ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവ് കണ്ടോത്ത് സുരേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ആർഎസ്എസ് അക്രമത്തിൽ മാരകമായി പരിക്കേറ്റ് നെഞ്ചിന് താഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾക്ക് കീഴടങ്ങാതെ മരണംവരേയും രണ്ടുപതിറ്റാണ്ടിലേറെ കാലം സുരേശൻ പാർടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രത്യേകമായി രൂപകൽപ്പനചെയ്ത കാറിൽ സഞ്ചരിച്ചായിരുന്നു സഖാവിന്റെ പ്രവർത്തനം.
സിപിഐ എം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും കൂടക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായായിരുന്ന സഖാവിനെ 2004 ഒക്ടോബർ 31 നാണ് മൊയ്തുപാലത്തിനു സമീപംവെച്ച് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആർഎസ്എസുകാർ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് ദീർഘകാലം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം പിന്നീട് ശാരീരിക പരിമിതികൾ അലട്ടുമ്പോഴും കൂടുതൽ കരുത്തോടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. പാർടി കൂടക്കടവ് എ ബ്രാഞ്ച് സെക്രട്ടറിയായിരിക്കെയാണ് സഖാവിന്റെ വിയോഗം.
സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സഖാവ് സുരേശന് അന്ത്യാഭിവാദ്യങ്ങൾ. പ്രിയ സഖാവിന്റെ വിയോഗത്തിൽ സഖാക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.