 150 കോടിയാണ് ഉല്‍പാദനം. അഞ്ചുവര്‍ഷം കൊണ്ട് 500 കോടി രൂപയുടെ ഉല്‍പാദനമുള്ള വന്‍കിട ഫാക്ടറിയായി കെ.എസ്.ഡി.പി യെ വളര്‍ത്തും. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അടുക്കള ഫാക്ടറി ആയിരിക്കുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും മൂന്നാംലോക രാജ്യങ്ങളിലേയ്ക്കും മരുന്ന് വിതരണം ചെയ്യും.

  67. ആലപ്പുഴയില്‍ ക്യാന്‍സര്‍ മരുന്നു നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. കൊച്ചിയില്‍ പുതിയ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും.

  68. കേരളത്തില്‍ നിലവിലുള്ള സ്വകാര്യ മരുന്നു കമ്പനികള്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നവീകരണത്തിനും വിപുലീകരണത്തിനും പ്രത്യേക പാക്കേജ് തയ്യാറാക്കും.

  69. ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്രശാഖകളില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിന്‍, സ്റ്റെംസെല്‍ ബയോളജി, മെഡിക്കല്‍ ഇമേജിംഗ്, ബയോ മെഡിക്കല്‍ ഫോട്ടോണിക്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് മോഡലിംഗ്, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇന്‍ മെഡിസിന്‍, അഗ്രി ജിനോമിക്സ് എന്നീ മേഖലകളില്ഞ ഊന്നിക്കൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

    പൊതുമേഖല

  70. എല്ലാ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെയും സംരക്ഷിക്കും. ഓരോന്നിന്റെയും വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കും.

  71. പൊതുമേഖലയ്ക്കുള്ള പദ്ധതി അടങ്കല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും തുല്യതോതില്‍ വീതം വയ്ക്കുന്നതിനു പകരം നിക്ഷേപത്തിന് മുന്‍ഗണന നിശ്ചയിക്കും. വികസന സാധ്യതകള്‍ പൂര്‍ണമായും കൈവരിക്കുന്നതിന് ആവശ്യമായ മുതല്‍മുടക്ക് ഒരുമിച്ച് നടത്തുന്നതാണ് അഭികാമ്യം. സാങ്കേതിക നവീകരണം, മാനേജ്മെന്റ് പരിഷ്കാരം, തൊഴില്‍ പരിശീലനം, പുതിയ മാര്‍ക്കറ്റിംഗ് രീതി, ധനപരമായ പുനസംഘാടനം എന്നിവയെല്ലാം അടങ്ങുന്ന പാക്കേജായിരിക്കും ഈ ഇടപെടല്‍. തുടര്‍ന്നുള്ള കാലത്ത് വാണിജ്യ അടിസസ്ഥാനത്തില്‍ ബാങ്ക് വായ്പയെ ആശ്രയിച്ച് സ്ഥാപനത്തിനു വളരാനാകണം. കെല്‍ട്രോണാണ് ഇത്തരത്തില്‍ ഏറ്റവും മുന്‍ഗണനയോടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്.

  72. കോട്ടയത്ത് വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കും. 26 ശതമാനം ഓഹരിയോടെ കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും.

  73. റബ്ബറിന്റെയും മറ്റും  മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആവശ്യമാണ്. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകള്‍ക്കും കൂടി ഈ മേഖലയില്‍ മുന്‍ഗണന നല്‍കും.

  74. കാര്‍ഷിക മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലാ ഫാമുകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക്. ചേര്‍ത്തലയിലേയും പാലക്കാട്ടേയും ഹൈറേഞ്ചിലെയും മെഗാ ഫുഡ് പാര്‍ക്കുകള്‍, മുട്ടത്തെ സ്പൈസസ് പാര്‍ക്ക്, കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന അഗ്രോ പാര്‍ക്കുകള്‍.  

  75. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.  

  76. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. നവീകരിക്കും. മാലിന്യസംസ്ക്കരണ പ്ലാന്റ് പൂര്‍ത്തീകരിക്കും. മാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും.

  77. ടൈറ്റാനിയം മെറ്റല്‍ അടക്കം ഉല്‍പാദിപ്പിക്കുന്ന കോംപ്ലക്സ് ആയി കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സിനെ ഉയര്‍ത്തും. അതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

  78. കുണ്ടറയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയില്‍ സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ നിര്‍മ്മിക്കും. മാമല യൂണിറ്റില്‍ ഇ.എം.യു ട്രാന്‍സ്ഫോമര്‍, റെയില്‍വേയ്ക്കു വേണ്ടിയുള്ള വിവിധ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കും. യുണൈറ്റഡ് ഇലക്ട്രിക്കല്‍സിലെ നിലവിലുള്ള പ്ലാന്റില്‍ പോളിമര്‍ ഇന്‍സുലേറ്റര്‍ യൂണിറ്റ് ആരംഭിക്കും. ടെല്‍ക്കിനെ ആധുനിക വത്കരിക്കുകയും പുതിയ പ്ലാന്റ് ആരംഭിക്കുകയും ചെയ്യും. ബെമെല്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കും.   

  79. ഓട്ടോക്കാസ്റ്റിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. ആധുനിക മെഷീന്‍ ഷോപ്പ് സ്ഥാപിക്കും. സ്മാള്‍ ആന്‍ഡ് മീഡിയം കാസ്റ്റിംഗിന് സൗകര്യം സൃഷ്ടിക്കും. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് വൈവിധ്യവത്കരി ക്കുകയും വിപുലീകരിക്കുകയും ചെയ്യും. സില്‍ക്ക്, അഴീക്കലില്‍ ഡ്രൈ ഡോക് നിര്‍മ്മിക്കുകയും മറ്റു യൂണിറ്റുകളിലെ യന്ത്രങ്ങള്‍ നവീകരിക്കു കയും ചെയ്യും.

  80. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പഴയ കാസ്റ്റിക് സോഡ പ്ലാന്റ് നവീകരിക്കും. 75 ടി.പി.ഡി ഉല്‍പാദന ശേഷിയുള്ള പുതിയ കാസ്റ്റിക് സോഡാ പ്ലാന്റ് ആരംഭിക്കും. എച്ച്.സി.എല്‍ സിന്തസിസ് യൂണിറ്റ് ആരംഭിക്കും. 60 ടണ്‍ ഉല്‍പാദന ശേഷിയോടെ സോഡാ ബ്ലീച്ച് പ്ലാന്റ് ആരംഭിക്കും.  

  81. ട്രാക്കോ കേബിള്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റ് ആധുനീകരിക്കും.

  82. മലബാര്‍ സിമെന്റിന്റെ കപ്പാസിറ്റി ഗണ്യമായി ഉയര്‍ത്തും. സിമെന്റ് പാക്കിംഗ് പ്ലാന്റ് ആരംഭിക്കും. ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ 700 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള ഗ്രേ സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും.

  83. ടെക്സ്റ്റൈല്‍ മില്ലുകള്‍ക്ക് ആവശ്യമായ പഞ്ഞി മൊത്തത്തില്‍ വാങ്ങുന്നതിനും എസ്ക്രൂ മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ മില്ലുകള്‍ക്ക് നല്‍കുന്നതിനും ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെയും ടെക്സ് ഫെഡിന്റെയും ആഭിമുഖ്യത്തില്‍ ഒരു റോമെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. നിലവിലുള്ള പ്ലാന്റുകളിലെ കാലഹരണപ്പെട്ട യന്ത്രങ്ങള്‍ നവീകരിക്കും.  

  84. ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, പ്രിയദര്‍ശിനി മില്‍, കോട്ടയം ടെക്സ്റ്റൈല്‍സ്, തൃശൂര്‍ സഹകരണ മില്‍,  എന്നിവിടങ്ങളില്‍ വസ്ത്രനിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. കോമളപുരം സ്പിന്നിംഗ് മില്‍സില്‍ നോണ്‍ വീവിംഗ് ഫാബ്രിക്സ് ഉല്‍പാദിപ്പിക്കും. സൈസിംഗ് ആന്‍ഡ് വാര്‍പിംഗ് യൂണിറ്റ് ആരംഭിക്കും.  മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ നവീകരിക്കുകയും സര്‍ജിക്കല്‍ കോട്ടണ്‍ ഉല്‍പാദിപ്പി ക്കുകയും ചെയ്യും. കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലില്‍ ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മെഷീന്‍ സ്ഥാപിക്കും. പിണറായിയിലെ ഹൈടെക് വീവിംഗ് മില്‍ വിപുലീകരിക്കും. നാടുകാണി ടെക്സ്റ്റൈലില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് സെന്റര്‍ ആരംഭിക്കും. ചാത്തന്നൂര്‍ (കൊല്ലം) സ്പിന്നിംഗ് മില്‍ നവീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

  85. കുണ്ടറയിലെ കേരള സിറാമിക്സ് ലിമിറ്റഡ് ഉല്‍പന്നങ്ങളെ വൈവിദ്ധ്യവത്കരിക്കും പ്ലാന്റ് നവീകരിക്കുകയും ചെയ്യും. പാപ്പിനിശേരിയിലെ മൈനിംഗ് തടസപ്പെട്ടതുകൊണ്ട് ഇന്റഗ്രേറ്റഡ് കോക്കനട്ട് കയര്‍ കോംപ്ലക്സുകളിലേയ്ക്ക് വൈവിദ്ധ്യവത്കരിക്കും. ഇവിടെ ഇന്റര്‍ലോക്ക് മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കും.

  86. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസില്‍ ഡിസൈന്‍ സ്റ്റുഡിയോ, ഫര്‍ണിച്ചര്‍ നിര്‍മ്മാണ ട്രെയിനിംഗ് സെന്റര്‍, മര ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ടെസ്റ്റിംഗ് സെന്റര്‍ എന്നിവ ആരംഭിക്കും.

  87. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ നവീകരിക്കും.

  88. കേരള ഓട്ടോ മൊബൈല്‍സ് സ്വന്തമായി ഒരു ഇലക്ട്രിക് മൊബിലിറ്റി പ്രൊഡക്ഷന്‍ ലൈന്‍ ലഭ്യമാക്കും. ഇലക്ട്രിക് പിക്ക്അപ്പ് വാന്‍, ഇ ലോഡര്‍, ഇലക്ട്രിക് കാര്‍, ഇ സ്കൂട്ടര്‍ എന്നിവ ഉല്‍പാദിപ്പിക്കും.

  89. ഭാവി ഇലക്ട്രിൿ വാഹനങ്ങളിലാണ്. ആദ്യത്തെ പ്ലഗ് ആന്‍ഡ് പ്ലേ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം യാഥാര്‍ഥ്യമാക്കും. 2, 3, 4 വീലറുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവയുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള സൗകര്യം തിരുവനന്തപുരത്ത് സ്ഥാപിക്കും.

  90. ഗാര്‍ഹിക വസ്തുക്കള്‍, സൈക്കിളുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ (ചൈനീസ് ഉത്പന്നങ്ങള്‍ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്നവ) നിര്‍മ്മിക്കുന്നതിനായി പാലക്കാട് ഒരു നിര്‍മ്മാണശാല സ്ഥാപിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

  91. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ സാധ്യതകള്‍ക്കായുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എനര്‍ജി സ്റ്റോറേജ്, ഫ്യൂവല്‍ സെല്‍സ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോള്‍ട്ടേജ്, സോളാര്‍ തെര്‍മല്‍, ബയോ എനര്‍ജി മോഡലിംഗ്, ബയോ മാസ് റീസൈക്കിളിംഗ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

  92. സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മാതൃകാ ഭരണ ചാര്‍ട്ടര്‍ രൂപീകരിക്കും.

  93. പൊതുമേഖലാ ബോര്‍ഡുകള്‍/ ഭരണസമിതികളില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരെ (സ്ഥാപനമേധാവി ഉള്‍പ്പെടെ കുറഞ്ഞത് മൂന്നിലൊന്ന് അംഗസംഖ്യയെങ്കിലും) ഉള്‍പ്പെടുത്തും.

  94. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്കു പുറത്തുള്ള തസ്തികകളിലെ നിയമനങ്ങള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനു പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കും.

  95. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പള പരിഷ്കരണം സമയബന്ധിതമായി നടത്തുന്നതിന് പ്രത്യേക ശമ്പള കമ്മീഷനെ നിയമിക്കും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനു സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നു പ്രത്യേക പദ്ധതി നടപ്പാക്കും.

  96. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സമീപകാലത്ത് വലിയ പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും  ഭേദഗതി വരുത്തി. പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നവീകരിച്ചു. ഇവയെല്ലാംമൂലം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കോവിഡുകാലത്തെ അധികവായ്പ അനുവദിക്കുക യുണ്ടായി. ഏകജാലക സംവിധാനം ഉറപ്പുവരുത്തും. ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തിപ്പെടും. 2022 ല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഉയരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനം കൈവരിക്കും.

    ടൂറിസം

  97. വിദേശ സഞ്ചാരികളുടെ എണ്ണം 2019 ല്‍ 11.89 ലക്ഷമായിരുന്നു. 2025 ല്‍ 20 ലക്ഷമാക്കും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2019 ല്‍ 1.83 കോടിയായിരുന്നു. ഇത് 2025 ല്‍ 3.65 കോടിയാക്കും. അടങ്കല്‍ ഇരട്ടിയാക്കി ദേശീയമായും അന്തര്‍ദേശീയമായും മാര്‍ക്കറ്റിംഗ് വിപുലീകരിക്കും.

  98. ടൂറിസത്തിലെ സ്വകാര്യനിക്ഷേപകര്‍ക്ക് വ്യവസായമേഖലയ്ക്കു സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും. പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കും.

  99. ഉത്തരവാദിത്വ ടൂറിസം നയം ശക്തിപ്പെടുത്തും. ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. പ്രാദേശിക ജനങ്ങളെ ടൂറിസം വിപണിയും സേവനങ്ങളുമായി ബന്ധിപ്പിക്കും. ശുചിത്വം ഉറപ്പുവരുത്തുന്നതിനും ടൂറിസ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ സജീവ പങ്കാളികളാക്കും.

  100. അന്താരാഷ്ട്ര ടൂറിസം വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ 2022 കോവിഡ് മുക്തവര്‍ഷമായി ആഘോഷിക്കും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

  101. കായലുകളുടെ കാരിയിംഗ് കപ്പാസിറ്റി വിലയിരുത്തി ഹൗസ് ബോട്ടുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും നിന്നുള്ള മാലിന്യങ്ങള്‍ കായലില്‍ തള്ളാതിരിക്കാന്‍ വ്യവസ്ഥ ചെയ്യും. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു സെപ്ടേജുകള്‍ സ്ഥാപിക്കും.

  102. മുസരിസ്, ആലപ്പുഴ, തലശ്ശേരി എന്നിങ്ങനെ മൂന്ന് ടൂറിസം പൈതൃക പദ്ധതികളാണ് നിലവിലുള്ളത്. ഇവ മൂന്നിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  103. തിരുവനന്തപുരം പൈതൃക പദ്ധതിയ്ക്ക് വിശദമായ ഡി.പി.ആര്‍ തയ്യാറായിക്കഴിഞ്ഞു. കൊല്ലം, കോഴിക്കോട്, പൊന്നാനി, ആറന്മുള എന്നിവിടങ്ങളില്‍ക്കൂടി പൈതൃക ടൂറിസം പദ്ധതികള്‍ ആരംഭിക്കും. പൈതൃക ടൂറിസം പദ്ധതികള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതോടൊപ്പം ജനകീയ ചരിത്ര വിദ്യാഭ്യാസ പദ്ധതികള്‍കൂടി ആയിരിക്കും.

  104. പൈതൃക പദ്ധതികളുടെ തുടര്‍ച്ചയായി കേരളത്തിലെ പുരാതന തുറമുഖ കേന്ദ്രങ്ങളേയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖ ങ്ങളുമായി ബന്ധപ്പെടുത്തി സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ സ്പൈസസ് റൂട്ട് ആവിഷ്കരിക്കും.

  105. കല്‍പ്പാത്തി, നൂറണി, കോട്ടായി, ചെമ്പൈ കൊടുന്തുരപ്പുള്ളി, ചിറ്റൂര്‍, തിരുനെല്ലായി എന്നീ പ്രധാനപ്പെട്ട അഗ്രഹാരങ്ങളില്‍ നിലവിലുള്ള പാരമ്പര്യ അഗ്രഹാര സംഗീത സാംസ്ക്കാരിക പൈതൃകങ്ങളെയും പാലക്കാട്ടെ തനത് കലാ സാംസ്ക്കാരിക പൈതൃകങ്ങളെയും ബന്ധിപ്പിച്ച് പൈതൃക സാംസ്ക്കാരിക വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കും.

  106. കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ പട്ടണത്തിലെ ശുചിത്വം, താമസസൗകര്യങ്ങള്‍, പഴയ ട്രെയിന്‍ സര്‍വ്വീസിന്റെ പുനരുദ്ധാരണം, പ്ലാന്റേഷന്‍ ചരിത്ര മ്യൂസിയം, ഫാം ടൂറിസം തുടങ്ങിയവയെല്ലാമായി സംയോജിപ്പിച്ച് അത്യാകര്‍ഷകമാക്കും.

  107. മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി വക മൂന്നേക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ ബജറ്റ് ഹോട്ടല്‍ ആരംഭിക്കും മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും.

  108. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസനത്തിനു മുന്‍ഗണന നല്‍കും. അന്തര്‍ദേശീയ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.

  109. ഉത്തരമലബാറിലെ വിവിധ ജലാശയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം നടപ്പിലാക്കും. മൊത്തം 45 ബോട്ട് ടെര്‍മിനലുകള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും. മുഴപ്പിലങ്ങാട്, ബേക്കല്‍, ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

  110. തിരുവനന്തപുരും മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാതയെ പ്രത്യേക ടൂറിസം മേഖല/ഹൈവേ ആയി പ്രഖ്യാപിക്കും. അതോടനുബന്ധിച്ച് പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ ഏറ്റവും കുറഞ്ഞത് അന്‍പതോളം ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും. ജലപാത കടന്നുപോകാത്ത ജില്ലകളിലും ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കും.  ഓരോന്നിനും മാസ്റ്റര്‍ പ്ലാനുണ്ടാകും. ഇവിടങ്ങളില്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായത്തോടെ പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഉല്പാദനവും വില്പനയും പ്രോത്സാഹിപ്പിക്കും.

  111. പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറായിട്ടുണ്ട്. റോഡ്, കുടിവെളളം, പൊതു ടോയ്ലറ്റുകള്‍, മാലിന്യസംസ്ക്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സുരക്ഷിത വൈദ്യുതി, താമസ സൗകര്യം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാനുകള്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രത്തിലും തയ്യാറാക്കും. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും

  112. ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഒരു ഗ്രീന്‍ പ്രോട്ടോക്കോളുണ്ടാക്കും. ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് നിരോധിക്കും. ഹൗസ് ബോട്ടുകളുടെ മാലിന്യം സംസ്ക്കരിക്കുന്നതിന് ആധുനിക പൊതുസൗകര്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

  113. ആഗോള വാര്‍ഷിക ലിറ്റററി ഫെസ്റ്റിവെല്‍, സംഗീതോത്സവം, നാടകോത്സവം, ചലച്ചിത്രോത്സവം തുടങ്ങിയവ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കും.

  114. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാര്‍ഷിക കലണ്ടര്‍ തയ്യാറായിട്ടുണ്ട്. ഇവയുമായി ബന്ധപ്പെടുത്തി ചുരുങ്ങിയ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക ടൂറിസം സര്‍ക്യൂട്ടുകള്‍ക്ക് രൂപം നല്‍കും.

  115. ടൂറിസം പരിശീലന കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും. ഓരോ മേഖലയിലെയും ടൂറിസ്റ്റ് ഗൈഡുകള്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ആയൂര്‍വേദം, യോഗ, കളരി, പ്രകൃതി ചികിത്സ എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് വെല്‍നെസ് കോഴ്സുകള്‍ വികസിപ്പിക്കും.

  116. നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെ വിദേശ സഞ്ചാരികളിലൂടെ ടൂറിസം സീസണ്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്‍സൂണ്‍ ടൂറിസവും ചാമ്പ്യന്‍സ് ലീഗ്  വള്ളം കളിയും ഉപയോഗപ്പെടുത്തി ടൂറിസം സീസണ്‍  വര്‍ഷം മുഴുവന്‍ നീട്ടും. ബോട്ട് ലീഗിലേയ്ക്ക് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമേ മറ്റു ചെറുവള്ളങ്ങളെക്കൂടി ഉള്‍പ്പെടുത്തും.

  117. കേരളത്തിലേയ്ക്ക് കൂടുതല്‍ നേരിട്ടുള്ള അന്തര്‍ദേശീയ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ പരിശ്രമിക്കും. ടൂറിസ്റ്റ് കപ്പലുകളേയും ആകര്‍ഷിക്കാനാവും

  118. കൊച്ചി ബിനാലെ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥിരംവേദി ഉറപ്പുവരുത്തും. ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ആലപ്പുഴ  കൊച്ചി ആഗോള ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും.

  119. വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.

  120. ടൂറിസം മാര്‍ക്കറ്റിംഗിന് കൂടുതല്‍ പണം വകയിരുത്തും. പൊതുവായ പ്രചരണത്തോടൊപ്പം കൃത്യമായ ടാര്‍ജറ്റ് ഓഡിയന്‍സിനെയും ലക്ഷ്യമിട്ട് ബന്ധപ്പെട്ട രാജ്യങ്ങളില്‍ വിശേഷാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അന്താരാഷ്ട്ര ടൂറിസം മേളകളില്‍ നമ്മുടെ സാന്നിധ്യം ഇനിയും ഉയര്‍ത്തണം. ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹന സഹായം നല്‍കും.

  121. കേരള ടൂറിസം മാര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ബിസിനസ് മീറ്റായി വികസിപ്പിക്കുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.

  122. ടൂറിസത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും

  123. ഉത്തരവാദിത്ത ടൂറിസം നയം തുടരും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ എല്ലാം കാരിയിംഗ് കപ്പാസിറ്റി പഠനം അടിയന്തരമായി നടത്തും. ടൂറിസം മേഖലകളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് ഒരു സബ് പ്ലാന്‍ തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പരിശീലനം നല്‍കും. അഡ്വഡര്‍ ടൂറിസവും, തീര്‍ത്ഥാടവ ടൂറിസവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിക്കും.

    ആധുനിക ചെറുകിട വ്യവസായം

  124. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം 2015-16 ല്‍ 82000 ആയിരുന്നു. ഇത് ഇപ്പോള്‍ 1.4 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം 4.18 ലക്ഷത്തില്‍ നിന്ന് 6.38 ലക്ഷമായി ഉയര്‍ന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 3 ലക്ഷമായി ഉയര്‍ത്തും. 6 ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കും. ഇതില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായിട്ടുള്ളവയാകും.

  125. ഈ ലക്ഷ്യപ്രാപ്തിക്കായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

  • ചെറുകിട വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഡെവലപ്പ്മെന്റ് ഏരിയകളും എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും.

  • സംരംഭകത്വ വികസന പരിപാടികള്‍ വിപുലീകരിക്കും.

  • വായ്പാ സൗകര്യങ്ങള്‍ ഉദാരമാക്കും.

  • പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പരിപാടിക്കു രൂപം നല്‍കും.

പ്രവാസികള്‍

  1. 1980 മുതലുള്ള കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിര്‍ണ്ണായകമായ സംഭാവന പ്രവാസി മലയാളികളിലൂടെയുള്ള വിദേശ പണവരുമാനമാണ്. കേരളത്തില്‍ നിന്ന് കുടിയേറുന്നവരേക്കാള്‍ മടങ്ങി വരുന്നവരുടെ എണ്ണം കൂടുന്ന സ്ഥിതിവിശേഷം കോവിഡിനു മുന്നേ തന്നെ രൂപം കൊണ്ടിരുന്നു. യു.കെ യിലേയ്ക്ക് 2700 നേഴ്സുമാരെ ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ചുകൊണ്ടുള്ള പരിശീലന പരിപാടി ഇതിന് ഉദാഹരണമാണ്. ഇത്തരം നൈപുണി പരിശീലനവും വിദേശ രാജ്യങ്ങളുമായിട്ടുള്ള ആശയവിനിമയത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പുതിയ തൊഴില്‍ സാധ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് എത്തിച്ച് കൊടുക്കുക, കുടിയേറ്റത്തിനാവശ്യമായ വായ്പ ഉദാരമായി ലഭ്യമാക്കുക എന്നിവയാണ് മറ്റു നടപടികള്‍

  2. പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ശേഖരിക്കുകയും ജില്ലാതല കര്‍മ്മ പരിപാടിയായി ക്രോഡീകരിക്കുകയും ചെയ്യും.

  3. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാ നത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനദാതാക്കളുടെ മള്‍ട്ടി ടാസ്ക് സംഘങ്ങള്‍, വിപണന ശൃംഖല തുടങ്ങിയ തൊഴില്‍ പദ്ധതികളെ പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കി ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കു രൂപം നല്‍കുകയും ചെയ്യും.

  4. പ്രവാസി ഡിവിഡന്റ് സ്കീമും പ്രവാസി ചിട്ടിയും കൂടുതല്‍ ആകര്‍ഷകമാക്കും.

  5. ഉയര്‍ന്ന വിമാന നിരക്ക് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ഇടപെടുവിക്കുന്നതിനുള്ള തീവ്രശ്രമം നടത്തും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമവും പ്രോത്സാഹനവും ഉറപ്പുവരുത്തുന്ന ഒരു സമഗ്ര കുടിയേറ്റ നിയമത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  6. പ്രവാസികളെക്കുറിച്ചുള്ള സമഗ്രമായ ഒരു ഡാറ്റ ബേസ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. സ്ഥിരമായി, വിദേശത്ത് പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍, താമസിക്കുന്ന മലയാളികളുടെ പുതിയ തലമുറകളെ മലയാളത്തേയും മലയാള സംസ്കാരത്തേയും പരിചയപ്പെടുത്തി കൊടുക്കുന്നതിനുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

  7. ലോക കേരള സഭ വന്‍ വിജയമാണ്. കോവിഡാനന്തര കാലത്ത് വീണ്ടും ഇത്തരം സമ്മേളനം വര്‍ഷം തോറും വിളിച്ചു ചേര്‍ക്കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമാക്കും. വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനു വേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഓരോ വിദേശ മേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ ഉണ്ടാകും.

  8. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്, രോഗ ബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന വര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ സ്കീം ഉണ്ടാക്കും. സാന്ത്വന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് പദ്ധതിയും നിലവിലുണ്ട്. മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലെ വീടുകളിലെത്തിക്കു ന്നതിന് ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പാടായി. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.

  9. പ്രവാസി നിയമസഹായ പദ്ധതി ഈ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ 11 ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുണ്ട്. ഈ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.

  10. വിദേശത്തു നിന്ന് തിരികെ വരുന്നവര്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതി നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അടക്കം 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ പദ്ധതി കൂടുതല്‍ വിപുലീകരിക്കും.

  11. മുഖ്യമന്ത്രി ചെയര്‍മാനായി ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു. ടൂറിസം, പശ്ചാത്തല സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു അനുബന്ധ കമ്പനിയായ റെസ്റ്റ് സ്റ്റോപ്പ് പാതയോര വിശ്രമകേന്ദ്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുപോലെ മറ്റ് അനുബന്ധ കമ്പനികളും രൂപീകരിച്ചുകൊണ്ട് പ്രവാസി നിക്ഷേപത്തിന് വഴിയൊരുക്കും.

  12. ആദ്യത്തെ എന്‍.ആര്‍.കെ.ഇ.എസ് (നോണ്‍ റെസിഡന്‍ഷ്യല്‍ കേരളൈറ്റ്സ് ഇക്കണോമിക് സോണ്‍) ആരംഭിക്കും. എന്‍.ആര്‍.ഐകള്‍ക്ക് അവരുടെ നൂതന ബിസിനസ്/വ്യവസായം ആരംഭിക്കുന്നതിനും അവരുടെ ജീവിതത്തില്‍ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതിനും ആദായവിലയ്ക്ക് ഭൂമി നല്‍കുന്ന തരത്തിലുള്ള പാര്‍ക്ക് ഒരുക്കും.

  13. പുനരധിവാസം പൊതുജനങ്ങളുടെ പ്രധാന ആശങ്കയായി ഉയര്‍ന്നു വരികയാണ്. ആളുകളെ പുനരധിവസിപ്പിക്കാനായി സമ്പൂര്‍ണ്ണ ആധുനിക കുടുംബ നഗരങ്ങള്‍ സൃഷ്ടിച്ചു പുനരധിവാസം ഉറപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഈ ആധുനിക ഇടങ്ങളില്‍ സീവെജ് സംവിധാനവും, വൈദ്യുതിയും, കുടിവെള്ളവും ഉണ്ടാകും. സ്കൂളുകളും, ഓഡിറ്റോറിയങ്ങളും, ആരാധനാലയങ്ങളും ഉണ്ടായിരിക്കും. ഈ ആസൂത്രിത പ്രദേശങ്ങളില്‍ പാര്‍പ്പിടാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വില്‍ക്കാവുന്ന സ്ഥലങ്ങളും ഉണ്ടായിരിക്കും.

  14. സംരംഭക തല്‍പരരായ പ്രവാസികളുമായി പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിന് മുമ്പേ തന്നെ ആശയവിനിമയം നടത്തുന്നതിന് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ട്രെയിനിംഗ്, വായ്പ, സര്‍ക്കാര്‍ ക്ലിയറന്‍സ്, ജി ടു ബി ആന്‍ഡ് ബി ടു ബി മീറ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കും.

  15. പ്രവാസികളുടെ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. 28 സംഘങ്ങള്‍ക്ക് ഇതിനകം സഹായം നല്‍കിയിട്ടുണ്ട്.

  16. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യ സ്ഥാപനങ്ങളുടേയും മറ്റും വികസനത്തിന് പ്രവാസികള്‍ സംഭാവന നല്‍കിയാല്‍ തുല്യതുകയ്ക്ക് സര്‍ക്കാര്‍ മാച്ചിംഗ് ഗ്രാന്റു നല്‍കും. ഇതിനുള്ള ഒരു സ്കീം തയ്യാറാക്കും.

  17. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സംഘടനകള്‍ രൂപീകരിക്കും. ജ്ഞാന സമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസി പ്രൊഫഷണലുകള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. ഈ സംഘടനകളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തും.

  18. പ്രവാസി ക്ഷേമനിധി അംഗത്വം ഈ സര്‍ക്കാരിന്റെ കാലത്ത് 1.1 ലക്ഷത്തില്‍ നിന്ന് 5.06 ലക്ഷമായി ഉയര്‍ന്നു. ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ക്ഷേമപെന്‍ഷന്‍ 3000-3500 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള പ്രവാസി ക്ഷേമ പെന്‍ഷന്‍ 5000 രൂപയായും നാട്ടില്‍ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയര്‍ത്തും.

  19. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് 60 വയസ്സു കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ളവരുടെ സാമ്പത്തികനിലകൂടി കണക്കിലെടുത്തുകൊണ്ട് സാമൂഹ്യസുരക്ഷാ പെന്‍ഷനെങ്കിലും ലഭ്യമാക്കുന്നകാര്യം പരിഗണിക്കും.

  20. പ്രവാസി വകുപ്പിനായുള്ള ബജറ്റ് വിഹിതം ഇനിയും ഗണ്യമായി ഉയര്‍ത്തും. യു.ഡി.എഫ് സര്‍ക്കാരിനെ അപേക്ഷിച്ച് പ്രവാസി ക്ഷേമത്തിന്റെ മടങ്ങ് മൂന്ന് മടങ്ങ് ഉയര്‍ത്തിയിട്ടുണ്ട്.