Skip to main content

സ. ടി എം തോമസ് ഐസക് എഴുതുന്നു

2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി’ എന്നതാണ് തലക്കെട്ട്. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ പത്താംസ്ഥാനം. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനം. 2022-ൽ യുകെയെ മറികടന്ന് അഞ്ചാംസ്ഥാനം. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നിവരാണുള്ളത്. 2027-ൽ നാലാംസ്ഥാനക്കാരായ ജർമ്മനിയേയും 2029-ൽ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തും. കയറുന്ന പടവുകളുടെ ചിത്രവും ഉണ്ട്. കാണുന്നവർ കൊടിയേറ്റത്തിൽ ഗോപി അതിശയിച്ചു നിൽക്കുന്നതുപോലെ ഹോ എന്തൊരു സ്പീഡ്!

മലയാള മനോരമ പത്രത്തിൽ മാത്രമല്ല, പ്രധാന മാധ്യമങ്ങളിലെല്ലാം ഇതു ചർച്ചാവിഷയമായിട്ട് ഒരാഴ്ചയിലേറെയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രത്തിന്റെ സ്വഭാവം ഇങ്ങനെയുള്ള നേട്ടങ്ങളുടെ പട്ടികയായിരിക്കും. ശരിയാണ് രാജ്യത്തിന്റെ മൊക്കം ഉൽപ്പാദനം അഥവ് ജിഡിപി എടുത്താൽ നമ്മുടെ സ്ഥാനം അഞ്ചാമത്തേതാണ്. പക്ഷേ, ഒരു കാര്യം ഓർക്കണം. ലോകത്ത് 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. താമസിയാതെ ചൈനയേയും മറികടന്ന് ഒന്നാംസ്ഥാനത്താകും. അതുകൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങൾക്ക് ജിഡിപിയുടെ വലുപ്പത്തിൽ നമ്മളെ മറികടക്കാനാവില്ല. ആളോഹരി വരുമാനമെടുത്താൽ ഇന്ത്യയുടെ റാങ്ക് എത്രയാണെന്ന് അറിയാമോ? ഐഎംഎഫിന്റെ പട്ടികയിൽ 142-ാം സ്ഥാനമാണ്. മാർക്കറ്റ് വിലയിൽ ആഗോള ഉൽപ്പാദനത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യയുടെ വിഹിതം.

എന്താണ് ഈ പിന്നോക്കാവസ്ഥയ്ക്കു കാരണം? ആദ്യത്തെ കാരണം ജനസംഖ്യയിൽ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ ശതമാനം ഗണ്യമായി ഉയർന്നെങ്കിലും അവരിൽ തൊഴിൽ എടുക്കുന്നവരുടെ ശതമാനത്തിൽ വർദ്ധന ഉണ്ടാകുന്നില്ല. 1990 മുതൽ ഇന്ത്യയിൽ തൊഴിലവസര സാധ്യത ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ ദശാബ്ദം തൊഴിൽരഹിത വളർച്ചയുടെ കാലമായിരുന്നു. അതായത് തൊഴിലവസര വർദ്ധന ഏതാണ്ട് പൂജ്യം. രൂക്ഷമായ തൊഴിലില്ലായ്മകൊണ്ട് മനസ് മടുത്ത് ഒട്ടേറെപേർ തൊഴിൽസേനയിൽ നിന്നു തന്നെ പുറത്തുപോയി. ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് ലോകത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. വെറും 34 ശതമാനം.

ഇങ്ങനെ പണിയെടുക്കുന്നവരിൽ 10 ശതമാനം മാത്രമേ സംഘടിത മേഖലയിൽ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവർ വളരെ താഴ്ന്ന ഉൽപ്പാദനക്ഷമതയുള്ള ചെറുകിട മേഖലയിലാണു പണിയെടുക്കുന്നത്. ഇവ രണ്ടുംമൂലമാണ് ജനസംഖ്യയുടെ വലുപ്പംകൊണ്ട് മൊത്തം ഉൽപ്പാദനത്തിന്റെ അഞ്ചാംസ്ഥാനത്ത് നിൽക്കുന്നവർ പ്രതിശീർഷ വരുമാനമെടുത്താൽ 142-ൽ നിൽക്കുന്നത്. ഇതുതന്നെ പണക്കാർക്കും സാധാരണക്കാർക്കും ഇടയിൽ വിതരണം ചെയ്യുന്നത് ഏറ്റവും അസന്തുലിതമായാണ്.

അതായത് 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ദേശീയ സ്വത്തിന്റെ 16.1 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 42.5 ശതമാനമായി ഉയർന്നു. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം ആളുകളുടെ സ്വത്ത് വിഹിതം 8.8 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി താഴ്ന്നു. 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതം 10.4 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 21.7 ശതമാനമായി വർദ്ധിച്ചു. അതേസമയം ഏറ്റവും താഴത്തുള്ള 50 ശതമാനം പേരുടെ വിഹിതം 22 ശതമാനം ആയിരുന്നത് 14.7 ശതമാനമായി താഴ്ന്നു. ഈ 50 ശതമാനക്കാരെ പറഞ്ഞു പറ്റിക്കാനാണ് ഇത്തരത്തിലുള്ള വാചകമടികൾ.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

 

കൂടുതൽ ലേഖനങ്ങൾ

കേരളത്തിന്റെ ആഭ്യന്തര വൈദ്യുത ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനം

സ. പിണറായി വിജയൻ

കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുകയാണ്. ഇക്കാലത്ത് നമ്മുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി

സ. പിണറായി വിജയൻ

ഊർജമേഖലാ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതി. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 ദശലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുമുള്ള പദ്ധതി 2009ലാണ് നിർമാണം തുടങ്ങിയത്.

യുഡിഎഫ് വർഗീയശക്തികൾക്ക് ആളെക്കൂട്ടുന്നു, എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടൽ വർഗീയ സംഘർഷം ഇല്ലാതാക്കി

സ. പിണറായി വിജയൻ

വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുത്. വർഗീയ സംഘർഷം തടയാൻ സർക്കാർ ശക്തമായി ഇടപെടും. അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ല. മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്.

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല

സ. പിണറായി വിജയൻ

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈയൊഴിയില്ല. മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി ദുരന്ത ബാധിതരെ സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച്‌ നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച്‌ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.