Skip to main content

സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണം. ‘സമഗ്രവികസനം സാമൂഹ്യ ഐക്യത്തിലൂടെ' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പക്ഷാചരണ പരിപാടികൾ കേരളത്തിലെങ്ങും സംഘടിപ്പിച്ചത്. ഗാന്ധിയൻ-സോഷ്യലിസ്റ്റ് ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഓരോ മനുഷ്യനും പ്രകൃതിയിലെ വിഭവങ്ങൾക്ക് തുല്യ അവകാശികളാണെന്നും വിഭവങ്ങളുടെ നീതിപൂർണമായ വിതരണത്തിലൂടെ സമൂഹത്തിൽ പരസ്പര വിശ്വാസവും സൗഹൃദവും ഉറപ്പിക്കാമെന്നുമാണ് ഗാന്ധിയൻ ദർശനം.

സാമൂഹ്യ സ്വാതന്ത്ര്യം സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെയും മാത്രമേ യാഥാർഥ്യമാക്കാൻ കഴിയൂവെന്നും ഗാന്ധിജി ചിന്തിച്ചിരുന്നു. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും ഗാന്ധിയുടെ ലക്ഷ്യങ്ങൾ എത്രമാത്രം കൈവരിക്കാനായി എന്നത് വിമർശപരമായി കാണേണ്ടതുണ്ട്. 75 വർഷത്തെ വികസനനേട്ടങ്ങൾ നിരത്തുമ്പോഴും പാർപ്പിടം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം തുടങ്ങി പല മേഖലയിലും രാജ്യത്തെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. എന്നാൽ, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സർവതലസ്പർശിയായ വികസനപ്രവർത്തനങ്ങൾ എല്ലാ മേഖലയിലും സമഗ്ര മാറ്റമുണ്ടാക്കി. പൊതുസമൂഹത്തിലെങ്ങും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു.

ചരിത്രപരമായ കാരണങ്ങളാൽ പൊതുസമൂഹത്തിൽനിന്ന്‌ ബോധപൂർവം അകറ്റി നിർത്തപ്പെട്ട വിഭാഗങ്ങളുടെ പുരോഗതിക്കായി വൈവിധ്യമാർന്ന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. ഇവർക്കായി ഉന്നതവിദ്യാഭ്യാസവും തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്ന പരിപാടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ വിഭാഗങ്ങളുടെ സംസ്കാരവും അറിവുകളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും അവരെ മുഖ്യധാരയിലേക്ക്‌ നയിക്കണം. ഭൂരഹിതരും ഭവനരഹിതരുമായി ഇനിയും ഒന്നേകാൽ ലക്ഷത്തോളം പട്ടികവിഭാഗക്കാർ കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ. എല്ലാ പട്ടികവിഭാഗക്കാർക്കും ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടാതെ കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും സ്ഥിര വരുമാനം ഉറപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസരംഗത്ത് ക്രിയാത്മക ഇടപെടലുകളാണ് നടത്തിവരുന്നത്. എൽഡിഎഫ് സർക്കാരിന്റെ ഈ ഇടപെടലിന്റെ ഗുണഫലങ്ങൾ വരുംകാലത്ത് പ്രകടമാകുമെന്ന് ഉറപ്പുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നു. 46 വ്യാവസായിക പരിശീലനകേന്ദ്രങ്ങളും വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. പട്ടികവർഗ വിദ്യാർഥികളുടെ ഭാഷാപരമായ വിടവ് നികത്തുന്നതിന് വയനാട്ടിലും അട്ടപ്പാടിയിലും മെന്റർ ടീച്ചർമാരെ നിയമിച്ചു.

അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ്സുവരെ പ്രതിമാസം 1500 രൂപ നൽകുന്ന "കൈത്താങ്ങ് പദ്ധതി’, ട്യൂട്ടോറിയൽ ഗ്രാൻ്റ്, പാരലൽ കോളേജുകളിലും ട്യൂഷൻ സെൻ്ററുകളിലും പഠിക്കുന്നതിന് ഫീസ്, പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ്, സമർഥരായ വിദ്യാർഥികൾക്ക് അയ്യൻകാളി ടാലന്റ് സെർച്ച് വഴി സ്കോളർഷിപ്, വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനത്തിന് 25 ലക്ഷം രൂപവരെ സഹായധനം, ഇ - ഗ്രാൻ്റ് എന്നിവ നൽകിവരുന്നു.

വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെ സമഗ്ര പുരോഗതിയെന്ന ലക്ഷ്യത്തിനാണ് ഈ സർക്കാർ ഊന്നൽ നൽകുന്നത്. ഈ സർക്കാരിന്റെ കഴിഞ്ഞ 100 ദിവസംകൊണ്ട് 28 വിദ്യാർഥികൾക്ക് വിദേശ പഠനത്തിനുവരെ സൗകര്യമൊരുക്കാൻ കഴിഞ്ഞു. അഭ്യസ്തവിദ്യരായ വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിലേക്കായി വെർച്വൽ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കുന്ന നടപടികൾ നടന്നുവരികയാണ്.

മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുമുതൽ 16 വരെയുള്ള രണ്ടാഴ്ചയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചത്. എന്നാൽ, പട്ടികജാതി–-പട്ടികവർഗ വകുപ്പുകളുടെ ഒരു പരിപാടിയെന്നനിലയിൽ ഇത് വളരെ പാർശ്വവൽക്കരിക്കപ്പെടുന്നുണ്ട്. പൊതുസമൂഹമൊന്നാകെ ഏറ്റെടുക്കുമ്പോഴാണ്‌ ഈ പക്ഷാചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണമാകുക. നിർഭാഗ്യവശാൽ പലപ്പോഴും സമൂഹം ഇത് ഏറ്റെടുത്തെന്ന് പറയാനാകാത്ത നിലയുണ്ട്. ഇതിനൊരു മാറ്റം വേണം. സാമൂഹ്യ അസമത്വങ്ങൾ ഒഴിവാക്കുന്നതിന് എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. ഈയൊരു ലക്ഷ്യത്തോടെയാണ് നവകേരള നിർമിതിക്കായി സർക്കാർ പ്രവർത്തിക്കുന്നത്. സാമൂഹ്യ ഐക്യത്തോടെ സമഗ്ര പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം തേടുന്നു.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.