മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മൊയാരം, ജന്മി ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്ന് തൊഴിലാളിവർഗ്ഗത്തെയും മറ്റ് അധ്വാനിക്കുന്ന ബഹുജനങ്ങളെയും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർത്തിയെടുക്കാൻ കഠിനമായി പ്രയത്നിച്ച സഖാവായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമരഭടനായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ വളർന്നുവന്ന മൊയാരത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന പേരില്‍ മലയാളത്തിലാദ്യമായി കോണ്ഗ്രസിന്റെ ചരിത്രം എഴുതിയത്. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി കേരളഘടകമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായി പരിണമിച്ചപ്പോള്‍ മൊയാരവും കമ്യൂണിസ്റ്റ് പാർടിയുടെ ഭാഗമായി. 1939-ല്‍ പാറപ്പുറത്തു നടന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു എന്ന കാരണത്താലാണ് സ്വാതന്ത്ര്യസമരപ്പോരാളി കൂടിയായ അദ്ദേഹത്തെ കോൺഗ്രസ് അക്രമി സംഘം മൃഗീയമായി തല്ലിക്കൊന്നത്. എടക്കാട് വച്ച് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയും മൃതപ്രായനാക്കി പൊലീസിനു കൈമാറുകയും ചെയ്തു. 1948 മെയ് 13 ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് സഖാവ് മൊയാരത്ത് രക്തസാക്ഷിയായി. മൊയാരത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാതിരുന്ന പൊലീസ് ബന്ധുക്കളെ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ല. ജയിൽ വളപ്പിലെവിടെയോ അദ്ദേഹത്തിന്റെ ശവശരീരം പൊലീസ് കുഴിച്ചുമൂടുകയായിരുന്നു. മൊയാരത്ത് ശങ്കരന്റെ കൊലപാതകത്തിലൂടെ കേരളത്തിലെ ആദ്യ രാഷ്ട്രീയകൊലപാതകം നടപ്പിലാക്കിയ കോൺഗ്രസ് ആ കൊലപാതക പരമ്പര ഇന്നും തുടരുകയാണ്. പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു മൊയാരത്തിന്റെ ജീവിതം. മൊയാരത്ത് ശങ്കരനെ ഓര്‍മ്മയില്ലെന്ന് പുതുതലമുറ കോണ്‍ഗ്രസുകാര്‍ എത്ര നടിച്ചാലും കേരള ചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രക്തം പുരണ്ട രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് മായ്ച്ചു കളയാനാകില്ല.