Skip to main content

ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഒരു ജൈവരൂപമാണ് രവീന്ദ്രനാഥ ടാഗോര്‍ 1901ല്‍ സ്ഥാപിച്ച ശാന്തിനികേതന്‍. വിദ്യാഭ്യാസത്തെക്കുറിച്ച് ടാഗോറിന്റെ വ്യത്യസ്തമായ ചിന്തകളുടെ ഒരു ഉല്പന്നമാണ് ഇത്. പില്‍ക്കാലത്ത് ഇവിടെ വിശ്വഭാരതി എന്ന സാര്‍വദേശീയ സര്‍വകലാശാലയും ടാഗോര്‍ സ്ഥാപിച്ചു. ഇന്ത്യയ്ക്ക് മഹത്തായ സംഭാവനകള്‍ ചെയ്ത നിരവധിപേര്‍ ഇവിടെ പഠിച്ചു, പഠിപ്പിച്ചു.ആചാര്യ കൃപലാനി, നന്ദലാല്‍ ബോസ്, രാംകിങ്കര്‍ ബെയ്ജ്, അമര്‍ത്യസെന്‍, സത്യജിത് റായി, മഹാശ്വേത ദേവി, ഇന്ദിരാഗാന്ധി, കനിക ബാനര്‍ജി, ജോഗേന്‍ ചൗധരി, കെ ജി സുബ്രഹ്മണ്യം,
സോമനാഥ് ഹോര്‍,എ രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം.

സ്വാതന്ത്ര്യസമരകാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ശാന്തിനികേതന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ശാന്തിനികേതന്റെയും വിശ്വഭാരതിയുടെയും ആശയലോകം ആര്‍എസ്എസിന് ചതുര്‍ത്ഥി ആണെന്നത് സുവ്യക്തം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപാരമ്പര്യത്തില്‍ നിന്ന് വരുന്നതാണ് അത് എന്നതുകൊണ്ടാണ് സംഘപരിവാറിന് ഈ വിദ്വേഷം .ആര്‍എസ്എസുകാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതല്‍ ഈ സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

ഒരു കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയുടെ ചാന്‍സലര്‍ ഇപ്പോള്‍ നരേന്ദ്ര മോദിയാണ്. സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്ന നരേന്ദ്ര മോദി വിശ്വഭാരതിയുടെ ചാന്‍സലര്‍ ആയി അധ്യയനത്തെക്കുറിച്ചുള്ള ടാഗോര്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും എന്നു കരുതുന്നത് തന്നെ എന്തു മൗഢ്യമാണ്!

ഗാന്ധിജിയോട് തര്‍ക്കിച്ച്, താന്‍ ദേശീയവാദിയല്ല എന്ന പ്രബന്ധം എഴുതിയ ടാഗോറിനെ ആര്‍എസ്എസുകാര്‍ക്ക് എങ്ങനെ മനസ്സിലാവാന്‍! ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത് ടാഗോര്‍ ആണ്, ടാഗോറിനെ ഗുരുദേവ് എന്നു വിളിച്ചത് ഗാന്ധിജിയും. ഇത്തരം പരസ്പരബഹുമാനം മനസ്സിലാക്കാനാവാത്തവരാണ് ആര്‍എസ്എസുകാര്‍ ആവുന്നത്.

ആര്‍എസ്എസ് സേവകനായ ബിദ്യുത് ചക്രവര്‍ത്തി എന്നയാളെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതോടെ വിശ്വഭാരതിയില്‍ നിന്ന് ഗുരുദേവനെ പുറത്താക്കാനുള്ള നടപടികള്‍ ഊര്‍ജസ്വലമായി. ശാന്തിനികേതനിലെ ടാഗോര്‍ സ്മരണയുള്ള മന്ദിരങ്ങളും മ്യൂസിയങ്ങളും കോവിഡിന്റെ പേരില്‍ അടച്ചിട്ടത് ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ടാഗോര്‍ പാരമ്പര്യം അന്വേഷിച്ചു ശാന്തിനികേതനില്‍ എത്തുന്ന ഒരു സഞ്ചാരി വേലിക്കെട്ടിന് പുറത്തുനിന്ന് ഇവ കണ്ടുപോകണം. ടാഗോര്‍ സ്മരണയെ ആര്‍എസ്എസ് എന്തുമാത്രം ഭയക്കുന്നു!

വിശ്വഭാരതിയിലെ അവശേഷിച്ച മികച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും കഴിയുന്നത്ര ഞെരുക്കാനാണ് ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നത്. അമര്‍ത്യസെന്നിന്റെ മാതാവ് അമിത സെന്നിന്റെ പിതാവ് ക്ഷിതി മോഹന്‍ സെന്‍ വിശ്വഭാരതിയുടെ രണ്ടാമത്തെ വൈസ് ചാന്‍സലര്‍ ആയിരുന്നു, ടാഗോറിന്റെ സുഹൃത്തും. അമിതസെന്‍ ജനിച്ചതും സ്‌കൂള്‍ മുതല്‍ പഠിച്ചു വളര്‍ന്നതും ശാന്തിനികേതനില്‍ ആണ്. മറ്റു ശാന്തിനികേതന്‍ പ്രേമികളോടൊപ്പം അമര്‍ത്യ സെന്നിന്റെ പിതാവ് അവിടത്തന്നെ സ്ഥലം വാങ്ങി വീടുവച്ചു താമസിച്ചു.

അമര്‍ത്യസെന്നിന്റെയും സ്‌കൂള്‍ വിദ്യാഭ്യാസം ശാന്തിനികേതനില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വികര്‍ വാങ്ങിയ സ്ഥലം ഇപ്പോള്‍ വീണ്ടും അളന്ന് അതില്‍ പതിമൂന്ന് സെന്റ് കൂടുതല്‍ ഉണ്ട് എന്ന് കണ്ടുപിടിച്ച്, അമര്‍ത്യസെന്നിനെതിരെ കേസ് നടത്തുകയാണ് അല്ലെങ്കിലും വിവാദനായകനായ വൈസ് ചാന്‍സലര്‍ വിദ്യുത് ചക്രവര്‍ത്തി. അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ആയിരിക്കെ ഒരു സഹപ്രവര്‍ത്തക ലൈംഗികമായി അനുചിതമായ പെരുമാറ്റം ആരോപിച്ചതിനാല്‍ സര്‍വകലാശാല അദ്ദേഹത്തെ ഗാന്ധി ഭവന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു.

മറ്റൊരുപാട് വിവാദങ്ങളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.യുനെസ്‌കോ ലോക പൈതൃകപ്പട്ടികയില്‍ ശാന്തിനികേതനെ ഉള്‍പ്പെടുത്തിയത് സ്മരിക്കാനായി സ്ഥാപിച്ച ഫലകത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പേര് ഉള്‍പ്പെടുത്താത്തത് സംഘികള്‍ക്ക് അബദ്ധം പറ്റിയതല്ല. മനപൂര്‍വ്വം ചെയ്യുന്നതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപാരമ്പര്യത്തെ ഇവര്‍ അത്രയും ഭയക്കുന്നുണ്ട്.ഒരു പുതിയ കെട്ടിടം കൂടെ ഉണ്ടാക്കി, ഇത് ഇനിമുതല്‍ നരേന്ദ്രമോദി നികേതന്‍ എന്ന പുതിയ സര്‍വകലാശാലയാണ് എന്ന് പേരിടാനും ഒരുപക്ഷേ ഇവര്‍ മടിക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.