Skip to main content

റിപ്പോർട്ടും ശുപാർശയും നൽകാനുള്ള അധികാരം മാത്രമല്ല ലോകായുക്തയ്ക്കുള്ളത്

ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞദിവസം നിയമസഭ പാസാക്കിയത് വിശദമായ ചർച്ചകൾക്കുശേഷമാണ്. ഭരണഘടനാപരവും നിയമപരവുമായ സാധുത ഈ ഭേദഗതിക്ക് ഉണ്ടെന്ന പൊതു കാഴ്ചപ്പാടാണ് ചർച്ചയ്‌ക്കുശേഷം സഭയ്‌ക്കുണ്ടായത്. കേന്ദ്ര ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾക്കും സംസ്ഥാന ലോകായുക്ത മാതൃകാ നിയമത്തിന്റെ ചുവടുപിടിച്ചും ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതവുമായാണ് ഭേദഗതി നിയമമാക്കിയത്. ലോകായുക്ത നിയമപ്രകാരം ഈ സംവിധാനം അന്വേഷണത്തിനും പരിശോധനയ്‌ക്കും ചുമതലപ്പെടുത്തിയ സംവിധാനമാണ്. ഇത് നിയമത്തിന്റെ ആമുഖത്തിൽത്തന്നെ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ലോക്പാലും സംസ്ഥാനങ്ങളിലെ ലോകായുക്തയും അതതു നിയമങ്ങൾക്ക്‌ അനുസരിച്ചുള്ള അന്വേഷണ സംവിധാനങ്ങളാണ്. അതുകൊണ്ടാണ് ഈ നിയമങ്ങളിലൊന്നും ശിക്ഷ വിധിക്കാനും നിർബന്ധമായും നടപ്പാക്കാനും വ്യവസ്ഥ ചെയ്യുന്ന വകുപ്പുകൾ ഇല്ലാത്തത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ സമരത്തിന്റെ ഘട്ടത്തിൽ ജനകീയമായി അവതരിപ്പിച്ച ജനലോക്പാൽ ബില്ലിലും കേരളത്തിലെ ലോകായുക്തയിലെ 14-ാം വകുപ്പിന് സമാനമായ വകുപ്പില്ല.

ആധുനിക ലോകത്ത് ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി വന്ന സ്വീഡനിലും പിന്നീട് വന്ന മറ്റു രാജ്യങ്ങളിലും ശുപാർശ നൽകാൻ അധികാരമുള്ള അന്വേഷണ സംവിധാനങ്ങളായാണ് ഓംബുഡ്സ്മാൻ പ്രവർത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ 14-ാം വകുപ്പ് വ്യത്യസ്തമാകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം ലോകായുക്തയ്‌ക്ക് നൽകിയിരിക്കുന്നു. മാത്രമല്ല, അത് ഉടൻ തന്നെ നടപ്പാക്കണമെന്ന നിർബന്ധ വ്യവസ്ഥയും ഈ നിയമത്തിലുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് ഒരിടത്തും സമാനമായ സംവിധാനത്തിന് അന്വേഷണം നടത്താനും ശിക്ഷ വിധിക്കാനും നിർബന്ധിതമായി നടപ്പാക്കാനുമുള്ള നിയമവിരുദ്ധ അവകാശമില്ല. മാത്രമല്ല, ഇന്ത്യയുടെ ഭരണഘടന പ്രകാരം മുഖ്യമന്ത്രി തുടരുന്നത് സഭയുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിമാർ തുടരുന്നത് ‘പ്രീതി'യുടെ അടിസ്ഥാനത്തിലാണ്. അത് മുഖ്യമന്ത്രിയുടെ ശുപാർശയിലുള്ള ഗവർണറുടെ പ്രീതിയിലാണ്. ഈ ഭരണഘടനാ വ്യവസ്ഥയുള്ളിടത്തോളം കോടതികൾക്കുപോലും സ്ഥാനം ഒഴിയണമെന്ന് വിധിക്കാനുള്ള അധികാരം ഇല്ലെന്ന് ഉന്നത നീതിപീഠങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനയ്‌ക്ക് ചേരാത്തതും നിയമത്തിന്റെ ഉദ്ദേശ്യപരിധിക്ക് പുറത്തുള്ളതും സാമാന്യനീതിക്ക് നിരക്കാത്തതുമായ വകുപ്പ് മാറ്റംവരുത്തേണ്ട ഉത്തരവാദിത്വമുണ്ട്. അത് നിർവഹിക്കുകയാണ് നിയമസഭ ചെയ്തത്. ഏതെങ്കിലും നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്കാണ് അധികാരം. എന്നാൽ, ഏതെങ്കിലും നിയമം ഏതെങ്കിലും തരത്തിൽ തെറ്റാണെന്നു തോന്നിയാൽ റദ്ദാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ നിയമസഭയ്‌ക്ക് അധികാരമുണ്ട്.

ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമസഭയെയും മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയെയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറെയുമാണ് കോപിംറ്റന്റ്‌ അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ലോക്പാലിനു സമാനമാണ്. പ്രധാനമന്ത്രിയുടെ കാര്യത്തിൽ ലോക്‌സഭയും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനമന്ത്രിയും എംപിമാരുടെ കാര്യത്തിൽ സ്പീക്കറും രാജ്യസഭാ ചെയർമാനുമാണ്. ലോക്പാലിലെ 24-ാം സെക്‌ഷൻ പ്രകാരം ലോക്പാൽ റിപ്പോർട്ട് കോപിംറ്റന്റ്‌ അതോറിറ്റിക്ക് നൽകണം. പ്രധാനമന്ത്രി ഭൂരിപക്ഷം തെളിയിക്കേണ്ടത് ലോക്‌സഭയിൽ ആയതുകൊണ്ടാണ് അപ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഇവയെല്ലാം ഭരണഘടനാ വ്യവസ്ഥ പ്രകാരമാണ്.

മാതൃകാ ലോകായുക്ത നിയമപ്രകാരമാണെങ്കിൽ 90 ദിവസത്തിനുള്ളിൽ എടുത്ത നടപടി ബന്ധപ്പെട്ട കോപിംറ്റന്റ്‌ അതോററ്റി ലോകായുക്തയെ അറിയിക്കണം. ഇതേ വ്യവസ്ഥയാണ് 14-ാം വകുപ്പിൽ ചേർത്തിരിക്കുന്നത്. ശുപാർശ നടപ്പാക്കുന്നില്ലെങ്കിൽ അതിന്റെ കാരണംകൂടി അറിയിക്കണമെന്ന വ്യവസ്ഥ കൂടുതലായി ചേർത്തിരിക്കുന്നു. ലോക് പാൽ നിയമത്തിലെ സെഷൻ 36ൽ ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള അഴിമതിയുടെ കാര്യത്തിൽ സാധാരണ സാഹചര്യത്തിൽ നിർദേശം നടപ്പാക്കണമെന്ന് പറയുന്നതിനൊപ്പം തീരുമാനം നടപ്പാക്കുന്നില്ലെങ്കിൽ കാരണം രേഖാമൂലം നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉദ്യോഗസ്ഥർക്കുമാത്രം ബാധകമായ വ്യവസ്ഥ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും ബാധകമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പ്രധാനപ്പെട്ട കാര്യം പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ മാറ്റണമെന്ന നിർദേശം നൽകാൻ ലോക്പാലിന് അധികാരമില്ല. എന്നാൽ, കർണാടകം ഒഴികെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത, മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന ശുപാർശ നൽകാൻ ഭേദഗതി ചെയ്ത നിയമത്തിലും ലോകായുക്തയ്‌ക്ക് അധികാരം നൽകുന്നു. കർണാടകത്തിൽ ഇത് സ്വീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ അതോറിറ്റിക്ക് അധികാരവും നൽകിയിട്ടുണ്ട്.

ലോകായുക്തയ്‌ക്ക് ജുഡീഷ്യൽ അധികാരമുണ്ടെന്നും ജുഡീഷ്യൽ തീരുമാനത്തിന്റെ അപ്പലേറ്റ് അധികാരിയായി എക്സിക്യൂട്ടീവ് മാറുന്നുവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് പ്രതിപക്ഷം ഉയർത്തിയ പ്രധാന വിമർശം. ഇത് അന്വേഷണസംവിധാനം മാത്രമാണെന്നും ശിക്ഷ വിധിക്കാനോ അത് നടപ്പാക്കണമെന്ന് നിർബന്ധിക്കാനോ ഉള്ള അധികാരമില്ലെന്നും State of Kerala vs Bernard (2002 കെഎച്ച്‌സി 765) എന്ന കേസിൽ ജസ്റ്റിസ് ശ്രീകൃഷ്ണയും ജസ്റ്റിസ് ശിവരാമനും ഉള്ള ഡിവിഷൻ ബഞ്ച് വിധിക്കുകയുണ്ടായി. ലോകായുക്ത കോടതിക്ക് തുല്യമല്ലെന്ന് അസന്ദിഗ്‌ധമായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഈ കേസിൽ കോടതി ഉത്തരവിൽ പറയുന്നത് ഇങ്ങനെ: "ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം എന്നതൊഴികെ ലോകായുക്തയ്‌ക്ക് അഡ്ജൂഡിക്കേറ്ററി അധികാരമോ തങ്ങളുടെ കണ്ടെത്തൽ നടപ്പാക്കാനുള്ള അധികാരമോ ഇല്ല. കെ ടി ജലീലിന്റെ കേസിൽ അപ്പീൽ സംബന്ധമായ കാര്യങ്ങൾ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ബർണാഡ് കേസിലെ വിധി ഈ കേസിൽ പരാമർശിക്കുകയോ ആ വിധിയിലെ മൗലികമായ നിഗമനങ്ങൾ റദ്ദാക്കുകയോ ചെയ്തിട്ടില്ല.

റിട്ടയർ ചെയ്ത ജഡ്ജിമാരുള്ള സംവിധാനമായതുകൊണ്ട് അതിന്‌ ജുഡീഷ്യൽ അധികാരം ഉണ്ടായിരിക്കുമെന്ന വിചിത്രവാദവും പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ആര് എവിടെ ഇരിക്കുന്നുവെന്നതല്ല ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്നം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ചെയർമാനും സുപ്രീംകോടതി ജഡ്ജിയായിരുന്ന വ്യക്തിയുൾപ്പെടെ അംഗങ്ങളുമായ മനുഷ്യാവകാശ കമീഷന്റെയും എൻക്വയറി കമീഷൻ ആക്ട് പ്രകാരമുള്ള കമീഷനുകളുടെയും ഉത്തരവുകൾ ജുഡീഷ്യൽ ഉത്തരവുകളാകാത്തത് ഇതിനാലാണ്.

എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ലോകായുക്തയ്‌ക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന നിയമ ഭേദഗതി കൊണ്ടുവരണമോ എന്ന പ്രശ്നം പരിശോധിക്കുകയുണ്ടായി. അങ്ങനെ നൽകുന്നത് നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണെന്ന നിയമവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് എ കെ ആന്റണി മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി. ജുഡീഷ്യൽ തീരുമാനമെടുക്കാനുള്ള അധികാരം ലോകായുക്തയ്‌ക്ക് ഭരണഘടനാ പ്രകാരവും നിയമപ്രകാരവും ഇല്ലാത്തതുകൊണ്ടാണ് ഉയർന്ന കോടതികൾക്ക് അപ്പീൽ അധികാരം നൽകാത്തത്. റിപ്പോർട്ടും ശുപാർശയും നൽകാനുള്ള അധികാരം മാത്രമല്ല ലോകായുക്തയ്‌ക്കുള്ളത്. സെഷൻ 15 പ്രകാരം കുറ്റം ചെയ്തെന്നു തോന്നിയാൽ ഏതു കോടതിയിലേക്കും പ്രോസിക്യൂഷന് നൽകാനും അധികാരം ലോകായുക്തയ്‌ക്കുണ്ട്. 2013ൽ ലോക്പാൽ നിയമം വന്നതിനുശേഷം അതിന്റെ അടിസ്ഥാനത്തിൽ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഈ ഭേദഗതിയിലൂടെ ആ ദൗത്യവുംകൂടി നിർവഹിച്ചിട്ടുണ്ട്.

ലോകായുക്തയെ നിയമാനുസൃത സംവിധാനമാക്കി മാറ്റുന്നതിനെതിരെ ഉയർത്തിയ ആക്ഷേപങ്ങൾ സഭയിൽ തുറന്നുകാട്ടിയിരുന്നു. 1968ൽ ലോക്‌സഭ പാസാക്കിയ ലോക്പാൽ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻപോലും കോൺഗ്രസ്‌ തയ്യാറായില്ല. നാലരപ്പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന ബില്ലിൽ ആദ്യം പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. വലിയ സമ്മർദത്തിനുശേഷം പ്രധാനമന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോഴും വലിയ നിയന്ത്രണങ്ങളുണ്ടാക്കി. Public Order നെ ബാധിക്കുമെന്ന് തോന്നിയാൽപ്പോലും ആ പരാതി സ്വീകരിക്കേണ്ട. എങ്ങാനും പരാതി സ്വീകരിച്ചാൽ അതുസംബന്ധിച്ച അന്വേഷണം ഇൻ കാമറയിൽ ആയിരിക്കണമെന്നും പരാതി തള്ളിയാൽ അതിന്റെ കാരണങ്ങൾ പരാതിക്കാരൻ ഉൾപ്പെടെ ആർക്കും നൽകേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്യുന്നു. ഫലത്തിൽ പ്രധാനമന്ത്രിയെ ഒഴിവാക്കിയ നിയമം കേന്ദ്രത്തിൽ കൊണ്ടുവന്ന കോൺഗ്രസ്‌, മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും ആന്ധ്രയിലും കൊണ്ടുവന്ന നിയമങ്ങളുടെ പരിധിയിൽ മുഖ്യമന്ത്രിയുമില്ല. അപ്പോൾ ഇവിടെ നടത്തിയ പ്രകടനം എത്ര പരിഹാസ്യമാണ്.

മുഖ്യമന്ത്രിയുടെ കോപിംറ്റന്റ്‌ അതോററ്റി നിയമസഭയായത് ലോക്പാലിനു സമാനമാണെങ്കിലും ചിലർ അതിനെ പരിഹസിക്കുന്നുണ്ട്. നേരത്തെ പരാമർശിച്ച ബർണാഡ് കേസിൽ ഹൈക്കോടതി നിയമസഭയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി സഭ ചർച്ച ചെയ്യുമ്പോൾ പൊതുജനാഭിപ്രായമാണ് രൂപംകൊള്ളുന്നതെന്ന ഹൈക്കോടതി നിരീക്ഷണം ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നു. ഭരണഘടനയ്‌ക്കും ഹൈക്കോടതി വിധിക്കും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അനുസരിച്ചും പാസാക്കിയ നിയമഭേദഗതി നിയമസഭയുടെ ഉത്തരവാദിത്വത്തിന്റെ നിർവഹണമാണ്.

സ. പി രാജീവ്

നിയമവകുപ്പ് മന്ത്രി

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.