Skip to main content

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്. നിയമ നടപടികളുടെയും കിട്ടാക്കടം പിരിക്കാനുള്ള ഏജൻസികൾ വഴിയും ഇവ പിരിക്കാനുള്ള നടപടിയെടുക്കും എന്നൊക്കെ ന്യായീകരിക്കാം. പക്ഷേ ഇങ്ങനെ പിരിച്ചെടുത്ത തുക എത്രയാണ്? ലോക് സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് 2017-18-നും 2021-22-നും ഇടയ്ക്ക് ആകെ പിരിച്ചെടുത്തത് 1.32 ലക്ഷം കോടി രൂപയാണ്. അതിനു മുമ്പുള്ള മൂന്നുവർഷവുംകൂടി കണക്കിലെടുത്താലും പിരിച്ചതുക 2 ലക്ഷം കോടിയിൽ താഴെയായിരിക്കും. അതായത് 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാൻ കഴിയുന്നത്.

ആരാണ് ബാങ്കിനെ ഇങ്ങനെ കൊള്ളയടിക്കുന്നത്? ഇന്ത്യയിലെ കോർപ്പറേറ്റുകളാണ്. വേണ്ടത്ര ഈടില്ലാതെ രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകൾ അവർക്ക് വായ്പ നൽകുന്നു. കിട്ടാക്കടത്തിന്റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നാൽ ഈ കള്ളന്മാരുടെ പേരുവിവരം വെളിപ്പെടുത്താൻ റിസർവ്വ് ബാങ്കോ കേന്ദ്ര സർക്കാരോ തയ്യാറല്ല. ഗുജറാത്തിലെ എബിജെ ഷിപ്പ് യാർഡ് കമ്പനി 28 ബാങ്കിൽ നിന്നും 22842 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയതാണ് ഏറ്റവും അവസാനം പുറത്തുവന്നത്. 2017-18-ൽ ഇത്തരം വെട്ടിപ്പു കമ്പനികളുടെ എണ്ണം 2200 ആയിരുന്നെങ്കിലും 2021-22-ൽ അത് 10236 കമ്പനികളായി ഉയർന്നിരിക്കുകയാണ്.

മാതൃഭൂമി മുഖപ്രസംഗത്തിൽ ചോദിക്കുന്നതുപോലെ “സഹകരണ ബാങ്കുകളിലെ വായ്പയുടെ ചെറിയ ഗഡുക്കൾ മുടങ്ങിയാൽപ്പോലും സർഫാസിയുടെ കുരുക്ക് മുറുകുമ്പോൾ എന്തുകൊണ്ട് സഹസ്രകോടി കടങ്ങളുടെ തിരിച്ചടവ് ഉറപ്പിക്കാനാവുന്നില്ല?”

ഇപ്രകാരം നിക്ഷേപ ആസ്തികൾ പെരുകുന്നതിന്റെ പ്രത്യാഘാതമെന്താണ്? മൂന്നു മാസത്തിലധികം തിരിച്ചടയ്ക്കാതെ കുടിശികയാകുന്ന വായ്പകളെയാണ് കിട്ടാക്കടമെന്ന് വിശേഷിപ്പിക്കുന്നത്. ഇതിനു തുല്യമായ തുക തങ്ങളുടെ മൂലധനത്തിൽ നിന്ന് ചീത്ത വായ്പ പ്രൊവിഷനിംഗ് ആയി നീക്കിവയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നു. ഇങ്ങനെ നീക്കിവച്ച് നാലുവർഷം പൂർത്തിയാകുമ്പോഴാണ് വായ്പ എഴുതിത്തള്ളുന്നത്. ഇതിന്റെ 15 ശതമാനം മാത്രമാണ് പിരിച്ചെടുക്കാൻ കഴിയുന്നത്. അതുകൊണ്ട് ചീത്ത വായ്പ പ്രൊവിഷനിംഗിന്റെ സിംഹപങ്കും മൂലധനത്തിൽ നിന്നുള്ള ചോർച്ചയായി മാറും. തന്മൂലം അന്തർദേശീയ ബാങ്ക് കരാർ പ്രകാരമുള്ള (ബേസിൽ കരാർ) മൂലധനത്തോത് ബാങ്കുകൾക്ക് ഇല്ലാതെവരും.

ബാങ്കിന്റെ മൂലധന വിടവ് പരിഹരിക്കാൻ രണ്ട് മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ സർക്കാർ ബാങ്കുകൾക്കു ധനസഹായം നൽകണം. ഇതിന് ഇനി പണം ഉണ്ടാവില്ലെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. പിന്നെ മറ്റൊരു മാർഗ്ഗമേയുള്ളൂ. ഓഹരി വിറ്റ് കൂടുതൽ മൂലധനം സമാഹരിക്കുക. അങ്ങനെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റുകൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ 43 ശതമാനം ഇപ്പോൾ സർക്കാരിതര ഓഹരി ഉടമസ്ഥരുടെ കൈകളിലാണ്.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.