Skip to main content

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം. 2023 ഡിസംബര്‍ 31നകം പേരുമാറ്റം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദേശമല്ല.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സബ് സെന്‍ററുകളിലൂടെ നാമമാത്ര സേവനങ്ങള്‍ മാത്രം നല്‍കി വരുമ്പോള്‍ നമ്മള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി അടുത്തിടെ ഈ സബ് സെന്‍ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വൈകുന്നേരം വരെ പ്രവർത്തിക്കുന്ന നിലയുണ്ടാക്കി. കാലാകാലങ്ങളായി സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സ്ഥലവും കെട്ടിടവും വികസനവുമൊക്കെ സാധ്യമാക്കിയത്. സബ്സെന്‍ററുകള്‍ക്ക് വെറും 4 ലക്ഷം രൂപയാണ് കേന്ദ്രം നല്‍കുന്നത്. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതാണ് ആരോഗ്യമേഖല. എന്നിട്ടും ഈ പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.

കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം തടഞ്ഞു വയ്ക്കുകയാണിപ്പോള്‍. 2023-24 ലെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകള്‍ പോലും തന്നിട്ടില്ല. 2521.99 കോടി രൂപയാണ് ആര്‍ഒപി. ഗ്രാന്‍റായി അംഗീകാരം നല്‍കിയിട്ടുള്ളൂവെങ്കിലും അതില്‍ 1376.70 കോടി രൂപ മാത്രമേ ഈ വര്‍ഷം ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്‍.എച്ച്.എം. റിസോഴ്സ്, അടിസ്ഥാനസൗകര്യ വികസനം, കൈന്‍ഡ് ഗ്രാന്‍റ് എന്നീ വിഭാഗങ്ങളിലാണ് തുകയനുവദിക്കുന്നത്. ഈ തുകയില്‍ 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിനു തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6,825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന 409.05 കോടി രൂപയില്‍ ക്യാഷ് ഗ്രാന്‍റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞു. ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിന്‍റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്‍റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. ഇതുകൂടാതെ ബേണ്‍സ് യൂണിറ്റുകള്‍, സ്കില്‍ സെന്‍റര്‍, ട്രോമകെയര്‍, മാനസികാരോഗ്യ പരിപാടി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ്, ഫാര്‍മസി അപ്ഗ്രഡേഷന്‍, ടെറിഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റ്ര്‍, പാരമെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശിക വേറെയുമുണ്ട്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കാന്‍ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുകയാണിപ്പോള്‍.നവകേരള സദസ്സുപോലുള്ള ഇത്തരം ബഹുജന സംവാദ പരിപാടികള്‍ അതുകൊണ്ടാണ് അനിവാര്യമാക്കുന്നത്.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പൊതുജനാരോഗ്യ വിഭാഗവും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നിലവിലെ സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തുന്നുണ്ട്.സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസമായി സാധാരണയില്‍ കവിഞ്ഞ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53546 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മഞ്ചേരി 5683, കൊണ്ടോട്ടി 7259, മങ്കട 4122, മലപ്പുറം 4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.