ഇന്ത്യൻ രാഷ്ട്രീയം അതിവേഗം പൊതുതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. 17നും 18നുമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർടികളുടെ യോഗം ബംഗളൂരുവിൽ ചേരുകയുണ്ടായി. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർടികളുടെ ആദ്യയോഗം ചേർന്നത്. അന്ന് 16 കക്ഷികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെങ്കിൽ ബംഗളൂരുവിൽ യോഗത്തിൽ 26 കക്ഷികളും അമ്പതോളം രാഷ്ട്രീയ നേതാക്കളും ഏഴ് മുഖ്യമന്ത്രിമാരും ആറ് മുൻമുഖ്യമന്ത്രിമാരും പങ്കെടുത്തു. സുപ്രധാനമായ പല തീരുമാനവും ഈ യോഗം കൈക്കൊള്ളുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനം പ്രതിപക്ഷ രാഷ്ട്രീയ കൂട്ടുകെട്ടിന് ഒരു പേര് നൽകപ്പെട്ടു എന്നതാണ്. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ് അലയൻസ് അഥവാ ‘ഇന്ത്യ’ എന്നതാണ് പുതിയ രാഷ്ട്രീയസഖ്യത്തിന്റെ പേര്. ഇന്ത്യ എന്ന ആശയത്തിനെതിരെ ബിജെപിയും ഹിന്ദുത്വ രാഷ്ട്രവാദികളും നടത്തുന്ന ആക്രമണത്തിൽനിന്നും രാജ്യത്തെ രക്ഷിക്കുകയെന്ന അർഥത്തിലാണ് ഇത്തരമൊരു പേരിലേക്ക് രാഷ്ട്രീയ കക്ഷികൾ എത്തിയത്.
ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന അടിസ്ഥാന ആശയങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവയ്‌ക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ആർഎസ്‌എസ്‐ ബിജെപി കൂട്ടുകെട്ടിൽനിന്നും ഇന്ത്യയെ രക്ഷിക്കുകയെന്ന ആശയമാണ് ‘ഇന്ത്യ’ മുന്നോട്ടുവയ്‌ക്കുന്നത്. വെറുപ്പും വിദ്വേഷവും കൊടിയടയാളമാക്കിയ സംഘപരിവാറിൽനിന്നും ഈ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുകയെന്ന മഹത്തായ സന്ദേശമാണ് ‘ഇന്ത്യ’ നൽകുന്നത്. അതായത് മോദിക്കും എൻഡിഎക്കും എതിരെയുള്ള പോരാട്ടത്തിന് ഒരു പ്രത്യയശാസ്‌ത്ര പ്രതലംകൂടി ഉണ്ടെന്ന് ദ്യോതിപ്പിക്കുന്ന പേരാണ് സഖ്യത്തിനു നൽകിയിട്ടുള്ളത്. ഹിന്ദുത്വ ഇന്ത്യയും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. അദാനിമാരുടെയും അംബാനിമാരുടെയും മാത്രമല്ല, ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്രനാരായണന്മാരുടേതു കൂടിയായിരിക്കും ഇന്ത്യ എന്ന സന്ദേശവും ഈ പേരിൽ അടങ്ങിയിട്ടുണ്ട്.
ബിജെപിക്കും എൻഡിഎക്കും എതിരെ ചിട്ടയായ രാഷ്ട്രീയപ്രചാരണ പ്രവർത്തനം നടത്താനും ബംഗളൂരു യോഗം വിഭാവനം ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമാണ് 11 അംഗ ഏകോപനസമിതിക്ക് രൂപംനൽകുമെന്നും കൺവീനറെ തെരഞ്ഞെടുക്കുമെന്നുമുള്ള പ്രഖ്യാപനം. മുംബൈയിൽ ചേരുന്ന അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടാകും.
മോദി സർക്കാരിനെതിരെ പ്രചാരണം ആസൂത്രണം ചെയ്യാൻ ഡൽഹി കേന്ദ്രീകരിച്ച് ഒരു സെക്രട്ടറിയറ്റിനും രൂപംനൽകും. 26 കക്ഷികളും അംഗീകരിച്ചുകൊണ്ടുള്ള സംയുക്ത പ്രസ്‌താവനയും ഇറക്കുകയുണ്ടായി. അതായത് ആദ്യ യോഗത്തിൽനിന്നും ബഹുദൂരം മുന്നോട്ടുപോകാനും കൂടുതൽ കക്ഷികളെ സഖ്യത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് ബംഗളൂരു യോഗം സമാപിച്ചത്. 2019ൽ നിന്നും വ്യത്യസ്‌തമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഉരുത്തിരിഞ്ഞുവരുന്നതെന്ന് ഈ പ്രതിപക്ഷ നീക്കം വ്യക്തമാക്കുന്നു. മോദിക്കും ബിജെപിക്കും എതിരാളിയില്ലെന്ന പ്രചാരണം തുടർന്നും നടത്താൻ ഇനി കഴിയില്ലെന്നർഥം. മോദിയെ നേരിടാൻ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ബംഗളൂരുവിൽനിന്നും ഉയർന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്‌തമായ സാഹചര്യമാണ് ഇക്കുറി രൂപപ്പെട്ടുവരുന്നതെന്ന് മോദിയും ബിജെപിയും മനസ്സിലാക്കിയിരിക്കുന്നു. അതിനാലാണ് പ്രതിപക്ഷ പാർടികളെ തളർത്താനും തകർക്കാനും മോദി അതിവേഗം കരുക്കൾ നീക്കിയത്. മഹാരാഷ്ട്രയിൽ കണ്ടത് അതാണ്. പ്രതിപക്ഷനിരയിലെ പ്രമുഖനായ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ പിളർത്തി. ശരദ് പവാറിന്റെ ജ്യേഷ്‌ഠന്റെ മകനായ അജിത് പവാറിന്റെയും മുൻ കേന്ദ്രമന്ത്രിയും എൻസിപി വർക്കിങ് പ്രസിഡന്റുമായ പ്രഫുൽ പട്ടേലിന്റെയും നേതൃത്വത്തിൽ 30 എംഎൽഎമാരെ അടർത്തിയെടുത്താണ് എൻസിപിയെ തളർത്തിയത്. നേരത്തേ ബിജെപിയുമായി സഹകരിക്കാത്ത ശിവസേനയെയും മോദിയും കൂട്ടരും പിളർത്തുകയും മഹാരാഷ്ട്രയിൽ ഭരണം കവരുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഉദ്ധവ് താക്കറെ സർക്കാരിനൊപ്പം നിന്ന എൻസിപിയെയും പിളർത്തി കൂടെ നിർത്തിയിരിക്കുകയാണ്. ഇതുവഴി പ്രതിപക്ഷ സഖ്യത്തിന് കനത്ത പ്രഹരം നൽകുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്നാൽ, അത് പൂർണമായും വിജയിച്ചില്ലെന്ന് ബംഗളൂരു യോഗത്തിൽ ശരദ് പവാറിന്റെ സാന്നിധ്യം തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടാതെ പദവിയും പണവും നൽകി അധികാരം കവർന്നെടുക്കുന്ന ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പുകൂടിയായി ശരദ് പവാറിന്റെ പങ്കാളിത്തം.
മഹാരാഷ്ട്ര മോഡൽ കരുനീക്കങ്ങൾ ബിഹാറിലും ബിജെപി പയറ്റുകയുണ്ടായി. പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കായി പ്രവർത്തിക്കുന്ന നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിനെ പിളർത്താനായിരുന്നു മോദിയും കൂട്ടരും ശ്രമിച്ചത്. എന്നാൽ, ആ ചൂണ്ടയിൽ കൊത്താൻ ജെഡിയു എംഎൽഎമാർ തയ്യാറായില്ല. അതുപോലെ പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ശക്തമായ പിന്തുണ നൽകുന്ന ഡിഎംകെയെ തളർത്തുക ലക്ഷ്യമാക്കിയാണ് ബംഗളൂരു യോഗത്തിന് തൊട്ടുമുമ്പ് തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വസതിയിൽ ഇഡി റെയ്‌ഡ് ചെയ്‌തതും അദ്ദേഹത്തെ അറസ്റ്റുചെയ്‌തതും. നേരത്തേ മറ്റൊരു മന്ത്രിയെയും ഇഡി ജയിലിൽ അടച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും ഡിഎംകെയെ ഭയപ്പെടുത്താനായില്ല. ഇഡി നടത്തുന്ന അതിക്രമം തെരഞ്ഞെടുപ്പുവിജയം എളുപ്പമാക്കുന്നു എന്നായിരുന്നു ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ പ്രതികരണം. സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടെന്ന് ബംഗളൂരു യോഗം തെളിയിച്ചു.
പ്രതിപക്ഷത്തിന്റെ ഐക്യം ബിജെപിയെ എത്രമാത്രം വിറളി പിടിപ്പിക്കുന്നുവെന്ന്, വെന്റിലേറ്ററിലായിരുന്ന എൻഡിഎ സഖ്യത്തെ പൊടിതട്ടിയെടുത്തതിൽനിന്നും മനസ്സിലാക്കാം. ബംഗളൂരുവിൽ ‘ഇന്ത്യ’ രൂപംകൊണ്ട ദിവസംതന്നെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎ യോഗം ചേരുകയുണ്ടായി.1998ൽ വാജ്‌പേയി രൂപംനൽകിയ ഈ സഖ്യം കഴിഞ്ഞ അഞ്ചുവർഷമായി നിർജീവമായിരുന്നു. മോദിയുടെ വ്യക്തിപ്രഭാവംമാത്രം മതി ജയിക്കാനെന്ന രാഷ്ട്രീയ അഹങ്കാരമായിരുന്നു ബിജെപിക്ക്. അതിനാലാണ് 2019ൽ തനിച്ച് ഭൂരിപക്ഷം നേടി മോദി വീണ്ടും അധികാരത്തിൽ എത്തിയതിനുശേഷം എൻഡിഎയുടെ ഒരു യോഗംപോലും ചേരാതിരുന്നത്. 1998ൽ വാജ്‌പേയിയും അദ്വാനിയും രൂപംകൊടുത്ത സഖ്യത്തിന്റെ 25–-ാം വാർഷികമായിരുന്നു ഇത്തവണ. അന്നുപോലും ഒരു ചടങ്ങ് നടത്താൻ മോദിയും ബിജെപിയും തയ്യാറായിരുന്നില്ല. മാത്രമല്ല, എൻഡിഎയിലെ പ്രധാന കക്ഷികളായിരുന്ന ശിവസേനയും (ഉദ്ധവ് പക്ഷം) അകാലിദളും ടിഡിപിയും മറ്റും ഇന്ന് എൻഡിഎയിൽ ഇല്ല. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നു കണ്ടപ്പോൾ അവഗണിച്ചു തള്ളിയ എൻഡിഎ വിളിച്ചുകൂട്ടാൻ മോദി നിർബന്ധിതനായി. പ്രതിപക്ഷം നേടുന്ന ആദ്യത്തെ രാഷ്ട്രീയ വിജയമായി ഇതിനെ വിലയിരുത്താം.
മോദി തട്ടിക്കൂട്ടിയ എൻഡിഎയിൽ 38 കക്ഷികൾ ഉണ്ടെന്നാണ് അവകാശവാദം. എന്നാൽ, പലതും കടലാസ് കക്ഷികളാണ്. എൻഡിഎക്ക് ഇന്നുള്ളത് ലോക്‌സഭയിൽ 329 സീറ്റാണ്. ഇതിൽ 301 സീറ്റും ബിജെപിയുടേതാണ്. 28 സീറ്റ് മാത്രമാണ് 37 കക്ഷികൾക്ക് ഉള്ളതെന്നർഥം. ഈ 37ൽ ഏഴ് കക്ഷികൾ ലോക്‌സഭയിലേക്ക് സ്ഥാനാർഥികളെ നിർത്തിയിട്ടുപോലുമില്ല. 16 കക്ഷികൾ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും കിട്ടിയില്ല. അതായത് 38ൽ 27 പാർടികൾക്കും ലോക്‌സഭയിൽ സീറ്റില്ല. ശിവസേന ഷിൻഡെ വിഭാഗം, എൽജെപി, അപ്‌നാദൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏതാനും കക്ഷികൾ എന്നിവയ്‌ക്ക് മാത്രമാണ് ഏതാനും എംപിമാർ ഉള്ളത്. അതായത് എണ്ണത്തിൽ കൂടുതലാണെന്നുകാട്ടി മേനി നടിക്കാമെങ്കിലും ഉള്ളുപൊള്ളയാണെന്നർഥം. ഏതായാലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്കും ബിജെപി സഖ്യത്തിനും വാട്ടർലൂ ആയിരിക്കും എന്ന വ്യക്തമായ സന്ദേശമാണ് ബംഗളൂരുവിൽനിന്ന് ഉയർന്നത്.