Skip to main content

വിമോചനസമരത്തിന്റെ 
ബാക്കിപത്രം - എം എ ബേബി എഴുതുന്നു

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ ആദ്യ സർക്കാരിനെ പിരിച്ചുവിട്ടതിന്റെ അറുപത്തിമൂന്നാം വാർഷിക വേളയാണിത്‌. വിമോചനസമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെതുടർന്ന് 1959 ജൂലൈ 31നാണ്  ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്‌റു സർക്കാർ പിരിച്ചുവിട്ടത്. കേരള സമൂഹത്തെ ഇത്രയേറെ പിന്നോട്ടടിപ്പിച്ച മറ്റൊരു സംഭവം ഇല്ല.

 

കേരള സമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസരംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ആ സർക്കാർ നടത്തിയ ഐതിഹാസിക പ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിന്റെ വ്യവസായവൽക്കരണം, അധികാരവികേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്‌കാരം ഇവയ്‌ക്കൊക്കെ തുടക്കംകുറിച്ച് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസംമാത്രം നീണ്ടുനിന്ന അന്നത്തെ സർക്കാരായിരുന്നു.

പക്ഷേ, ഭൂപരിഷ്‌കരണവും വിദ്യാഭ്യാസപരിഷ്‌കരണവുമടക്കമുള്ള കാര്യങ്ങളിൽ തുടർന്നുവന്ന കോൺഗ്രസ് സർക്കാരുകളുടെ ഭാഗത്തുനിന്ന് ഇടങ്കോലിടൽ തടസ്സങ്ങളുണ്ടായത് കേരള സമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാനകാരണം വിമോചന സമരമാണ്.

 

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസരംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാരമില്ലായ്മയ്‌ക്കുമുള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചന സമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്. കള്ള പ്രചാരവേലകളിലൂടെ വിദ്യാർഥികളെ അക്രമത്തിനിറക്കുക എന്ന രീതി കോൺഗ്രസ് തുടങ്ങിയത് ഈ സമരത്തിലാണ്. മത വർഗീയശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ടിടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചനസമരത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായ  സിഐഎയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രാസ്തിത്വത്തിനു വെല്ലുവിളിയായി. ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. സഭ അങ്ങനെ ഒരിക്കലും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിമോചനസമരം കാരണം കേരളം നേരിട്ട എല്ലാ പിന്നോട്ടടികൾക്കും ഒരുപരിധിവരെ അങ്ങനെ സഭ നേരിട്ടുത്തരവാദിയായി. സർക്കാരിനെ പിരിച്ചുവിട്ടതിന്റെ വാർഷികംപോലുള്ള സന്ദർഭങ്ങൾ ഇത്തരം കാര്യങ്ങളിലുള്ള പുനർവിചിന്തനത്തിനുള്ള വേളയാകണം. വിമോചനസമരത്തിലെ പങ്ക് ശരിയായിരുന്നോയെന്ന് കേരളത്തിലെ കത്തോലിക്കാസഭ പുനരാലോചിക്കുമോ?

കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽത്തന്നെ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കുവഹിച്ചു

കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘വിമോചന' സമരകാലത്തുനിന്ന് ഒരുപാട് മാറിയിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽത്തന്നെ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കുവഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട് സഹകരിക്കുന്ന നിലപാട് ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രിസ്‌തീയ സഭാവിഭാഗങ്ങളും സ്വീകരിക്കുന്നുമുണ്ട്.  ഇതെല്ലാം, ഫ്രാൻസിസ് മാർപാപ്പയുടെ  ഈ കാലത്ത് വിമോചനസമരത്തെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് കാരണമാകണം.

ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ക്യാനഡ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. ക്യാനഡയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസ്ഥയിലായിരുന്നില്ല അദ്ദേഹം. എന്നിട്ടും ആ പീഡ അദ്ദേഹം ഏറ്റെടുത്തു. കാൽമുട്ടിലെ വേദനസഹിച്ചും അദ്ദേഹംപോയത് അവിടത്തെ തദ്ദേശീയ ജനതയുടെമേൽ സഭ നടത്തിയ അക്രമങ്ങളിൽ മാപ്പ്‌ പറയാനാണ്. വാക്കുകൾക്ക് ഒരു ലോഭവുമില്ലാതെയാണദ്ദേഹം മാപ്പ്‌ പറഞ്ഞതും. ക്യാനഡയിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1970കൾവരെ തദ്ദേശജനവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്കായി സഭ നടത്തിയ സ്കൂളുകളിൽ നടന്ന ""നിന്ദിക്കപ്പെടേണ്ട പ്രവർത്തനങ്ങളിൽ ഞാൻ മാപ്പു പറയുന്നു, ക്ഷമ യാചിക്കുന്നു''–-  എന്നാണദ്ദേഹം പറഞ്ഞത്. തദ്ദേശീയ ജനതയിലെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് ഈ റസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചിരുന്നു. അവരുടെ സംസ്കാരത്തിൽനിന്ന് അകറ്റി അവരെ വളർത്താനാണ് ഇങ്ങനെ ചെയ്തത്. ഈ കുട്ടികളുടെ കാര്യത്തിൽ മഹത്തായ കാര്യമാണ് സഭ ചെയ്യുന്നത് എന്നാണ് 1970കൾവരെ സഭയും ക്യാനഡ സർക്കാരും കരുതിയിരുന്നത്. പക്ഷേ, ശാരീരികപീഡനവും ലൈംഗികചൂഷണവും ഈ സ്കൂളുകളിൽ അഴിഞ്ഞാടിയെന്ന് ഇന്ന് വ്യക്തമായി. കുട്ടികളെ കൂട്ടമായി മറവുചെയ്ത നിരവധി കുഴിമാടങ്ങൾകൂടെ കണ്ടെത്തിയതോടെയാണ്  പോപ്പ് ഫ്രാൻസിസ് ‘പേപ്പൽ അപ്പോളജി’ നടത്തിയിരിക്കുന്നത്. 

 

വിമോചനസമരത്തിന്റെ കാര്യത്തിൽ ഒരു പുനരാലോചനയ്‌ക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോ. സകല പ്രതിലോമ- വർഗീയ- ജനാധിപത്യവിരുദ്ധ ശക്തികളെയും അണിനിരത്തി രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്‌, ചരിത്രത്തിൽനിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നുവേണമോ കരുതാൻ.

 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.