Skip to main content

വലതുപക്ഷ ശക്തികൾക്കെതിരായി നടത്തുന്ന പോരാട്ടങ്ങൾക്ക് സി എച്ചിന്റെ സ്മരണ ആവേശം പകരും

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്.
ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു സി എച്ച്‌ രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിന് കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു.

ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പ്രതികരിക്കാൻ രൂപംകൊണ്ട കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. നവോത്ഥാനവാദികളോട് ആദ്യഘട്ടത്തിൽ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായി വരുന്നവിധം അവരെ നയിക്കാൻ സി എച്ചിന് കഴിഞ്ഞിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.

തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കാൻ നടത്തിയ സവിശേഷമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, വർഗീയ ശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസ ജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഈ ഘട്ടത്തിൽ സി എച്ചിനെപ്പോലുള്ളവരുടെ ഇടപെടലിലൂടെ മുന്നേറിയ നവോത്ഥാന സമരങ്ങളിൽനിന്ന്‌ നാം ഊർജം സ്വീകരിക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932ൽ. തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിലും പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ’ എന്നാണ്.
സി എച്ച് അന്തരിച്ച 1972നുശേഷം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മുന്നണി തകർന്നു. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരുഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണമെന്ന അവസ്ഥ ഉണ്ടായി. ആദ്യമായി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണവും ലഭിച്ചു.

കേരള വികസനം സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായ ഘട്ടത്തിലാണ് നാം സി എച്ചിന്റെ സ്മരണ പുതുക്കുന്നത്. വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവുമെല്ലാം എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്. തികച്ചും മാതൃകാപരമായി, എല്ലാവരെയും കരുതുന്ന സർക്കാരിനെതിരെ നിരന്തരം കള്ളവാർത്തകൾ ചമയ്ക്കുകയാണ് ഒരുപറ്റം മാധ്യമങ്ങൾ. വികസന നേട്ടങ്ങളെയെല്ലാം തമസ്കരിച്ച് ഏതുവിധേനയും സർക്കാരിനെ താറടിച്ചു കാട്ടാനുള്ള ശ്രമത്തിലാണ് ചില മാധ്യമങ്ങളും വലതുപക്ഷവും.

കേന്ദ്ര സർക്കാരാകട്ടെ കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രഭരണം സാധാരണക്കാരെയും കർഷകരെയും മറന്നാണ് മുന്നോട്ടുപോകുന്നത്. ബദൽ മാർഗമൊരുക്കി ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം. ബിജെപിയും കോൺഗ്രസും സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഒരേ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും കോൺഗ്രസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ബദൽ സാമ്പത്തികനയങ്ങളും മതനിരപേക്ഷതയുടെ കാര്യത്തിൽ ഉറച്ച സമീപനവും സ്വീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുകയെന്നത് ഇന്നത്തെക്കാലത്ത് ഏറെ പ്രധാനമാണ്.

ആഗോളവൽക്കരണ നയങ്ങൾക്ക്‌ ബദലുയർത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധവും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടു പോകാനുള്ള കരുത്ത് നൽകുന്നതാണ് സി എച്ചിന്റെ ജീവിതം. കേന്ദ്ര ഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് സർക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നാം ഇറങ്ങേണ്ടതുണ്ട്. കോർപറേറ്റുകളുടെ നയങ്ങൾ നടപ്പാക്കുകയും മാധ്യമലോകം വലതുപക്ഷത്തിന്റെ കൈകളിലേക്ക് എത്തിച്ചേരാനും നടത്തുന്ന പരിശ്രമങ്ങൾക്കെതിരെ നല്ല ജാഗ്രത പുലർത്താനാകണം. അവരുടെ മാധ്യമങ്ങളിൽ ഒതുങ്ങി നിൽക്കുന്ന വലതുപക്ഷ ശക്തികൾക്കെതിരായി നടത്തുന്ന പോരാട്ടങ്ങൾക്ക് സി എച്ചിന്റെ സ്മരണ നമുക്ക് ആവേശം പകരും.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.