Skip to main content

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ശക്തിപ്പെടുത്തും

പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാന്‍ ഉണ്ടാക്കി നടപ്പാക്കും. 4.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 1 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായം നല്‍കും. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് ഏറെ പരിഹാരമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും.

ദാരിദ്ര്യം നിർമ്മാജ്ജനം ചെയ്യും

  1. കേരളത്തില്‍ ഇന്ന് പരമദരിദ്രരായ കുടുംബങ്ങളുടെ എണ്ണം 4.5 ലക്ഷത്തിലധികം വരില്ല. നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ സര്‍വ്വേ നടത്തി മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കും. ഇപ്പോള്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇവരില്‍ അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 4.5 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും.

  2. ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാ ക്കുന്നതാണ് മൈക്രോപ്ലാനിംഗ്. മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സണ്‍സ് ടീമുകള്‍ക്ക് പരിശീലനം നല്‍കും. നിലവിലുള്ള സ്കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. പ്രത്യേകമായി നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കാം.

  3. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവൃത്തി യില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസം തോറും സഹായം നല്‍കുന്നതിനും അനുവാദം ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.

  4. ഈ മൈക്രോ പ്ലാനുകള്‍ പഞ്ചായത്ത് / മുനിസിപ്പല്‍ ഭരണസമിതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ കുടുംബശ്രീ വഴി നടപ്പാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്തും. അഞ്ചു വര്‍ഷംകൊണ്ട് ഇവരെ സ്ഥായിയായ രൂപത്തില്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റും.