Skip to main content

ധനകാര്യ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കും

  1. ബജറ്റില്‍ ധനദൃഢീകരണ നയങ്ങള്‍ പിന്തുടരും. റവന്യൂ കമ്മി ഒരു ശതമാനത്തില്‍ താഴെയാക്കും. ധനക്കമ്മി 2022-23 മുതല്‍ മൂന്നു ശതമാനത്തില്‍ നിലനിര്‍ത്തും. ഇതു സാധിക്കണമെങ്കില്‍ റവന്യൂ വരുമാനം പ്രതിവര്‍ഷം 15 ശതമാനമെങ്കിലും ഉയരേണ്ടി വരും. 2006-2011 ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെന്നപോലെ 20 ശതമാനം വര്‍ദ്ധനയാണ് ലക്ഷ്യമിടുക.

  2. ബജറ്റിനുള്ളിലെ മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തും. റവന്യൂ കമ്മി കുറയ്ക്കുന്നതിന്റെ ലക്ഷ്യം ഇതാണ്. സംസ്ഥാന വരുമാനത്തിന്റെ രണ്ടു ശതമാനമായി മൂലധനച്ചെലവ് ഉയര്‍ത്തുകയാണ് ലക്ഷ്യം. 

നികുതി ഭരണം

  1. ജി.എസ്.ടി സംസ്ഥാനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നു മാത്രമല്ല, വരുമാനം പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുകയുമുണ്ടായില്ല. ജി.എസ്.ടിയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ പരിഷ്കാരങ്ങള്‍ക്കു വേണ്ടി കേരളം ശക്തമായ നിലപാടുകള്‍ സ്വീകരിക്കും.

    undefinedundefinedundefined

  2. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കാര്യക്ഷമത ഉയര്‍ത്തും: നികുതി വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഓഫീസുകള്‍ നവീകരിക്കും. തേര്‍ഡ് പാര്‍ട്ടി വിവരങ്ങളും ഡാറ്റാ അനാലിസിസും ഉപയോഗപ്പെടുത്തും.

  3. വാഹനപരിശോധന ശക്തിപ്പെടുത്തും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിംഗ് സംവിധാനം നടപ്പിലാക്കും. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി മൊബൈല്‍ ആപ്പുകള്‍ രൂപകല്‍പന ചെയ്യും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

  4. ഇ-ഇന്‍വോയ്സ് നടപ്പാക്കും. വ്യാജബില്ലിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും. റിവ്യൂ സംവിധാനം ശക്തിപ്പെടുത്തും. ഇതിലൂടെ തെറ്റായ നികുതി നിര്‍ണ്ണയങ്ങള്‍ പരിശോധിക്കുവാനും നികുതി നിര്‍ണ്ണയത്തില്‍ കൃത്യത കൊണ്ടുവരാനും സാധിക്കും. റിട്ടേണ്‍ പരിശോധന ശക്തിപ്പെടുത്തും. ഇ-ഓഫീസ് നടപ്പാക്കും.

  5. നികുതിദായകരോട് സൗഹൃദപരമായ സമീപനം സ്വീകരിക്കും. അപ്പീലുകളുടെ കോര്‍ട്ട് ഫീ കുറയ്ക്കും. നികുതിദായക റിപ്പോര്‍ട്ട് കാര്‍ഡ് നടപ്പാക്കും. ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങളടക്കം കാര്യക്ഷമമാക്കാന്‍ കഴിയും. അപ്പലേറ്റ് ട്രിബ്യൂണല്‍ ആരംഭിക്കും. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

  6. ഇന്‍ഫോര്‍മര്‍ സ്കീം നടപ്പിലാക്കും.

  7. 2021 ല്‍ വാറ്റിന്റെ ലഗസി കുടിശികകള്‍ തീര്‍ക്കും. നികുതി വകുപ്പ് പൂര്‍ണ്ണമായും ജി.എസ്.ടിക്കുവേണ്ടി പുനഃസംഘടിപ്പിക്കും.

  8. വാറ്റ് നികുതി കുടിശികക്കാര്‍ക്കായി സമഗ്രമായ ആംനസ്റ്റി പദ്ധതി ഒരു വര്‍ഷംകൂടി ഉദാരമായി തുടരും. 2022 ല്‍ വാറ്റ് സംബന്ധിച്ചിട്ടുള്ള പുതിയ പരിശോധനകളെല്ലാം അവസാനിപ്പിക്കും.

  9. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനുമായി സഹകരിച്ച് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും.

  10. എല്‍.എന്‍.ജി/സി.എന്‍.ജിയുടെ മേലുള്ള വാറ്റ് നികുതി തമിഴ്നാടിനു തുല്യമായി 5 ശതമാനമായി കുറയ്ക്കും.

  11. എഫ്.എ.സി.റ്റി പോലുള്ള സ്ഥാപനങ്ങള്‍ക്കും സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാര്‍ഹികോപഭോക്താക്കള്‍ക്കും ഈ നികുതിയിളവ് ബാധകമാക്കും.

    കേരള മണി ലെന്‍ഡേഴ്സ് ആക്ട്

  12. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍, മൊബൈല്‍ ആപ്പുകള്‍ വഴി പണം വായ്പ കൊടുക്കുന്നതായും അമിത പലിശ ഈടാക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും.

  13. നിയമവകുപ്പുമായി ആലോചിച്ച് കേരള മണി ലെന്‍ഡിംഗ് ആക്ടില്‍ യുക്തമായ ഭേദഗതികള്‍ വരുത്തും.

 കേരള ബാങ്ക്

  1. സംസ്ഥാനത്തിന്റെ വികസനത്തിന് ബജറ്റിലൂടെയുള്ള വിഭവസമാഹരണം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ നൂതനങ്ങളായ നടപടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വികസനത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയും. ഇതിലേറ്റവും പ്രധാനം കിഫ്ബിയാണ്. കിഫ്ബി പശ്ചാത്തല സൗകര്യവികസനത്തിനുള്ള മൂലധന നിക്ഷേപത്തിനാണെങ്കില്‍ കേരള ബാങ്കാവട്ടെ, കൃഷിക്കാര്‍ക്കും സംരംഭകര്‍ക്കും ആവശ്യമുള്ള പ്രവര്‍ത്തന മൂലധനമടക്കം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ്.

  2. ബാങ്കിന്റെ എന്‍.പി.എ റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കുറയ്ക്കും.

  3. എന്‍.ആര്‍.ഐ ഡെപ്പോസിറ്റിനുള്ള അനുമതി ആര്‍.ബി.ഐയില്‍ നിന്നും വാങ്ങും.

  4. കൃഷിക്കും കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ക്കുമുള്ള വായ്പ വര്‍ദ്ധിപ്പിക്കും.

 സഹകരണം

  1. പ്രാഥമിക സഹകരണ ബാങ്കുകളെ അട്ടിമറിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി ജനകീയ പ്രതിരോധം ഉയര്‍ത്തും.

  2. അപ്പെക്സ് ബാങ്കു വഴി കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ ഇടപാടുകാരെ പങ്കാളിയാക്കും. എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങള്‍ക്കു ലഭ്യമാക്കും.

  3. കോര്‍ ബാങ്കിംഗിന്റെ ഭാഗമാകുന്നതോടെ സഹകരണ ബാങ്കുകളെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാങ്കറാക്കി ഉയര്‍ത്തും.

  4. പച്ചക്കറി തറവില നടപ്പാക്കുന്നതിനുള്ള കോ-ഓപ് മാര്‍ട്ടുകള്‍ അതിവേഗ ത്തില്‍ സാര്‍വ്വത്രികമാക്കും.

  5. നാളികേര സംഭരണ സംസ്കരണത്തിലേയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

 കെ.എഫ്.സി

  1. കെ.എഫ്.സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുനഃസംഘടിപ്പിക്കും.

  2. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ ഡെപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമാക്കും. ഇത് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കുന്ന തിനും സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സഹായിക്കും.

 കെ.എസ്.എഫ്.ഇ

  1. 2015-16ല്‍ കെ.എസ്.എഫ്.ഇ യുടെ ടേണോവര്‍ 28960 കോടി രൂപയായിരുന്നത് 2020-21 ല്‍ 51000 കോടി രൂപയായി. ഇത് ഒരുലക്ഷം കോടി രൂപയായി ഉയര്‍ത്തും.

  2. പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം ആരംഭിക്കും. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പരിഗണന നല്‍കി 3000 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കും.

  3. കെ.എസ്.എഫ്.ഇ ചിട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.

  4. പ്രവാസി ചിട്ടി ടേണോവര്‍ 25000 കോടി രൂപയായി ഉയര്‍ത്തും. ഓണ്‍ലൈന്‍ അധിഷ്ഠിത നിവാസി ചിട്ടികള്‍ തുടങ്ങും.

  5. കുടിശിക നിവാരണ പദ്ധതി തുടരും.

  6. ചിട്ടിയേതര ബിസിനസുകള്‍ നടത്തുന്നതിന് കെ.എസ്.എഫ്.ഇ യ്ക്ക് ഒരു പുതിയ സബ്സിഡിയറി കമ്പനി ആരംഭിക്കും.

 സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്

  1. സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്മെന്റിനെ പുനഃസംഘടിപ്പിക്കും. സമൂലമായ ആധുനികവല്‍ക്കരണവും ബിസിനസ് വിപുലപ്പെടുത്താനുള്ള ഊര്‍ജ്ജിത നടപടികളും സ്വീകരിക്കും.

  2. കുടുംബശ്രീ, സഹകരണസംഘങ്ങള്‍, തൊഴിലുറപ്പ്, ക്ഷേമനിധികള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്‍ഷ്വറന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

  3. മറ്റു ധനകാര്യ സ്ഥാപനങ്ങളായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍, കെ.യു.ആര്‍.ഡി.എഫ്.സി, വനിതാ വികസന കോര്‍പ്പറേഷന്‍ പോലുള്ള മറ്റു കോര്‍പ്പറേഷനുകളും സമഗ്രമായി പുനഃസംഘടിപ്പിക്കും.

  4. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഒരു കൗണ്‍സില്‍ രൂപീകരിക്കും. സംരഭകത്വ വികസനത്തിനു വേണ്ടിയുള്ള വായ്പകളുടെ ലക്ഷ്യം നിര്‍വ്വചിക്കുകയും പുരോഗതി അവലോകനം ചെയ്യുകയുമായിരിക്കും ഈ കൗണ്‍സിലിന്റെ മുഖ്യ ചുമതല.