വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി. ട്രെയിൻ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ റെയിൽവേ സംവിധാനത്തിനുണ്ടായ സുരക്ഷാ വീഴ്ചകൾ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പൊതുഗതാഗത സംവിധാനമായ റെയിൽവേയിൽ യാത്രക്കാർക്ക് പേടിയില്ലാതെ സഞ്ചരിക്കാൻ കഴിയണമെന്നും രാത്രികാലങ്ങളിൽ ഉൾപ്പെടെ എല്ലാ ജനറൽ കംപാർട്ട്‌മെന്റുകളിലും വനിതാ കംപാർട്ട്‌മെന്റുകളിലും ആർപിഎഫ്/ജിആർപി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും സ. കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. റെയിൽവേ യാത്രക്കാരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകി പൊതുജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ മന്ത്രിയോട് എംപി ആവശ്യപ്പെട്ടു.
