Skip to main content

മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടുകളെ പിൻപറ്റുന്നതും അത്തരം പോരാളികളെ ഓർക്കുന്നതും ഇടതുപക്ഷമാകുന്നത് യാദൃച്ഛികമായ ഒന്നല്ല

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തെ തമസ്‌കരിക്കാനും മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം നടത്താനുമുള്ള പരിശ്രമങ്ങൾ രാജ്യത്താകമാനം സംഘപരിവാർ സജീവമാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 78-ാം ചരമവാർഷികം ഇന്ന് കടന്നുവരുന്നത്.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ സവിശേഷമായ ധാരയെ പ്രതിനിധാനം ചെയ്യുന്നതാണ് മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം. മതവിശ്വാസത്തിൽ ഉറച്ചുനിന്ന്‌ മതരാഷ്ട്രവാദികൾക്കെതിരെ ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. ദ്വിരാഷ്ട്രവാദമെന്ന ആശയത്തെ അതിശക്തമായി എതിർത്തുകൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോയത്.

1920 ഡിസംബറിൽ നാഗ്പുരിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികനായിരുന്നു അദ്ദേഹം. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കോൺഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. കൊടുങ്ങല്ലൂരിലാണ് ജനിച്ചതെങ്കിലും കോഴിക്കോട് പ്രവർത്തനകേന്ദ്രമാക്കി സ്വാതന്ത്ര്യസമരത്തിലെ സജീവ പോരാളിയായി അദ്ദേഹം മാറുകയായിരുന്നു.

1921-ലെ മലബാർ കാർഷിക കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷുകാർ മുദ്രകുത്തിയപ്പോൾ ഒരു പ്രദേശത്തെ ജനതയുടെ കലാപം എന്ന നിലയിൽ മലബാർ ലഹള എന്ന പേര് വിളിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. മലബാർ കലാപത്തിന്റെ ഹിംസാത്മകമായ വശത്തെ എതിർത്തുകൊണ്ടും അതേ അവസരത്തിൽ കലാപകാരികൾക്കെതിരായി ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച അടിച്ചമർത്തൽ നയത്തെ അതിശക്തമായി എതിർത്തുകൊണ്ടുമാണ് മുഹമ്മദ് അബ്ദുറഹ്മാൻ മുന്നോട്ടുപോയത്. മുഹമ്മദ് അബ്ദുറഹ്മാൻ ഈ ഘട്ടത്തിൽ നൽകിയ സംഭാവനയെ ‘മലബാർ കലാപം ആഹ്വാനവും താക്കീതും’ എന്ന രേഖയിൽ എടുത്തുപറയുന്നുണ്ട്. മലബാർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സഹായിക്കാൻ റിലീഫ് കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം തയ്യാറായി.

കേരളത്തിൽ കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1938ൽ മുഹമ്മദ് അബ്ദുറഹ്മാൻ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി ഇടതുപക്ഷ കെപിസിസി രൂപപ്പെടുന്നത് അങ്ങനെയാണ്. മലബാറിലെ കാർഷിക പ്രശ്നങ്ങളിൽ ഇവർ സ്വീകരിച്ച സമീപനം ഇ എം എസ് ‘ഞാൻ അറിയുന്ന സാഹിബ്’ എന്ന ലേഖനത്തിൽ ഇങ്ങനെ പ്രതിപാദിക്കുന്നുണ്ട്. “1937 മുതൽ അദ്ദേഹവും, 1939 തൊട്ട് ഞാനും എംഎൽഎമാരായതിനാൽ മലബാർ കുടിയായ്മ നിയമം പരിഷ്കരിക്കുന്നതു സംബന്ധിച്ച് അന്വേഷിക്കാൻ നിയമിച്ച കുട്ടികൃഷ്ണ മേനോൻ കമ്മിറ്റിയിൽ ഞങ്ങൾ അംഗങ്ങളായിരുന്നു. ആ കമ്മിറ്റിയിലെ ഭൂരിപക്ഷം തയ്യാറാക്കിയ റിപ്പോർട്ടിന് അബ്ദുറഹ്മാൻ സാഹിബും ഇ കണ്ണനും ഞാനും ഭിന്നാഭിപ്രായങ്ങൾ എഴുതുകയും ചെയ്തു’’.

കേരളത്തിന്റെ പുരോഗതിക്ക് ഭൂപരിഷ്കരണമാണ് അത്യാവശ്യമെന്ന കാഴ്ചപ്പാടാണ് തന്റെ വിയോജനക്കുറിപ്പിൽ ഇ എം എസ് രേഖപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിൽ സജീവമായി നിൽക്കുകയും പാകിസ്ഥാൻ വാദത്തിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തവരെ ദേശീയ മുസ്ലിങ്ങൾ എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. ഇത്തരം നിലപാട് സ്വീകരിച്ചവരുമായി യോജിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇക്കാര്യം മേൽപ്പറഞ്ഞ ലേഖനത്തിൽ ഇ എം എസ് ഇങ്ങനെ വിലയിരുത്തുന്നുണ്ട്. “1938–-40 കാലത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അടക്കമുള്ള ദേശീയ മുസ്ലിങ്ങളും താനടക്കമുള്ള കമ്യൂണിസ്റ്റുകാരും തമ്മിൽ നിലനിന്ന സഹകരണബന്ധം എന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയമായ ഘട്ടമാണ്. ഇടതുപക്ഷ സ്വഭാവമുള്ള മതനിരപേക്ഷ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടുകയായിരുന്നു. മലബാർ പ്രദേശത്തെ തൊഴിലാളി–- കർഷക ബഹുജന പ്രസ്ഥാനം വളർന്നു ശക്തിപ്പെടുന്നതിന് ആ കാലത്തെ പ്രവർത്തനം അത്യന്തം സഹായകമായി. മലബാറിലെയും കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിലെയും ദേശീയ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിൽ ബന്ധപ്പെടാനും ആ കാലത്തെ പ്രവർത്തനം സഹായകരമായി. അങ്ങനെ പിന്നീട് രൂപപ്പെട്ട കേരള സംസ്ഥാനത്തിന് അന്നത്തെ ഞങ്ങളുടെ സഹകരണം സഹായകമായി.’’

ഇത്തരത്തിൽ കമ്യൂണിസ്റ്റുകാരും ദേശീയ മുസ്ലിംധാരയും മുന്നോട്ടുവച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകൾ ഭാവി കേരളത്തിൽ രൂപപ്പെടുത്തുന്നതിന് സഹായകമായെന്ന് ഇ എം എസ് വ്യക്തമാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിവർഗ രാഷ്ട്രീയവുമായി സഹകരിക്കുന്ന നിലപാടും മുന്നോട്ടുവച്ചു.

1938-ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി സമരത്തെ പിന്തുണയ്ക്കുന്നതിന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്‌ പ്രസിഡന്റായി തിരുവിതാംകൂർ സമരസഹായ സമിതി രൂപീകരിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരും അച്ചടിച്ച് നൽകാതിരുന്ന കാലത്ത് അത് തന്റെ അൽ അമീൻ പ്രസിൽനിന്ന് അച്ചടിക്കാൻ മുഹമ്മദ് അബ്ദുറഹ്മാൻ തയ്യാറായി. ഇക്കാര്യം കെ ദാമോദരൻ രേഖപ്പെടുത്തുന്നുണ്ട്. നിരവധി തവണ ജയിൽവാസം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

1945ൽ ജയിലിൽനിന്ന് പുറത്തുവന്ന ഉടനെ ഇന്ത്യാ വിഭജനത്തിന്റേതായ ചർച്ചകൾ രാജ്യത്ത് നടക്കുകയായിരുന്നു. ഈ ആശയത്തിനെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ ശക്തമായി പ്രചാരണം നടത്തി. അദ്ദേഹത്തിന്റെ പൊതുയോഗങ്ങൾ പലപ്പോഴും ആക്രമിക്കപ്പെട്ടു. കത്തിയേറുവരെ ഉണ്ടായി. ഒന്നിലും പതറിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാൻ ഭയപ്പെടാത്ത താൻ ഇതുകൊണ്ടൊന്നും ഭയപ്പെടുകയില്ല. ഗോ ബാക്കുകളും കറുപ്പുകൊടികളും കണ്ടു. താൻ പിന്തിരിയാൻ ഭാവമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

ബ്രിട്ടീഷുകാർക്കെതിരെയും രാജ്യത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കുന്നതിനും പൊരുതിയ മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ള ധീര ദേശാഭിമാനികളെയാണ് സംഘപരിവാർ ചരിത്രത്തിന്റെ താളുകളിൽനിന്ന് വെട്ടിമാറ്റാൻ നോക്കുന്നത്. എന്നിട്ട് ഗാന്ധി വധക്കേസിലെ പ്രതിയായ സവർക്കറെ ധീരദേശാഭിമാനിയായി പ്രതിഷ്ഠിക്കാനുള്ള പദ്ധതികളും മുന്നോട്ടുവയ്‌ക്കുകയാണ്. ഈ ഘട്ടത്തിൽ സവർക്കർ എടുത്ത നിലപാടുകൂടി മനസ്സിലാകുമ്പോഴാണ് ഇതിലെ വൈരുധ്യം വ്യക്തമാകുക.

സിന്ധു നദീതടംമുതൽ ഇന്ത്യൻ മഹാസമുദ്രംവരെയുള്ള ഭൂപ്രദേശങ്ങൾ തങ്ങളുടെ പുണ്യഭൂമിയായി കണക്കാക്കുന്നവർ മാത്രമാണ് ഇന്ത്യക്കാർ എന്നായിരുന്നു 1923-ൽ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിലൂടെ സവർക്കർ പ്രഖ്യാപിച്ചത്. രാജ്യത്തെ രണ്ടാക്കി വെട്ടിമുറിക്കുകയെന്ന കാഴ്ചപ്പാടിന്റെ ആശയ അടിത്തറ കൂടിയായിരുന്നു ഇത്. 1923-ൽ സവർക്കർ ഈ പുസ്തകമെഴുതുമ്പോൾ മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ളവർ ബ്രിട്ടീഷുകാർക്കെതിരെ പൊരുതുകയായിരുന്നു. എഴുതിയ പുസ്തകത്തിലാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെക്കുറിച്ച് ഒരു വാക്കുപോലും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ നാളുകളിൽ സാമ്രാജ്യത്വത്തിനുവേണ്ടി പേന ഉന്തിയ സവർക്കർ ദേശീയതയുടെ വക്താവാകുകയും മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ളവർ ചരിത്രത്തിൽനിന്ന് പിഴുതെറിയപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് നിലനിൽക്കുന്നത്.

എന്തായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയസമീപനം? അതിശക്തമായ സാമ്രാജ്യത്വവിരോധം, മതസൗഹാർദത്തിൽ അടിയുറച്ച സമീപനം, അത്യുജ്വലമായ രാജ്യസ്നേഹം, സാധാരണ മനുഷ്യരോടുള്ള അഗാധമായ ആത്മബന്ധം എന്നിവയായിരുന്നു. ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ഇത്തരം മൂല്യങ്ങളോട് കോൺഗ്രസിന് നീതി പുലർത്താൻ കഴിയുന്നുണ്ടോയെന്ന ചോദ്യവും ഈ അവസരത്തിൽ ഉയർന്നുവരുന്നുണ്ട്.
ദേശീയ പ്രസ്ഥാനത്തിന്റെ മുഖമുദ്രയായ സാമ്പത്തിക നയങ്ങൾ ആഗോളവൽക്കരണ നയങ്ങളിലൂടെ കോൺഗ്രസ് നേരത്തേ കൈയൊഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുവായ പ്ലാനിങ്ങിനെയും എതിർത്തുകൊണ്ട് അക്കാലത്ത് ജനസംഘം മുന്നോട്ടുവച്ച സ്വതന്ത്ര കമ്പോളമെന്ന ആശയത്തിലേക്ക് കോൺഗ്രസ് എത്തിക്കഴിഞ്ഞു. സ്വാതന്ത്ര്യസമര കാലത്തുതന്നെ സാമ്രാജ്യത്വ വിരുദ്ധതയുടെ ഭാഗമായി 1936-ൽ തന്നെ പലസ്തീൻദിനമായി ആചരിച്ച പ്രസ്ഥാനമായിരുന്നു കോൺഗ്രസ്. സ്വാതന്ത്ര്യം കിട്ടിയശേഷം ഇസ്രയേലുമായി നയതന്ത്രബന്ധംപോലും സ്ഥാപിക്കാത്ത നയത്തിൽനിന്ന് നരസിംഹ റാവു സർക്കാരിന്റെ കാലത്തോടെ ഇവർ പിന്മാറി.

ഇന്ത്യൻ മതനിരപേക്ഷതയുടെ ആണിക്കല്ലായിരുന്ന ബാബറി മസ്ജിദ് തകർക്കുന്നതിന് അടിസ്ഥാനമിട്ടത് രാജീവ് ഗാന്ധിയാണെന്ന നാണംകെട്ട അവകാശവാദവുമായി മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവന്നിരിക്കുന്നു. ഗാന്ധിജി പിറന്ന ഗുജറാത്തിൽ കോൺഗ്രസ് മുന്നോട്ടുവച്ച ആശയങ്ങൾമൂലം ബിജെപിയുടെ ബി ടീമായി മാറുന്ന സ്ഥിതിയാണ് അവരെ ദുർബലപ്പെടുത്തിയത്. ഇതിൽനിന്ന് പാഠമുൾക്കൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല.

ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ഗുണപരമായ പാരമ്പര്യങ്ങളെ ഇന്നും മുന്നോട്ടുകൊണ്ടുപോകുന്നത് ഇടതുപക്ഷമാണ്. സാമ്രാജ്യത്വവിരുദ്ധതയിലും മതനിരപേക്ഷതയിലും ഫെഡറലിസത്തിലുമെല്ലാം അടിയുറച്ചുകൊണ്ട് അത് മുന്നോട്ടുപോകുകയാണ്. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയം കോൺഗ്രസിൽനിന്ന്‌ വ്യത്യസ്തമായി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ഒന്നായി ഉയർന്നുനിൽക്കുന്നു. അതുകൊണ്ടാണ് ആർഎസ്എസിന്റെ തലവൻ മാർക്സിസത്തെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് അബ്ദുറഹ്മാനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടുകളെ പിൻപറ്റുന്നതും അത്തരം പോരാളികളെ ഓർക്കുന്നതും ഇടതുപക്ഷമാകുന്നത് യാദൃച്ഛികമായ ഒന്നല്ല എന്നർഥം.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.