Skip to main content

വയോജനക്ഷേമം

വിപുലമായ വയോജന സര്‍വ്വേ നടത്തും. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങള്‍ക്കു മരുന്ന് വാതില്‍പ്പടിയില്‍ എന്നിവ ആരോഗ്യ മേഖലയില്‍ ഉറപ്പുവരുത്തും. സംസ്ഥാന - ജില്ല - പ്രാദേശികതലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ രൂപീകരിക്കും. വയോജന നിയമം കര്‍ശനമായി നടപ്പാക്കും. (അനുബന്ധം ഇനം 315-324, 494-496)

വയോജനങ്ങൾ

  1. വിപുലമായ വയോജന സര്‍വ്വേ നടത്തും. അവരുടെ പ്രത്യേകതകളും സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് കണക്കുകള്‍ സെന്‍സസ് അടിസ്ഥാനത്തില്‍ തയ്യാറാക്കും. പ്രായം, ജെന്‍ഡര്‍, ഭിന്നശേഷി, പാര്‍ശ്വവല്‍ക്കരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവരെ തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തും ഓരോ വിഭാഗത്തിനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വിവിധ മേഖലകളില്‍ വിദഗ്ധ അനുഭവങ്ങളുള്ള വയോജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  2. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്നാണ് മരുന്ന് എത്തിച്ചു കൊടുക്കുക.

  3. എല്ലാ വാര്‍ഡുകളിലും വയോക്ലബുകള്‍ ആരംഭിക്കും. മേല്‍നോട്ടം കുടുംബശ്രീയ്ക്കായിരിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുക. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ഇതിനായി ഒരു കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ഉണ്ടാകും.

  4. സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും.

  5. വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും ആശുപത്രികളില്‍ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങള്‍, കൃത്രിമ ശ്രവണ സഹായികള്‍ വിതരണം ചെയ്യും.

  6. സാന്ത്വനപരിപാലന ശൃംഖലയുടെ പ്രധാന വലയം വയോജനങ്ങളാണ്. ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്ക് ഡിമന്‍ഷ്യ ആല്‍സ്ഹൈമേഴ്സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങള്‍ക്ക് പരിചരണം നല്‍കുന്നതിന് സാന്ത്വന പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കും.

  7. കൂടുതല്‍ ഫിസിയോ തെറാപ്പിസ്റ്റുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കും.

  8. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമത്തിന്റെ (ങണജടഇ അരേ) നടത്തിപ്പിനായുള്ള സംവിധാനങ്ങള്‍ പുനഃസംഘടിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി മെയിന്റനസ് ട്രിബ്യൂണലിനെയും മെയിന്റനന്‍സ് ഓഫീസറെയും മുഴുവന്‍ സമയ ഉദ്യോഗസ്ഥരാക്കും.

  9. പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കും. ഇതിനായി കേന്ദ്ര പി.ഡബ്ല്യ.ുഡി ഭിന്നശേഷിക്കാര്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെക്കൂടി ഉള്‍പ്പെടുത്തും.

  10. സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ വയോജന കൗണ്‍സിലു കള്‍ക്കു രൂപം നല്‍കും.

  1. വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജീറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണ്. പ്രായമായ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കും.

  2. വയോജനങ്ങള്‍ക്കുള്ള ഫ്ളൂ, ന്യൂമോകോക്കല്‍ വാക്സിന്‍ പദ്ധതി നടപ്പാക്കുന്നതാണ്.

  3. പൊതു ആശുപത്രികളില്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തും.