Skip to main content

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തുയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ കൊടിക്കൂറ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും മടക്കിവയ്‌ക്കാതെ മുന്നോട്ടുപോയവരാണ് എസ്എഫ്ഐക്കാർ

സമാനതകളില്ലാത്ത സമരചരിത്രമാണ് ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ വിദ്യാർഥികളോട് കോളേജുകൾ ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങാൻ നിർദേശിച്ചത് ഗാന്ധിജിയായിരുന്നു. ഇതിന് എതിർപ്പുകൾ ഉയർന്നപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ‘ഭാവിലോകത്ത് ജീവിക്കേണ്ടത് വിദ്യാർഥികളാണ്. അതുകൊണ്ടുതന്നെ ഭാവിലോകം കെട്ടിപ്പടുക്കാനുള്ള പോരാട്ടങ്ങളിൽ അവരാണ് മുൻകൈയെടുക്കേണ്ടത്’ എന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ ഒരുധാരയായിരുന്നു വിദ്യാർഥി പ്രസ്ഥാനത്തിന്റേത്.

ഇന്ത്യ സ്വതന്ത്രമായശേഷം വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഈ സമരപാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥിസംഘടനകൾ ഉയർന്നുവരാൻ തുടങ്ങി. കേരളത്തിൽ കെഎസ്എഫാണ്‌ ആ ദൗത്യം പൊതുവിൽ നിർവഹിച്ചത്. രാജ്യത്തെമ്പാടുമുള്ള ഇത്തരം സമാന ചിന്താഗതിക്കാരെ ചേർത്തുവച്ചുകൊണ്ടാണ് 1970ൽ എസ്എഫ്ഐ രൂപീകരിക്കപ്പെടുന്നത്. ജനാധിപത്യപരവും മതനിരപേക്ഷവും സമത്വസുന്ദരവുമായ ഒരു വിദ്യാഭ്യാസക്രമമാണ് എസ്എഫ്ഐ വിഭാവനംചെയ്യുന്നത്.

അടിയന്തരാവസ്ഥയ്ക്കെതിരായുള്ള പോരാട്ടം എസ്എഫ്ഐക്ക് ഏറ്റെടുക്കാനായത് അതുകൊണ്ടാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അറസ്റ്റ് ചെയ്യപ്പെട്ടു. മുഹമ്മദ് മുസ്തഫയെ എസ്എഫ്ഐക്ക് നഷ്ടമായി. റീജണൽ എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥിയായ രാജനും കൊല്ലപ്പെട്ടു. അടിച്ചമർത്തലുകളുടെ പരമ്പരയുണ്ടായി. അടിയന്തരാവസ്ഥയ്ക്കുശേഷം വിദ്യാർഥി–- യുവജന മാർച്ച് ഇതുസംബന്ധിച്ച് നടത്തുകയുണ്ടായി. അന്ന് ജാഥാ ക്യാപ്റ്റൻകൂടിയായിരുന്ന വൈക്കം വിശ്വൻ പ്രസിദ്ധീകരിച്ച ‘കിരാതപർവം’ എന്ന ലഘുലേഖ ആ പോരാട്ടങ്ങളുടെ ചരിത്രവുംപേറി നമുക്ക് മുന്നിലുണ്ട്. അതിന്റെ ആമുഖത്തിൽ ജാഥാ ക്യാപ്റ്റൻകൂടിയായിരുന്ന വൈക്കം വിശ്വൻ ഇങ്ങനെ എഴുതി ‘ആറ് രാജന്മാരുടെ കഥയേ ഈ ജാഥ നടത്തുന്നതിനുമുമ്പ്‌ ഞങ്ങൾക്ക്‌ അറിവുണ്ടായിരുന്നുള്ളൂ. ജാഥ സമാപിച്ചുകഴിഞ്ഞപ്പോൾ 61 രാജന്മാരുടെ കഥകൾ ഞങ്ങളറിഞ്ഞു. ഇരുപതിനായിരത്തോളം മനുഷ്യരുടെ ദുരന്തം ഞങ്ങളറിഞ്ഞു. ആയിരത്തോളം കുടുംബങ്ങളുടെ അനാഥത്വം ഞങ്ങൾ കണ്ടു. കേരളത്തിലെ രാജപാതകൾ വിട്ട് ഉൾനാടുകളിലേക്ക് കൂടുതൽ കൂടുതൽ കടന്നുചെല്ലാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നെങ്കിൽ കിട്ടുന്ന ചിത്രം ഇതിനേക്കാൾ എത്രയോ കൂടുതൽ സംഭ്രമജനകമായിരിക്കും'. മറ്റു പല വിദ്യാർഥി സംഘടനകളും ഭരണത്തിന്റെ ശീതളഛായയിൽ വിശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ ത്യാഗോജ്വലമായ പോരാട്ടങ്ങൾ എസ്എഫ്ഐ ഏറ്റെടുത്തത്. ഈ പോരാട്ടങ്ങൾക്കിടയിൽ എസ്എഫ്ഐക്ക് മുപ്പത്തഞ്ചോളംപേരെയാണ് നഷ്ടപ്പെട്ടത്. എന്നാൽ, എസ്എഫ്ഐക്കാർ ആരെയും കൊലപ്പെടുത്തുന്ന രാഷ്ട്രീയശൈലി ഒരിക്കലും സ്വീകരിച്ചില്ല. വിവിധ വിദ്യാർഥി സംഘടനയിൽപ്പെട്ടവരുടെ കൊലക്കത്തി ഓടിനടന്നപ്പോഴും കൊലപാതക രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്ന നിലപാടാണ് എസ്എഫ്ഐ ഉയർത്തിപ്പിടിച്ചത്.

രാഷ്ട്രീയനേതൃത്വത്തിന്റെ മാത്രമല്ല, വിവിധ മേഖലയിലെ പ്രതിഭാശാലികളുടെ മൂശകൂടിയാണ് എസ്എഫ്ഐ. ക്യാമ്പസിലെ വർഗീയവൽക്കരണം പ്രതിരോധിക്കുന്നത് എസ്എഫ്ഐയാണ്. വിദ്യാഭ്യാസരംഗത്തെ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അവർ എതിരാണ്. അതിനാൽ അവരുടെ നോട്ടപ്പുള്ളിയാണ് എസ്എഫ്ഐ. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകൾ സ്വാഭാവികമായും വിദ്യാർഥി സംഘടനകളിലും പ്രത്യക്ഷപ്പെടും. അത്തരം ഘട്ടങ്ങളിൽ അവയോട് വിദ്യാർഥിസംഘടന സ്വീകരിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവയെ വിലയിരുത്തേണ്ടത്. തെറ്റുകൾക്ക് പ്രോത്സാഹനമാണോ അല്ല അവരെ ശരിയായ പാതയിൽ നയിക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്നതാണ് പ്രശ്നം. വയനാട്ടിലെ സിദ്ധാർഥിന്റെ മരണം വേദനാജനകമായിരുന്നു. ഇതിന്‌ ആധാരമായി പറയുന്ന സംഭവങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിച്ചില്ല എന്നതിന്റെ പേരിലാണ് മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായത്. അവരെ തിരുത്താനാണ് എസ്എഫ്ഐ പരിശ്രമിച്ചിട്ടുള്ളത്. വലതുപക്ഷ വിദ്യാർഥി സംഘടനകളും അവരുടെ രാഷ്ട്രീയനേതൃത്വവും എല്ലാ കൊള്ളരുതായ്മയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.

ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജിൽ ധീരജിനെ കെഎസ്‌യുക്കാർ കൊലപ്പെടുത്തി. ഇരന്ന് വാങ്ങിയ മരണമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന, ചെയ്ത പ്രവൃർത്തിക്കുള്ള സമ്മാനമായിരുന്നു. വിദ്യാർഥികളുടെ പദപ്രയോഗത്തെക്കുറിച്ചും ഭവ്യതയെക്കുറിച്ചും ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. അത്തരം രീതികൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന കാര്യം എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. എന്നാൽ, കെപിസിസി പ്രസിഡന്റ് പ്രതിപക്ഷനേതാവിനെ വിളിച്ച തെറി കേരളം മുഴുവൻ നേരിട്ടു കണ്ടതാണ്. വാർത്താസമ്മേളനങ്ങളിൽ പ്രതിപക്ഷനേതാവ് അവരുടെ മുതിർന്ന നേതാക്കന്മാരോടുൾപ്പെടെ പെരുമാറുന്ന രീതിയും കേരളം കണ്ടിട്ടുള്ളതാണ്. പിന്നെ കെഎസ്‌യുവിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ്എഫ്ഐ സംസ്ഥാന നേതൃതലത്തിൽ ഈ ലേഖകൻ പ്രവർത്തിക്കുന്ന കാലത്താണ് ചാപ്പകുത്ത് വിവാദമുണ്ടായത്. അന്ന് കോളേജ് കമ്മിറ്റിതന്നെ പിരിച്ചുവിട്ടു. പിന്നീട് ഇത് നാടകമാണെന്ന് വ്യക്തമായി. അന്നത്തെ പ്രതിപക്ഷനേതാവ് നൽകിയ അഭിനന്ദനത്തെക്കുറിച്ച് കെഎസ്‌യു നേതാവ് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. ‘‘ഇങ്ങനെ ശൂന്യതയിൽനിന്ന് കനപ്പെട്ട രാഷ്ട്രീയപ്രശ്നം ഉണ്ടാക്കിക്കൊടുത്ത ശ്യാമിനെ കൈകൊടുത്ത് അഭിനന്ദിക്കാൻ അന്നത്തെ പ്രതിപക്ഷനേതാവ് മറന്നിരുന്നില്ല എന്നാണ്''. സംഘടനാ പ്രവർത്തനത്തിലെ ധാർമികതയുടെ കാര്യത്തിൽ എസ്എഫ്ഐയും വലതുപക്ഷ സംഘടനകളും തമ്മിലുള്ളത് വലിയ അന്തരമാണ്. ഏറെക്കാലം ചാപ്പകുത്ത് പ്രചരിപ്പിച്ച മാധ്യമങ്ങൾ പിന്നിലെ നാടകത്തെക്കുറിച്ചും വാർത്ത കൊടുക്കാൻ തയ്യാറായില്ല. കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിൽ ഇടിമുറിയുണ്ടെന്ന കെഎസ്‌യു നേതാവിന്റെ ആരോപണം അസത്യമെന്ന്‌ കഴിഞ്ഞദിവസം അന്വേഷണ റിപ്പോർട്ട്‌ വന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ബഫർസോൺ പ്രശ്നത്തിൽ എസ്എഫ്ഐ മാർച്ച് നടത്തി. മാർച്ചിനുശേഷം വിദ്യാർഥികൾ മടങ്ങിയപ്പോൾ മഹാത്മാഗാന്ധിയുടെ ചിത്രം കോൺഗ്രസുകാർ തകർത്തു. എസ്എഫ്ഐക്കാർ ആണെന്ന് ആരോപിച്ചു. മാർച്ചിൽ പങ്കെടുത്ത ചിലർക്കുനേരെ ശക്തമായ നടപടി എസ്എഫ്ഐ സ്വീകരിച്ചു. ഗാന്ധിയുടെ ചിത്രം തകർത്തത് നാല് കോൺഗ്രസ് പ്രവർത്തകരാണെന്ന് പിന്നീട് കണ്ടെത്തി. ഗാന്ധിജിയോടുപോലും ധാർമികത കാട്ടാത്തവരാണ് ധാർമികതയെക്കുറിച്ച് ഇപ്പോൾ പ്രസംഗിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയ്ക്ക് ഹാജരാകാത്തതുകൊണ്ട് പൂജ്യം മാർക്കെന്ന് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സോഫ്റ്റ്‌‌വെയറിലെ പിഴവുമൂലം മാർക്ക് ലിസ്റ്റിന്റെ ചുവടെ പാസ്ഡ് എന്ന്‌ വന്നു. വസ്തുത ഇതാണെന്നിരിക്കെ എന്തെല്ലാം പ്രചാരവേലകളാണ് അരങ്ങേറിയത്. കോർപറേറ്റ്– ഹിന്ദുത്വ രാഷ്ട്രീയം ക്യാമ്പസുകളെ ഉൾപ്പെടെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന ഘട്ടമാണ്‌ ഇത്. വർഗീയ ശക്തികൾ നവമാധ്യമ സംവിധാനത്തെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി ക്യാമ്പസുകളിൽ ജാതീയവും വർഗീയവുമായ വിഭജനങ്ങൾ നടത്തുകയാണ്. വാട്സാപ്‌ ഗ്രൂപ്പുകളും മറ്റും ഇതിനായി ഉപയോഗപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ മതനിരപേക്ഷ സംഘടനകളുടെ മുഖംമൂടിയെടുത്തണിഞ്ഞ് എസ്എഫ്ഐയെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങുകയും ചെയ്തു. ചില ക്യാമ്പസുകളിലെ അവിചാരിതമായ എസ്എഫ്ഐയുടെ പരാജയത്തിനുപിന്നിൽ ഇത്തരം ഘടകങ്ങളുണ്ട്.

കേരളത്തിലെ എസ്എഫ്ഐ കലിക്കറ്റ് യൂണിവേഴ്സിറ്റി ഒഴികെ മറ്റ് യൂണിവേഴ്സിറ്റികളിലെല്ലാം വിജയിച്ചു നിൽക്കുന്ന പ്രസ്ഥാനമാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പരാജയത്തിനു കാരണം നൂറിലേറെ വരുന്ന അൺഎയ്ഡഡ് സ്ഥാപനങ്ങളിൽനിന്നു വരുന്ന സ്വതന്ത്ര കൗൺസിലർമാരാണ്. അല്ലാതെ എസ്എഫ്ഐയുടെ തകർച്ചയുടെ ഫലമല്ല അത്. വിദ്യാർഥിസംഘടനാ പ്രവർത്തനം അതത് കാലത്തിന്റെ സവിശേഷതകളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണം. കുട്ടികളെല്ലാം വിദ്യാഭ്യാസരംഗത്ത് പ്രവേശിക്കാത്ത കാലത്ത് അവരെ അവിടെ എത്തിക്കാനുള്ള പ്രവർത്തനം വിദ്യാർഥി സംഘടനകളുടെ ഉത്തരവാദിത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. കേരളം ആ ഘട്ടം ഏറെക്കുറെ പിന്നിട്ടിരിക്കുന്നു. ഇനി അതിന്റെ നിലവാരത്തിന്റെ മെച്ചപ്പെടലിന് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നവിധം പ്രവർത്തിക്കുകയെന്നത് വിദ്യാർഥി സംഘടനകളുടെ ഉത്തരവാദിത്വമാണ്. വരുന്ന പോരായ്മകൾ തിരുത്താനും അവ വരാതെ നോക്കാനുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം.

ഓരോ മേഖലയിലും സാമൂഹ്യബോധവും ജനാധിപത്യബോധവുമുള്ള തലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വമാണ് വിദ്യാർഥി സംഘടനയ്ക്കുള്ളത്. അതിനായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും എത്തിക്കുകയെന്നതും പ്രധാനമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന യൂണിറ്റുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റേണ്ടതുണ്ട്. അതിന് വിദ്യാർഥികളെ പ്രാപ്തമാക്കിയെടുക്കാനുള്ള ഇടപെടലുകളാണ്‌ ഉണ്ടാകേണ്ടത്. അതിനുപകരം , പോരായ്മകൾ പർവതീകരിച്ച് വലതുപക്ഷം നടത്തുന്ന പ്രചാരണങ്ങൾക്ക് തപ്പുകൊട്ടുന്നവരായി ഇടതുപക്ഷ നേതാക്കൾ മാറരുത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തുയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ കൊടിക്കൂറ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും മടക്കിവയ്‌ക്കാതെ മുന്നോട്ടുപോയവരാണ് എസ്എഫ്ഐക്കാർ. സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രവണതകളുടെ അജൻഡകൾ തിമിർത്തുപെയ്യുമ്പോഴും അത് കൂടുതൽ ഉയരത്തിൽ ഉയർത്തിപ്പിടിച്ച് അവർ മുന്നോട്ടുപോകുന്നുണ്ട്. അവരെ കൂടുതൽ കരുത്തോടെ മുന്നേറാൻ പ്രാപ്തരാക്കാം. നമ്മുടെ മതനിരപേക്ഷ സമൂഹം നിലനിർത്തുന്നതിനും ജനാധിപത്യരീതി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.