Skip to main content

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തലസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളത്തെ ഉയർത്തും

 1. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അവലോകനം ചെയ്യുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായ വഴിമാറ്റം ഉണ്ടായിട്ടുള്ളത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലാണെന്നു കാണാം. ഈ അഭൂതപൂര്‍വ്വമായ വര്‍ദ്ധന ബജറ്റിലെ വകയിരുത്തലിനേക്കാള്‍ ബജറ്റിനു പുറത്താണ് ഉണ്ടായിട്ടുള്ളത്. കിഫ്ബിയാണ് ഇതിനു സഹായിച്ചത്. യു.ഡി.എഫും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് കിഫ്ബിയെ അട്ടിമറിക്കുന്നതിനു ശ്രമിക്കുകയാണ്. കിഫ്ബിയെ സംരക്ഷിക്കും. കിഫ്ബി മുന്നോട്ടു വച്ചിട്ടുള്ള 63000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ തുടരണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷം വിജയിച്ചേതീരൂ.

 2. ഇത്രയേറെ തുകയ്ക്കുള്ള ഭീമന്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുള്ള അനുഭവം നമുക്ക് ഇല്ലാത്തതുകൊണ്ട് ചില പ്രോജക്ടുകളില്‍ കാലതാമസം വരുന്നുണ്ട്. ഇതുപരിഹരിക്കാനായി പ്രോജക്ടുകള്‍ നടത്തിപ്പിനായുള്ള എസ്.പി.വികളെ ശക്തിപ്പെടുത്തും. വിശദവും കൃത്യവുമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് അവയെ പ്രാപ്തമാക്കും.

 3. ഭാവിയിലെ രണ്ടു ദശാബ്ദത്തെയെങ്കിലും വര്‍ഷംതോറുമുള്ള വരുമാനവും (സര്‍ക്കാരിന്റെ നികുതി വിഹിതവും ആദായദാന പ്രോജക്ടുകളുടെ തിരിച്ചടവും) ബാധ്യതകളും (വായ്പകളുടെ തിരിച്ചടവും കരാറുകാരുടെ ബില്ലുകള്‍ക്കു നല്‍കാനുള്ള തുകയും) നിരന്തരം താരതമ്യപ്പെടുത്തി കൊണ്ടാണ് കിഫ്ബി പ്രോജക്ടുകള്‍ അനുവദിക്കുന്നത്. ഒരുവര്‍ഷം പോലും ബാധ്യതകള്‍ വരുമാനത്തേക്കാള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ട് പലരും ഭയപ്പെടുന്നതുപോലെ കിഫ്ബിയുടെ ബാധ്യതകള്‍ സര്‍ക്കാരിനുമേല്‍ വന്നു പതിക്കില്ല. ഈ നിതാന്തജാഗ്രത തുടരും.

 4. ഡയറക്ടര്‍ ബോര്‍ഡിന്റെയും ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിറ്റിയുടെയും അവലോകനത്തിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  വൈദ്യുതി

 5. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് എ റേറ്റിങ്ങ് ലഭിച്ച ഒരു വൈദ്യുതി യൂട്ടിലിറ്റിയായി മാറാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഇന്ത്യയിലെ ഏറ്റവും മികച്ച വൈദ്യുതി യൂട്ടിലിറ്റി ആക്കി മാറ്റും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും ചെലവ് ചുരുക്കിയും മാനവവിഭവ ശേഷി പരമാവധി കാര്യക്ഷമമാക്കിയും എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ തുടര്‍ച്ച നില നിര്‍ത്തും.

 6. ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കും. വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. 3000 കോടി രൂപയാണ് ഇതിനു ചെലവു വരിക. നിര്‍മ്മാണത്തിലിരിക്കുന്ന 156 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ ഉടനടി പൂര്‍ത്തിയാക്കും.

 7. 2040 വരെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. 2000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കുള്ള വൈദ്യുതി കൊച്ചി-ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാനാകും. എന്നാല്‍ ഇത് കേരളത്തിലുടനീളം എത്തിക്കണമെങ്കില്‍ 400 കെവിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ പൂര്‍ത്തീകരിക്കണം. ഇതാണ് 10000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 400കെ.വി പവര്‍ഹൈവേ കോഴിക്കോട് വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോഡ് 400 കെ.വി സബ് സ്റ്റേഷനുകള്‍കൂടി സ്ഥാപിച്ച് പവര്‍ ഹൈവേ കര്‍ണാടകയിലെ ഉഡുപ്പിയിലേയ്ക്ക് ദീര്‍ഘിപ്പിക്കും. സംസ്ഥാനത്തു പുതുതായി ഏഴ് 400 കെ.വി സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കും. 220 കെ.വി ശൃംഖല ശക്തിപ്പെടുത്തും. ഘട്ടംഘട്ടമായി സബ് സ്റ്റേഷനുകള്‍ ഓട്ടോമേറ്റ് ചെയ്തു നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ഇത്തരം നടപടികളിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയര്‍ത്തും. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതോടെ പവര്‍കട്ട് പഴങ്കഥയാകും.

 8. സൗരോര്‍ജ്ജത്തില്‍ നിന്നും 1000 മെഗാവാട്ട് ലഭ്യമാക്കാനുള്ള പദ്ധതി ലക്ഷ്യത്തിലേക്കെത്തുകയാണ്. അടുത്ത ഘട്ടമായി പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളായ ജലവൈദ്യുത പദ്ധതികള്‍, സൗരോര്‍ജ്ജം, കാറ്റ് മുതലായവയില്‍? നിന്നുമായി 3000 മെഗാവാട്ട് അധികമായി ലഭ്യമാക്കും. ഒരു ലക്ഷം പുറപ്പുറങ്ങളില്‍ സൗരോജ്ജ ഉല്പാദനം സാധ്യമാക്കും. 2025 ആകുമ്പോഴേയ്ക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് ലഭ്യമാക്കും.

 9. വൈദ്യുതി വിതരണ മേഖല ആധുനികവല്‍ക്കരിക്കുന്ന ദ്യുതി പദ്ധതിയിലൂടെ വൈദ്യുതി തടസ്സങ്ങള്‍ ഗണ്യമായി കുറക്കാനും വിതരണ നഷ്ടം 8 ശതമാനത്തിലേയ്ക്ക് താഴ്ത്താനുമായി. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വിതരണ നഷ്ടം അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് കുറയ്ക്കാനും വൈദ്യുതി തടസ്സങ്ങള്‍ അളക്കുന്ന ടഅകഉക/ടഅകഎക അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും 10000 കോടി രൂപ മുതല്‍ മുടക്കില്‍ ദ്യുതി രണ്ടാം ഘട്ടം ആരംഭിക്കും. വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ അടക്കം റിംഗ് സംവിധാനം നടപ്പാക്കും. സ്കാഡ, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കേബിളുകള്‍ എന്നിവ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിപ്പിക്കും. കെ-ഫോണ്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് ഗ്രിഡ് പദ്ധതി നടപ്പാക്കും. ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറും.

 10. വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിന് നടപടി സ്വീകരിക്കും. പുതുതായി നിര്‍മ്മിക്കുന്ന വൈദ്യുതി ലൈനുകള്‍ക്ക് കവചിത കമ്പികള്‍ ഉപയോഗിക്കും.

 11. ഊര്‍ജ്ജ സംരക്ഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന്‍ നടത്തും. ഫിലമെന്റ്രഹിത കേരളം പദ്ധതിയുടെ തുടര്‍ച്ചയായി ഊര്‍ജ്ജ ക്ഷമതയുള്ള പമ്പുകള്‍, ട്യൂബ് ലൈറ്റുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ മുതലായവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കും.

 12. വൈദ്യുതി സംബന്ധിച്ച വിവിധ സേവനങ്ങള്‍ ഒരു ഫോണ്‍ വിളിയില്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി നടപ്പിലായി. ഇതിന്റെ തുടര്‍ച്ചയായി എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും ഉപയോക്താക്കളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും.

 13. കെ.എസ്.ഇ.ബിയുടെ ഡാമുകളുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിപുലവും ആകര്‍ഷകവുമായ പദ്ധതികള്‍ ആരംഭിക്കും.

 14. കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കും. ഇ-ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മൈക്രോ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നടപ്പാക്കും.

 15. അക്ഷയ ഊര്‍ജ്ജ വികസനത്തിന് അക്ഷയ ഊര്‍ജ്ജക്കമ്പനി രൂപീകരിക്കും. ഈ കമ്പനിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കൂട്ടിയിണക്കി അക്ഷയ ഊര്‍ജ്ജ വികസനത്തിന് കൂട്ടായ സംരംഭങ്ങള്‍ സംരംഭങ്ങള്‍ ആരംഭിക്കും.

 16. ഊര്‍ജ്ജ ഓഡിറ്റിംഗ് വ്യാപകമാക്കി ഊര്‍ജ്ജ ഉപഭോഗം കാര്യക്ഷമമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഒരു കമ്പനി രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.

 17. പ്രസരണ നഷ്ടം 3.7 ശതമാനമായും വിതരണ നഷ്ടം 8.7 ശതമാനമായും ഇതിനകം താഴ്ന്നു കഴിഞ്ഞു. ഇത് ഇനിയും കുറയ്ക്കും. രാജ്യത്തെ ഏറ്റവും കുറവ് വിതരണ-പ്രസരണ നഷ്ടമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും.

 18. തെരുവു വിളക്കുകളെല്ലാം എല്‍.ഇ.ഡി യിലേയ്ക്കു മാറ്റുന്നതിനുള്ള നിലാവ് പദ്ധതി രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തീകരിക്കും. ഫിലമന്റ് ഫ്രീ പദ്ധതി പൂര്‍ത്തീകരിക്കും.

 പൊതുമരാമത്ത്

 1. പൊതുമരാമത്തില്‍ കിഫ്ബി, റീബില്‍ഡ്, കെ.എസ്.റ്റി.പി, ആന്വിറ്റി സ്കീമുകള്‍ അടക്കം ഏതാണ്ട് 25000 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം മറ്റൊരു 20000 കോടി രൂപയുടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കും.

 2. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016-21 കാലഘട്ടത്തില്‍ 7700 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15000 കിലോമീറ്റര്‍ റോഡുകൂടി ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിക്കും.

 3. മലയോര ഹൈവേ മുഴുവന്‍ ജില്ലകളിലൂടെയുള്ള കണക്ടിവിറ്റി പൂര്‍ത്തിയാക്കും. മലയോര മേഖലയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലയോര ഹൈവേ പദ്ധതി പൂര്‍ത്തീകരിക്കുന്നതാണ്. കാസര്‍ഗോഡ്, കൊല്ലം ജില്ലകളിലെ രണ്ട് റീച്ചുകള്‍ 71.10 കിലോമീറ്റര്‍ 256.43 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 805.33 കോടിയുടെ 212.37 കിലോമീറ്റര്‍ വരുന്ന 13 റീച്ചുകള്‍ മറ്റു ജില്ലകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ബാക്കി പ്രവൃത്തികള്‍കൂടി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും.

 4. റോഡു പ്രവൃത്തികളില്‍ പ്ലാസ്റ്റിക്, സ്വാഭാവിക റബ്ബര്‍, കയര്‍ ജിയോ ടെക്സ്റ്റയില്‍സ് എന്നിവ ഉപയോഗിക്കുന്നതു ഇരട്ടിയാക്കും. 503 കിലോമീറ്റര്‍ റോഡില്‍ പ്ലാസ്റ്റിക് മാലിന്യവും 2646 കിലോമീറ്റര്‍ റോഡില്‍ സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത ബിറ്റുമെനും 50.400 കിലോമീറ്റര്‍ റോഡില്‍ ജിയോ ടെക്സ്റ്റയിലും ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കും.

 5. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യകളായ കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്കിളിംഗ് (മില്ലിംഗ്), സോയില്‍ സ്റ്റെബിലൈസേഷന്‍ രീതികളിലുള്ള നിര്‍മ്മാണം 107.70 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് റോഡുകള്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പരീക്ഷണാടിസ്ഥനത്തില്‍ ചെയ്യുകയാണ്. ഇത്തരം ആധുനിക സാങ്കേതികവിദ്യകള്‍ എല്ലാ ജില്ലകളിലും ചെയ്യും.

 6. ദേശീയപാത 66 ന്റെ വികസനം ആറുവരിപ്പാത വികസനം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും 2016-21 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ക്രിയാത്മക ഇടപെടലുകള്‍ വഴി ഇപ്പോള്‍ യാഥാര്‍ത്ഥ്യ മാകുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കാമെന്നു സമ്മതിച്ചതുകൊണ്ടാണ് ഇപ്പോള്‍ ദേശീയപാത വികസനം നടക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, കഴക്കൂട്ടം മേല്‍പ്പാലം, പാലൊളി-മൂരാട് പാലങ്ങള്‍ എന്നിവ പ്രവൃത്തി നടക്കുന്നത്. കോഴിക്കോട് ബൈപ്പാസ്, തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, പേരോള്‍-തളിപ്പറമ്പ്, തളിപ്പറമ്പ് -മുഴപ്പിലങ്ങാട്, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര-കുറ്റിപ്പുറം, കുറ്റിപ്പുറം-കാപ്പിരിക്കാട്, കൊറ്റന്‍കുളങ്ങര - കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം എന്നിവ ടെണ്ടര്‍ നടപടി അന്തിമഘട്ടത്തിലാണ്. ബാക്കി മൂന്നു ഭാഗങ്ങള്‍കൂടി ഭൂമിയെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍ നടപടിയുണ്ടാകും. പ്രസ്തുത പ്രോജക്ട് പൂര്‍ത്തീകരണത്തിനുള്ള ഇടപെടലുകള്‍ നടത്തും.

 7. തേനി-മൂന്നാര്‍-കൊച്ചി (എന്‍.എച്ച്-85), വാളയാര്‍-വടക്കഞ്ചേരി (എന്‍.എച്ച് -54), തൃശ്ശൂര്‍-ഇടപ്പള്ളി (എന്‍.എച്ച്-544), കോഴിക്കോട്-മലപ്പുറം- പാലക്കാട് (എന്‍.എച്ച് 966), തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം - അങ്കമാലി, കൊല്ലം-ചെങ്കോട്ട (എന്‍.എച്ച് 744), എന്നിവ നാലുവരിപ്പാത ആക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

 8. ദേശീയപാത പ്രവൃത്തികളെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത പദ്ധതിയില്‍ ഉള്ളതാണ്. പക്ഷെ, ഇവയുടെ സ്ഥലമെടുപ്പിനു വേണ്ടിവരുന്ന ചെലവില്‍ 25 ശതമാനം സംസ്ഥാന വഹിക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത്തരമൊരു ദുര്‍വ്വഹമായ ഭാരം വഹിക്കേണ്ടി വന്നാലും ദേശീയപാത വികസനം മുന്നോട്ട് കൊണ്ടുപോകും.

 9. കിഫ്ബി വഴി 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍.ബി.ഡി.സി.കെ യെ എസ്.പി.വി ആയി തീരുമാനിച്ചിട്ടുണ്ട്. 10 എണ്ണം ടെണ്ടര്‍ കഴിഞ്ഞു. കരാര്‍ വച്ചു. 27 എണ്ണം കേരള റെയില്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷനേയും എല്‍പ്പിച്ചിരിക്കുന്നു. പ്രധാന വീഥികളില്‍ ലെവല്‍ ക്രോസുകളില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും.

 10. ഗ്രീന്‍ പ്രോട്ടോക്കോള്‍ രീതി സര്‍ക്കാരിന്റെ കെട്ടിട നിര്‍മ്മാണത്തില്‍ വ്യാപകമാക്കും.

 11. പൊതുമരാമത്തു വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു എന്‍.എബി.എല്‍ അക്രെഡിറ്റേഷന്‍ 2021 ഫെബ്രുവരിയില്‍ ലഭിച്ചു. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ആദ്യമായാണ് ഈ അംഗീകാരം. പ്രസ്തുത കെ.എച്ച്.ആര്‍.ഐയെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതിനു നടപടി സ്വീകരിക്കും. ഇന്ത്യയിലെ ഉന്നത സാങ്കേതിക/അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍വ്വീസിലുള്ള വര്‍ക്കും പുറത്തുള്ളവര്‍ക്കും പരിശീലന പരിപാടികള്‍ നടപ്പാക്കും.

 കെ.എസ്.ആര്‍.ടി.സി

 1. കെ.എസ്.ആര്‍.ടി.സി നിലനിര്‍ത്തുന്നതിന് പ്ലാന്‍ഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വര്‍ഷം 6000ത്തോളം കോടി രൂപ ചെലവഴിച്ചു. കെ.എസ്.ആര്‍.ടി.സി യെ ഒരു മിനിമം സബ്സിഡിയുടെ അടിസ്ഥാനത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കുംവിധം പുനഃസംഘടിപ്പിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവല്‍ക്കരിക്കണമെന്നും, റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെല്ലാം ഇല്ലാതാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുകൂലിക്കുകയും ചെയ്യുന്ന ബി.ജെ.പി, യു.ഡി.എഫിനോടൊപ്പം ചേര്‍ന്ന് പാക്കേജിന് തുരങ്കം വയ്ക്കുകയാണ്.

 2. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പുവരുത്തും. കുടിശികകളെല്ലാം തീര്‍ക്കും. കെ.എസ്.ആര്‍.ടി.സി സ്വയംപര്യാപതമാകും വരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്കരണം നടപ്പാക്കും. സുശീല്‍ഖന്ന കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

 3. കിഫ്ബിയുടെ ധനസഹായം ലഭിക്കുന്നതിനാവശ്യമായ വിധത്തില്‍ പുതിയൊരു കമ്പനി സ്വിഫ്റ്റിനു രൂപം നല്‍കി. കെ.എസ്.ആര്‍.ടി.സി പുതിയ കമ്പനി നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നതാണ്. ആദായത്തില്‍ ഒരു വിഹിതവും നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളും കെ.എസ്.ആര്‍.ടി.സി.യില്‍ ലയിപ്പിക്കും.

 4. 3000 ബസ്സുകള്‍ പ്രകൃതി സൗഹൃദമായ സി.എന്‍.ജി/എല്‍.എന്‍.ജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതുവഴി പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കും. കിഫ്ബിയില്‍ നിന്ന് 1000 പുതിയ ബസുകള്‍ അനുവദിക്കും.

 5. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കല്‍ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും പുതിയ ധനകാര്യ വര്‍ഷാരംഭം കൊടുത്തുതീര്‍ക്കും. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും.

 6. കെ.എസ്.ആര്‍.ടി.സി യുടെ ബസ് സ്റ്റാന്റിനോടൊപ്പമോ അല്ലാതെയുള്ള ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സമുച്ചയങ്ങള്‍ പണിയും.

 7. തിരുവനന്തപുരം, കോഴിക്കോട് സമുച്ചയങ്ങള്‍ കെ.എസ്.ആര്‍.ടി.സി യെ തിരിച്ചേല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

 8. ഗാരേജുകളും വര്‍ക്ക്ഷോപ്പുകളും നവീകരിക്കും.

 9. കെ.എസ്.ആര്‍.ടി.സി യുടെ മാനേജ്മെന്റ് സമൂലം പുനഃസംഘടിപ്പിക്കും. ബസുകളുടെ മൈലേജ്, ഫ്ളീറ്റ് യൂട്ടിലൈസേഷന്‍, റിപ്പയര്‍ ചെയ്ത് പുറത്ത് ഇറക്കാനുള്ള സമയം, അപകട നിരക്ക് തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തും.

 10. കിലോമീറ്റര്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന രീതിയില്‍ ബസ് റൂട്ടുകളും ഓട്ടവും ക്രമീകരിക്കും.

 11. കെ.എസ്.ആര്‍.ടി.സി യുടെ വായ്പ മുഴുവന്‍ ഓഹരിമൂലധനമായി മാറ്റും. പലിശ എഴുതിത്തള്ളും.

തുറമുഖം

 1. ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

 2. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

 3. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയെ ഉപയോഗപ്പെടുത്തി കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും.

 ഉള്‍നാടന്‍ ജലഗതാഗതം

 1. സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന് പുതിയ ബോട്ടുകള്‍ വാങ്ങുകയും പഴയവ നവീകരിക്കുകയും ചെയ്യും.

 2. പശ്ചിമ കനാല്‍ ശൃംഖലയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. മാഹിയ്ക്കും വളപട്ടണത്തിനും ഇടയ്ക്കുള്ള 26 കിലോമീറ്റര്‍ കനാലുകള്‍ പുതുതായി കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇവയും കനാലുകളുടെ വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളും 2022ല്‍ പൂര്‍ത്തീകരിക്കും.

 3. മെയിന്‍ കനാലിനു പുറമെ ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകളുടെ നവീകരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

 4. കൊച്ചിയിലെ വാട്ടര്‍ മെട്രോയുടെ 19 ബോട്ട് ജെട്ടികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടമായി 19 എണ്ണം 2022ല്‍ പൂര്‍ത്തീകരിക്കും.

റെയില്‍വേ

 1. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള എക്സ്റ്റന്‍ഷനും കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐ.ടി സിറ്റി വരെയുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണവും 2022ല്‍ തീരും. കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തീകരിക്കും.

 2. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡി.പി.ആര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കും.

 3. ശബരിമല എയര്‍പോര്‍ട്ടിന്റെയും ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ എയര്‍ സ്ട്രിപ്പുകളുടെയും ഡി.പി.ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇവ ഏറ്റെടുക്കും.

 4. 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

 5. കെ.ആര്‍.ഡി.സി മുന്‍കൈയില്‍ തലശേരി-മൈസൂര്‍, നിലമ്പൂര്‍- നാഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും.

 6. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയില്‍വേയുടെ ചെലവില്‍ ശബരിപാത നിര്‍മ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഈ പശ്ചാത്തലത്തില്‍ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഏതാണ്ട് 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കും.

 7. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ 7192 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 3909 കോടി രൂപയുടെ പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ലോക ബാങ്കിന്റെയും ജര്‍മ്മന്‍ ബാങ്കുകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.

 വ്യോമഗതാഗതം

 1. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിദേശരാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. ശബരി എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തും.

 2. നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നിശ്ചലമാണ്. വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനെ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും.

 ഇടനാഴികളും ഹബ്ബുകളും

 1. കൊച്ചി-പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പൂര്‍ത്തീകരിക്കും. ചെന്നൈ ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭ്യമാകും. കിഫ്ബി സഹായത്തോടെ പാലക്കാടും കൊച്ചിയിലും 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) എന്ന ഹൈടെക് സര്‍വ്വീസുകളുടെയും ഫിനാന്‍സിന്റെയും ഹബ്ബ് അയ്യമ്പുഴയില്‍ 220 ഹെക്ടറില്‍ സ്ഥാപിക്കും.

 2. മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുന്‍കൈയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴിയാണ്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

 3. ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടപ്പാക്കും. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറില്‍ നോളഡജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ ഒരു വമ്പന്‍ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിര്‍ദ്ദിഷ്ട മേഖലയില്‍ ആര് ഭൂമി വില്‍ക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാന്‍ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നല്‍കാം. റെഡി ക്യാഷ് വേണ്ടവര്‍ക്ക് അതും നല്‍കും. ഭൂമി വില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ലാന്റ് പൂളിംഗ് പദ്ധതിയില്‍ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വര്‍ഷംകൊണ്ട് നാലിരട്ടി വില വര്‍ദ്ധന ഉറപ്പുനല്‍കും. അല്ലെങ്കില്‍ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാന്‍ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങള്‍ ഉറപ്പുവരുത്തി ഇന്‍വെസ്റ്റേഴ്സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

 4. കൊച്ചിയെ ഒരു സൈബര്‍വാലി ആക്കും. വായു, കടല്‍, ഉള്‍നാടന്‍ ജല, റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങളുള്ള ഇന്ത്യയുടെ സൂപ്പര്‍ ഐ.ടി നഗരമായി കൊച്ചി മാറും. ജി.സി.ഡി.എ, ജി.ഐ.ഡി.എ, കാക്കനാട് പ്രദേശം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കൊച്ചിയെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവും സുസ്ഥിര വികസനവുമുള്ള നഗരമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൃഷി, മെഷീന്‍ ലേണിംഗ്, സ്പേസ് തുടങ്ങിയ ഭാവി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കും.

 5. ഉള്‍നാടന്‍ ജല ഗതാഗത സംവിധാനം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍, റോഡ്, അതിവേഗ റെയില്‍ എന്നിവയ്ക്കു പുറമെ, റോറോ സേവനങ്ങള്‍കൂടി ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പോയിന്റുകളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തും. കസ്റ്റം ബോണ്ടിങ്, റീപാക്കിംഗ് എന്നിവയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പാര്‍ക്കുകള്‍ യഥാര്‍ത്ഥ്യമാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച റീ എക്സ്പോര്‍ട്ടിംഗ് കേന്ദ്രമാക്കാന്‍ ലക്ഷ്യമിടുന്നു.

 6. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി എല്ലാ പ്രമുഖ നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.

പ്രധാന കിഫ്ബി പദ്ധതികള്‍

 1. കിഫ്ബി 43250 കോടി രൂപയുടെ 889 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ വ്യവസായ പാര്‍ക്കുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് 20601 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയില്‍ 21081 കോടി രൂപയുടെ 484 പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 18994 കോടി രൂപയുടെ 435 പ്രോജക്ടുകള്‍ പണി തുടങ്ങുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ പ്രോജക്ടുകള്‍ മുഴുവന്‍ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഭൂമിയും ഏറ്റെടുക്കും. ഇത് കേരളത്തിലെ പശ്ചാത്തലസൗകര്യങ്ങളെ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കി മാറ്റും.

 2. ഇവയില്‍ ഏറ്റവും പ്രധാനം പൊതുമരാമത്ത് മേഖലയിലെ 389 റോഡ്, പാലം, ഓവര്‍ ബ്രിഡ്ജുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ 18043 കോടി രൂപയുടെ പ്രോജക്ടുകളാണ്. 67 റെയില്‍ ഓവര്‍ ബ്രിഡ്ജുകളുണ്ട്. ഇവ വേഗത്തില്‍ തീര്‍ക്കാന്‍ 1215 പാലങ്ങള്‍ പാക്കേജായിട്ടാണ് ടെണ്ടര്‍ വിളിക്കുന്നത്. പ്രീഫാബ്രിക്കേറ്റഡ് വിദ്യകള്‍ ഉപയോഗിച്ച് വേഗത്തില്‍ പണി തീര്‍ക്കുന്നതിന് ഇത് സഹായിക്കും. റോഡുകള്‍ നവീന നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. അതുപോലെ പാലങ്ങള്‍, വാസ്തുശില്‍പ്പ ചാതുരിയോടു കൂടിയുള്ളവയാണ്. റോഡുകളില്‍ ഏറ്റവും പ്രധാനം മലയോര ഹൈവേയും തീരദേശ ഹൈവേയുമാണ്.

 3. ആരോഗ്യ മേഖലയില്‍ 4240 കോടി രൂപയുടെ 57 പ്രോജക്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ-താലൂക്ക് ആശുപത്രികള്‍ എന്നിവയാണ് ഇതില്‍ മുഖ്യപങ്ക്. 44 ഡയാലിസിസ് യൂണിറ്റുകളും 5 കാത്ത് ലാബുകളും പൂര്‍ത്തിയായിട്ടുണ്ട്.

 4. പൊതു വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനു 2350 കോടി രൂപയും, ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനു 793.5 കോടി രൂപയും കിഫ്ബിയില്‍ നിന്നു ചെലവഴിക്കുന്നു. മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്കൂളുകളും മറ്റും വേണ്ടി 182 കോടി രൂപയുടെ 10 പ്രോജക്ടുകളും അംഗീകരിച്ചിട്ടുണ്ട്.

 5. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 1906 കോടി രൂപയുടെ 50 പ്രോജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. 51 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും, 6 എഞ്ചിനീയറിംഗ് കോളേജുകളും, 8 പോളിടെക്നിക്കുകളും, 5 ഹെറിറ്റേജ് കോളേജുകളും, 5 യൂണിവേഴ്സിറ്റികളുടെയും നവീകരണം ഇതില്‍ ഉള്‍പ്പെടുന്നു.

 6. വിവര-വിനിമയ മേഖലയില്‍ 5.5 ലക്ഷം ചതുരശ്രയടി പാര്‍ക്കുകളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മൊത്തം 351 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട് 1061 കോടി രൂപയുടെ കെ-ഫോണ്‍ ആണ്.

 7. വൈദ്യുതി മേഖലയില്‍ ട്രാന്‍സ്ഗ്രിഡ്-2.0യുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നത്.

 8. സ്പോര്‍ട്സ് മേഖലയില്‍ 773 കോടി രൂപയുടെ 38 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 44 സ്റ്റേഡിയങ്ങളും 2 സ്പോര്‍ട്സ് അക്കാദമികളും ഒരു നീന്തല്‍ കോംപ്ലക്സ് സമുച്ചയവും ഉള്‍പ്പെടും.

 9. കുടിവെള്ള പദ്ധതികള്‍ക്കും മറ്റു ജലവിഭവ പ്രോജക്ടുകള്‍ക്കുമാണ് വലിയ തുക വകയിരുത്തിയിട്ടുള്ള മറ്റൊരു മേഖല. 87 പ്രോജക്ടുകളിലായി 5222 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ചെലവഴിക്കുന്നത്.

 10. ബജറ്റില്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ പ്രോജക്ട് അപ്രൈസല്‍ ഘട്ടങ്ങളിലോ ഇരിക്കുന്നതുമായ പ്രോജക്ടുകള്‍ ആകെ എടുത്താല്‍ 6000-7000 കോടി രൂപകൂടി വരും. കൂടുതല്‍ പ്രോജക്ടുകള്‍ കിഫ്ബിയില്‍ ഏറ്റെടുക്കുന്നത് ഗൗരവമായ ധനവിശകലനത്തിന്റെ അടിസ്ഥാനത്തിലേ നടത്തൂ. ഒരു ഘട്ടത്തിലും കിഫ്ബിയുടെ ആസ്തികളേക്കാള്‍ ബാധ്യതകള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തും. ബി.ജെ.പി കേന്ദ്രസര്‍ക്കാരും യു.ഡി.എഫും ഒരുപോലെ കിഫ്ബിയെ എതിര്‍ത്തുകൊണ്ടിരി ക്കുകയാണ്. അതുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ. കിഫ്ബിയെ സംരക്ഷിക്കുമെന്നും വിപുലപ്പെടുത്തുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു.