സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി. അതുവഴി ധനകാര്യ വർഷം 2023ൽ പകർച്ചവ്യാധിക്കു മുമ്പുള്ള വളർച്ചാപാതയിലേക്കു തിരിച്ചുവരാനുള്ള നിലയുറപ്പിച്ചിരിക്കുന്നു.” തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്.
ഇന്ത്യൻ സമ്പദ്ഘടന പൂർണ്ണമായും കോവിഡ് കെടുതികളിൽ നിന്ന് 2021-22ൽ പുറത്തുവന്നോ ഇല്ലയോ എന്നതാണ് പ്രസക്തമായ ചോദ്യം.
മൊത്തം ജിഡിപി എടുത്താലും 2019-20ലെ സ്ഥിരവിലയിലുള്ള ജിഡിപി 145 ലക്ഷം കോടി രൂപയാണ്. 2020-21ൽ അത് -6.6 ശതമാനം കുറഞ്ഞ് 136 ലക്ഷം കോടി രൂപയായി. 2021-22ൽ 8.7 ശതമാനം ഉയർന്ന് 147 ലക്ഷം കോടി രൂപയായി. ശതമാന കണക്കിൽ വരുമാനവർദ്ധന വളരെ ഉയർന്നതാണെങ്കിലും 2019-20നെ അപേക്ഷിച്ച് 1.38 ശതമാനം മാത്രമാണ്. ഒരുവർഷം 0.69 ശതമാനം വർദ്ധന. ഇതിനെയാണോ പൂർണ്ണമായ തിരിച്ചുവരവ് എന്നു വിശേഷിപ്പിക്കുന്നത്? 2022-23ലെ 7 ശതമാന വളർച്ചകൂടി കണക്കിലെടുത്താലും കഴിഞ്ഞ നാല് വർഷത്തെ ശരാശരി വളർച്ച കേവലം 3.19 ശതമാനം മാത്രമാണ്. ഇതാണ് യാഥാർത്ഥ്യം.
പ്രതിശീർഷ ജിഡിപി എടുത്താലോ? 2021-22ലെ പ്രതിശീർഷ ജിഡിപി എടുത്താൽ 2019-20നേക്കാൾ താഴ്ന്നതാണ്. വിതരണത്തിലെ അസമത്വമെല്ലാം മാറ്റിവച്ചാൽപ്പോലും ശരാശരി വരുമാനം എടുത്താൽ ഇന്ത്യക്കാരൻ കോവിഡുകാലത്തിനു മുമ്പുള്ളതിനേക്കാൾ താഴ്ന്ന വരുമാനത്തിലാണ് 2021-22ൽ ജീവിച്ചത്. പിന്നെ എങ്ങനെയാണ് ആ വർഷം കോവിഡിന്റെ കെടുതിയിൽ നിന്ന് പുറത്തുകടന്നൂവെന്ന് അവകാശപ്പെടാനാവുക?
വളർച്ചയുടെ അടിസ്ഥാനസ്രോതസ് മൂലധന സ്വരൂപണമാണ്. ഒരുഘട്ടത്തിൽ ഇന്ത്യയിലെ മൊത്തം മൂലധനനിക്ഷേപം ജിഡിപിയുടെ 40 ശതമാനം വരെ ഉയർന്നതാണ്. അത് 2011 മുതൽ താഴേക്ക് ഇടിഞ്ഞ് 32-33 ശതമാനത്തിൽ എത്തിച്ചേർന്നു. കോവിഡ് കാലത്ത് 27 ശതമാനമായി താഴ്ന്നു. 2021-22ൽ 30.7 ശതമാനമായി ഉയർന്നു. 2022-23ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂലധനച്ചെലവ് ഗണ്യമായി ഉയർന്നുവെന്നു വീമ്പിളക്കുന്ന സാമ്പത്തിക സർവ്വേ മൊത്തം മൂലധനനിക്ഷേപത്തിന് എന്ത് സംഭവിക്കുന്നൂവെന്ന കാര്യത്തിൽ നിശബ്ദമാണ്.
ഏറ്റവും തമാശ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിശകലനമാണ്. ഇന്ത്യാ സർക്കാരിന്റെ സർവ്വേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ ചെറിയ കുറവ് മുൻവർഷത്തെ അപേക്ഷിച്ച് 2022-23ൽ ഉണ്ടായിട്ടുണ്ട്. പക്ഷേ ഗ്രാമീണ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുകയാണ്. അതിന്റെ കണക്കോ ഗ്രാഫോ ഇല്ല. തൊഴിലുള്ളവരുടെ യഥാർത്ഥകൂലിയിൽ വർദ്ധനയേയില്ല. ഇത് ഗ്രാമീണമേഖലയിലെ രൂക്ഷമായ ജനങ്ങളുടെ ജീവിത തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.