Skip to main content

റോഡ് നവീകരണം

15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സാങ്കേതികവിദ്യകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും.

പൊതുമരാമത്ത്

  1. പൊതുമരാമത്തില്‍ കിഫ്ബി, റീബില്‍ഡ്, കെ.എസ്.റ്റി.പി, ആന്വിറ്റി സ്കീമുകള്‍ അടക്കം ഏതാണ്ട് 25000 കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം മറ്റൊരു 20000 കോടി രൂപയുടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഭരണാനുമതി നല്‍കും.

  2. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016-21 കാലഘട്ടത്തില്‍ 7700 കിലോമീറ്റര്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15000 കിലോമീറ്റര്‍ റോഡുകൂടി ബി.എം.&ബി.സി നിലവാരത്തില്‍ നവീകരിക്കും.

  3. മലയോര ഹൈവേ മുഴുവന്‍ ജില്ലകളിലൂടെയുള്ള കണക്ടിവിറ്റി പൂര്‍ത്തിയാക്കും. മലയോര മേഖലയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലയോര ഹൈവേ പദ്ധതി പൂര്‍ത്തീകരിക്കുന്നതാണ്. കാസര്‍ഗോഡ്, കൊല്ലം ജില്ലകളിലെ രണ്ട് റീച്ചുകള്‍ 71.10 കിലോമീറ്റര്‍ 256.43 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു. 805.33 കോടിയുടെ 212.37 കിലോമീറ്റര്‍ വരുന്ന 13 റീച്ചുകള്‍ മറ്റു ജില്ലകളില്‍ നടന്നുകൊണ്ടിരിക്കുന്നു. ബാക്കി പ്രവൃത്തികള്‍കൂടി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും.

  4. റോഡു പ്രവൃത്തികളില്‍ പ്ലാസ്റ്റിക്, സ്വാഭാവിക റബ്ബര്‍, കയര്‍ ജിയോ ടെക്സ്റ്റയില്‍സ് എന്നിവ ഉപയോഗിക്കുന്നതു ഇരട്ടിയാക്കും. 503 കിലോമീറ്റര്‍ റോഡില്‍ പ്ലാസ്റ്റിക് മാലിന്യവും 2646 കിലോമീറ്റര്‍ റോഡില്‍ സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത ബിറ്റുമെനും 50.400 കിലോമീറ്റര്‍ റോഡില്‍ ജിയോ ടെക്സ്റ്റയിലും ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കും.

  5. ഇതോടൊപ്പം ആധുനിക സാങ്കേതികവിദ്യകളായ കോള്‍ഡ് ഇന്‍ പ്ലേസ് റീസൈക്കിളിംഗ് (മില്ലിംഗ്), സോയില്‍ സ്റ്റെബിലൈസേഷന്‍ രീതികളിലുള്ള നിര്‍മ്മാണം 107.70 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് റോഡുകള്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പരീക്ഷണാടിസ്ഥനത്തില്‍ ചെയ്യുകയാണ്. ഇത്തരം ആധുനിക സാങ്കേതികവിദ്യകള്‍ എല്ലാ ജില്ലകളിലും ചെയ്യും.

  6. ദേശീയപാത 66 ന്റെ വികസനം ആറുവരിപ്പാത വികസനം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും 2016-21 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ക്രിയാത്മക ഇടപെടലുകള്‍ വഴി ഇപ്പോള്‍ യാഥാര്‍ത്ഥ്യ മാകുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കാമെന്നു സമ്മതിച്ചതുകൊണ്ടാണ് ഇപ്പോള്‍ ദേശീയപാത വികസനം നടക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, കഴക്കൂട്ടം മേല്‍പ്പാലം, പാലൊളി-മൂരാട് പാലങ്ങള്‍ എന്നിവ പ്രവൃത്തി നടക്കുന്നത്. കോഴിക്കോട് ബൈപ്പാസ്, തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, പേരോള്‍-തളിപ്പറമ്പ്, തളിപ്പറമ്പ് -മുഴപ്പിലങ്ങാട്, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര-കുറ്റിപ്പുറം, കുറ്റിപ്പുറം-കാപ്പിരിക്കാട്, കൊറ്റന്‍കുളങ്ങര - കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം എന്നിവ ടെണ്ടര്‍ നടപടി അന്തിമഘട്ടത്തിലാണ്. ബാക്കി മൂന്നു ഭാഗങ്ങള്‍കൂടി ഭൂമിയെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍ നടപടിയുണ്ടാകും. പ്രസ്തുത പ്രോജക്ട് പൂര്‍ത്തീകരണത്തിനുള്ള ഇടപെടലുകള്‍ നടത്തും.

  7. തേനി-മൂന്നാര്‍-കൊച്ചി (എന്‍.എച്ച്-85), വാളയാര്‍-വടക്കഞ്ചേരി (എന്‍.എച്ച് -54), തൃശ്ശൂര്‍-ഇടപ്പള്ളി (എന്‍.എച്ച്-544), കോഴിക്കോട്-മലപ്പുറം- പാലക്കാട് (എന്‍.എച്ച് 966), തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം - അങ്കമാലി, കൊല്ലം-ചെങ്കോട്ട (എന്‍.എച്ച് 744), എന്നിവ നാലുവരിപ്പാത ആക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

  8. ദേശീയപാത പ്രവൃത്തികളെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത പദ്ധതിയില്‍ ഉള്ളതാണ്. പക്ഷെ, ഇവയുടെ സ്ഥലമെടുപ്പിനു വേണ്ടിവരുന്ന ചെലവില്‍ 25 ശതമാനം സംസ്ഥാന വഹിക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത്തരമൊരു ദുര്‍വ്വഹമായ ഭാരം വഹിക്കേണ്ടി വന്നാലും ദേശീയപാത വികസനം മുന്നോട്ട് കൊണ്ടുപോകും.

  9. കിഫ്ബി വഴി 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍.ബി.ഡി.സി.കെ യെ എസ്.പി.വി ആയി തീരുമാനിച്ചിട്ടുണ്ട്. 10 എണ്ണം ടെണ്ടര്‍ കഴിഞ്ഞു. കരാര്‍ വച്ചു. 27 എണ്ണം കേരള റെയില്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷനേയും എല്‍പ്പിച്ചിരിക്കുന്നു. പ്രധാന വീഥികളില്‍ ലെവല്‍ ക്രോസുകളില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും.

  10. ഗ്രീന്‍ പ്രോട്ടോക്കോള്‍ രീതി സര്‍ക്കാരിന്റെ കെട്ടിട നിര്‍മ്മാണത്തില്‍ വ്യാപകമാക്കും.

  11. പൊതുമരാമത്തു വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു എന്‍.എബി.എല്‍ അക്രെഡിറ്റേഷന്‍ 2021 ഫെബ്രുവരിയില്‍ ലഭിച്ചു. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ആദ്യമായാണ് ഈ അംഗീകാരം. പ്രസ്തുത കെ.എച്ച്.ആര്‍.ഐയെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കുന്നതിനു നടപടി സ്വീകരിക്കും. ഇന്ത്യയിലെ ഉന്നത സാങ്കേതിക/അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍വ്വീസിലുള്ള വര്‍ക്കും പുറത്തുള്ളവര്‍ക്കും പരിശീലന പരിപാടികള്‍ നടപ്പാക്കും.