Skip to main content

ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ

കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കു-വടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും. ഇതോടെ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇന്ത്യയിലേറ്റവും മികച്ചതാകും. കൊച്ചിയെ ആഗോള നഗരമായി വികസിപ്പിക്കും.

റെയിൽവേ

  1. 60000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.

ഇടനാഴികളും ഹബ്ബുകളും

  1. കൊച്ചി-പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പൂര്‍ത്തീകരിക്കും. ചെന്നൈ ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭ്യമാകും. കിഫ്ബി സഹായത്തോടെ പാലക്കാടും കൊച്ചിയിലും 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) എന്ന ഹൈടെക് സര്‍വ്വീസുകളുടെയും ഫിനാന്‍സിന്റെയും ഹബ്ബ് അയ്യമ്പുഴയില്‍ 220 ഹെക്ടറില്‍ സ്ഥാപിക്കും.

  2. മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുന്‍കൈയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്ന കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴിയാണ്. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

  3. ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം നടപ്പാക്കും. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറില്‍ നോളഡജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ ഒരു വമ്പന്‍ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ നിര്‍ദ്ദിഷ്ട മേഖലയില്‍ ആര് ഭൂമി വില്‍ക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാന്‍ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നല്‍കാം. റെഡി ക്യാഷ് വേണ്ടവര്‍ക്ക് അതും നല്‍കും. ഭൂമി വില്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ലാന്റ് പൂളിംഗ് പദ്ധതിയില്‍ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വര്‍ഷംകൊണ്ട് നാലിരട്ടി വില വര്‍ദ്ധന ഉറപ്പുനല്‍കും. അല്ലെങ്കില്‍ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാന്‍ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങള്‍ ഉറപ്പുവരുത്തി ഇന്‍വെസ്റ്റേഴ്സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

  4. കൊച്ചിയെ ഒരു സൈബര്‍വാലി ആക്കും. വായു, കടല്‍, ഉള്‍നാടന്‍ ജല, റെയില്‍, റോഡ് ഗതാഗത സൗകര്യങ്ങളുള്ള ഇന്ത്യയുടെ സൂപ്പര്‍ ഐ.ടി നഗരമായി കൊച്ചി മാറും. ജി.സി.ഡി.എ, ജി.ഐ.ഡി.എ, കാക്കനാട് പ്രദേശം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കൊച്ചിയെ വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവും സുസ്ഥിര വികസനവുമുള്ള നഗരമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൃഷി, മെഷീന്‍ ലേണിംഗ്, സ്പേസ് തുടങ്ങിയ ഭാവി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കും.

  5. ഉള്‍നാടന്‍ ജല ഗതാഗത സംവിധാനം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍, റോഡ്, അതിവേഗ റെയില്‍ എന്നിവയ്ക്കു പുറമെ, റോറോ സേവനങ്ങള്‍കൂടി ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പോയിന്റുകളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തും. കസ്റ്റം ബോണ്ടിങ്, റീപാക്കിംഗ് എന്നിവയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ലോജിസ്റ്റിക് പാര്‍ക്കുകള്‍ യഥാര്‍ത്ഥ്യമാക്കി കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച റീ എക്സ്പോര്‍ട്ടിംഗ് കേന്ദ്രമാക്കാന്‍ ലക്ഷ്യമിടുന്നു