Skip to main content

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി മാറിയ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ഭരണത്തിൻകീഴിൽ സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് തുറന്നടിക്കുന്നതാണ് തിങ്കളാഴ്ചത്തെ വിധിന്യായമെങ്കിൽ സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന അമിതാധികാര പ്രവണതയ്‌ക്ക് തടയിടുന്നതാണ് ചൊവ്വാഴ്ചയുണ്ടായ വിധി. ഈ രണ്ടു വിധിയും നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്നതും ജനാധിപത്യ ഭരണസംവിധാനത്തിന് ഊർജം പകരുന്നതുമാണ്. അതുകൊണ്ടുതന്നെ കേന്ദ്രഭരണം കൈയാളുന്ന കക്ഷിക്ക് കനത്ത തിരിച്ചടിയുമാണ്.

മോദി ഭരണത്തിൻ കീഴിൽ രാജ്യം പടിപടിയായി നവഫാസിസത്തിലേക്ക് കടക്കുമ്പോൾ ജനാധിപത്യത്തിന്റെ സംരക്ഷകരായി പരമോന്നത നീതിപീഠം നിലകൊള്ളുന്നില്ലെന്ന വിമർശം ശക്തമാകവേയാണ് സുപ്രീംകോടതിയിൽനിന്ന്‌ ഈ വിധികൾ ഉണ്ടാകുന്നത്. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ കാലത്ത് പ്രതികൂലമായ വിധിന്യായങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ വിമർശവും സംശയവും പൊതുസമൂഹത്തിൽ ശക്തമായത്. ആ ഭയവും ആശങ്കയും ലഘൂകരിക്കുന്നതാണ് ഈയാഴ്ചയുണ്ടായ രണ്ടു വിധിയും.

മോദിയുടെ പിൻഗാമിയായി സംഘപരിവാറിൽ പലരും വാഴ്‌ത്തുന്ന യോഗി ആദിത്യനാഥിന്റെ കീഴിൽ, ‘ഡബിൾ എൻജിൻ' സർക്കാരുള്ള യുപിയിൽ നിയമവാഴ്ച പൂർണമായും തകർന്നെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി. സാധാരണ സിവിൽ കേസുകൾപോലും ക്രിമിനൽ കേസുകളാക്കി മാറ്റുകയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്ന നടപടി "അസംബന്ധ’മാണെന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. ചെക്ക് മടങ്ങിയ സിവിൽ കേസിനെ ക്രിമിനൽ കേസാക്കിയ യുപി പൊലീസിന്റെ നടപടിയെയാണ് കോടതി വിമർശിച്ചത്. വിവിധ കേസുകളിൽ പ്രതികളാകുന്നവരുടെ വസ്തുവകകളിൽ യുപിയിൽ നടക്കുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി രൂക്ഷവിമർശം നടത്തിയിരുന്നെങ്കിലും അതിനെ വെല്ലുവിളിച്ച് ബുൾഡോസർരാജ് തുടരുകയായിരുന്നു സർക്കാർ. ഇതേത്തുടർന്ന് കഴിഞ്ഞാഴ്ച യുപി സർക്കാരിന്റെ ബുൾഡോസർരാജിനെ വീണ്ടും നിശിതമായി വിമർശിച്ച സുപ്രീംകോടതി തകർക്കപ്പെട്ട വീട്ടുടമസ്ഥർക്ക് പത്ത് ലക്ഷം രൂപവീതം ഉടൻ നഷ്ടപരിഹാരം നൽകാനും വിധിച്ചു. കുറ്റാരോപിതരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുക, വിചാരണയ്‌ക്കോ ശിക്ഷാവിധിക്കോ കാത്തുനിൽക്കാതെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുക, പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുത്ത്‌ ലക്ഷക്കണക്കിനു രൂപ പിഴയൊടുക്കാൻ നിർബന്ധിക്കുക എന്നിങ്ങനെ നിയമവിരുദ്ധ നടപടികളാണ് യുപിയിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമവാഴ്‌ച തകർന്നെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം പ്രസക്തമാകുന്നത്.

ബുൾഡോസർ രാജിന്റെ തുടർച്ചയായാണ് ഉടൻ നീതി നടപ്പാക്കാനെന്ന പേരിൽ സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കിയത്. സിവിൽ തർക്കങ്ങൾ തീരാൻ വർഷങ്ങൾ എടുക്കുമെന്നതിനാലാണ് ചെക്ക് കേസ് ക്രിമിനൽ കേസാക്കിയതെന്ന്‌ യുപി സർക്കാർതന്നെ കോടതിയിൽ പറഞ്ഞത്. സിവിൽ കേസ് നീണ്ടുപോയാൽ ക്രിമിനൽ കേസാക്കുന്നത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. "എന്താണ് യുപിയിൽ നടക്കുന്നത്. ഇത് നിയമവാഴ്ചയുടെ പൂർണമായ തകർച്ചയാണ്. യുപിയിൽ ഇത് ദിവസവും സംഭവിക്കുന്നത് വിചിത്രമാണ്’ എന്ന് ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ പറഞ്ഞു. നിയമവാഴ്ച തകർന്നാൽ സർക്കാരിന് അധികാരത്തിൽ തുടരാൻ എന്തവകാശമാണുള്ളത്. ഒരു സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് ഗവർണർ റിപ്പോർട്ട് നൽകിയാലാണ് ഭരണഘടനയിലെ 356–-ാം വകുപ്പനുസരിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നത്. പരമോന്നത കോടതിതന്നെ നിയമവാഴ്ച തകർന്നെന്ന് അഭിപ്രായപ്പെട്ടിട്ടും യുപിസർക്കാരിനെ തുടരാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ബിജെപി നേതൃത്വവും കേന്ദ്രസർക്കാരും തയ്യാറാകണം. പ്രതിപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്തിനെതിരെയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണമെങ്കിൽ മോദി സർക്കാരിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഗവർണർ പദവിക്കുണ്ടായ നിലവാരത്തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് ചൊവ്വാഴ്ച സുപ്രീംകോടതിയിൽനിന്നുണ്ടായ വിധിന്യായം. സംസ്ഥാന ഭരണത്തിന്റെ ഭരണഘടനാതലവൻ എന്ന പദവി മറന്ന് കേന്ദ്ര സർക്കാരിന്റെ ഏജന്റിനെപ്പോലെയാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്ങനെ ഭരണം സ്‌തംഭിപ്പിച്ച് കേന്ദ്രഭരണകക്ഷിക്ക് സ്വാധീനമുറപ്പിക്കാൻ വഴിയൊരുക്കാമെന്ന ഗവേഷണത്തിലാണ് അവർ ഏർപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലെ ആർ എൻ രവിയും കേരളത്തിലെ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും ഡൽഹിയിലെ ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേനയും മറ്റും ഇക്കാര്യത്തിൽ കുപ്രസിദ്ധരാണ്.

എന്നാൽ, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർമാർക്ക് അധികാരമില്ലെന്നും ബില്ലിൽ മൂന്നു മാസത്തിനകം തീരുമാനം വേണമെന്നും നിയമസഭ രണ്ടാമത് പാസാക്കി അയച്ചാൽ ഒരു മാസത്തിനകം അംഗീകാരം നൽകണമെന്നും ജസ്റ്റിസ് ജെ ബി പർദിവാല, മഹാദേവൻ എന്നിവരുടെ ഞ്ചെഞ്ച് വിധിച്ചു. അതായത്, ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് ഗവർണർമാർക്ക് ഒരു സമയപരിധി പരമോന്നത കോടതി നിശ്ചയിച്ചിരിക്കുന്നു. നിയമസഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ലെന്നും വ്യക്തമാക്കി. "കഴിയുന്നത്ര വേഗത്തിൽ അംഗീകാരം നൽകണ’മെന്ന ഭരണഘടയിലെ പരാമർശത്തെ ദുരുപയോഗിച്ചതിന് ഗവർണർമാരെ കോടതി ശിക്ഷിച്ചിരിക്കുന്നെന്ന നിരീക്ഷണം ഉയർന്നുവരുന്നത് ഈ പശ്ചാത്തലത്തിലാണ്.

ബില്ലുകൾ ഗവർണർ തടഞ്ഞുവച്ചതിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ നൽകിയ ഹർജിയിലാണ് ഈ സുപ്രധാന വിധി. ഗവർണർ തടഞ്ഞുവച്ച 10 ബില്ലും പാസായതായി ഉത്തരവിലൂടെ വ്യക്തമാക്കിയ കോടതി ബില്ലുകളിൽ രാഷ്ട്രപതിയുടെ നടപടികൾപോലും അസാധുവാക്കി. ഗവർണർമാരുടെ ഒപ്പില്ലാതെതന്നെ ബില്ലുകൾക്ക് അംഗീകാരം നൽകുകയെന്ന കടുത്ത നടപടിയിലേക്ക് കോടതിക്ക് കടക്കേണ്ടിവന്നത് ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികളാണെന്ന കാര്യത്തിൽ സംശയമില്ല. ഇതിലൂടെ ഗവർണർസ്ഥാനത്ത് തുടരാനുള്ള ആർ എൻ രവിയുടെ അർഹതയെത്തന്നെയാണ് കോടതി ചോദ്യം ചെയ്തത്. സാധാരണ പരമോന്നത കോടതിയിൽനിന്നുണ്ടാകുന്ന ഇത്തരം താക്കീതുകളും ശാസനകളും ആ വ്യക്തിയുടെ രാജിയിലാണ് കലാശിക്കാറുള്ളതെന്ന് ‘ദ ഹിന്ദു’ ദിനപത്രം മുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു. എന്നാൽ, ഭരണഘടനയുടെ കാവലാൾ എന്നതിനേക്കാൻ കേന്ദ്ര ഭരണകക്ഷിയുടെ ഏജന്റായി പ്രവർത്തിക്കുന്ന തമിഴ്നാട് ഗവർണറിൽനിന്ന്‌ അത്തരമൊരു നടപടി ആരും പ്രതീക്ഷിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ വിധിന്യായം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്‌ട്രീയ കാരണങ്ങളാൽ ഗവർണർ മാർഗതടസ്സം സൃഷ്ടിക്കുന്നത് സത്യാപ്രതിജ്ഞാലംഘനമാണെന്ന് പറയാനും കോടതി മടിച്ചില്ല. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടതുപോലെ ഈ വിധി തമിഴ്നാടിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകണം. അങ്ങനെവന്നാൽ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ തടഞ്ഞുവച്ച ബില്ലുകളിലും ഉടൻ തീരുമാനമുണ്ടാകും. ഫെഡറൽ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതും കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നതും സംസ്ഥാനങ്ങളുടെ ഭരണപരമായ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്‌ ഈ വിധിന്യായം. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായംകൂടിയാണ്‌ ഇത്. രാജ്ഭവനുകൾ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന സന്ദേശമാണ് സുപ്രീംകോടതി നൽകിയത്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.

സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഏപ്രിൽ 10 സ. എം സി ജോസഫൈൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. കെ കെ ജയചന്ദ്രൻ, സ. എം സ്വരാജ്, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ.