ധർമടം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ കെ നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പാർടി നേതാവായിരുന്നു കെ കെ നാരായണൻ. ജനപ്രതിനിധി എന്ന നിലയിലും സഹകാരി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഇടപെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സജീവമായ ഇടപെടലാണ് നടത്തിയിരുന്നത്.
പാർടിയുടെ ഉപരി കമ്മിറ്റികളിൽ നിന്ന് ഒഴിവായ ശേഷവും നാട്ടിലെ പൊതു വിഷയങ്ങളിൽ ഇടപെടാനും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനും ആരോഗ്യപ്രശ്നങ്ങൾ മറന്നു കൊണ്ട് പോലും കെ കെ നാരായണൻ സന്നദ്ധനായിരുന്നു. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവേ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സഖാവ് കെ കെ നാരായണന്റെ വേർപാടിൽ കുടുംബത്തെയും പാർടി സഖാക്കളെയും അനുശോചനം അറിയിക്കുന്നു.
