Skip to main content

60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ

60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ട്രാന്‍സ്ഗ്രിഡ്, കെ-ഫോണ്‍, ജലപാത, തീരദേശ - മലയോര ഹൈവേകള്‍, വ്യവസായ പാര്‍ക്കുകള്‍, ആശുപത്രി-കോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. എന്തുവില കൊടുത്തും കിഫ്ബിയെ സംരക്ഷിക്കും.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തലസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളത്തെ ഉയർത്തും

  1. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അവലോകനം ചെയ്യുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായ വഴിമാറ്റം ഉണ്ടായിട്ടുള്ളത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലാണെന്നു കാണാം. ഈ അഭൂതപൂര്‍വ്വമായ വര്‍ദ്ധന ബജറ്റിലെ വകയിരുത്തലിനേക്കാള്‍ ബജറ്റിനു പുറത്താണ് ഉണ്ടായിട്ടുള്ളത്. കിഫ്ബിയാണ് ഇതിനു സഹായിച്ചത്. യു.ഡി.എഫും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് കിഫ്ബിയെ അട്ടിമറിക്കുന്നതിനു ശ്രമിക്കുകയാണ്. കിഫ്ബിയെ സംരക്ഷിക്കും. കിഫ്ബി മുന്നോട്ടു വച്ചിട്ടുള്ള 63000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ തുടരണമെന്നുണ്ടെങ്കില്‍ ഇടതുപക്ഷം വിജയിച്ചേതീരൂ.

  2. ഇത്രയേറെ തുകയ്ക്കുള്ള ഭീമന്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുള്ള അനുഭവം നമുക്ക് ഇല്ലാത്തതുകൊണ്ട് ചില പ്രോജക്ടുകളില്‍ കാലതാമസം വരുന്നുണ്ട്. ഇതുപരിഹരിക്കാനായി പ്രോജക്ടുകള്‍ നടത്തിപ്പിനായുള്ള എസ്.പി.വികളെ ശക്തിപ്പെടുത്തും. വിശദവും കൃത്യവുമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് അവയെ പ്രാപ്തമാക്കും.

  3. ഭാവിയിലെ രണ്ടു ദശാബ്ദത്തെയെങ്കിലും വര്‍ഷംതോറുമുള്ള വരുമാനവും (സര്‍ക്കാരിന്റെ നികുതി വിഹിതവും ആദായദാന പ്രോജക്ടുകളുടെ തിരിച്ചടവും) ബാധ്യതകളും (വായ്പകളുടെ തിരിച്ചടവും കരാറുകാരുടെ ബില്ലുകള്‍ക്കു നല്‍കാനുള്ള തുകയും) നിരന്തരം താരതമ്യപ്പെടുത്തി കൊണ്ടാണ് കിഫ്ബി പ്രോജക്ടുകള്‍ അനുവദിക്കുന്നത്. ഒരുവര്‍ഷം പോലും ബാധ്യതകള്‍ വരുമാനത്തേക്കാള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ട് പലരും ഭയപ്പെടുന്നതുപോലെ കിഫ്ബിയുടെ ബാധ്യതകള്‍ സര്‍ക്കാരിനുമേല്‍ വന്നു പതിക്കില്ല. ഈ നിതാന്തജാഗ്രത തുടരും.

  4. ഡയറക്ടര്‍ ബോര്‍ഡിന്റെയും ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിറ്റിയുടെയും അവലോകനത്തിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ഇനിയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പ്രധാന കിഫ്ബി പദ്ധതികൾ

  1. കിഫ്ബി 43250 കോടി രൂപയുടെ 889 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ വ്യവസായ പാര്‍ക്കുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് 20601 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയില്‍ 21081 കോടി രൂപയുടെ 484 പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 18994 കോടി രൂപയുടെ 435 പ്രോജക്ടുകള്‍ പണി തുടങ്ങുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ പ്രോജക്ടുകള്‍ മുഴുവന്‍ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഭൂമിയും ഏറ്റെടുക്കും. ഇത് കേരളത്തിലെ പശ്ചാത്തലസൗകര്യങ്ങളെ ഇന്ത്യയിലെ ഏറ്റവും മികച്ചതാക്കി മാറ്റും.

  2. ഇവയില്‍ ഏറ്റവും പ്രധാനം പൊതുമരാമത്ത് മേഖലയിലെ 389 റോഡ്, പാലം, ഓവര്‍ ബ്രിഡ്ജുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ 18043 കോടി രൂപയുടെ പ്രോജക്ടുകളാണ്. 67 റെയില്‍ ഓവര്‍ ബ്രിഡ്ജുകളുണ്ട്. ഇവ വേഗത്തില്‍ തീര്‍ക്കാന്‍ 1215 പാലങ്ങള്‍ പാക്കേജായിട്ടാണ് ടെണ്ടര്‍ വിളിക്കുന്നത്. പ്രീഫാബ്രിക്കേറ്റഡ് വിദ്യകള്‍ ഉപയോഗിച്ച് വേഗത്തില്‍ പണി തീര്‍ക്കുന്നതിന് ഇത് സഹായിക്കും. റോഡുകള്‍ നവീന നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. അതുപോലെ പാലങ്ങള്‍, വാസ്തുശില്‍പ്പ ചാതുരിയോടു കൂടിയുള്ളവയാണ്. റോഡുകളില്‍ ഏറ്റവും പ്രധാനം മലയോര ഹൈവേയും തീരദേശ ഹൈവേയുമാണ്.

  3. ആരോഗ്യ മേഖലയില്‍ 4240 കോടി രൂപയുടെ 57 പ്രോജക്ടുകളുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍, ജില്ലാ-താലൂക്ക് ആശുപത്രികള്‍ എന്നിവയാണ് ഇതില്‍ മുഖ്യപങ്ക്. 44 ഡയാലിസിസ് യൂണിറ്റുകളും 5 കാത്ത് ലാബുകളും പൂര്‍ത്തിയായിട്ടുണ്ട്.

  4. പൊതു വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനു 2350 കോടി രൂപയും, ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനു 793.5 കോടി രൂപയും കിഫ്ബിയില്‍ നിന്നു ചെലവഴിക്കുന്നു. മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്കൂളുകളും മറ്റും വേണ്ടി 182 കോടി രൂപയുടെ 10 പ്രോജക്ടുകളും അംഗീകരിച്ചിട്ടുണ്ട്.

  5. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 1906 കോടി രൂപയുടെ 50 പ്രോജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. 51 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും, 6 എഞ്ചിനീയറിംഗ് കോളേജുകളും, 8 പോളിടെക്നിക്കുകളും, 5 ഹെറിറ്റേജ് കോളേജുകളും, 5 യൂണിവേഴ്സിറ്റികളുടെയും നവീകരണം ഇതില്‍ ഉള്‍പ്പെടുന്നു.

  6. വിവര-വിനിമയ മേഖലയില്‍ 5.5 ലക്ഷം ചതുരശ്രയടി പാര്‍ക്കുകളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മൊത്തം 351 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട് 1061 കോടി രൂപയുടെ കെ-ഫോണ്‍ ആണ്.

  7. വൈദ്യുതി മേഖലയില്‍ ട്രാന്‍സ്ഗ്രിഡ്-2.0യുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നത്.

  8. സ്പോര്‍ട്സ് മേഖലയില്‍ 773 കോടി രൂപയുടെ 38 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 44 സ്റ്റേഡിയങ്ങളും 2 സ്പോര്‍ട്സ് അക്കാദമികളും ഒരു നീന്തല്‍ കോംപ്ലക്സ് സമുച്ചയവും ഉള്‍പ്പെടും.

  9. കുടിവെള്ള പദ്ധതികള്‍ക്കും മറ്റു ജലവിഭവ പ്രോജക്ടുകള്‍ക്കുമാണ് വലിയ തുക വകയിരുത്തിയിട്ടുള്ള മറ്റൊരു മേഖല. 87 പ്രോജക്ടുകളിലായി 5222 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ചെലവഴിക്കുന്നത്.

  10. ബജറ്റില്‍ പ്രഖ്യാപിച്ചതും ഇപ്പോള്‍ പ്രോജക്ട് അപ്രൈസല്‍ ഘട്ടങ്ങളിലോ ഇരിക്കുന്നതുമായ പ്രോജക്ടുകള്‍ ആകെ എടുത്താല്‍ 6000-7000 കോടി രൂപകൂടി വരും. കൂടുതല്‍ പ്രോജക്ടുകള്‍ കിഫ്ബിയില്‍ ഏറ്റെടുക്കുന്നത് ഗൗരവമായ ധനവിശകലനത്തിന്റെ അടിസ്ഥാനത്തിലേ നടത്തൂ. ഒരു ഘട്ടത്തിലും കിഫ്ബിയുടെ ആസ്തികളേക്കാള്‍ ബാധ്യതകള്‍ അധികരിക്കില്ലായെന്ന് ഉറപ്പുവരുത്തും. ബി.ജെ.പി കേന്ദ്രസര്‍ക്കാരും യു.ഡി.എഫും ഒരുപോലെ കിഫ്ബിയെ എതിര്‍ത്തുകൊണ്ടിരി ക്കുകയാണ്. അതുകൊണ്ട് ഭരണത്തുടര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകൂ. കിഫ്ബിയെ സംരക്ഷിക്കുമെന്നും വിപുലപ്പെടുത്തുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു