Skip to main content

ഗാന്ധിജിയും സവർക്കറും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ളത്

ചൂഷണങ്ങളോടും ബാഹ്യശക്തികളുടെ മനുഷ്യജീവിതത്തിലെ ഇടപെടലുകളോടുമുള്ള മനുഷ്യരുടെ പ്രതികരണമാണ് മതങ്ങളിൽ കാണാനാകുന്നത്. ചൂഷണരഹിതമായ ലോകത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ് മതങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വർഗത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അതിന്റെ ഭാഗവുമാണ്. സമത്വസുന്ദരമായ ഒരു ലോകം അടുത്ത ജീവിതത്തിലെങ്കിലും രൂപപ്പെടുമെന്ന പ്രതീക്ഷ പൊതുവിൽ മതങ്ങൾ പുലർത്തുന്നു. അങ്ങനെ മതം വ്യക്തികൾക്ക് സാമൂഹ്യ ജീവിതത്തിനിടയിലുണ്ടാകുന്ന പ്രതിസന്ധികളിൽ പ്രതീക്ഷയായും ആശ്വാസമായും നിലകൊള്ളുന്നു. മാർക്സിസം ആകട്ടെ പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്ത് അവ പരിഹരിക്കുന്നതിന് ഇടപെടുന്നു. അങ്ങനെ മനുഷ്യരനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഈ ലോകത്തുതന്നെ പരിഹാരം കണ്ടെത്തുന്നതിനുള്ള ഇടപെടലായി മാർക്സിസം മാറുന്നു.

മാർക്സിസം, ചരിത്രപരമായി മതംവഹിച്ച പങ്കിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അവയെ ചൂഷണത്തിനുള്ള ഉപാധിയാക്കി പിൽക്കാലത്ത് മാറ്റുന്ന രീതിയെയാണ് എതിർത്തിട്ടുള്ളത്. 1848ൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പരിശോധിച്ചാൽത്തന്നെ ഇക്കാര്യം വ്യക്തമാകും. അതിൽ ഇങ്ങനെ പറയുന്നുണ്ട് ‘മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാർഥമായ വീരശൂര പരാക്രമങ്ങളുടെയും ഫിലിസ്ത്യേനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിർവൃതികളെ അത് സ്വാർഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''.

ഇവിടെ മുതലാളിത്തം സ്വാർഥതാൽപ്പര്യങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തിയതിനെതിരായാണ് മാർക്സും എംഗൽസും നിലപാട് സ്വീകരിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തിൽ പറയുന്ന വാക്കുകൾ ഇക്കാര്യത്തിൽ വ്യക്തതവരുത്തുന്നതാണ്. ‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസം എന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധ ഒഴിപ്പിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം മാർപാപ്പയും സാർ ചക്രവർത്തിയും മെറ്റനിഹും ഗിസ്സോയും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും ജർമൻ പൊലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌’. ഇവിടെ മാർപാപ്പയുടെ പേര് എടുത്തുപറയുന്നത് തൊഴിലാളി വർഗത്തിനെതിരെ മതത്തെ ഉപയോഗിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന അർഥത്തിലാണ്. അല്ലാതെ മതപരമായ ആശയങ്ങൾ മുന്നോട്ടുവച്ചതുകൊണ്ടുള്ള വിമർശമല്ല.

മതവിശ്വാസികൾക്കെതിരായുള്ള സമരമല്ല കമ്യൂണിസ്റ്റുകാർ നടത്തിയത്. പകരം മതത്തെ ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിനെതിരെയാണ് നിലപാട് സ്വീകരിച്ചത്. എല്ലാ വിശ്വാസികൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾക്ക് കമ്യൂണിസ്റ്റുകാർ മുൻപന്തിയിലുണ്ടായിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പാർടി ഓഫീസുകൾപോലും ആരാധനയ്‌ക്കായി വിട്ടുകൊടുത്ത അനുഭവങ്ങളും കമ്യൂണിസ്റ്റ് പാർടിക്കുണ്ട്. ഇത്തരത്തിൽ മതവിശ്വാസങ്ങളെ ഒരു ജനതയുടെ ജനാധിപത്യ അവകാശങ്ങളെന്ന നിലയിൽ കണ്ടുകൊണ്ട് ഇടപെടുന്ന നയമാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. വിശ്വസിക്കുന്നവർക്ക് അങ്ങനെ ജീവിക്കാനും വിശ്വാസമില്ലാത്തവർക്ക്‌ അത്തരത്തിൽ കഴിയാനുമുള്ള അവകാശം നിലനിർത്താനാണ് പാർടി പോരാടിയത്. ഒപ്പം മതങ്ങൾക്കതീതമായി ചിന്തിക്കുന്നവരുടെ പ്രശ്നങ്ങളും പൗരാവകാശം എന്ന നിലയിൽ കാണുകയും ചെയ്യുന്നു. ഇത്തരത്തിൽ ബഹുസ്വരതയുടെ സംരക്ഷണമാണ് പാർടിയുടെ നിലപാട്. അല്ലാതെ, ഏതെങ്കിലും മതത്തിനൊപ്പംനിന്ന് മറ്റൊന്നിനെ ഉൻമൂലനം ചെയ്യാനുള്ള പദ്ധതികളല്ല എന്നർഥം.

മതത്തിനെ ആധുനിക ലോകത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലുകളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ളത്. അത്തരം ഇടപെടലുകളുടെ ഭാഗമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ സമരങ്ങളെയും പാർടി പിന്തുണച്ചിട്ടുണ്ട്. നവോത്ഥാനം നടത്തിയ ഇടപെടലുകൾ യഥാർഥത്തിൽ മതങ്ങളെ ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കുന്നതിന്‌ സഹായിക്കുകയാണ് ചെയ്തത്.

മാർക്സിസത്തെ സംബന്ധിച്ചിടത്തോളം മതഉൻമൂലനം എന്നത് അതിന്റെ അജൻഡയല്ല. മതം രൂപപ്പെടുത്തിയത് ഒരു സാഹചര്യമാണ്. അത് ചൂഷണത്തിന്റെയും പ്രകൃതിയെക്കുറിച്ചുള്ള രഹസ്യങ്ങൾ പൂർണമായും മനസ്സിലാക്കാൻ പറ്റാത്തതിന്റെയും ഭാഗമായി ഉയർന്നുവന്നതാണ്. അത്തരം സാഹചര്യങ്ങൾ നിലനിൽക്കുകയും മനുഷ്യന് അത് ആവശ്യമായി അനുഭവപ്പെടുകയും ചെയ്യുന്നിടത്തോളം അത് നിലനിൽക്കുകതന്നെ ചെയ്യും. അതാർക്കും തടയാനാകുന്നതല്ല.

സമൂഹത്തിൽ മതം നിലനിൽക്കുന്ന സാഹചര്യത്തെ മനസ്സിലാക്കുകയും, ഒപ്പം അത് സമൂഹത്തിന് നൽകുന്ന ആശ്വാസത്തെ മാർക്സിസം അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മതങ്ങളെ ഉൻമൂലനം ചെയ്യുകയെന്നത് മാർക്സിസത്തിന്റെ അജൻഡയിൽ കടന്നുവരാത്തത്. വിശ്വാസികളും അവിശ്വാസികളുമായ ജനതയെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ യോജിപ്പിച്ച് നിർത്താനാണ് മാർക്സിസം ശ്രമിക്കുന്നത്. ജനജീവിതത്തെ വിവിധ രീതിയിൽ ദുസ്സഹമാക്കുന്ന ആധിപത്യ ശക്തികൾക്കെതിരെയാണ് മാർക്സിസം നിലകൊള്ളുന്നത്. അത് പരിഹരിക്കാൻ ജനങ്ങളെയാകെ വർഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അണിനിരത്തുകയെന്നതാണ് മാർക്സിസത്തിന്റെ ലക്ഷ്യം. അല്ലാതെ വിശ്വാസി അവിശ്വാസി സമരം രൂപപ്പെടുത്തുകയല്ല.

മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ അതിന്റെ തലം രാഷ്ട്രീയമായി മാറുന്നു. അത് മറ്റു വിഭാഗങ്ങളെ ശത്രുതയോടെ കാണുന്ന സമീപനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അത് മതം പൊതുവിൽ മുന്നോട്ടുവയ്‌ക്കുന്ന ആശ്വാസത്തിന്റെയും ഉൾക്കൊള്ളലിന്റെയും അംഗീകരണത്തിന്റെയും ധാരകളെ ഉൻമൂലനം ചെയ്യുന്നു. സമൂഹത്തിന്റെ ആശ്വാസ ധാരയെന്നതിനു പകരം ജനങ്ങളെ സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും തലങ്ങളിലേക്ക് അത് നയിക്കുന്നു. ഇത്തരം ഏറ്റുമുട്ടൽ സൃഷ്ടിക്കുന്നതിനു പിന്നിൽ മതവിശ്വാസമല്ല, അതിനെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന സ്ഥാപിത താൽപ്പര്യങ്ങളാണ്‌.
ബ്രിട്ടീഷുകാർക്കെതിരായി ഇന്ത്യൻജനത സമരരംഗത്തേക്ക് കടന്നുവന്നപ്പോൾ അതിനെ പിളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വർഗീയ അജൻഡകൾ ബ്രിട്ടീഷ് സാമ്രാജ്യത്വം രൂപപ്പെടുത്തിയത്. മതത്തിന്റെ ഈ വർഗീയവൽക്കരണം ബ്രിട്ടീഷ് ചൂഷണത്തിനുവേണ്ടിയുള്ളതായിരുന്നു. അല്ലാതെ ഏതെങ്കിലും മതവിശ്വാസങ്ങളെ മുന്നോട്ട് നയിക്കാനോ സംരക്ഷിക്കാനോ വേണ്ടിയായിരുന്നില്ല.

ഇന്ത്യയിലെ ഹിന്ദുവിന്റെ പേര് പറഞ്ഞ് ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഏതെങ്കിലും വിശ്വാസിയുടെ താൽപ്പര്യ സംരക്ഷണത്തിന്റെ ഭാഗമല്ല. മറിച്ച്, ആ വിശ്വാസത്തെ ഉപയോഗപ്പെടുത്തി കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം ദുഷ്കരമായി മാറിയിട്ടുണ്ട്. കാർഷിക മേഖലയിലും തൊഴിലാളി മേഖലയിലും ആദിവാസി മേഖലകളിലുമെല്ലാം ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾ ഇതിന്റെ ഭാഗമാണ്. ഇത്തരം ജനകീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്നത്‌ കോർപറേറ്റുകളുടെ താൽപ്പര്യമാണ്. ആ താൽപ്പര്യമാണ് ഹിന്ദുത്വ എന്നത്. അല്ലാതെ ഏതെങ്കിലും ഹിന്ദുമത വിശ്വാസിയുടെ താൽപ്പര്യങ്ങളുടെ സംരക്ഷണമല്ല എന്ന് കാണാം. ഗാന്ധിജിയും സവർക്കറും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ളത്.

സമൂഹത്തിലെ സമാധാനപരമായ ജീവിതം എന്നത് വിശ്വാസികളുടെ വിശ്വാസങ്ങൾ പുലർത്തുന്നതിന് ഏറ്റവും പ്രധാനമാണ്. പള്ളികളിലും അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സ്വതന്ത്രമായി പോകുന്നതിനും വരുന്നതിനുമെല്ലാം ഇത് ആവശ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെയാണ് വൈയക്തികമായ ആശ്വാസങ്ങൾ വിശ്വാസികൾക്ക് ലഭിക്കുന്നത്. എന്നാൽ, മതം ആവിഷ്കരിക്കുന്ന വൈയക്തികമായ ആശ്വാസങ്ങളെ തകർക്കുകയാണ് എല്ലാ മത വർഗീയവാദികളും ചെയ്യുന്നത്. ഗാന്ധിജി അഹിംസയുടെയും സവർക്കർ ആക്രമണത്തിന്റെയും വക്താവായി മാറുന്നത് മതവിശ്വാസവും വർഗീയതയും തമ്മിലുള്ള ഈ വ്യത്യസ്തതയെ കാണിക്കുന്നതാണ്.

വ്യക്തിപരമായ തലത്തിൽ വിശ്വാസം ഒതുക്കുകയും പൊതുവായ കാര്യങ്ങളിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പാർടികൾക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന രീതിയാണ് യഥാർഥ മതവിശ്വാസികൾ ആഗ്രഹിക്കുന്നത്. മതവിശ്വാസികൾ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അണിനിരന്നത് ഇതുകൊണ്ടാണ്. മതങ്ങളുടെ സവിശേഷത ഉൾക്കൊണ്ടുകൊണ്ട് അവയെ അംഗീകരിക്കുകയും അത്തരം വിശ്വാസികളുൾപ്പെടെയുള്ളവർക്ക് നേരെ നടക്കുന്ന ചൂഷണത്തെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ അണിനിരത്തുകയും ചെയ്യുകയെന്നതാണ് മാർക്സിസ്റ്റ് സമീപനം. ഇതിൽനിന്നു വ്യത്യസ്തമായി മതത്തെ രാഷ്ട്രീയാവശ്യങ്ങൾക്കും ചൂഷണ ഉപാധിയായും രൂപപ്പെടുത്തുന്നതാണ് വർഗീയ സമീപനം. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ വർഗീയവാദികൾക്കെതിരെ നിലപാട് സ്വീകരിക്കുകയും മതവിശ്വാസിയെ ബഹുമാനിക്കുകയും ചെയ്യുന്നത്. വ്യക്തികൾക്ക് മതവിശ്വാസമെന്നത് അവരുടെ അവകാശത്തിന്റെ ഭാഗമാണ്. അത്തരം കൂടിച്ചേരലുകളുമാകാം. അത് ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണ്.

വ്യക്തികൾക്ക് മതവിശ്വാസമാകാം. എന്നാൽ, രാഷ്ട്രത്തിന് പ്രത്യേക മതം ഉണ്ടാകാൻ പാടില്ലെന്ന ഗാന്ധിജിയുടെ സമീപനം ഇവിടെ ഓർക്കാവുന്നതാണ്. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ബഹുസ്വരതാ സംവിധാനമായി നാട് നിലനിൽക്കുകയാണ് വേണ്ടത്. മതങ്ങളെത്തന്നെ പരിശോധിച്ചാൽ ബഹുസ്വരതയുടെ വലിയ പാരമ്പര്യമാണ് അവ ഏറ്റുവാങ്ങുന്നത്. ജൈനമതം തീർഥങ്കരൻമാരെയാണ് ആരാധിക്കുന്നത്. ബുദ്ധമതമാകട്ടെ ദൈവമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, സമൂഹത്തിൽ ദുഃഖമുണ്ട് അവ പരിഹരിക്കുന്നതിന് ഇടപെടുകയാണ് വേണ്ടത് എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നു. സിഖ് മതം പുസ്തകത്തെയാണ് ആരാധിക്കുന്നത്. പാഴ്സിയാകട്ടെ അഗ്നിയെ ആരാധിച്ച് മുന്നോട്ടുപോകുന്നു. എബ്രഹാമിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ക്രിസ്തുമതവും ഇസ്ലാമതവും ജൂതമതവും പ്രഖ്യാപിക്കുന്നു. മതങ്ങൾതന്നെ ബഹുസ്വരതയുടെ വലിയ ചിത്രമാണ് നമുക്ക് മുന്നിൽ നിരത്തിവയ്‌ക്കുന്നത്. മതങ്ങളുടെ ഈ വൈവിധ്യങ്ങളെ തകർക്കുകയാണ് മതരാഷ്ട്രവാദങ്ങൾ ചെയ്യുന്നത്. ഒരുരാജ്യം ഏതെങ്കിലും ഒരുമതത്തിന്റെ രാഷ്ട്രമാകുമ്പോൾ മറ്റ് മതങ്ങൾ ഇല്ലാതാക്കപ്പെടുന്നു. ലോകത്ത് മതങ്ങളെല്ലാം നിലനിൽക്കണമെങ്കിൽ മതനിരപേക്ഷ രാഷ്ട്രനിർമിതി അനിവാര്യമാണ്. ലോകത്തിലെ മതങ്ങളുടെ നിലനിൽപ്പുതന്നെ മതനിരപേക്ഷ രാഷ്ട്രത്തിലെന്നർഥം.

വ്യത്യസ്തമതങ്ങളെ ലോകത്ത് നിലനിർത്താൻ അടിത്തറയായി വർത്തിക്കുന്ന മതനിരപേക്ഷ രാഷ്ട്രമാണ് മാർക്സിസം വിഭാവനം ചെയ്യുന്നത്. മതരാഷ്ട്രവാദികൾ മറ്റ് മതങ്ങളെ ഉൻമൂലംചെയ്യുന്ന രാഷ്ട്രസങ്കൽപ്പം മുന്നോട്ടുവയ്ക്കുന്നു. മാർക്സിസം എതിർക്കുന്നത് മതത്തെയല്ല. അതിനെ ഉപയോഗിച്ച് രാഷ്ട്രീയ താൽപ്പര്യം മുന്നോട്ടു വയ്ക്കുന്ന മതരാഷ്ട്രശക്തികളെയാണ്. ഹിന്ദുവിനെയല്ല ഹിന്ദുത്വത്തെയാണ് മാർക്സിസം എതിർക്കുന്നത്. മതത്തെയല്ല മതരാഷ്ട്രവാദങ്ങൾക്കും വർഗീയചിന്തകൾക്കുമെതിരെയാണ് മാർക്സിസം നിലപാട് സ്വീകരിക്കുന്നത്.

ഒന്നാം ഭാഗം
https://www.facebook.com/CPIMKerala/posts/pfbid02mAb13U65pibfDotScWUQN1kUcL2YHJq56rig1PyKYZZBALnGmHuo5S9PEwDS3V3cl

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.