Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട്‌ പുനരധിവാസത്തിന്‌ പ്രത്യേക സഹായവും വേണം

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ്‌ ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കാനിരിക്കെ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടി ഉണ്ടാകുമോ എന്നതിലാണ്‌ രാജ്യമാകെ ഉറ്റുനോക്കുന്നത്‌. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല എന്നത്‌ ഏതാണ്ട്‌ എല്ലാ വിഭാഗവും അംഗീകരിക്കുന്നു. സാമ്പത്തിക ആസൂത്രകരും വിദഗ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണ്‌. മാന്ദ്യവും വളർച്ചാ മുരടിപ്പുമാണ്‌ പ്രധാന പ്രശ്‌നങ്ങൾ.

നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്‌ ഈ വർഷം രാജ്യം 7.3 ശതമാനം വളർച്ച നേടുമെന്നായിരുന്നു. എന്നാൽ പിന്നോട്ടടിയാണുണ്ടായത്‌. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 5.4 ശതമാനം മാത്രം. പ്രതീക്ഷിച്ചത്‌ ഏകദേശം ഏഴ് ശതമാനമായിരുന്നു. ആർബിഐയും മറ്റ്‌ ഏജൻസികളും പ്രവചിച്ചിരുന്നതും ഏഴാണ്‌. എന്നാൽ, ഏഴ് പാദങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ വളർച്ചയാണ് രണ്ടാം ത്രൈമാസത്തിൽ.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. വിലക്കയറ്റംമൂലം അവശ്യസാധനങ്ങൾ ഒഴികെ മറ്റുള്ളവയ്‌ക്കായി ജനങ്ങൾ ചെലവഴിക്കുന്നത് കുറഞ്ഞു. പലിശ നിരക്ക്‌ ഉയർന്നുനിൽക്കുന്നു. കേന്ദ്രം- മൂലധന നിക്ഷേപം ചുരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കവും മൂലധന നിക്ഷേപത്തെ ബാധിക്കുന്നു. നഗര ഉപഭോഗത്തിൽ വന്ന ഇടിവ്, പ്രതികൂല കാലാവസ്ഥ, വർധിക്കുന്ന തൊഴിലില്ലായ്മ, കയറ്റുമതിയിലെ ഇടിവ്‌ തുടങ്ങിയവയെല്ലാം മാന്ദ്യത്തിന്‌ കാരണമാണ്‌. ഉൽപ്പാദന മേഖലകളിലെ വിൽപ്പനയും ആദായവും മന്ദഗതിയിലായി. വ്യാപാരക്കമ്മി വർധിച്ചു. രൂപ എക്കാലത്തെയും വലിയ തകർച്ചയിലാണ്‌.

ഡിമാൻഡ് സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും പണം ചെലവിടുക, തൊഴിലവസരങ്ങൾ ഉയർത്തുക, തൊഴിലാളികളുടെ നൈപുണ്യവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കുന്നതിന്‌ ഉതകുന്ന പരിപാടികൾ ഏറ്റെടുക്കുക തുടങ്ങിയ നടപടികളാണ്‌ വിദഗ്‌ധർ മുന്നോട്ടുവയ്‌ക്കുന്നത്‌

നടപ്പുവർഷത്തെ ജിഡിപി വളർച്ച 6.5 ശതമാനമായി ഇടിയുമെന്ന്‌ സാമ്പത്തിക വിദഗ്ധർ മാത്രമല്ല, റിസർവ്‌ ബാങ്കും അന്താരാഷ്‌ട്ര നാണ്യ നിധിയുമടക്കം കഴിഞ്ഞ ദിവസം വ്യക്തമാക്കി. വർധിച്ചു വരുന്ന ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾ, തീരുവ യുദ്ധങ്ങൾ, ട്രംപിന്റെ അപ്രവചനീയമായ നയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 6.5 ശതമാനമെന്ന സാധ്യതയിലും ഇതേ എജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഡിമാൻഡ് സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും പണം ചെലവിടുക, തൊഴിലവസരങ്ങൾ ഉയർത്തുക, തൊഴിലാളികളുടെ നൈപുണ്യവും ഉൽപ്പാദന ക്ഷമതയും വർധിപ്പിക്കുന്നതിന്‌ ഉതകുന്ന പരിപാടികൾ ഏറ്റെടുക്കുക തുടങ്ങിയ നടപടികളാണ്‌ വിദഗ്‌ധർ മുന്നോട്ടുവയ്‌ക്കുന്നത്‌. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ 6.5 ശതമാനം വളർച്ചപോലും വലിയ വെല്ലുവിളിയാകും.

കേന്ദ്ര ധനമന്ത്രി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ തയ്യാറാക്കലിന്‌ മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച പ്രധാന നിർദേശം മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ച നിരക്കിന്‌ അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികൾ ഉറപ്പാക്കണമെന്നതാണ്‌. ഇതിനു പുറമെ സംസ്ഥാനത്തിന്റേതായ പ്രത്യേക പ്രശ്‌നങ്ങളും ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട്‌ പുനരധിവാസത്തിന്‌ പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കണമെന്ന്‌ പ്രധാന ആവശ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്‌.

കേരളത്തിന്‌ പ്രത്യേക പാക്കേജ്‌
സംസ്ഥാനത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. റവന്യുച്ചെലവിന്റെ 62 ശതമാനവും കേരളം സ്വന്തം വരുമാനത്തിൽനിന്നാണ്‌ കണ്ടെത്തുന്നത്‌. എന്നാൽ, അഖിലേന്ത്യ ശരാശരി 54 ശതമാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്‌പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്‌ക്കൽ,നികുതിയിലെ വലിയ കുറവ്‌ എന്നിവ മൂലം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണക്ഷാമവും പരിഹരിക്കാൻ രണ്ട്‌ വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള ഒരു പ്രത്യേക പാക്കേജാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ ജൂണിൽ നടന്ന പ്രീ ബജറ്റ്‌ ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ്‌ ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ചുണ്ടിക്കാട്ടി. ഒപ്പം, ജിഎസ്‌ടി സമ്പ്രദായം പൂർണസജ്ജമാകുന്നതുവരെ ജിഎസ്‌ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.

വയനാടിന്‌ 2000 കോടിയുടെ പാക്കേജ്‌
മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി അംഗീകരിച്ച പശ്ചാത്തലത്തിൽ പുനരധിവാസത്തിന്‌ ബജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാൻ കേന്ദ്രം ബാധ്യസ്ഥമാണ്‌. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ദുരന്ത ബാധിതർക്കായി ടൗൺഷിപ്പുകളാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഇവയുടെ നിർമാണത്തിന്‌ ഈ പാക്കേജ്‌ അവശ്യമാണ്‌.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ കേരളത്തിന്റെ പ്രതീക്ഷയാണ്‌. തുറമുഖത്തേക്കുള്ള റെയിൽപാത, തുറമുഖം അധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്‌റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്‌, സീഫുഡ്‌ പാർക്ക്‌, ലോജിസ്‌റ്റിക്‌ ആൻഡ്‌ ഫിഷ്‌ ലാൻഡിങ്‌ സെന്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ തുറമുഖത്തിന്റെ പൂർണ പ്രയോജനം രാജ്യത്ത്‌ ഉപയുക്തമാകൂ. ഇതിന്‌ സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണ്‌. പിപിപി മാതൃകയിൽ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വയബലിറ്റി ഗ്യാപ്‌ ഫണ്ട്‌ അനുവദിച്ചിരുന്നു. എന്നാൽ, തുക തിരിച്ചടയ്ക്കണമെന്ന്‌ വ്യവസ്ഥ വച്ചിരിക്കുകയാണ്‌. ഈ നിബന്ധന ഒഴിവാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

കടപരിധി ഉയർത്തണം
അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ഈ വർധന ഉപാധിരഹിതമാക്കണം. ഊർജ മേഖലയിലെ പരിഷ്‌കരണങ്ങൾക്കായി അനുവദിച്ച അര ശതമാനം അധിക വായ്‌പാനുമതി തുടരണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന്‌ മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്‌. ഇങ്ങനെ എടുക്കുന്ന വായ്‌പയെ കടമെടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സർക്കാരിന്റെ ഉറപ്പിൽ എടുക്കുന്ന വായ്‌പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട്‌ തിരുത്തണം.

കാലാവസ്ഥാ വ്യതിയാനവും തീരശോഷണവും
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി മുന്നോട്ടുവയ്‌ക്കുന്ന പദ്ധതിക്ക്‌ 4,500 കോടി രൂപ ഇത്തവണ കേന്ദ്ര ബജറ്റിൽ കേരളത്തിനായി നീക്കിവയ്‌ക്കണം. കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണ്‌. ഇതിലേക്ക്‌ അടുത്ത സാമ്പത്തിക വർഷം കേന്ദ്ര ബജറ്റിൽ 2329 കോടി രുപ വകയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികൾക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന പുനർഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി രൂപകൂടി ആവശ്യമാണ്‌.

റബറിന്‌ താങ്ങുവില ഉറപ്പാക്കാൻ 1000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ്‌ ഉൾപ്പെടുത്തണം.നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2000 കോടി രൂപ അനുവദിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പിഎം -ഉഷ പദ്ധതിയിൽ കേരളം സമർപ്പിച്ച 2117 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക്‌ അംഗീകാരം ഉറപ്പാക്കണം.

റെയിൽ പദ്ധതികൾ
നിർദിഷ്ട സിൽവർ ലൈൻ പദ്ധതി, റാപ്പിഡ്‌ ട്രാൻസിറ്റ്‌ പദ്ധതികൾ, അങ്കമാലി-–-ശബരി, നിലമ്പൂർ-–-നഞ്ചൻകോട്‌, തലശേരി–--മൈസൂരു റെയിൽപാതനിർദേശങ്ങൾക്ക്‌ അർഹമായ പരിഗണന ബജറ്റിൽ ഉണ്ടാകണം. കശുവണ്ടി, കയർ, കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉൾപ്പെടെ സ്‌കീം തൊഴിലാളികളുടെ ഓണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതികളുടെ കേന്ദ്രവിഹിതം തുടങ്ങിയവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എയിംസ്‌ അടക്കമുള്ള മറ്റ്‌ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ഓരോ വിഷയത്തിലും കേരളത്തിന്റെ അവകാശം കൃത്യമായിതന്നെ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌. ചില വിഷയങ്ങൾ നമ്മൾ കാലങ്ങളായി ഉന്നയിക്കുന്നവയാണ്‌. ഒപ്പം അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമുണ്ട്‌. അവയിൽ കാര്യമായ പരിഗണന നൽകാൻ കേന്ദ്ര ധനമന്ത്രി തയ്യാറാകുമെന്നാണ്‌ പ്രതീക്ഷ.
 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.