Skip to main content

തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീര്‍ത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കും. ജനപങ്കാളിത്തവും സുതാര്യതയും വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഇ-ഗവേണന്‍സ് പൂര്‍ത്തീകരിക്കും. നഗര വികസനത്തിന് പ്രത്യേക സ്കീമുകള്‍ ആവിഷ്കരിക്കും.

തദ്ദേശഭരണംപുതിയ വിതാനത്തിലേയ്ക്ക് ഉയർത്തും

 1. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പുതിയൊരു വിതാനത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതി മുന്നോട്ടു വയ്ക്കുകയാണ്. തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടു വരുന്നതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയ അനുഭവമാണുള്ളത്. ഇതിനു വിരാമമിട്ടുകൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുക മാത്രമല്ല ജീവനക്കാര്‍ക്ക് ഏകീകൃത കേഡര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിവര്‍ത്തനം പൂര്‍ത്തിയാക്കും, സ്ഥായിയാക്കും.

പതിനാലാം പഞ്ചവത്സര പദ്ധതി

 1. പതിനാലാം പഞ്ചവത്സര പദ്ധതി രേഖ തയ്യാറാക്കുന്നതിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ്. എന്നാല്‍ ഇതിനു പ്രാരംഭമായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കഴിഞ്ഞ കാല്‍നൂറ്റാണ്ടി നിടയില്‍ തങ്ങളുടെ പ്രദേശത്ത് ഉണ്ടായ മാറ്റങ്ങളെയും വികസന നേട്ടങ്ങളെയും പരിഹരിക്കേണ്ട പ്രശ്നങ്ങളെയും കുറിച്ച് സമഗ്രമായ ഒരു അവലോകനം തയ്യാറാക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പഞ്ചവത്സര പദ്ധതിക്കു രൂപം നല്‍കുക.

 2. ഏറ്റവും മികച്ച പ്രകടനവും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പങ്കാളിത്ത പഠനപരമ്പരയ്ക്ക് രൂപം നല്‍കുന്നതാണ്.

 3. ഡി.പി.സി ശക്തിപ്പെടുത്തുകയും പദ്ധതികളുടെ മോണിറ്ററിംഗിന് അധികാരപ്പെടുത്തുകയും ചെയ്യും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രാരംഭമായി ജില്ലാ പദ്ധതികള്‍ പരിഷ്കരിക്കും. മാര്‍ച്ച് മാസം ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വാര്‍ഷിക പദ്ധതികള്‍ തയ്യാറാകുമെന്ന് ഉറപ്പുവരുത്തും.

 4. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനും ഗ്രാമസഭയും വികസന സെമിനാറും നടത്തുന്നതിനും നൂതന ഐ.റ്റി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ വിന്യാസം

 1. ആറാം ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന ഡെവലപ്പ്മെന്റ് ഗ്രാന്റിലും മെയിന്റനന്‍സ് ഗ്രാന്റിലും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലുമുള്ള വര്‍ദ്ധന സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. ഇനി തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളില്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളും ക്രിയാത്മകമായി നടപ്പാക്കും.

 2. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജി.എസ്.ടി നടപ്പാക്കിയതിന്റെ ഫലമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ വിനോദ നികുതി നഷ്ടം സര്‍ക്കാര്‍ നികത്തും.

 3. എല്ലാ പഞ്ചായത്തുകളിലും എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓവര്‍സിയര്‍മാരുടെ തസ്തികകളും സൃഷ്ടിച്ചു. പുനര്‍വിന്യാസത്തി ലൂടെയോ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിലൂടെയോ രണ്ട് തസ്തികകള്‍ വീതം അധികമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതാണ്.

 4. യു.ഡി.എഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച മൈനര്‍ ഇറിഗേഷന്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കും.

ജനകീയതയും സുതാര്യതയും

 1. ഗ്രാമസഭയിലെ ജനപങ്കാളിത്തവും സംവാദാത്മകതയും ഉറപ്പു വരുത്തുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കും. അയല്‍ക്കൂട്ടങ്ങളെയും റെസിഡന്റ്സ് അസോസിയേഷനുകളെയും അതുപോലെ കീഴ്ത്തല സാമൂഹ്യ കൂട്ടായ്മകളെ ഗ്രാമസഭകളുമായി ബന്ധപ്പെടുത്തുകയാണ് ഇതിനുള്ള മാര്‍ഗ്ഗം.

 2. വാര്‍ഡിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനത്തെ ഗ്രാമസേവാ കേന്ദ്രമായി പ്രവര്‍ത്തിപ്പിക്കും.

 3. പി.റ്റി.എ, എസ്.എം.സി, ആശുപത്രി വികസന സമിതി തുടങ്ങിയ ജനകീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. വാര്‍ഡ് വികസനസമിതികള്‍ ശക്തിപ്പെടുത്തും.

 4. ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സന്നദ്ധാടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടാകും.+

 5. എല്ലാ സേവനങ്ങളും പൗരന്റെ അവകാശമെന്നത് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൗരവകാശരേഖ പ്രസിദ്ധീകരിക്കുക മാത്രമല്ല അതു നടപ്പാക്കിയതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ സമര്‍പ്പിക്കുമെന്ന് ഉറപ്പുവരുത്തും.

 6. സമഗ്ര അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വ) നിയമം പാസ്സാക്കും.

ഭരണനിർവ്വഹണം

 1. കേരളത്തിലെ എല്ലാ പഞ്ചായത്തുകളും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാണോ എന്നതു സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും.

 2. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സ്കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ സൗകര്യങ്ങളും വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള ഓരോ മേഖലയ്ക്കും ഗുണമേന്മാ സൂചികകള്‍ നിജപ്പെടുത്തുകയും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവ നേടുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

 3. കൈമാറിക്കിട്ടിയ കീഴ്ത്തട്ട് സ്ഥാപനങ്ങളും തദ്ദേശഭരണവും തമ്മിലുള്ള ഇതുവരെയുള്ള അനുഭവങ്ങളെ ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് കൂടുതല്‍ ഏകോപനവും പ്രാദേശിക മുന്‍കൈയ്യും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

 4. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റോഡ് അടക്കമുള്ള ആസ്തി രജിസ്റ്റര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കും. മുനിസിപ്പിലാറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും നിക്ഷിപ്തമായിട്ടുള്ള ആറ്, തോട്, റോഡ് പുറംപോക്കുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഭൂ രജിസ്റ്റര്‍ തയ്യാറാക്കും. തരിശു നിലത്തിന്റെ രജിസ്റ്റര്‍ കൃഷി ഭവന്റെ സഹായത്തോടെ തയ്യാറാക്കും.

ഇ-ഗവേണൻസ്

 1. ഇ-ഗവേണന്‍സില്‍ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി വഴി എല്ലാ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള വിവിധ സേവനങ്ങളുടെ സോഫ്ടുവെയറുകളെല്ലാം ഏകോപിപ്പിച്ച് ഒറ്റവിവരവ്യൂഹമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കും.

നീർത്തടാധിഷ്ഠിത ആസൂത്രണം

 1. ജനകീയാസൂത്രണകാലം മുതല്‍ പറഞ്ഞുവരുന്നതാണെങ്കിലും നീര്‍ത്തടാധിഷ്ഠിത ആസൂത്രണം ഇതുവരെ നടപ്പാക്കാനായിട്ടില്ല. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഈ അലംഭാവത്തിനു നല്‍കേണ്ടി വരുന്ന വിലയെക്കുറിച്ച് സദാ ഓര്‍മ്മിപ്പിക്കുന്നു. കാട്ടാക്കട തളിപ്പറമ്പ് മാതൃകയില്‍ നീര്‍ത്തട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കും.

 2. നിലവില്‍ നല്ലൊരുപങ്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലും വ്യത്യസ്ത ഏജന്‍സികള്‍ തയ്യാറാക്കിയ നീര്‍ത്തട വികസന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. അവയെ ഈ കാമ്പയിനു പൂര്‍ണ്ണമായും ഉപയോഗ പ്പെടുത്തണം. കില, ലാന്‍ഡ് യൂസ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ്ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മണ്ണ് ജലസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയെല്ലാം ഏകോപനമുണ്ടാകണം.

 3. വിവിധവ കുപ്പുകളുടെയും ഏജന്‍സികളുടെയും നീര്‍ത്തട സ്കീമുകള്‍ ഭാവിയില്‍ ഈ അടിസ്ഥാനരേഖയെ ആസ്പദമാക്കിവേണം. ഇതിന് ഉതകുന്ന രീതിയില്‍ എല്ലാവരും പങ്കാളികളായിക്കൊണ്ടുവേണം ഈ നീര്‍ത്തട രേഖകള്‍ തയ്യാറാക്കാന്‍.

 4. കൊവിഡ് കടന്നുവന്നതുമൂലം പ്രാദേശിക ദുരന്തനിവാരണ റിപ്പോര്‍ട്ടുകള്‍ പല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര്‍ത്തട വികസന രേഖയ്ക്കു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമാക്കുന്നതിന് ഒരു കര്‍മ്മസമിതിയെ നിയോഗി ക്കേണ്ടതാണ്.

 5. 50000 കിലോമീറ്റര്‍ തോടുകളും 2000 കിലോമീറ്റര്‍ പുഴകളും പുതുതായി വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും. ഇതിനായി തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തും.

 6. പച്ചത്തുരുത്തുകളുടെ വിസ്തൃതി 529 ഏക്കറില്‍ നിന്നും 5000 ഏക്കറിലേയ്ക്ക് വ്യാപിപ്പിക്കും.

 7. 5000 ഹരിത സമൃദ്ധി വാര്‍ഡുകള്‍ സൃഷ്ടിക്കും,

 8. എല്ലാ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ജല ഗുണനിലവാര നിര്‍ണ്ണയ ലാബുകള്‍ സ്ഥാപിക്കും,

 9. മാതൃകാ ബ്ലോക്കുകളില്‍ ജല ബജറ്റിനു രൂപം നല്‍കും. എല്ലാ വലിയ കുളങ്ങളും മാതൃകാപരമായി വെട്ടി വൃത്തിയാക്കി പുനരുജ്ജീവിപ്പിക്കും

ശുചിത്വ കേരളം

 1. 2021-22 ല്‍ വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ശുചിത്വ പദവിയിലേയ്ക്കു നീങ്ങാന്‍ കഴിയണം.

 2. 501 പഞ്ചായത്തുകളും 55 നഗരസഭകളും ഖരമാലിന്യ സംസ്ക്കരണത്തില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വ മാനദണ്ഡ പദവിയില്‍ എത്തിക്കും.

 3. വടകര-കുന്നംകുളം-തളിപ്പറമ്പ് മാതൃകയില്‍ സംരംഭകത്വ അടിസ്ഥാനത്തില്‍ മാലിന്യസംഭരണവും വേര്‍തിരിക്കലും സംസ്ക്കരിച്ച് വിപണനം നടത്തലുമാണ് ലക്ഷ്യം. അപ് സൈക്കിള്‍, റീ സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 50 ശതമാനം ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഉറപ്പുവരുത്തും.

 4. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനായി വലിച്ചെറിയല്‍ മുക്ത കേരളം (Disposable free Kerala) നടപ്പാക്കും.

 5. 2025 ഓടെ സെപ്റ്റെജ് മാലിന്യം ഉള്‍പ്പടെ ദ്രവമാലിന്യം സംസ്ക്കരണം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും നടപ്പാക്കും.

 6. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരളത്തെ സ്ലോട്ടര്‍ വേസ്റ്റ് ഫ്രീ സംസ്ഥാനമാക്കും.

 7. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഗ്രീന്‍ ഗ്രേഡിംഗും സര്‍ട്ടിഫിക്കേഷനും കൊണ്ടുവരും.

 8. ദേശീയ, സംസ്ഥാന പാതയ്ക്ക് അരികിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍വ്വകലാശാലകള്‍ പോലുള്ള കേന്ദ്രങ്ങളുടെ സ്ഥലങ്ങളില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വഴിയോര വിശ്രമ കേന്ദ്രങ്ങളായ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രധാന പാതകളില്‍ 2022 ഓടെ സമ്പൂര്‍ണമാക്കും. ഇവ സ്ത്രീ സൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമാണെന്ന് ഉറപ്പു വരുത്തും.

 9. ഹരിതകര്‍മ്മ സേനകള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് തുടര്‍ന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകം. ജൈവവളം ഹരിതമിത്രം ബ്രാന്‍ഡില്‍ വിപണിയിലിറക്കും.

 10. റീജിയണല്‍ ലാന്റ് ഫില്ലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. മെഡിക്കല്‍ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രികളിലെ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

 11. മോഡല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിംഷ് വേസ്റ്റ് റിക്കവറീ സെന്ററുകള്‍ സ്ഥാപിക്കും.

 12. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കും.

 13. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തുകള്‍ 2000 ഏക്കറിലേക്ക് വ്യാപിപ്പിക്കും

നഗരവികസനം

 1. അതിവേഗത്തില്‍ നഗരവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അതനുസരിച്ചുള്ള ആസൂത്രിതമായ പരിഗണന നഗരവികസന മേഖലയ്ക്ക് ലഭിച്ചിട്ടില്ല. അമൃത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നഗരങ്ങള്‍ക്കുള്ള ലോകബാങ്കിന്റെ ശുചിത്വപരിപാടി, ഫിനാന്‍സ് കമ്മിഷന്റെ പ്രത്യേക ധനസഹായം എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്തും. മുന്‍സിപ്പിലാറ്റിയുടെ പെന്‍ഷന്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണും. എല്ലാ നഗരങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കും.