Skip to main content

പൊതുമേഖലയെ സംരക്ഷിക്കും

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവല്‍ക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കാലോചിതമായ സേവന-വേതന അവകാശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി പുനരുദ്ധരിക്കും. ടെക്സ്റ്റയില്‍ മില്ലുകള്‍ക്കു വേണ്ടി റോ മെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്യും.

പൊതുമേഖല

 1. എല്ലാ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെയും സംരക്ഷിക്കും. ഓരോന്നിന്റെയും വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കും.

 2. പൊതുമേഖലയ്ക്കുള്ള പദ്ധതി അടങ്കല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും തുല്യതോതില്‍ വീതം വയ്ക്കുന്നതിനു പകരം നിക്ഷേപത്തിന് മുന്‍ഗണന നിശ്ചയിക്കും. വികസന സാധ്യതകള്‍ പൂര്‍ണമായും കൈവരിക്കുന്നതിന് ആവശ്യമായ മുതല്‍മുടക്ക് ഒരുമിച്ച് നടത്തുന്നതാണ് അഭികാമ്യം. സാങ്കേതിക നവീകരണം, മാനേജ്മെന്റ് പരിഷ്കാരം, തൊഴില്‍ പരിശീലനം, പുതിയ മാര്‍ക്കറ്റിംഗ് രീതി, ധനപരമായ പുനസംഘാടനം എന്നിവയെല്ലാം അടങ്ങുന്ന പാക്കേജായിരിക്കും ഈ ഇടപെടല്‍. തുടര്‍ന്നുള്ള കാലത്ത് വാണിജ്യ അടിസസ്ഥാനത്തില്‍ ബാങ്ക് വായ്പയെ ആശ്രയിച്ച് സ്ഥാപനത്തിനു വളരാനാകണം. കെല്‍ട്രോണാണ് ഇത്തരത്തില്‍ ഏറ്റവും മുന്‍ഗണനയോടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്.

 3. കോട്ടയത്ത് വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കും. 26 ശതമാനം ഓഹരിയോടെ കേരള റബ്ബര്‍ ലിമിറ്റഡ് രൂപീകരിക്കും.

 4. റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം ആവശ്യമാണ്. ബാംബൂ, കയര്‍, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകള്‍ക്കും കൂടി ഈ മേഖലയില്‍ മുന്‍ഗണന നല്‍കും.

 5. കാര്‍ഷിക മൂല്യവര്‍ദ്ധനയ്ക്കായി എല്ലാ ജില്ലാ ഫാമുകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാലക്കാട് സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക്. ചേര്‍ത്തലയിലേയും പാലക്കാട്ടേയും ഹൈറേഞ്ചിലെയും മെഗാ ഫുഡ് പാര്‍ക്കുകള്‍, മുട്ടത്തെ സ്പൈസസ് പാര്‍ക്ക്, കുറ്റ്യാടിയിലെ നാളികേര പാര്‍ക്ക് എന്നിവയാണ് മറ്റു പ്രധാന അഗ്രോ പാര്‍ക്കുകള്‍. 

 6. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും. 

 7. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. നവീകരിക്കും. മാലിന്യസംസ്ക്കരണ പ്ലാന്റ് പൂര്‍ത്തീകരിക്കും. മാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും.

 8. ടൈറ്റാനിയം മെറ്റല്‍ അടക്കം ഉല്‍പാദിപ്പിക്കുന്ന കോംപ്ലക്സ് ആയി കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സിനെ ഉയര്‍ത്തും. അതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

 9. കുണ്ടറയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയില്‍ സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ നിര്‍മ്മിക്കും. മാമല യൂണിറ്റില്‍ ഇ.എം.യു ട്രാന്‍സ്ഫോമര്‍, റെയില്‍വേയ്ക്കു വേണ്ടിയുള്ള വിവിധ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ ഉത്പാദനം ആരംഭിക്കും. യുണൈറ്റഡ് ഇലക്ട്രിക്കല്‍സിലെ നിലവിലുള്ള പ്ലാന്റില്‍ പോളിമര്‍ ഇന്‍സുലേറ്റര്‍ യൂണിറ്റ് ആരംഭിക്കും. ടെല്‍ക്കിനെ ആധുനിക വത്കരിക്കുകയും പുതിയ പ്ലാന്റ് ആരംഭിക്കുകയും ചെയ്യും. ബെമെല്‍ ഏറ്റെടുത്ത് പുനരുദ്ധരിക്കും. 

 10. ഓട്ടോക്കാസ്റ്റിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കും. ആധുനിക മെഷീന്‍ ഷോപ്പ് സ്ഥാപിക്കും. സ്മാള്‍ ആന്‍ഡ് മീഡിയം കാസ്റ്റിംഗിന് സൗകര്യം സൃഷ്ടിക്കും. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് വൈവിധ്യവത്കരി ക്കുകയും വിപുലീകരിക്കുകയും ചെയ്യും. സില്‍ക്ക്, അഴീക്കലില്‍ ഡ്രൈ ഡോക് നിര്‍മ്മിക്കുകയും മറ്റു യൂണിറ്റുകളിലെ യന്ത്രങ്ങള്‍ നവീകരിക്കു കയും ചെയ്യും.

 11. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പഴയ കാസ്റ്റിക് സോഡ പ്ലാന്റ് നവീകരിക്കും. 75 ടി.പി.ഡി ഉല്‍പാദന ശേഷിയുള്ള പുതിയ കാസ്റ്റിക് സോഡാ പ്ലാന്റ് ആരംഭിക്കും. എച്ച.്സി.എല്‍ സിന്തസിസ് യൂണിറ്റ് ആരംഭിക്കും. 60 ടണ്‍ ഉല്‍പാദന ശേഷിയോടെ സോഡാ ബ്ലീച്ച് പ്ലാന്റ് ആരംഭിക്കും. 

 12. ട്രാക്കോ കേബിള്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റ് ആധുനീകരിക്കും.

 13. മലബാര്‍ സിമെന്റിന്റെ കപ്പാസിറ്റി ഗണ്യമായി ഉയര്‍ത്തും. സിമെന്റ് പാക്കിംഗ് പ്ലാന്റ് ആരംഭിക്കും. ട്രാവന്‍കൂര്‍ സിമെന്റ്സിന്റെ 700 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള ഗ്രേ സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും.

 14. ടെക്സ്റ്റൈല്‍ മില്ലുകള്‍ക്ക് ആവശ്യമായ പഞ്ഞി മൊത്തത്തില്‍ വാങ്ങുന്നതിനും എസ്ക്രൂ മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ മില്ലുകള്‍ക്ക് നല്‍കുന്നതിനും ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെയും ടെക്സ് ഫെഡിന്റെയും ആഭിമുഖ്യത്തില്‍ ഒരു റോമെറ്റീരിയല്‍ കണ്‍സോര്‍ഷ്യം ആരംഭിക്കും. നിലവിലുള്ള പ്ലാന്റുകളിലെ കാലഹരണപ്പെട്ട യന്ത്രങ്ങള്‍ നവീകരിക്കും. 

 15. ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, പ്രിയദര്‍ശിനി മില്‍, കോട്ടയം ടെക്സ്റ്റൈല്‍സ്, തൃശൂര്‍ സഹകരണ മില്‍, എന്നിവിടങ്ങളില്‍ വസ്ത്രനിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. കോമളപുരം സ്പിന്നിംഗ് മില്‍സില്‍ നോണ്‍ വീവിംഗ് ഫാബ്രിക്സ് ഉല്‍പാദിപ്പിക്കും. സൈസിംഗ് ആന്‍ഡ് വാര്‍പിംഗ് യൂണിറ്റ് ആരംഭിക്കും. മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ നവീകരിക്കുകയും സര്‍ജിക്കല്‍ കോട്ടണ്‍ ഉല്‍പാദിപ്പി ക്കുകയും ചെയ്യും. കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലില്‍ ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മെഷീന്‍ സ്ഥാപിക്കും. പിണറായിയിലെ ഹൈടെക് വീവിംഗ് മില്‍ വിപുലീകരിക്കും. നാടുകാണി ടെക്സ്റ്റൈലില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് സെന്റര്‍ ആരംഭിക്കും. ചാത്തന്നൂര്‍ (കൊല്ലം) സ്പിന്നിംഗ് മില്‍ നവീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

 16. കുണ്ടറയിലെ കേരള സിറാമിക്സ് ലിമിറ്റഡ് ഉല്‍പന്നങ്ങളെ വൈവിദ്ധ്യ വത്കരിക്കും പ്ലാന്റ് നവീകരിക്കുകയും ചെയ്യും. പാപ്പിനിശേരിയിലെ മൈനിംഗ് തടസപ്പെട്ടതുകൊണ്ട് ഇന്റഗ്രേറ്റഡ് കോക്കനട്ട് കയര്‍ കോംപ്ലക്സുകളിലേയ്ക്ക് വൈവിദ്ധ്യവത്കരിക്കും. ഇവിടെ ഇന്റര്‍ലോക്ക് മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിക്കും.

 17. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസില്‍ ഡിസൈന്‍ സ്റ്റുഡിയോ, ഫര്‍ണിച്ചര്‍ നിര്‍മ്മാണ ട്രെയിനിംഗ് സെന്റര്‍, മര ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ടെസ്റ്റിംഗ് സെന്റര്‍ എന്നിവ ആരംഭിക്കും.

 18. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ഇന്റര്‍നാഷണല്‍ കണ്ടെയിനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ നവീകരിക്കും.

 19. കേരള ഓട്ടോ മൊബൈല്‍സ് സ്വന്തമായി ഒരു ഇലക്ട്രിക് മൊബിലിറ്റി പ്രൊഡക്ഷന്‍ ലൈന്‍ ലഭ്യമാക്കും. ഇലക്ട്രിക് പിക്ക്അപ്പ് വാന്‍, ഇ ലോഡര്‍, ഇലക്ട്രിക് കാര്‍, ഇ സ്കൂട്ടര്‍ എന്നിവ ഉല്‍പാദിപ്പിക്കും.

 20. ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്. ആദ്യത്തെ പ്ലഗ് ആന്‍ഡ് പ്ലേ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം യാഥാര്‍ഥ്യമാക്കും. 2, 3, 4 വീലറുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവയുടെ ബാറ്ററി നിര്‍മ്മാണത്തിനുള്ള സൗകര്യം തിരുവനന്തപുരത്ത് സ്ഥാപിക്കും.

 21. ഗാര്‍ഹിക വസ്തുക്കള്‍, സൈക്കിളുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ (ചൈനീസ് ഉത്പന്നങ്ങള്‍ എന്ന് പൊതുവില്‍ വിളിക്കപ്പെടുന്നവ) നിര്‍മ്മിക്കുന്നതിനായി പാലക്കാട് ഒരു നിര്‍മ്മാണശാല സ്ഥാപിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

 22. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ സാധ്യതകള്‍ക്കായുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എനര്‍ജി സ്റ്റോറേജ്, ഫ്യൂവല്‍ സെല്‍സ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോള്‍ട്ടേജ്, സോളാര്‍ തെര്‍മല്‍, ബയോ എനര്‍ജി മോഡലിംഗ്, ബയോ മാസ് റീസൈക്കിളിംഗ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.

 23. സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മാതൃകാ ഭരണ ചാര്‍ട്ടര്‍ രൂപീകരിക്കും.

 24. പൊതുമേഖലാ ബോര്‍ഡുകള്‍/ ഭരണസമിതികളില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരെ (സ്ഥാപനമേധാവി ഉള്‍പ്പെടെ കുറഞ്ഞത് മൂന്നിലൊന്ന് അംഗസംഖ്യയെങ്കിലും) ഉള്‍പ്പെടുത്തും.

 25. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്കു പുറത്തുള്ള തസ്തികകളിലെ നിയമനങ്ങള്‍ കേന്ദ്രീകൃതമായി നടത്തുന്നതിനു പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കും.

 26. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പള പരിഷ്കരണം സമയബന്ധിതമായി നടത്തുന്നതിന് പ്രത്യേക ശമ്പള കമ്മീഷനെ നിയമിക്കും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനു സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നു പ്രത്യേക പദ്ധതി നടപ്പാക്കും.

 27. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ സമീപകാലത്ത് വലിയ പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി. പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നവീകരിച്ചു. ഇവയെല്ലാംമൂലം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കോവിഡുകാലത്തെ അധികവായ്പ അനുവദിക്കുക യുണ്ടായി. ഏകജാലക സംവിധാനം ഉറപ്പുവരുത്തും. ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തിപ്പെടും. 2022 ല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം ഉയരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനം കൈവരിക്കും.

 

 1. കിഫ്ബിയുടെ ധനസഹായം ലഭിക്കുന്നതിനാവശ്യമായ വിധത്തില്‍ പുതിയൊരു കമ്പനി സ്വിഫ്റ്റിനു രൂപം നല്‍കി. കെ.എസ്.ആര്‍.ടി.സി പുതിയ കമ്പനി നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നതാണ്. ആദായത്തില്‍ ഒരു വിഹിതവും നല്‍കും. 10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ആസ്തികളും കെ.എസ്.ആര്‍.ടി.സി.യില്‍ ലയിപ്പിക്കും.

 2. 3000 ബസ്സുകള്‍ പ്രകൃതി സൗഹൃദമായ സി.എന്‍.ജി/എല്‍.എന്‍.ജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതുവഴി പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കും. കിഫ്ബിയില്‍ നിന്ന് 1000 പുതിയ ബസുകള്‍ അനുവദിക്കും.

 3. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കല്‍ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും പുതിയ ധനകാര്യ വര്‍ഷാരംഭം കൊടുത്തുതീര്‍ക്കും. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും.

 4. കെ.എസ്.ആര്‍.ടി.സി യുടെ ബസ് സ്റ്റാന്റിനോടൊപ്പമോ അല്ലാതെയുള്ള ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സമുച്ചയങ്ങള്‍ പണിയും.

 5. തിരുവനന്തപുരം, കോഴിക്കോട് സമുച്ചയങ്ങള്‍ കെ.എസ്.ആര്‍.ടി.സി യെ തിരിച്ചേല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

 6. ഗാരേജുകളും വര്‍ക്ക്ഷോപ്പുകളും നവീകരിക്കും.

 7. കെ.എസ്.ആര്‍.ടി.സി യുടെ മാനേജ്മെന്റ് സമൂലം പുനഃസംഘടിപ്പിക്കും. ബസുകളുടെ മൈലേജ്, ഫ്ളീറ്റ് യൂട്ടിലൈസേഷന്‍, റിപ്പയര്‍ ചെയ്ത് പുറത്ത് ഇറക്കാനുള്ള സമയം, അപകട നിരക്ക് തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തും.

 8. കിലോമീറ്റര്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന രീതിയില്‍ ബസ് റൂട്ടുകളും ഓട്ടവും ക്രമീകരിക്കും.

 9. കെ.എസ്.ആര്‍.ടി.സി യുടെ വായ്പ മുഴുവന്‍ ഓഹരിമൂലധനമായി മാറ്റും. പലിശ എഴുതിത്തള്ളും.

   

  തുറമുഖം

 10. ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

 11. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.