സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല നിവാസികളെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ പുതുവർഷദിന പ്രഖ്യാപനം ദുരന്തബാധിതരുടെ പ്രതീക്ഷയ്ക്ക് ചിറകു നൽകിയിരിക്കുകയാണ്. മാതൃകാ ടൗൺഷിപ്പ് നിർമിക്കുന്നതിനുള്ള സമഗ്രമായ പാക്കേജിനാണ് ജനുവരി ഒന്നിന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഭൂമി ഏറ്റെടുക്കലിനെതിരെ ഭൂവുടമകൾ നൽകിയ ഹർജികൾ തള്ളിയ ഹൈക്കോടതി ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് ഡിസംബർ 27 നാണ് വിധിച്ചത്. നാല് ദിവസത്തിനകം തന്നെ ടൗൺഷിപ്പ് നിർമാണത്തിനുള്ള സമഗ്രപാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ദുരന്തബാധിതരെ സഹായിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രകടമായത്.
സഹായം നൽകേണ്ട കേന്ദ്രം മനുഷ്യത്വരഹിതമായി പ്രവർത്തിക്കുമ്പോഴാണ് കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും വയനാട്ടിലെ ദുരന്തബാധിതരെ ചേർത്തു പിടിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നത്.
കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലുമാണ് ലോക നിലവാരത്തിലുള്ള ടൗൺഷിപ്പുകൾ നിർമിക്കുക. സ്കൂൾ, ആശുപത്രി , മാർക്കറ്റ്, അങ്കണവാടി, കളിസ്ഥലം റോഡ്, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനം, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാമുള്ള ടൗൺഷിപ്പാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കിഫ്ബിക്ക് കീഴിലുള്ള കിഫ്കോണാണ് ടൗൺഷിപ്പിന്റെ സ്കെച്ച് തയ്യാറാക്കിയത്. അനുമതി ലഭിച്ചാൽ ഫെബ്രുവരിയിൽതന്നെ പണി ആരംഭിക്കുമെന്നും ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിട്ടുണ്ട്. അതായത് ഈ വർഷംതന്നെ ടൗൺഷിപ്പുകൾ നിലവിൽ വരുമെന്നർഥം. ഏതായാലും മാതൃകാ ടൗൺഷിപ്പ് നിർമിക്കുമെന്ന പ്രഖ്യാപനം ദുരന്തബാധിതർക്കുള്ള എൽഡിഎഫ് സർക്കാരിന്റെ നവവത്സര സമ്മാനമാണ്.
ദുരന്തമുണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേന്ദ്രം സഹായഹസ്തം നീട്ടുമെന്നായിരുന്നു. എന്നാൽ അതുണ്ടായില്ല. കേന്ദ്ര സംഘവും പ്രധാനമന്ത്രി തന്നെയും രണ്ടാഴ്ചയ്ക്കകം ദുരന്തമേഖല സന്ദർശിച്ചെങ്കിലും ഒരു ചില്ലിക്കാശുപോലും പ്രത്യേക സഹായമായി നൽകുകയുണ്ടായില്ല. ബിജെപി ഭരിക്കുന്ന ത്രിപുരയ്ക്കും മോദി സർക്കാരിന് നിർണായക പിന്തുണ നൽകുന്ന എൻഡിഎ ഘടകകക്ഷികൾ ഭരിക്കുന്ന ആന്ധ്രപ്രദേശിനും ബിഹാറിനും കോടികൾ സഹായമായി നൽകിയപ്പോഴാണ് 200 ലധികം പേർക്ക് ജീവൻ നഷ്ടമായ വയനാട്ടിലെ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ കേന്ദ്രം വിമുഖത കാട്ടിയത്. ഇതിനെതിരെ കേരളജനത ഒറ്റക്കെട്ടായി ‘കേരളവും ഇന്ത്യയിലാണ് ’ എന്ന പ്രചാരണം നടത്തുകയും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ എൽഡിഎഫ് പ്രതിഷേധം ഉയർത്തുകയും ചെയ്തപ്പോഴാണ് 154-ാം ദിവസം ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായത്. ഈ പ്രഖ്യാപനംപോലും വൈകിയതിനാൽ യുഎൻ സ്ഥാപനങ്ങളിൽനിന്നും സർക്കാരിതര സംഘടനകളിൽനിന്നുമുള്ള സഹായം പരിമിതപ്പെടുത്തുന്നതുമാണ്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുക, ദുരന്ത പ്രതികരണനിധിയിൽനിന്നും സഹായം ലഭ്യമാക്കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യത്തോട് മോദി സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. രാഷ്ട്രീയ വൈരത്തോടെയുള്ള ഈ സമീപനത്തിനെതിരെ പുതുവർഷത്തിൽ പോരാട്ടം ശക്തമാക്കേണ്ടിവരും. വയനാട് ദുരന്തത്തിനുള്ള സഹായം നേടാൻ മാത്രമല്ല സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി, ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടി വൻ പോരാട്ടങ്ങൾക്ക് തന്നെ തയ്യാറാകേണ്ടിവരുമെന്നാണ് മോദിസർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ വിലയിരുത്തിയാൽ മനസ്സിലാക്കാൻ കഴിയുക.
ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ഹിന്ദുത്വ വർഗീയ അജൻഡ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. എല്ലാ സർക്കാർ സ്ഥാപനങ്ങളും വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്കാരിക സ്ഥാപനങ്ങൾ എല്ലാ തന്നെ അതിവേഗം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കീഴിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മുസ്ലിങ്ങളെ ചൂണ്ടിയുള്ള വർഗീയ പ്രചാരണങ്ങൾ നിർബാധം തുടരുകയാണ്. സംഭൽ, അജ്മീർ ഫെരീഫ് എന്നീ പള്ളികൾക്കുകീഴെ ക്ഷേത്രങ്ങൾ ഉണ്ടെന്ന അവകാശവാദം ഇതിന്റെ ഭാഗമാണ്. ഇത്തരം കുത്സിത നീക്കങ്ങൾക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷശക്തികൾക്ക് ശക്തമായ പോരാട്ടം തന്നെ വരും നാളുകളിൽ നടത്തേണ്ടി വരും. അതോടൊപ്പം ഹിന്ദുത്വ വർഗീയ വാദികളും കോർപറേറ്റുകളും തമ്മിലുള്ള ബാന്ധവം അനുദിനം ശക്തിപ്പെട്ടു വരികയാണ്. മോദി സർക്കാരിന്റെ സംരക്ഷണയിൽ വൻകിട കോർപറേറ്റുകൾ കൊള്ള ലാഭം നേടുകയും രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുകയാണ്. അദാനി, അംബാനി, ടാറ്റ, ബിർള, ഭാരതി മിത്തൽ എന്നീ അഞ്ച് കമ്പനികൾ 20 ശതമാനം സമ്പത്ത് കൈയടക്കി കഴിഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നാമതും മോദി സർക്കാർ അധികാരമേറിയതോടെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമത്തിന് വേഗം വർധിച്ചിരിക്കുകയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ജീവത്തായ വിഷയങ്ങൾ ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. സമരങ്ങളുടെ പോരാട്ടങ്ങളുടെ വർഷമായി 2025 അറിയപ്പെടാനാണ് സാധ്യത.
കേരളത്തിൽ യുഡിഎഫിന് പ്രതിസന്ധിയുടെ വർഷമായിരിക്കും ഇതെന്ന സൂചന ഇപ്പോഴേ ലഭ്യമാണ്. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയതും നേതൃത്വത്തിലെ തുറന്ന പോരും യുഡിഎഫിനെ പ്രത്യേകിച്ചും കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി. ഡിസിസി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡിസിസി പ്രസിഡന്റും ഇപ്പോൾ എംഎൽഎയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസിയും യുഡിഎഫും എന്തേ നടപടിയെടുക്കാത്തത്. മാധ്യമങ്ങൾ ഇതേക്കുറിച്ച് മൗനം പാലിക്കുന്നത് കൊലയാളികൾക്കുള്ള പിന്തുണയാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ. സിപിഐ എമ്മും ഇടതുപക്ഷവും നൂറുശതമാനം ശരിയായ പാതയിലൂടെ സഞ്ചരിക്കണമെന്ന് ശഠിക്കുന്ന മാധ്യമങ്ങൾ എന്തേ വലതുപക്ഷ നേതാക്കളുടെ കൊടും ക്രൂരതകൾക്ക് മുമ്പിൽപ്പോലും കണ്ണടയ്ക്കുന്നത്. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്താൻ സിപിഐ എം തയ്യാറായി. വയനാട്ടിൽ ഇരട്ട ആത്മഹത്യ നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് മാത്രമല്ല ദുഃഖം കടിച്ചമർത്തി വിഷമിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ അധിക്ഷേപിക്കാനും മോശമായി ചിത്രീകരിക്കാനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തയ്യാറായി. എന്നിട്ടും മനുഷ്യത്വത്തെക്കുറിച്ച് വാചാലമാകാറുള്ള മാധ്യമങ്ങൾക്ക് അത് വാർത്തപോലും ആകുന്നില്ല. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.
‘കാവൽക്കാരുടെ ഉറക്കം നടിക്കൽ’ ഈ വിഷയത്തിൽ മാത്രമല്ല ആർഎസ്എസുകാർ വെട്ടിക്കൊന്ന റിജിത്ത് വധക്കേസ് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലും ദൃശ്യമായി. പെരിയ കേസിൽ സിപിഐ എം ബന്ധമുള്ളവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിയാക്കുകയും ശിക്ഷിക്കുകയും ചെയ്തപ്പോൾ നാലും അഞ്ചും പേജ് അച്ച് നിരത്തിയ അച്ചടിമാധ്യമങ്ങളും മണിക്കൂറുകൾ നീണ്ട ചർച്ച സംഘടിപ്പിച്ച ചാനലുകളും റിജിത്ത് വധത്തിൽ ശിക്ഷിക്കപ്പെട്ടത് ആർഎസ്എസുകാരായതിനാൽ വാർത്ത നൽകി പിൻവാങ്ങി. ചെങ്കൊടിയോട് കുരച്ചു ചാടുന്ന "കാവൽക്കാർ’ കാവിക്കൊടിക്ക് മുമ്പിൽ ചിണുങ്ങിക്കരയാനേ തയ്യാറാകുന്നുള്ളൂവെന്ന് വ്യക്തം.
കോൺഗ്രസിലെ നേതൃതർക്കം സംബന്ധിച്ച് രമേശ് ചെന്നിത്തലയും കെ മുരളീധരനും എം എം ഹസ്സനും വി ഡി സതീശനും സമീപകാലത്ത് നടത്തിയ പ്രസ്താവനകളും കോൺഗ്രസ് അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന സാഹചര്യം അവരെ ഭയപ്പെടുത്തുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണിത്.