Skip to main content

എല്ലാവർക്കും വീട്

അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.

പാർപ്പിടം

  1. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. ലൈഫ് മിഷന്‍ 2021-22ല്‍ 1.5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായിരിക്കും. പുതിയതായി ലൈഫ് മിഷന്‍ വീടിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുബന്ധ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അവര്‍ക്കും വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

  2. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിലെ പ്രത്യേകത ഭൂരഹിതര്‍ക്കു വീട് നല്‍കലാണ്. അവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. അതോടൊപ്പം സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ തയ്യാറുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും.

  3. ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

    ഋണബാധ്യതകള്‍ക്കു സമാശ്വാസം

  4. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ നിരവധി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു. കേരളത്തില്‍, 'കിടപ്പാടം അവകാശം' എന്ന നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളില്‍നിന്ന് പുറത്താക്കാനാവില്ല.