Skip to main content

ബിഎസ്എൻഎൽ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവൽക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണ്

ബിഎസ്എൻഎൽ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തോടെ ഈ അഭിമാന പൊതുമേഖല സ്വകാര്യവൽക്കരിക്കാനുള്ള രണ്ട് പതിറ്റാണ്ട് പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണ്.

2000-ത്തിലാണ് ബിഎസ്എൻഎൽ സ്ഥാപിതമായത്. മൊബൈൽ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രചരിക്കാൻ തുടങ്ങിയ വർഷം. എയർടെൽ, റിലയൻസ്, ഹച്ചിൻസൺ എന്നിവർ മൊബൈൽ സർവ്വീസുകൾ 2000 മുതൽ ആരംഭിച്ചു. രണ്ട് വർഷം കഴിഞ്ഞേ ബിഎസ്എൻഎല്ലിന് അനുമതി കൊടുത്തുള്ളൂ. എന്നിട്ടും 2006-ൽ ബിഎസ്എൻഎൽ മാർക്കറ്റിന്റെ 18 ശതമാനം പിടിച്ചെടുത്തു. എയർടെല്ലിന്റെ കമ്പോളവിഹിതത്തേക്കാൾ ഒരു ശതമാനം മാത്രം കുറവ്.

വൈകിവന്നിട്ടും കമ്പോള മത്സരത്തിൽ ഓടിക്കയറുക മാത്രമല്ല, മൊബൈൽ സർവ്വീസ് ചാർജ്ജ് സംബന്ധിച്ച് സ്വകാര്യ കമ്പനികളുടെ കാർട്ടൽ പൊളിക്കാനും കഴിഞ്ഞു. ഒരു മിനിറ്റ് ഔട്ട് ഗോയിംഗ് കാളിന് 15 രൂപയും ഇൻ കമിംഗ് കാളിന് 8 രൂപയുമാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് മൂന്ന് മിനിറ്റിന് 2.40 രൂപയായി കുറഞ്ഞു.

ഇതോടെ ഒരു കാര്യം വ്യക്തമായി. ലെവൽ പ്ലേയിംഗ് ഗ്രൗണ്ട് ഉണ്ടെങ്കിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കാനാവില്ല. പിന്നെയുള്ള കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ നീക്കങ്ങളെല്ലാം ബിഎസ്എൻഎല്ലിനെ കൂച്ചുവിലങ്ങ് ഇടാനായിരുന്നു.

2007-ൽ 4.5 കോടി മൊബൈൽ ലൈനുകൾക്കു വേണ്ടിയുള്ള ബിഎസ്എൻഎല്ലിന്റെ ടെണ്ടർ കേന്ദ്ര സർക്കാർ റദ്ദാക്കി. അന്ന് മുതൽ ഇന്ന് വരെ ഒരു ടെണ്ടർ പോലും ഈ ഇനത്തിൽ കമ്പനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

 2013-ൽ സ്വകാര്യ കമ്പനികൾക്കെല്ലാം 3ജി സ്പെക്ട്രം ഇഷ്ടമുള്ള ജില്ലയിൽ അനുവദിച്ചു കൊടുത്തു. ശിഷ്ടം ബിഎസ്എൻഎല്ലിന്റെ തലയിൽ കെട്ടിവച്ചു.

 2014-ൽ സ്വകാര്യ കമ്പനികൾക്ക് 4ജി സ്പെക്ട്രം അനുവദിച്ചു. എന്നാൽ ബിഎസ്എൻഎല്ലിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ടെണ്ടർ വിളിച്ചു കഴിഞ്ഞപ്പോൾ സ്വകാര്യ കമ്പനികളെപ്പോലെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ പാടില്ലായെന്ന വ്യവസ്ഥയുണ്ടാക്കി തടഞ്ഞു.

 2019-ൽ 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. പക്ഷേ, ഈ പണം 1.53 ലക്ഷം ജീവനക്കാരിൽ 78,569 ജീവനക്കാർക്ക് വിആർഎസ് കൊടുക്കാനാണ് ഉപയോഗിച്ചത്. അങ്ങനെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ മത്സരശേഷി ആയിരുന്ന പരിചയസമ്പന്നരായ ജീവനക്കാരെ ഒറ്റയടിക്ക് ഇല്ലാതാക്കി.

 ജിയോയ്ക്ക് മുഴുവൻ ഡാറ്റയും കൈക്കലാക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിന്നു. മറ്റു സ്വകാര്യ കമ്പനികൾക്ക് ഉണ്ടായ നഷ്ടം നികത്താൻ 1.64 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ എഴുതിത്തള്ളി.

 സ്വകാര്യ കമ്പനികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അഞ്ച് ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് അനുവദിച്ച വായ്പ 15,000 കോടി രൂപ മാത്രം.

 2024-ൽ 5ജി സ്പെക്ട്രം താഴ്ന്ന വിലയ്ക്ക് കൈക്കലാക്കിയ സ്വകാര്യ കമ്പനികൾ ഏകപക്ഷീയമായി താരിഫ് നിരക്കുകൾ 20-25 ശതമാനം വർദ്ധിപ്പിച്ചു. ബിഎസ്എൻഎൽ നിരക്ക് വർദ്ധിപ്പിച്ചില്ല. സർക്കാർ ഇട്ടിരിക്കുന്ന കൂച്ചുവിലങ്ങുമൂലം സ്വകാര്യ കമ്പനികളോടു മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ.

ഇപ്പോൾ പുതിയ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായി ചെയ്യുന്നതോ? ബിഎസ്എൻഎല്ലിന്റെ ഭൂസ്വത്ത് വിറ്റ് കാശാക്കുക. ടവറുകൾ നഷ്ടത്തിന് എതിരാളികൾക്ക് പാട്ടത്തിന് കൊടുക്കുക. എങ്ങനെ ബിജെപി പൊതുമേഖലയെ തച്ചുതകർക്കുന്നുവെന്നതിന് ഏറ്റവും വലിയ സാക്ഷ്യപത്രമാണ് ബിഎസ്എൻഎൽ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.