Skip to main content

പട്ടികവർഗ്ഗ ക്ഷേമം

മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തും. ഒരേക്കര്‍ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ പരമാവധി നടത്തും. വനവിഭവങ്ങള്‍ക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. ആനുകൂല്യങ്ങള്‍ ഉയര്‍ത്തും. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഉപപദ്ധതി പൂര്‍ണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാന വിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും. സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും.

 1. ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള അംബേദ്കര്‍ പദ്ധതി വിപുലീകരിക്കും. ഊരുകളിലേയ്ക്കുള്ള റോഡുകള്‍, കുടിവെള്ളം, വൈദ്യുതി സാധ്യമല്ലാത്തിടത്ത് സോളാര്‍ സംവിധാനം, അംഗന്‍വാടികള്‍, പാര്‍പ്പിടം, പഠനവീട്, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും.

 2. ലൈഫില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട് നല്‍കും. കുടുംബത്തിന്റെ ആവശ്യങ്ങളും താല്‍പര്യവും മനസ്സിലാക്കി കൊണ്ടായിരിക്കും പാര്‍പ്പിട പദ്ധതി ആവിഷ്കരിക്കുക.

 3. ആദിവാസികളുടെ ഭൂപ്രശ്ന പരിഹാരത്തിന് തരിശുഭൂമി, മിച്ചഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതോടൊപ്പം 2005 ലെ വനാവകാശ നിയമം കേരളത്തില്‍ ശാസ്ത്രീയമായി നടപ്പാക്കും.

 4. ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജ് പദ്ധതി വ്യാപിക്കും.

 5. ഗോത്രജീവിക പദ്ധതി പ്രകാരം കൂടുതല്‍ തൊഴില്‍ ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കും. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നൈപുണി വികസനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ പ്ലെയ്സ്മെന്റുകള്‍ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തും.

 6. കുടുംബാധിഷ്ഠിത മൈക്രോപ്ലാനില്‍ അര്‍ഹതപ്പെട്ട ഒരു ആദിവാസി കുടുംബവും വിട്ടുപോകില്ലായെന്ന് ഉറപ്പുവരുത്തും. എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, ആരോഗ്യ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, സാമൂഹ്യക്ഷേമ പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തും.

 7. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തു ന്നതിന് ഗോത്രബന്ധു സ്കീമില്‍ കൂടുതല്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കും. സ്കൂളിലേയ്ക്ക് വാഹനസൗകര്യം ഏര്‍പ്പാടു ചെയ്യും. സാമൂഹ്യ പഠനമുറികള്‍ വിപുലപ്പെടുത്തും. കോളേജ് വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനത്തിലൂടേയും, താമസ സൗകര്യം നല്‍കിയും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സഹായം നല്‍കും.

 8. വന വിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന് സഹായം നല്‍കും. സംസ്കരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. തറവില ഉറപ്പുവരുത്തും. ഗദ്ദിക വിപണന മേളകള്‍, കയര്‍ & ക്രാഫ്റ്റ് കടകള്‍, വനശ്രീ യൂണിറ്റുകള്‍ എന്നിവ അതിനായി ഉപയോഗപ്പെടുത്തും.

 9. കിഫ്ബി സഹായത്തോടെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നവീകരണം പൂര്‍ത്തിയാക്കും. ഇവിടങ്ങളില്‍ താമസസൗകര്യം, ഭക്ഷണം, വിനോദസൗകര്യങ്ങള്‍, പഠനസൗകര്യങ്ങള്‍ എന്നിവ ഉന്നത നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തും. അധ്യാപകര്‍, ട്യൂട്ടര്‍മാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അധ്യാപകര്‍ക്ക് അവരുടെ പ്രദേശത്തെ സ്കൂളുകളില്‍ നിയമനത്തില്‍ മുന്‍ഗണന നല്‍കും.

 10. ആദിവാസി കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

 11. ആദിവാസി ഊരുകളിലെ സന്ദര്‍ശനത്തിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ഡിസ്പെന്‍സറികളും ആരംഭിക്കും. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിചരണം അംഗന്‍വാടി വഴി നല്‍കും. അംഗന്‍വാടികള്‍ വഴി കൃത്യമായി അയണ്‍ ഗുളികകളുടെ വിതരണം ഉറപ്പാക്കും.

 12. ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്യും. സിക്കിള്‍സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ പഠിക്കുന്നതിനു വയനാട്ടില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കും.

 13. ഓരോ ഊരിലേയും കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പോഷക ഭക്ഷണം നല്‍കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ കൂടുതല്‍ വ്യാപകമാക്കും.

 14. ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് ആറു മാസത്തിലൊരിക്കല്‍ പരിശീലനം നല്‍കും. അവരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി അവലോകനം ചെയ്യും.

 15. ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഊരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ തീരുമാനം ത്രിതല പഞ്ചായത്തുകള്‍ അംഗീകരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സാമൂഹ്യ ഓഡിറ്റ് നിര്‍ബന്ധമാക്കും.

 16. ഇടുക്കിയിലും വയനാടും ഓരോ ട്രൈബല്‍ കോളേജുകള്‍ക്ക് അനുവാദം നല്‍കുന്നതാണ്.